Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ച കോളകൾ എല്ലാം വിഷം കലർന്നവ; കൽക്കട്ട ലബോറട്ടറിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; എന്നിട്ടും ബഹുരാഷ്ട്രീയ കുത്തകകൾക്ക് വേണ്ടി നിയമം നിർമ്മിക്കാതെ സർക്കാർ

പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ച കോളകൾ എല്ലാം വിഷം കലർന്നവ; കൽക്കട്ട ലബോറട്ടറിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; എന്നിട്ടും ബഹുരാഷ്ട്രീയ കുത്തകകൾക്ക് വേണ്ടി നിയമം നിർമ്മിക്കാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കൊക്കക്കോളയും പെപ്‌സിയും വിപണിയിൽ എത്തിക്കുന്ന അഞ്ച് ലഘുപാനീയങ്ങളിൽ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യ സഹമന്ത്രി ഫഗൻ സിങ് കുലസ്‌തെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളിൽ വിറ്റഴിക്കുന്ന മദ്യം, ജ്യൂസ്, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയിൽ കാൻസറിനു കാരണമായേക്കാവുന്ന തരത്തിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് വിവിധ സന്നദ്ധ സംഘടനകൾ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലവും.

പെപ്‌സി, കൊക്കക്കോള, സ്‌പ്രൈറ്റ്, മൗണ്ടൻ ഡ്യൂ, സെവൻഅപ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ നാഷനൽ ടെസ്റ്റ് ഹൗസിൽ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റു ഘനലോഹങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയത്. അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കോളകൾ ഉണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണ്ടെത്തൽ. എന്നിട്ടും ഈ രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ല. രാജ്യസഭയിൽ കാര്യങ്ങൾ വിശദീകരിച്ച മന്ത്രിയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കോളകൾ നിയന്ത്രിക്കുമന്ന് വ്യക്തമാക്കിയില്ല. ഇത് ബഹുരാഷ്ട്ര കമ്പനികൾക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം.

ഇത്തരം പാനീയങ്ങൾ പ്ലാസ്റ്റിക്ക് പെറ്റ് (പോളി എഥലിൻ ടെർതാലേറ്റ്) ബോട്ടിലുകളിൽ നിറയ്ക്കുന്നതു മൂലമാണ് കാഡ്മിയവും ക്രോമിയവും കലരാൻ ഇടയായതെന്നു പരിശോധനയിൽ തെളിഞ്ഞു. പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളിൽ വിപണിയിലെത്തുന്ന പാനീയങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നു വിവിധ കോണുകളിൽനിന്നു പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിലിലാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമായ പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. തുടർന്ന് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീൻ ആൻഡ് പബ്ലിക്ക് ഹെൽത്ത് എന്ന സ്ഥാപനം സാമ്പിളുകൾ പരിശോധിക്കാൻ നാഷനൽ ടെസ്റ്റ് ഹൗസിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള മരുന്നുകൾ പെറ്റ് ബോട്ടിലുകളിൽ പായ്ക്ക് ചെയ്യുന്നത് നിരോധിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം താൽക്കാലിക വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 4000 കോടി വിറ്റുവരവുള്ള ബോട്ടിൽ നിർമ്മാതാക്കളുടെ കടുത്ത സമ്മർദത്തെ തുടർന്ന് ഇത് മരവിപ്പിക്കുകയായിരുന്നു. 2013ൽ ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിമജാഗ്രതി എന്ന സംഘടനയാണ് പെറ്റ് ബോട്ടിലുകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. തുടർന്ന് സർക്കാർ, വിഷയം പരിഗണിക്കാൻ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീൻ ആൻഡ് പബ്ലിക്ക് ഹെൽത്തിലെ ഡോ. ജി.കെ. പാണ്ഡെ ചെയർമാനായി രൂപീകരിച്ച പ്ലാസ്റ്റിക്ക് ഹസാർഡ്‌സ് കമ്മിറ്റി, സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ പെറ്റ് ബോട്ടിലുകളിൽ വിറ്റഴിക്കുന്ന മരുന്നുകളിൽ അടങ്ങിയിട്ടുള്ള ഘനലോഹങ്ങളെക്കുറിച്ചും ഡൈ ഈതൈർ ഹെക്‌സൈൽ താലേറ്റ് എന്നിവയെക്കുറിച്ചും ആശങ്കാജനകമായ വിവരങ്ങൾ ഉണ്ടായിരുന്നു. വിപണിയിൽനിന്ന് ശേഖരിച്ച ബെനാഡ്രിൽ സിറപ്പ്, മ്യൂകെയ്ൻ ജെൽ, പോളിബയോൺ സിറപ്പ്, ഹെംഫർ സിറപ്പ്, അലെക്‌സ് സിറപ്പ് എന്നീ മരുന്നുകൾ നാഷനൽ ടെസ്റ്റ് ഹൗസിൽ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അഞ്ച് സാമ്പിളുകൾ സാധാരണ താപനിലയിലും 40 ഡിഗ്രി, 60 ഡിഗ്രി താപനിലകളിലും പത്തു ദിവസം സൂക്ഷിച്ചാണ് പഠനവിധേയമാക്കിയത്.

സാധാരണ താപനിലയിൽ തന്നെ മരുന്നുകളിൽ ആന്റിമൊണിയും ക്രോമിയവും ഈയവും ഡിഎച്ച്ഇപിയും അടങ്ങിയതായി കണ്ടെത്തി. തുടർന്നാണ് ഇത്തരം പായ്ക്കറ്റുകളിൽ വിറ്റഴിക്കുന്ന ലഘുപാനീയങ്ങൾ, എണ്ണ, സോഡ, പഴച്ചാറുകൾ, മദ്യം, തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. പെറ്റ് ബോട്ടിലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഇത്തരം പാനീയങ്ങളിലെ രാസവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് പുറന്തള്ളുന്ന ബിസിഫിനോൾ എ (ബിപിഎ), ഡൈ ഇൗൈതർ ഹെക്‌സൈൽ താലേറ്റ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ പരിശോധനയിൽ കണ്ടെത്തി. സ്ത്രീകൾക്കും കുട്ടികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇതുണ്ടാക്കും.

വിഷരാസവസ്തുക്കൾ ഹോർമോൺ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്. സ്ത്രീകളുടെ പ്രത്യുൽപ്പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കും. ഇത്തരം രാസവസ്തുക്കൾ വന്ധ്യതയ്ക്കും ഗർഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. ഗർഭാശയ രോഗങ്ങൾ, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് ഭാരം കുറയൽ, കുട്ടികൾക്കു ജന്മവൈകല്യം എന്നിവയ്ക്കും ഇത് കാരണമാക്കുമെന്നാണ് റിപ്പോർട്ട്. എന്നിട്ടും കു്ത്തക കമ്പനികൾക്കെതിരെ കേന്ദ്രം നടപടി എടുക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP