Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുപ്പണിഞ്ഞ് മാലിയിട്ട് വ്രതം നോറ്റ് മല ചവിട്ടാനുറച്ച് ലിബി; പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തന്നെ യുവതിയായ അയ്യപ്പഭക്തയെ തടഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; സുരക്ഷാ മതിലൊരുക്കി വാനിൽ പാടുപെട്ട് കയറ്റി ചേർത്തലക്കാരിയെ പൊലീസ് രക്ഷിച്ചത് പെടാപാടുപെട്ട്; ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധം പത്തനംതിട്ടയിലെങ്ങും പടരുന്നു

കറുപ്പണിഞ്ഞ് മാലിയിട്ട് വ്രതം നോറ്റ് മല ചവിട്ടാനുറച്ച് ലിബി; പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തന്നെ യുവതിയായ അയ്യപ്പഭക്തയെ തടഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; സുരക്ഷാ മതിലൊരുക്കി വാനിൽ പാടുപെട്ട് കയറ്റി ചേർത്തലക്കാരിയെ പൊലീസ് രക്ഷിച്ചത് പെടാപാടുപെട്ട്; ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധം പത്തനംതിട്ടയിലെങ്ങും പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയിൽ വിശ്വാസികൾ തടഞ്ഞു. ചേർത്തല സ്വദേശി ലിബിയെയാണ് തടഞ്ഞത്. ക്ഷേത്ര ദർശനത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ലിബിയെ പൊലീസ് വാഹനത്തിലാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് രക്ഷിച്ചത്.

പമ്പയിലേക്ക് ബസ് കയറാനാണ് ലിബി സ്റ്റാൻഡിലെത്തിയത്. കറുത്ത വസ്ത്രമിട്ട് എത്തിയ ലിബി ക്ഷേത്ര ദർശനത്തിന് എത്തിയതാണെന്ന് പ്രതിഷേധക്കാർ തിരിച്ചറിഞ്ഞു. ഇതോടെ സ്ത്രീകൾ അടക്കം ഇവരെ തടയാനെത്തി. ഇതോടെ പൊലീസും എത്തി. അതിനിടെ തന്നെ ക്ഷേത്ര ദർശനത്തിൽ നിന്ന് തടഞ്ഞാൽ പൊലീസിനും നാട്ടുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലിബിയും അറിയിച്ചു. ഇതോടെയാണ് യുവതിയെ പൊലീസ് വാഹനത്തിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് പ്രതിഷേധകർ. ഇത് തന്നെയാണ് പത്തനംതിട്ടയിൽ പോലും പ്രതിഫലിച്ചത്. നിലക്കലിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ ധർണ നടത്തും. പി സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ നിലക്കലിലും പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്പയിൽ തന്ത്രികുടുംബത്തിന്റെ പ്രാർത്ഥനാസമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എത്തിയ രാഹുൽ ഈശ്വറിനെയും മുത്തശ്ശിയെയും പൊലീസ് നിലക്കലിൽ തടഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് മുത്തശ്ശിയോടൊപ്പം പ്രാർത്ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുൽ ഈശ്വർ നിലയ്ക്കലിൽ എത്തിയത്.

പൊലീസ് രാഹുൽ ഈശ്വറിന്റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. അതേസമയം നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. സമരപ്പന്തലിന് സമീപം കൂടുതൽ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപതോളം വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമരം അനുവദിക്കില്ലെന്ന് ഉറച്ച നിലപാടാണ് പൊലീസിന്റേത്.

കനത്ത സുരക്ഷയിലാണ് സന്നിധാനവും നിലയ്ക്കലും പമ്പയും എരുമേലിയുമെല്ലാം. ഏറെ നാടകീയ രംഗങ്ങൾക്കാണ് നിലയ്ക്കൽ ഇന്ന് രാവിലെയും സാക്ഷ്യം വഹിച്ചത്. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള ഉപവാസസമരം നടത്തും. രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് അവലോകന യോഗം ചേരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP