Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണം ഒഴിയും മുമ്പ് ഇഷ്ടക്കാരുടെ ബാറുകൾ ഫൈവ് സ്റ്റാറാക്കിയ നടപടി യുഡിഎഫിന് തലവേദനയാകുന്നു; നേതാക്കൾ തമ്മിൽ ഉഗ്രൻ ഉടക്ക്; 100 ബാറുടമകൾക്ക് കൂടി ലൈസൻസ് നൽകാൻ ധാരണയായെന്ന് സൂചന; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വീണ്ടും ബാറുടമകളുടെ പണമൊഴുക്ക്

ഭരണം ഒഴിയും മുമ്പ് ഇഷ്ടക്കാരുടെ ബാറുകൾ ഫൈവ് സ്റ്റാറാക്കിയ നടപടി യുഡിഎഫിന് തലവേദനയാകുന്നു; നേതാക്കൾ തമ്മിൽ ഉഗ്രൻ ഉടക്ക്; 100 ബാറുടമകൾക്ക് കൂടി ലൈസൻസ് നൽകാൻ ധാരണയായെന്ന് സൂചന; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വീണ്ടും ബാറുടമകളുടെ പണമൊഴുക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: ഭൂമി തീറെഴുതി തെരഞ്ഞെടുപ്പ് ഫണ്ടുണ്ടാക്കാനായിരുന്നു ലക്ഷ്യം. മദ്യനയത്തിൽ ബാറുടമകൾ പിണങ്ങിയതോടെയായിരുന്നു ഇത്. അങ്ങനെ റവന്യൂഭൂമികൾ പലതും സ്വകാര്യവ്യക്തികളുടേതായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് നടന്ന ഭൂമിക്കച്ചവടത്തിന്റെ കഥ പുറത്തുവന്നതോടെ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ വാളുമായെത്തി. മെത്രാൻ കായലും ഹോപ്‌സിന് നൽകിയ ഭൂമിയുമെല്ലാം അങ്ങനെ വീണ്ടും റവന്യൂ കണക്കിലെത്തി. ഇതോടെ തെരഞ്ഞെടുപ്പ് മാനേജർമാർ വെള്ളത്തിലുമായി. ഭൂമിയിലൂടെ ഫണ്ടൊഴുക്കി പ്രചരണം കൊഴുപ്പിക്കാനാവാത്ത അവസ്ഥ. പിന്നേയും തലപുകച്ചിലായി. അങ്ങനെ ബാർ ഉടമകളിലേക്ക് വീണ്ടും കാര്യങ്ങളെത്തി. പക്ഷേ വിട്ടുകൊടുക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ തയ്യാറല്ലാത്തതിനാൽ പുതിയ വിവാദത്തിനും തുടക്കമാകുന്നു.

ത്രി സ്റ്റാർ ബാറുകൾക്ക് മാത്രമാണ് വിലക്ക്. സംഭവം ഫൈവ് സ്റ്റാറായാൽ ബാറിന് തടസ്സമില്ല. അങ്ങനെ ത്രിസ്റ്റാറുകളെല്ലാം ഫൈവ് സ്റ്റാറുകളാവുകയാണ്. അതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കി അഞ്ച് ഹോട്ടലുകൾക്ക് സ്റ്റാർ പദവിയും ബാറും ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പാക്കി. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ അറിയാതെയായിരുന്നു ഇതെല്ലാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഈ തീരുമാനം സംസ്ഥാന സർക്കാർ പുനപരിശോധിക്കില്ല. അതിനിടെ എല്ലാം കേന്ദ്ര സർക്കാരിന്റെ തലയിൽ വച്ച രക്ഷപ്പെടാനും നീക്കം നടത്തി. എന്നാൽ ബാർ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഫൈവ് സ്റ്റാറുകളായി മാറാൻ അപേക്ഷിക്കാൻ പോലും കഴിയൂവെന്ന മാനദണ്ഡങ്ങൾ പുറത്തുവന്നതോടെ കള്ളക്കളി പൊളിഞ്ഞു. ഭരണം ഒഴിയും മുമ്പ് ഇഷ്ടക്കാർക്ക് ബാർ നൽകാനുള്ള നീക്കമായിരുന്നു നടന്നതെന്ന് സുധീരനും തിരിച്ചറിയുന്നു.

സംസ്ഥാനത്ത് അടച്ചുപൂട്ടിയതിൽ 100 ബാറുകൾക്കുകൂടി ഉടൻ ലൈസൻസ് നൽകാമെന്ന് ധാരണ. അതിന്റെ ആദ്യപടിയായാണ് ആറു ബാറുകൾക്ക് ഇപ്പോൾ ലൈസൻസ് നൽകിയത്. പത്തെണ്ണത്തിന്റെ അപേക്ഷകൂടി പരിഗണനയിലുണ്ട്. ഇതിന് പുറമെ നൂറെണ്ണത്തിന് കൂടി ലൈസൻസ് നൽകുന്നതിനാണ് ബാറുടമകളിലെ ഒരു വിഭാഗവും സർക്കാരും തമ്മിൽ ധാരണയായിട്ടുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുമെന്ന അബ്ക്കാരിനയത്തിന്റെ ചുവട് പിടിച്ചാണ് നീക്കം. ഇതിലൂടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുകയൊഴുക്കുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. പ്രചരണത്തിന് കോടികൾ ചെലവഴിക്കേണ്ടതുണ്ട്. അതിന് ബാറുടമകളുടെ സഹായം കൂടിയേ തീരുവെന്ന തരിച്ചറിവാണ് ഇതിന് കാരണം.

സംസ്ഥാനത്തെ അബ്ക്കാരി നയമനുസരിച്ച് നാലു നക്ഷത്ര ഹോട്ടലുകൾക്ക് വരെ ബാർലൈസൻസ് അനുവദിക്കില്ല. എന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ഇവ നൽകുകയും ചെയ്യും. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ നൽകുന്നത് സംസ്ഥാനത്തിന്റെ നയത്തിന് വിട്ടിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനംതീരുമാനം എടുത്താൽ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാറുകൾ നൽകാതിരിക്കാം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ ഹോട്ടലുകൾ അപേക്ഷിച്ചാൽ അവർക്ക് ബാറുകൾ നൽകിയേതീരൂ. ഈ വ്യവസ്ഥ മുതലെടുത്താണ് ബാറുകാരിലെ ഒരുവിഭാഗവുമായി ധാരണയുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മൂന്നും നാലു നക്ഷത്ര പദവിയുള്ള ഹോട്ടലുകളെ പഞ്ചനക്ഷത്രമായി ഉയർത്തണം.

ഏകദേശം നൂറോളം ഹോട്ടലുകൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും വേഗത്തിൽ തങ്ങളുടെ ഹോട്ടലുകളെ പഞ്ചനക്ഷത്രമാക്കാൻ കഴിയും. ഒരു നീന്തൽകുളം കൂടി ഉണ്ടാക്കിയാൽ പഞ്ചനക്ഷത്രമാകുന്നവയാണ് ബഹുഭൂരിപക്ഷവും. ഈ സാദ്ധ്യതകൾ മുന്നിൽകണ്ടാണ് പുതിയ ഒത്തുതീർപ്പ്. ഇതിലൂടെ ബാർ കോഴ ആരോപണങ്ങളുടെ പ്രസ്‌കതി ഇല്ലാതാക്കാനും നീക്കമുണ്ട്. എന്നാൽ ഇതെല്ലാം യുഡിഎഫിന്റെ ഭരണതുടർച്ചയെന്ന മുദ്രാവാക്യത്തെ ബാധിക്കുമെന്നാണ് സുധീരന്റെ പക്ഷം. ഇടതുപക്ഷത്തിന്റെ മദ്യനയത്തിലെ ഇരട്ടത്താപ്പ് ഇനി ചർച്ച ചെയ്യാനാകില്ല. ഈ സമയത്ത് പഞ്ച നക്ഷത്ര ബാറുകൾ കൊണ്ട് വന്നത് ശരിയായില്ലെന്നാണ് സുധീരന്റെ നിലപാട്. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ പ്രത്യേക താൽപ്പര്യങ്ങൾ ഇതിൽ വ്യക്തമാണ്. മരടിലെ ഹോട്ടലിന് ത്രീ സ്റ്റാർ അനുവദിച്ചത് ഇതിന് തെളിവായി സുധീരൻ പക്ഷം ചൂണ്ടിക്കാട്ടുന്നു.

മദ്യനയം കുറ്റമറ്റരീതിയിൽ നടപ്പാക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഉചിതമായ തീരുമാനം സ്വകീരിക്കണമെന്നും സുധീരൻ പറഞ്ഞു. പുതിയ ബാർ ലൈസൻസ് സർക്കാരിന്റെ മദ്യനയത്തിൽ വിരുദ്ധമല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാൽ ഈ സാഹചര്യത്തിൽ കൊടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കണം. യു.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മദ്യനയത്തിന്റെ ഭാഗമാണ് പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് അനുവദിച്ചതെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒടുവിൽനിലപാട് മാറ്റി. മദ്യനയത്തിൽ ഒരു മാറ്റവുമില്ല. നയം കർശനമായി നടപ്പാക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടേണ്ടെന്നും ബാർ ലൈസൻസ് നൽകുന്നതും പൂർണ മദ്യ നിരോധനവുമൊക്കെ സംസ്ഥാനത്തിന്റെ വിഷയമാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി തിരിച്ചടിച്ചു. ഇതും യുഡിഎഫിന് തിരിച്ചടിയാണ്. മദ്യനയംകൊണ്ട് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാനും യു.ഡി.എഫിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ബാറുകൾക്ക് ലൈസൻസ് നൽകിയത് തെറ്റായ പ്രചാരണങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സുധീരപക്ഷത്തിന്റെ നിലപാട്. സർക്കാരിന്റെ മദ്യനയം പൊള്ളയാണെന്നും ബാർ മുതലാളിമാർക്ക് ലാഭമുണ്ടാക്കികൊടുക്കുന്നതിനു വേണ്ടിയുള്ള നീക്കമാണെന്നുമാണ് ഇടതുമുന്നണിയുടെയും മറ്റും പ്രതികരണം.

ഏതായാലും ഈ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും സുധീരനും നേർക്കു നേർ വീണ്ടുമെത്തുമെന്നതാണ് യാഥാർത്ഥ്യം. തെരഞ്ഞെടുപ്പ് ഫണ്ടെന്ന വാദമുയർത്തി സുധീരന്റെ വാദങ്ങളെ മുഖ്യമന്ത്രി തള്ളാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP