Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ നടക്കുന്നത് ദിലീപിന്റെ പ്രീതി കൊണ്ട് മാത്രം സിനിമാ രംഗത്തുള്ളവരുടെ കോപ്രായങ്ങൾ; നടൻ കുറ്റവാളിയല്ലെങ്കിൽ അമ്മ സിബിഎ അന്വേഷണം ആവശ്യപ്പെടട്ടെ; ദിലീപില്ലാത്ത രണ്ടു മാസം മലയാള സിനിമക്ക് വൻ നഷ്ടം സംഭവിച്ചെന്നത് ബോധപൂർവമായ പ്രചരണം; ആകമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാതെ പോകരുത്: താരങ്ങളുടെ ജയിൽ സന്ദർശനത്തെ പരിഹസിച്ച് ലിബർട്ടി ബഷീർ മറുനാടനോട്

ഇപ്പോൾ നടക്കുന്നത് ദിലീപിന്റെ പ്രീതി കൊണ്ട് മാത്രം സിനിമാ രംഗത്തുള്ളവരുടെ കോപ്രായങ്ങൾ; നടൻ കുറ്റവാളിയല്ലെങ്കിൽ അമ്മ സിബിഎ അന്വേഷണം ആവശ്യപ്പെടട്ടെ; ദിലീപില്ലാത്ത രണ്ടു മാസം മലയാള സിനിമക്ക് വൻ നഷ്ടം സംഭവിച്ചെന്നത് ബോധപൂർവമായ പ്രചരണം; ആകമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാതെ പോകരുത്: താരങ്ങളുടെ ജയിൽ സന്ദർശനത്തെ പരിഹസിച്ച് ലിബർട്ടി ബഷീർ മറുനാടനോട്

രഞ്ജിത് ബാബു

 കണ്ണൂർ: ദിലീപിനെ ആവശ്യമുള്ളവർ മാത്രമാണ് അയാളെ ഇപ്പോൾ ചെന്നു കാണുന്നതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ. ദിലീപിന്റെ പ്രീതി കൊണ്ട് മാത്രം ചലച്ചിത്ര രംഗത്ത് നിൽക്കുന്നവരുടെ കോപ്രായങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നടിയെ അക്രമിച്ച സംഭവത്തിൽ ദിലീപ് കുറ്റവാളിയല്ലെങ്കിൽ അവരുടെ സംഘടനയായ അമ്മ ക്രൈംബ്രാഞ്ച് അന്വേഷണമോ സിബിഐ. അന്വേഷണമോ ആവശ്യപ്പെടുകയാണ് വേണ്ടത്. അല്ലെങ്കിൽ സംഘടന കോടതിയെ സമീപിക്കണം. ചലച്ചിത്ര രംഗത്തെ ചിലരെ നിയന്ത്രിക്കുന്ന ശക്തിയാണ് ദിലീപ്. അയാൾ കുറ്റ വിമുക്തനായി വരികയാണെങ്കിൽ സിനിമയിലെ അവസരം നഷ്ടപ്പെടുമെന്ന ഭയം വരെ വേട്ടയാടുന്നു. അതാണ് ഇപ്പോൾ മുതലക്കണ്ണീരുമായി ഒരു കൂട്ടം രംഗത്തിറങ്ങിയിട്ടുള്ളതെന്നും ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കമൽഹാസൻ ദിലീപിന് വേണ്ടി ഇടപെടുന്നുവെന്ന് താൻ കരുതുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അത്തരം കാര്യങ്ങൾ സംസ്സാരിക്കുകയോ അതിൽ ഇടപെടുമെന്നോ താൻ വിശ്വസിക്കുന്നുമില്ല. ചിലർ ഇപ്പോൾ ദിലീപിന് വേണ്ടി ആയാറാം ഗയാറാം നിലപാട് സ്വീകരിച്ചിരിക്കയാണെന്ന് ബഷീർ പറയുന്നു. അക്രമിക്കപ്പെട്ട നടിക്കുവേണ്ടി ശബ്ദമുയർത്താൻ ചലച്ചിത്ര മേഖലയിൽ ആരുമില്ലാത്ത അവസ്ഥ ഉണ്ടാവരുത്. അങ്ങിനെ വന്നാൽ പ്രേക്ഷകരുടെ മനസ്സിൽ സിനിമയെക്കുറിച്ചുള്ള ധാരണ വിപരീതമാകും. വൈകിയാണെങ്കിലും അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് ബഷീർ പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും കർശനമായ നടപടികൾ ഉണ്ടാകണമെന്നും കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ബഷീർ പറയുന്നു.

ദിലീപില്ലാത്ത രണ്ട് മാസം മലയാള സിനിമക്ക് വൻ നഷ്ടം സംഭവിച്ചതായി ബോധപൂർവ്വമായ പ്രചാരണമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. മലയാള സിനിമക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഈ രണ്ടു മാസക്കാലം ഇറങ്ങി.യ നാല് സിനിമകൾ ഹിറ്റാവുകയും ചെയ്തു. ദിലീപോ അതിനേക്കാൾ വലിയ ആളോ ആയാലും സിനിമക്ക് വേണ്ടത് നല്ല കഥയാണ്. കഥകൾ മികച്ചതല്ലെങ്കിൽ ആര് അഭിനയിച്ചാലും ചിത്രം ഓടില്ല. ഓണക്കാലത്ത് ഇറങ്ങിയ നാല് പടങ്ങൾ എന്റെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു വരുന്നുണ്ട്. ഇവയെല്ലാം മികച്ച കലക്ഷൻ തരുന്നുമുണ്ട്. സിനിമയിൽ വ്യക്തികൾക്ക് അമിത പ്രാധാന്യമൊന്നുമില്ല. മികച്ച കഥയും അതിന് പാകത്തിലുള്ള അഭിനയവും തന്നെയാണ് പ്രധാനം. ഓണം കഴിഞ്ഞിട്ടും തന്റെ നാല് തീയേറ്ററുകളിലും ഈ ചിത്രങ്ങൾ ഓടുന്നുണ്ട്. അതുകൊണ്ടു തന്നെ ആരില്ലാതായും സിനിമ നിലനിൽക്കുക തന്നെ ചെയ്യും. ബഷീർ പറഞ്ഞു നിർത്തി.

ഏതാനും ദിവസങ്ങളായി ദിലീപിനെ കാണാൻ സിനിമാതാരങ്ങളുടെ ഒഴുക്കു തന്നെയാണ്. ദിലീപിനെ മോചിപ്പിക്കാൻ സർക്കാറിന് മേൽ സമ്മർദ്ദം ശക്തമാക്കുക എന്നതാണ് താരങ്ങളുടെ സന്ദർശന ലക്ഷ്യത്തിന് പിന്നിൽ. ജയിൽ ജീവിതം രണ്ട് മാസം പിന്നിട്ടതോടെ പൊലീസ് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം ജയിലിൽ കിടക്കുമ്പോൾ തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ അത് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് വിചാരണ തുടങ്ങും മുമ്പ് താരത്തെ പുറത്തിറക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായത്.

മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ആന്റണി പെരുമ്പാവൂർ എത്തിയത് മോഹൻലാലിന്റെ സന്ദേശം കൈമാറാനാണെന്ന് സൂചന. ദിലീപിനൊപ്പം താനുണ്ട് എന്ന സന്ദേശം നൽകുകയാണ് ഇതിന് പിന്നിൽ. ദിലീപിന്റെ നിയമപോരാട്ടങ്ങൾക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ വഴി മോഹൻലാൽ അറിയിച്ചുവെന്നാണ് സൂചന. വിചാരണ കഴിയുന്നത് വരെ ജയിലിലിട്ടാലും അന്തിമ വിജയം തന്റേത് ആയിരിക്കുമെന്ന് ദിലീപ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞുവെന്നും റിപ്പോർട്ട്.

സുഹൃത്തിനൊപ്പമാണ് ആന്റണി പെരുമ്പാവൂർ ജയിലിൽ എത്തിയത്. ദിലീപിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ കുറ്റക്കാരനായി കാണാനാകില്ല. ദിലീപിനെ ബോധപൂർവം കുടുക്കിയതാണെങ്കിൽ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന നിലപാടിലാണ് മോഹൻലാൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ മോഹൻലാൽ തന്നെ ദിലീപിനെ നേരിട്ട് കാണാൻ എത്തിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ താരങ്ങൾ ധാരണ ആയതായും സൂചനയുണ്ട്. ഇതിനായി ഇടതു എംഎൽഎമാരെ തന്നെ ഉപയോഗിക്കാനാണ് നീക്കം ശക്തമായിരിക്കുന്നത്. മമ്മൂട്ടിയുടേയും ഇന്നസെന്റിന്റേയും ഗണേശ് കുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന. നടിക്കൊപ്പം നിൽക്കുമ്പോൾ തന്നെ ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെങ്കിൽ അതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദിലീപിനെ അനുകൂലിക്കുന്ന താരങ്ങൾ സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP