Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ എങ്ങനെയും ഡോക്ടറാക്കാൻ മോഹിക്കുന്ന മാതാപിതാക്കൾ ശിവപ്രസാദിന്റെ ജീവിതകഥ വായിക്കട്ടെ; പാലാ ബ്രില്യന്റിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥി സമ്മർദ്ദം സഹിക്കാനാകാതെ കിണറ്റിൽ ചാടി മരിച്ചു

മക്കളെ എങ്ങനെയും ഡോക്ടറാക്കാൻ മോഹിക്കുന്ന മാതാപിതാക്കൾ ശിവപ്രസാദിന്റെ ജീവിതകഥ വായിക്കട്ടെ; പാലാ ബ്രില്യന്റിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥി സമ്മർദ്ദം സഹിക്കാനാകാതെ കിണറ്റിൽ ചാടി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാലം ഒരുപാട് മുന്നേറിയിട്ടും മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കണമെന്ന് വിചാരിച്ച് ജീവിത പ്രവൃത്തികൾ നിയന്ത്രിക്കുന്ന അനേകം പേരുണ്ട്. മക്കളുടെ പ്ലസ്ടു പഠനകാലം ഇത്തരത്തിൽ മാതാപിതാക്കൾ നരകതുല്യമാക്കുകയാണ്. പാലായിലെ ബ്രില്യന്റിൽ അഡ്മിഷൻ കിട്ടുക എന്നതാണ് ഇവരുടെയൊക്കെ ജീവിതലക്ഷ്യം. ഇവിടെ പഠിച്ചാലെ എൻട്രൻസ് പാസാകൂ എന്ന എഴുതപ്പെടാത്ത നിയമങ്ങൾ മലയാളികൾ അംഗീകരിച്ച് കഴിഞ്ഞിട്ട് വർഷങ്ങളായി. ബ്രില്യന്റിൽ അഡ്മിഷൻ കിട്ടാൻ മാതാപിതാക്കൾ കുട്ടികളെ കൊല്ലാക്കൊല ചെയ്യുകയാണ്. അത്തരം മാതാപിതാക്കൾക്കെല്ലാം പാഠമാകുകയാണ് ശിവപ്രസാദ് എന്ന വിദ്യാർത്ഥിയുടെ ജീവിത കഥ.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എൻട്രന്‌സ് കോഴ്‌സ് പഠിക്കാനെത്തി ഒടുവിൽ മാനസിക പിരിമുറക്കം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുകയാണ് ശിവപ്രസാദ് എന്ന പതിനേഴു വയസുകാരൻ ചെയ്തത്. വർഷങ്ങളായി എൻട്രൻസ് കോച്ചിങ് രംഗത്ത് പരിശീലനം നൽകി വരുന്ന പാലയിലെ ബ്രില്യന്റ് എൻട്രൻസ് കോച്ചിങ് സെന്ററിൽ പഠിക്കുകയായിരുന്നു ശിവപ്രസാദ്. ഇന്നലെ വൈകിട്ട് ശിവപ്രസാദിനെ താമസിച്ചിരുന്ന ഹോം സ്റ്റേയിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ ക-െണ്ടത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എൻട്രസ് നേടാനായുള്ള കടുത്ത സമ്മർദ്ദവും മാനസിക പിരിമുറുക്കവും മൂലം ശിവപ്രസാദ് ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായത്.

തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ശശികുമാറിന്റെയും ഗീതയുടെയും മകനാണ് ഈ പതിനേഴുകാരൻ. മാതാപിതാക്കളുടെ ആഗ്രഹം അനുസരിച്ച് മെഡിക്കൽ എൻട്രൻസ് കോച്ചിംഗിനായി പാലയിലെ ബ്രില്ല്യന്റ് കോളേജിൽ ചേർക്കുകയായിരുന്നു. താമസിച്ചിരുന്ന പുലിയന്നൂർ വിഷ്ണു ഹോസ്റ്റലിന്റെ കിണറ്റിൽ ഇന്നലെ വൈകിട്ട് ആറര മണിയോടെയാണ് ചാടി ആത്മഹത്യ ചെയ്തത്. ശിവപ്രസാദ് കിണറ്റിൽ ചാടുന്നത് കണ്ട് മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചു. ഇതിനിടെ ശിവപ്രസാദ് താമസിച്ചിരുന്ന ഹോംസ്റ്റേ നത്തിപ്പുകാരന്റെ മകൻ ചാടി രക്ഷപെടുത്താൻ ശ്രമിച്ചു. എന്നാൽ വെള്ളം കൂടുതലുണ്ടായിരുന്ന കിണറ്റിൽ ശിവപ്രസാദ് ആണ്ടുപോയതിനാൽ രക്ഷപെടുത്താൻ സാധിച്ചില്ല. പിന്നീട് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

വിദ്യാർത്ഥിക്ക് എൻട്രൻസ് കോഴ്‌സിന് ചേരാൻ തീരെ താത്പര്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വീട്ടുകാരുടെയും മറ്റും നിർബന്ധത്തിന് വഴങ്ങിയായിരുന്നു കോട്ടയത്ത് പഠനത്തിനായി എത്തിയത്. ഇക്കാര്യം സുഹൃത്തുക്കളോട് പലവട്ടം ശിവപ്രസാദ് പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്ലസ്ടു പരീക്ഷയിൽ 90 ശതമാനം മാർക്കാണ് ശിവപ്രസാദ് നേടിയിരുന്നത്. ജൂലൈ ഏഴിനാണ് പരീശിലന കേന്ദ്രത്തിൽ ചേർത്തത്. പഠനം ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഇതിനിടെ വീട്ടിലേക്ക് തിരിച്ച് വന്ന ശിവപ്രസാദിനെ ഞായറാഴ്ച്ച വീണ്ടും അച്ഛൻ പഠിക്കാനായി കൊണ്ടുചെന്നാക്കി. പിതാവ് തിരിച്ചു പോയതിന് പിന്നാലെയാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തതും.

കോച്ചിങ് സെന്ററിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തോടൊപ്പം വീട്ടുകാർകൂടി തന്റെ ആഗ്രഹങ്ങൾക്ക് എതിരു നിന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം നാട്ടിൽ നടക്കും.

വിദ്യാർത്ഥികളിലെ കടുത്ത മാനസിക സമ്മർദ്ദങ്ങളെ കുറയ്ക്കുന്ന വിധത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സിലബസുകൾ പരിഷ്‌ക്കരിക്കുന്ന കാലത്താണ് കേരളത്തിലെ മാതാപിതാക്കൾ മക്കളെ അവരുടെ താൽപ്പര്യമില്ലാത്ത കോഴ്‌സുകൾക്ക് പ്രേരിപ്പിക്കുന്നത്. പലപ്പോഴും വിദ്യാർത്ഥികളുടെ മനോവിചാരങ്ങളെയോ താൽപ്പര്യങ്ങളെയോ മുഖവിലക്കെടുക്കാതെ സിലബസ് ആസ്പദമാക്കി മാത്രമാണ് എൻട്രൻസ് കോച്ചിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഉതകുന്ന കൗൺസിലിങ് സംവിധാനങ്ങളും മിക്കയിടത്തുമില്ല. ഇത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP