Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും തട്ടിപ്പ് സ്ഥാപനമോ? മൈക്രോ ഇൻഷ്വറൻസിൽ നിക്ഷേപിച്ച കോടികൾ കാണാനില്ല; നാട്ടുകാരെ ചേർത്ത എൻജിഒകൾ വെട്ടിലായി; കൈമലർത്തി എൽഐസി

ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും തട്ടിപ്പ് സ്ഥാപനമോ? മൈക്രോ ഇൻഷ്വറൻസിൽ നിക്ഷേപിച്ച കോടികൾ കാണാനില്ല; നാട്ടുകാരെ ചേർത്ത എൻജിഒകൾ വെട്ടിലായി; കൈമലർത്തി എൽഐസി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നമ്മുടെ സ്വന്തം പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും തട്ടിപ്പിന്റെ വഴിയേ നീങ്ങുകയാണോ? മൈക്രോ ഇൻഷ്വറൻസ് പദ്ധതിയിൽ നിക്ഷേപിച്ച കോടികൾ കാണാനില്ലെന്നു പറഞ്ഞ് എൽഐസി അധികൃതർ കൈമലർത്തുന്നു.

തുക കൃത്യമായി അടച്ചതിന്റെ രസീത് തങ്ങളുടെ കൈവശമുണ്ടെന്നു നാട്ടുകാരെ ചേർത്ത എൻജിഒകൾ പറയുന്നു. പക്ഷേ, ഒരാളുടെ അക്കൗണ്ടിലും തുക വരവ് വച്ചിട്ടില്ല. ഇവിടെ തട്ടിപ്പ് നടത്തിയത് ആരെന്നതാണ് ചോദ്യം. നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത തവണകൾ തങ്ങൾ കൃത്യമായി എൽഐസിയിൽ അടച്ചിട്ടുണ്ടെന്ന് എൻജിഓകൾ പറയുന്നു. അതിനുള്ള രസീതും കൃത്യമായി നൽകി. പക്ഷേ, പോളിസി എടുത്തവരുടെ അക്കൗണ്ടിൽഎത്തിയിട്ടില്ലെന്ന് മാത്രം.

ഒന്നും രണ്ടുമല്ല പത്തോളം എൻജിഓകളാണ് വെട്ടിലായിരിക്കുന്നത്. ഒന്നോ രണ്ടോ മാത്രമായിരുന്നെങ്കിൽ അവർ തട്ടിപ്പു നടത്തിയതാണ് എന്ന് പറയാമായിരുന്നു. ഇതിപ്പോൾ എൽഐസിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അടച്ച പണം വരവ് വച്ചില്ലെന്ന കാര്യം യഥാസമയം എൽഐസിയെ അറിയിച്ചിരുന്നു. പക്ഷേ, പ്രയോജനം ഒന്നും ഉണ്ടായില്ല. 2012 നു ശേഷം പണം അടച്ചിട്ടില്ലെന്നുകാട്ടി എൽഐസിയിൽ നിന്നും പോളിസി ഉടമകൾക്ക് നോട്ടീസ് ചെന്നതോടെയാണ് എൻജിഒകൾ പ്രതിക്കൂട്ടിലായത്. ഇവർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു കാത്തിരിക്കുന്നു.

അടൂരിലെ ദീപം ചാരിറ്റബിൾ സൊസൈറ്റി, വിവേകാനന്ദ യുവശക്തി ചാരിറ്റബിൾ സൊസൈറ്റി, സ്‌കൈ ഇന്ത്യാ ചാരിറ്റബിൾ സൊസൈറ്റി, തൃശൂർ കമ്പ്യൂട്ടർ സൊസൈറ്റി, തിരുവനന്തപുരം മിത്രം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി, പാലാ സന്ധ്യ ഡെവലപ്‌മെന്റ് സൊസൈറ്റി, ഒലീനാ മഹിളാ സമാജം, കരുവാറ്റ അഗ്രി ഹോൾട്ടി കൾച്ചർ സൊസൈറ്റി എന്നിവയാണ് പ്രതിക്കൂട്ടിലായിരിക്കുന്ന ചില എൻജിഓകൾ. ഇതു കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്തിലധികം എൻജിഒകൾക്കും സമാനഅനുഭവം ഉണ്ടായിട്ടുണ്ട്. ഇവർ ഹൈക്കോടതിയിൽ എൽ.ഐ.സിക്കെതിരെ കേസും നൽകിയിട്ടുണ്ട്. എൽഐസിയുടെ ഇതര പോളിസികളിൽ നിന്നും വ്യത്യസ്തമായി മൈക്രോ ഇൻഷ്വറൻസിലേക്ക് പോളിസി എടുപ്പിക്കുന്നതിനുള്ള ചുമതല എൻജിഓകൾക്കാണ്.

ഓരോ ഡിവിഷന് കീഴിലും ഇത്തരത്തിലുള്ള നിരവധി എൻജിഓകൾ പ്രവർത്തിക്കുന്നുണ്ട്. 20 രൂപ മുതൽ 500 രൂപ വരെയുള്ള ചെറിയ പോളിസികളാണ് മൈക്രോ ഇൻഷ്വറൻസിനുള്ളത്. പോളിസി ഉടമകളിൽ നിന്നും പിരിച്ചെടുക്കുന്ന പണം ഒരു വലിയ തുകയാക്കി എൻജിഓകൾ അതാത് എൽഐസി ഓഫീസുകളിൽ അടച്ച് രസീത് കൈപ്പറ്റും. തുടർന്ന് ഈ പണം ഏതൊക്കെ പോളിസികളിൽ വരവ് ചെയ്യണമെന്ന് കാട്ടി എൽഐസിയുടെ തന്നെ സോഫ്റ്റ്‌വെയറായ 'മിയാസ്' എന്ന പ്രോഗ്രാമിലേക്ക് എന്റർ ചെയ്യുകയും ആ ഫയൽ എൽഐസിക്ക് കൈമാറുകയും ചെയ്യും. ഈ ഫയലിന്റെ അടിസ്ഥാനത്തിൽ, നേരത്തെ എൻജിഓകൾ അടച്ച പണം അതത് പോളിസി ഉടമകളുടെ അക്കൗണ്ടിലേക്ക് വരവുചെയ്യേണ്ടത് ഡിവിഷനുകളിലെ ബന്ധപ്പെട്ട അധികൃതരാണ്. എന്നാൽ ആ നടപടികൾ കൃത്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു.

അടൂരിലുള്ള ദീപം ചാരിറ്റബിൾ സൊസൈറ്റി 1.64 കോടിയിലധികം രൂപയാണ് എൽഐസിയിൽ അടച്ചിട്ടുള്ളത്. 1.08 കോടി രൂപ മാത്രമേ വിവിധ പോളിസികളിൽ വരവു ചെയ്തിട്ടുള്ളൂ. ബാക്കി വരുന്ന 56 ലക്ഷം രൂപ എവിടെപോയി എന്നറിയില്ല. ഇക്കാര്യം കഴിഞ്ഞ മൂന്നുവർഷമായി അധികൃതരെ ധരിപ്പിച്ചിട്ടും നടപടിയായിട്ടില്ല. പല തവണ തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ എൽഐസി തയാറായില്ലെന്ന് ദീപത്തിന്റെ നടത്തിപ്പുകാരൻ പ്രകാശ് പറയുന്നു. ദീപം കൊടുത്ത ചില ഡിഡികൾ മാറിയിട്ടില്ലെന്ന് കാണിച്ച് കഴിഞ്ഞ വർഷം മെയ്‌ 21ന് എൽഐസിയിൽ നിന്നും അറിയിപ്പു വന്നിരുന്നു. എന്നാൽ ഈ ഡിഡികൾ എൽഐസിതന്നെ മാറിയിട്ടുണ്ടെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്ക് അടൂർ ബ്രാഞ്ചിലെ അധികൃതർ പറയുന്നത്. വിവരാവകാശ നിയമപ്രകാരം എൽഐസിയുടെ കോട്ടയം ഡിവിഷനിൽ നിന്നും ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ ദീപം ചാരിറ്റബിൾ സൊസൈറ്റി 2010-15 കാലഘട്ടത്തിൽ 1.22 കോടി അടച്ചിട്ടുള്ളതായി പറയുന്നുണ്ട്.

നേരത്തെ 1.08 കോടി രൂപ മാത്രമേ വിവിധ പോളിസികളിൽ വരവുചെയ്തിട്ടുള്ളൂ എന്ന് പറയുന്ന എൽഐസി വിവരാവകാശ നിയമപ്രകാരം നൽകിയ തികച്ചും വിചിത്രമായ ഈ കണക്ക് ഏറെ ദുരൂഹതകൾക്ക് ഇടവരുത്തുന്നെന്നും പ്രകാശ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ തികച്ചും വിചിത്രമായ സംഭവങ്ങളാണ് വിവിധ എൻജിഒ അധികൃതർക്ക് സാക്ഷ്യപ്പെടുത്താനുള്ളത്. വിവിധ ഇൻഷ്വറൻസ് കമ്പനികളുടെ ഏജന്റുമാർ, മഹിളാ പ്രധാൻ ഏജന്റുമാർ എന്നിവർക്കിടയിൽ വൻ തട്ടിപ്പുകൾ നടന്നുവരുന്ന സാഹചര്യത്തിൽ തങ്ങളും ഇപ്പോൾ അത്തരക്കാരുടെ ഗണത്തിൽ അകപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യം പോളിസി ഉടമകളെ ധരിപ്പിച്ചിട്ടും അവർ അത് മനസിലാക്കുന്നില്ലെന്നും വിവിധ എൻജിഓകൾ വ്യക്തമാക്കി. ഇനി എന്തു ചെയ്യണമെന്ന് ഇവർക്ക് അറിയില്ല. ഇൻഷ്വറൻസ് റെഗുലേറ്ററി അഥോറിട്ടിക്ക് പരാതി നൽകാനാണ് ഇവരുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP