Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുനിയാ വിജയ് രക്ഷപ്പെട്ടത് ലൈഫ് ജാക്കറ്റിട്ട് ചാടിയതുകൊണ്ട്; നീന്തലറിയാത്ത ഉദയിനും അനിലിനും ഒരു സുരക്ഷയും നൽകിയില്ല ; തടാകത്തിൽ ചാടി കാണാതായ നടന്മാർ ഇരുവരും നായകന്റെ കണ്ണിലെ കൃഷ്ണമണികൾ പോലെ; ജയനെ നഷ്ടപ്പെട്ടിട്ടും ഇനിയും പഠിക്കാതെ സിനിമാ ലോകം

ദുനിയാ വിജയ് രക്ഷപ്പെട്ടത് ലൈഫ് ജാക്കറ്റിട്ട് ചാടിയതുകൊണ്ട്; നീന്തലറിയാത്ത ഉദയിനും അനിലിനും ഒരു സുരക്ഷയും നൽകിയില്ല ; തടാകത്തിൽ ചാടി കാണാതായ നടന്മാർ ഇരുവരും നായകന്റെ കണ്ണിലെ കൃഷ്ണമണികൾ പോലെ; ജയനെ നഷ്ടപ്പെട്ടിട്ടും ഇനിയും പഠിക്കാതെ സിനിമാ ലോകം

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: വളർന്നുവരുന്ന രണ്ടു യുവതാരങ്ങൾ ഷൂട്ടിംഗിനിടെ തിപ്പഗൊണ്ടന ഹള്ളി തടാകത്തിൽ മുങ്ങിത്താണത് വിശ്വസിക്കാനാകാതെ സിനിമാലോകം. ഷൂട്ടിംഗിനിടെ അപകടങ്ങൾ നിരന്തരം ഉണ്ടാകുമ്പോഴും മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ സംഘട്ടനരംഗങ്ങളും മറ്റും അപകടകരമായ രീതിയിൽ ചിത്രീകരിക്കുന്നതിനെതിരെ വൻ പ്രതിഷേധത്തോടെ വൻ പ്രതിഷേധവും സിനിമാരംഗത്ത് ഉയരുകയാണ്.

കർണാടക തലസ്ഥാനമായ ബംഗളൂരുവിന് സമീപത്തെ രാംനഗര ജില്ലയിലാണ് അപകടമുണ്ടായ തിപ്പഗൊണ്ടനഹള്ളി തടാകം. പ്രശസ്ത കന്നഡ നടൻ ദുനിയാ വിജയ് നായകനായി അഭിനയിക്കുന്ന സിനിമയുടെ സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തോടൊപ്പം ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടിയ സഹനടന്മാരായ രാഘവ ഉദയിനെയും അനിലിനെയും ആണ് തടാകത്തിൽ കാണാതായത്.

മൂന്നുപേരും ഹെലികോപ്റ്ററിൽ നിന്ന് ചാടിയെങ്കിലും നായകൻ ദുനിയാ വിജയ് മാത്രമാണ് നീന്തിത്തുടങ്ങിയത്. മറ്റു രണ്ടുപേരും നീന്താൻ ശ്രമിച്ചുകൊണ്ട് അൽപസമയം വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നത് കാണാമായിരുന്നെങ്കിലും പിന്നീട് താണുപോയി.

ചാടിയ ഉടൻ രക്ഷയ്ക്കായി എത്തേണ്ടിയിരുന്ന ബോട്ട് യന്ത്രത്തകരാർ മൂലം പ്രവർത്തിക്കാതിരുന്നതാണ് ഇവരുടെ രക്ഷയ്ക്ക് തടസ്സമായത്. ദുനിയാ വിജയ് ആകട്ടെ അൽപം നീന്തുമ്പോഴേക്കും തളർന്നിരുന്നു. ഒരു മത്സ്യബന്ധന തൊഴിലാളി നീന്തിച്ചെന്ന് ഇദ്ദേഹത്തെ രക്ഷിക്കുയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററായിരുന്ന രവിവർമ്മയ്ക്കും മറ്റു രണ്ടു മുൻനിര പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മതിയായ ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയും അനുമതിയില്ലാതെയുമാണ് തടാകത്തിൽ ഷൂട്ടിങ് നടത്തിയത്. തടാകക്കരയിൽ ഷൂട്ടിങ് നടത്താൻ അനുമതി തേടിയശേഷം തടാകത്തിൽ ചാടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. മസ്തിഗുഡി എന്ന കന്നഡ സിനിമയിലെ ഈ സ്റ്റണ്ട് രംഗത്തിനു മാത്രം 1.2 കോടി രൂപയുടെ ബജറ്റ് ഇട്ടിരുന്നെന്നാണ് റിപ്പോർട്ടുകൾ.

അതിനാൽ തന്നെ സിനിമയുടെ പബഌസിറ്റിയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ടിവി ചാനലുകാരെയും ഷൂട്ടിങ് സ്ഥലത്തേക്ക് ക്ഷണിച്ചിരുന്നു. റിസ്‌കുകൾ ഏറെയുള്ള സ്റ്റണ്ട് രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.

 

മുങ്ങിത്താണ ഇരുവരും നായകന്റെ ഉറ്റ സുഹൃത്തുക്കൾ

നിരവധി സിനിമകളിൽ നായകൻ ദുനിയാ വിജയിക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ച താരങ്ങളായിരുന്നു രാഘവ് ഉദയും അനിലും. ഇരുവരും വളരെ സാധാരണക്കാരിൽ നിന്ന് അഭിനയ മമോഹംകൊണ്ട് സിനിമയിൽ എത്തിപ്പെട്ടവർ. രാഘവ് ഉദയ് ഒരു ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീട് ദുനിയാ വിജയ്‌ക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചതോടെ അദ്ദേഹത്തിന്റെ സുഹൃത്തായി മാറി. ദുനിയ വിജയ് ലീഡ് റോൾ ചെയ്ത ജയമ്മന മഗ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഉദയ് സിനിമയിൽ എത്തിയത്. ഇതോടെ ദുനിയാ വിജയുടെ ഉറ്റസുഹൃത്താവുകയും സന്തു സ്‌ട്രെയ്റ്റ് ഫോർവേഡ്, ഡൊഡ്മനെ ഹഡ്ഗ എന്നീ ചിത്രങ്ങളിൽക്കൂടി അഭിനയിച്ചതോടെ പോപ്പുലറാവുകയും ചെയ്തു.

അനിലാണെങ്കിൽ ദുനിയാ വിജയുടെ ബാല്യകാല സുഹൃത്താണ്. മാത്രമല്ല വിജയ് മുൻനിര നടനായി വളർന്നതോടെ അദ്ദേഹത്തിന്റെ വലംകൈയായി സിനിമാലോകത്ത് അറിയപ്പെടുകയും ചെയ്തു. ദുനിയാ വിജയ് അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളിലും അതിനാൽതന്നെ അനിലും മുഖംകാണിച്ചിരുന്നു. ദുനിയാ വിജയ് ഫാൻസ് കഌബിന്റെ പ്രസിഡന്റുകൂടിയാണ് അനിൽ. ഇരുവരും സാമ്പത്തികമായി അത്ര ഉയർന്ന കുടുംബത്തിലുള്ളവരല്ലെന്നാണ് റിപ്പോർട്ടുകൾ. അപകടവുമായി ബന്ധപ്പെട്ട് താവരക്കെരെ പൊലീസ് മസ്തിഗുഡി ഫിലീം ടീമിനെതിരെ കേസെടുത്തിട്ടുണ്ട്.

 

നീന്തൽ അറിയില്ലെന്ന് ആദ്യമേ പറഞ്ഞിട്ടും ആരും കേട്ടില്ല

ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടുന്ന രംഗം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതോടെ നടന്മാർ അങ്കലാപ്പിലായിരുന്നുവെന്ന് പറയുന്നു. നൂറടിയോളം ഉയരത്തിൽ നിന്ന ചാടാനായിരുന്നു നിർദ്ദേശം. നായകൻ ദുനിയാ വിജയ്ക്ക് ലൈഫ് ജാക്കറ്റ് നൽകിയിരുന്നെങ്കിലും മറ്റു രണ്ടുപേർക്കും യാതൊരു സൂരക്ഷാ ക്രമീകരണവും ഉണ്ടായിരുന്നില്ല. ചാട്ടത്തിന് മുമ്പ് റിഹേഴ്‌സലും ഉണ്ടായിരുന്നില്ല. താൻ ആദ്യമായാണ് ഹെലികോപ്റ്ററിൽ കയറുന്നതെന്നും കുറച്ചുമാത്രമേ നീന്തൽ അറിയൂ എന്നും ഉദയ് ഷൂട്ടിംഗിന് മുമ്പ് അവിടെയുണ്ടായിരുന്ന പ്രാദേശിക ചാനലുകാരോട് പറഞ്ഞിരുന്നു.

ഇതിനാൽത്തന്നെ തങ്ങൾ അൽപം അസ്വസ്ഥരാണെന്നതും ഇരുവരും ഈ രംഗം ഷൂട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് ചാനലുകാർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുറച്ചേ നീന്തലറിലൂ എന്നും ഇത്രയും ഉയരത്തിൽ നിന്ന് ചാടുന്നത് റിസ്‌കാണെന്നും ഉദയ് അഭിപ്രായപ്പെടുകയും ചെയ്തു. താൻ കുളത്തിൽ ചാടി രണ്ടുമൂന്നടിയോളം നീന്തിയിട്ടുണ്ടെന്നും ഇതുപോലെ ദൂരത്തേക്ക് നീന്താനാവില്ലെന്നും അനിലും പബഌക് ടിവി റിപ്പോർട്ടറോട് പറഞ്ഞിരുന്നു. സഹപ്രവർത്തകർ രക്ഷിക്കാൻ എത്തിയില്ലെങ്കിൽ താൻ മുങ്ങിച്ചത്തുപോകുമെന്നുവരെ പറഞ്ഞശേഷം ഷൂട്ടിംഗിനായി പോയ അനിലിന്റെ വാക്കുകൾ അറംപറ്റിയതുപോലെയായി.

ചാടിയ ഉടൻ രക്ഷയ്ക്ക് ബോട്ട് എത്തുമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഇവർ ഈ സിനിമയുടെ ക്‌ളൈമാക്‌സ് സ്റ്റണ്ട് ഷൂട്ട് ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ, ഷൂട്ടിംഗിന് മുമ്പ് പുതിയൊരു സ്റ്റൈലിൽ സാഹസികമായ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഇരുവരും. തടാകത്തിനു ചുറ്റുമുള്ള പുൽക്കാടിലൂടെ ഓടുന്ന രംഗങ്ങളും മറ്റുമാണ് ആദ്യം ചിത്രീകരിച്ചത്. ഇതിനു മാത്രമേ അധികൃതരിൽ നിന്ന് അനുമതി തേടിയിരുന്നുള്ളൂ. ഇതിനുശേഷം ബാംഗഌർ വാട്ടർ സപ്‌ളൈ അധികൃതർ സ്ഥലത്തുനിന്ന പോയ ശേഷമാണ് അനധികൃതമായി തടാകത്തിൽ ചാടുന്ന സീൻ എടുത്തത്. 

ജയനെ നഷ്ടപ്പെട്ടതു മുതൽ നിരവധി അപകടങ്ങൾ

36 വർഷം മുമ്പ് 1980ൽ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത താരം ജയൻ വിടപറഞ്ഞ രംഗമാകും എല്ലാവരുടെയും മനസ്സിലെ നീറുന്ന ഓർമ്മയാണ്. ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്നുള്ള രംഗം ചിത്രീകരിച്ച ശേഷം പെർഫെക്ഷനുവേണ്ടി ഒരിക്കൽക്കൂടി ഷൂട്ട് ചെയ്യുമ്പോഴാണ് ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടുകയും ജയൻ താഴെവീണ് അപകടം ഉണ്ടാവുകയും ചെയ്തത്. 1970 മുതൽ മലയാള സിനിമാലോകത്ത് സജീവസാന്നിധ്യമായിരുന്ന ജയൻ (കൃഷ്ണൻ നായർ) പ്രശസ്തിയുടെ പരമോന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ആ ദുരന്തം. നിയന്ത്രണംവിട്ട ഹെലികോപ്റ്റർ താഴെവീണ് തകരുകയും ചെയ്തു.

'ടിപ്പു സുൽത്താന്റെ വാൾ' (ദ സ്വോഡ് ഒഫ് ടിപ്പു സുൽത്താൻ) എന്ന പ്രശസ്ത ടിവി സീരിയലിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ദുരന്തമാണ് ഇന്ത്യയിൽ ചിത്രീകരണവേളയിലുണ്ടായ എക്കാലത്തേയും വലിയ അപകടം. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയുടെ ചീത്രീകരണവേളയിൽ 1989ൽ സെറ്റിൽ തീപിടിച്ചാണ് ആ ദുരന്തമുണ്ടായത്. ചിത്രീകരണത്തിനിടെ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആ അപകടത്തിൽ 62 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ തീപിടിച്ചായിരുന്നു അപകടമുണ്ടായത്. ഷൂട്ടിംഗിലേർപ്പെട്ടവർ രക്ഷപ്പെടാനാകാതെ സ്റ്റുഡിയോയ്ക്കകത്ത് ക്ഷണനേരംകൊണ്ട് വെന്തെരിഞ്ഞു. ഡയറക്ടറും പ്രധാന നടനായിരുന്ന സഞ്ജയ് ഖാനും ഗുരുതര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ടു. 13 മാസത്തോളം ആശുപത്രിയിൽ കിടന്നശേഷമാണ് സഞ്ജയ് ഖാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ബോളിവുഡിലും ഹോളിവുഡിലും ഷൂട്ടിംഗിനിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹോളിവുഡിൽ കത്തിനിൽക്കുന്ന താരമായിരിക്കെ ബ്രൂസ് ലീ മരിച്ചത് എങ്ങനെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. അദ്ദേഹത്തിന്റെ മകൻ ബ്രാൻഡൻ ലീയാണെങ്കിൽ 28-ാം വയസ്സിൽ ദ ക്രോ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ വെടിയേറ്റാണ് മരിക്കുന്നത്.

സമാനമായ അപകടം ബോളിവുഡിൽ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഷൂട്ടൗട്ട് അറ്റ് വഡാല എന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ ജോൺ എബ്രഹാമിനെ അനിൽ കപൂർ വെടിവയ്്ച്ചത് നടന് പരിക്കേൽക്കാൻ കാരണമായി. വളരെ അടുത്തുനിന്ന് ബഌങ്ക് ബുള്ളറ്റ് ഉപയോഗിച്ചാണ് വെടിയുതിർത്തത്. പക്ഷേ, ഭാഗ്യംകൊണ്ട് കഴുത്തിൽ ഒരു ചെറിയ മുറിവുമായി ജോൺ എബ്രഹാം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ബഌങ്ക് ബുള്ളറ്റ് ആണെങ്കിൽപോലും പതിനഞ്ചെടിയെങ്കിലും അകലം പാലിക്കണമെന്നാണ് ചട്ടം. പക്ഷേ ഇവിടെ ഏതാണ് നാലടി അകലെനിന്ന് വെടിയുതിർത്തതാണ് പ്രശ്‌നമായത്.

കൂലി എന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ പ്രശസ്ത നടൻ അമിതാഭ് ബച്ചനും കഷ്ടിച്ച് ജീവൻ തിരിച്ചുകിട്ടിയ അപകടം നേരിട്ടു. സ്റ്റണ്ട് സീനിനിടയിൽ കുടലിന് ക്ഷതമേറ്റ ബിഗ് ബി മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടിവന്നു. ഇതുവരെ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്തു. പ്രശസ്ത നടന്മാർക്ക് അപകടം നേരിടുമ്പോൾ മാത്രം അത് വലിയ വാർത്തയാകുമ്പോഴും സ്റ്റണ്ട് നടന്മാരും മറ്റും ഇത്തരത്തിൽ അപകടത്തിൽപ്പെടുമ്പോൾ ആരുമറിയാതെ പോകുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ സിനിമാ ലോകത്ത്.

റിസ്‌കുകൾ കൂടുതലുള്ള സീനുകളിലെല്ലാം അപൂർവം മുൻനിര നടന്മാരൊഴികെ മറ്റെല്ലാ നായകന്മാരും ഡ്യൂപ്പുകളെ ആശ്രയിക്കുമ്പോഴും അതിൽ അപകട സാധ്യത നോക്കാതെ അഭിനയിക്കുന്നത് സാധാരണ നടന്മാരാണ്. ഇപ്പോഴത്തെ അപകടം കണക്കിലെടുത്തെങ്കിലും ഈ രംഗത്ത് സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം  ഇപ്പോൾ ശക്തമാകുകയാണ്. ഇതുപോലെ നിരവധി അപകടങ്ങൾ സിനിമാലോകത്ത് ഉണ്ടായിട്ടും ഇതിൽനിന്നൊന്നും പാഠം പഠിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് അനിലും ഉദയും മുങ്ങിപ്പോയ അപകടം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP