Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾ ഒരു വഴിക്ക് നടക്കട്ടെ; നാടിന്റെ വികസന പ്രവർത്തനങ്ങളുമായി പിണറായി വിജയൻ മുന്നോട്ട് തന്നെ; ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം ഏപ്രിൽ ഒന്നിന് ആരംഭിക്കും: 1,75,000 പേർക്ക് വീടു വെച്ച് നൽകുന്ന പദ്ധതിക്കു വേണ്ടി ഹഡ്‌കോയിൽ നിന്നും വായ്പ എടുക്കുന്നത് 4,000 കോടി രൂപ

വിവാദങ്ങൾ ഒരു വഴിക്ക് നടക്കട്ടെ; നാടിന്റെ വികസന പ്രവർത്തനങ്ങളുമായി പിണറായി വിജയൻ മുന്നോട്ട് തന്നെ; ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം ഏപ്രിൽ ഒന്നിന് ആരംഭിക്കും: 1,75,000 പേർക്ക് വീടു വെച്ച് നൽകുന്ന പദ്ധതിക്കു വേണ്ടി ഹഡ്‌കോയിൽ നിന്നും വായ്പ എടുക്കുന്നത് 4,000 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു ഭാഗത്ത് വിവാദങ്ങൾ കത്തുമ്പോഴും അതൊന്നും ഗൗനിക്കാതെ പിണറായി സർക്കാർ മുന്നോട്ട് തന്നെ. വിവാദങ്ങളോട് പ്രതികരിക്കാതെ മൗനിയായി തന്റെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിന്റെ തിരക്കിലാണ് പിണറായി വിജയൻ. ഇടതു പക്ഷ സർക്കാർ അധികാരത്തിലേറിയപ്പോൾ പ്രഖ്യാപിച്ച അഭിമാന പദ്ധതിയായ ലൈഫ് മിഷൻ പ്രാബല്യത്തിൽ വരുത്താനുള്ള തിരക്കിലാണ് സർക്കാർ.

ഏപ്രിൽ ഒന്നിന് ലൈഫ് പദ്ധതി പ്രകാരം വീടു നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ നടത്തിപ്പിനായി ഹഡ്‌കോയിൽനിന്ന് 4000 കോടി രൂപയുടെ വായ്പയെടുക്കാൻ ധാരണയായി. ഗ്രാമീണ മേഖലയ്ക്ക് 3000 കോടിയും നഗരമേഖലയ്ക്ക് 1000 കോടി രൂപയുമാണ് വായ്പയെടുക്കുക. ഇതോടെ ലൈഫ് മിഷൻ പദ്ധഥി പ്രകാരം സംസ്ഥാനത്ത് ഭൂമിയുള്ള ഭവനരഹിതരായ 1,75,000 പേർക്കുള്ള വീട് നിർമ്മാണം ആരംഭിക്കും.

അടുത്ത മന്ത്രിസഭായോഗം വായ്പയെടുക്കാൻ അനുമതി നൽകും. ഇതോടൊപ്പം ബാങ്ക് കൺസോർഷ്യംവഴി വായ്പയെടുക്കുന്നതിനുള്ള ചർച്ചയും അന്തിമഘട്ടത്തിലാണ്. ഹഡ്‌കോയിൽ നിന്ന് എടുക്കുന്ന തുകയുടെ പലിശ നിരക്ക് സംബന്ധിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അതേസമയം ഹഡ്‌കോയുമായി ധാരണാപത്രം ഒപ്പിട്ട് വായ്പ ലഭ്യമാക്കാനുള്ള നീക്കവും സർക്കാർ തുടങ്ങി കഴിഞ്ഞു.

ലൈഫ് മിഷൻ പദ്ധഥി പ്രകാരം പഞ്ചായത്തുകൾക്കുകീഴിൽ 1,75,000 വീടാണ് നിർമ്മിക്കുന്നത്. നഗരസഭകളിൽ 81,000 വീട്. ഒരു വീടിന് നാലുലക്ഷമാണ് തുക. പഞ്ചായത്തുകളിൽ 7000 കോടിയോളം രൂപ വേണ്ടിവരും. ഇതിൽ തദ്ദേശഭരണസ്ഥാപന പദ്ധതിവിഹിതമായ 20 ശതമാനം കൂട്ടുമ്പോൾ 780 കോടി രൂപ ലഭിക്കും. എസ്സി, എസ്ടി, ഫിഷറീസ്, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളുടെ വിഹിതമായി 800 കോടിയും ലഭിക്കും.

തദ്ദേശസ്ഥാപനങ്ങളുടെ പശ്ചാത്തലവികസനത്തിനായി പ്രവർത്തിക്കുന്ന കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനാകും (കെയുആർഡിഎഫ്‌സി) ഹഡ്‌കോ വായ്പ നൽകുന്നത്. കെയുആർഡിഎഫ്‌സി തുക ലൈഫ് മിഷന് കൈമാറി തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും. 15 വർഷമാണ് തിരിച്ചടവ് കാലാവധി. പലിശയിനത്തിൽ വരുന്ന തുക സർക്കാരും വായ്പാതുക തദ്ദേശ സ്ഥാപനങ്ങളും തിരിച്ചടയ്ക്കും.

ലൈഫ് പദ്ധതിയിൽ ഗുണഭോക്തൃവിഹിതമില്ല. അതിനാൽ ശേഷിക്കുന്ന 5420 കോടി തദ്ദേശഭരണസ്ഥാപനങ്ങൾ കണ്ടെത്തണം. അന്തിമപരിശോധനയിൽ അനർഹരായവർ പുറത്തുപോകുമ്പോൾ 4600 കോടി രൂപയെങ്കിലും വായ്പയെടുക്കേണ്ടിവരും. ഇതിൽ ഗ്രാമീണ മേഖലയ്ക്കുള്ള ഹഡ്‌കോ വായ്പയായ 3000 കോടി രൂപയുടെ ബാക്കി പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യംവഴി എടുക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ചർച്ച പൂർത്തിയാക്കി ബാങ്കുകൾ കൺസോർഷ്യം രൂപീകരിച്ച് വായ്പ തരാമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്. ലീഡ് ബാങ്കായ കനറാ ബാങ്കാകും കൺസോർഷ്യത്തിനും നേതൃത്വം നൽകുക.

നഗരങ്ങളിൽ നിർമ്മിക്കുന്ന 81,000 വീടുകൾക്ക് പിഎംഎവൈ പദ്ധതിയിൽനിന്ന് ഒന്നരലക്ഷം രൂപ ലഭിക്കുന്നതിനാൽ വലിയ സാമ്പത്തികപ്രയാസം നേരിടില്ല. ഈ ഭവനപദ്ധതിക്ക് നേരത്തെ മൂന്നുലക്ഷം രൂപയായിരുന്നു നൽകിയ തുക. എന്നാൽ, ലൈഫ് പദ്ധതിയുടെ ഭാഗമായി ഈ വീടുകൾക്കും നാലുലക്ഷമായി ഉയർത്തി.

ഇതിൽ പിഎംഎവൈ വിഹിതം ഒന്നരലക്ഷവും നഗരസഭാവിഹിതം രണ്ടുലക്ഷവും സംസ്ഥാന സർക്കാർ വിഹിതം 50,000 രൂപയുമാണ്. ഗുണഭോക്തൃവിഹിതം എടുത്തുകളഞ്ഞു. അതിനാൽ നഗരവീടുകൾക്ക് ഹഡ്‌കോ നൽകുന്ന 1000 കോടി രൂപയുടെ വായ്പ പദ്ധതിക്ക് മതിയാകുമെന്ന നിഗമനത്തിലാണ് ലൈഫ് മിഷൻ. അതിനിടെ, ഗ്രാമമേഖലയിലെ ഭവനപദ്ധതികൾക്കുള്ള ആദ്യഗഡുവായ പത്തുശതമാനം പഞ്ചായത്തുകൾ ഗുണഭോക്താക്കൾക്ക് നൽകിത്തുടങ്ങി.

അടുത്തിടെ തിരുവനന്തപുരത്തെ തീരപ്രദേശത്തെ മത്സ്യ തൊഴിലാളികൾക്ക് ഫ്‌ളാറ്റ് നിർമ്മിച്ചു നൽകിയതും വൻ വാർത്തയായിരുന്നു. ഒരു വർഷം കൊണ്ട് രണ്ട് ബെഡ്‌റൂമും ബാത്ത് റൂമും സ്വീകരണ മുറിയും അടുക്കളയും അടങ്ങിയ 192 അപ്പാർട്ടുമന്റാണ് മുട്ടത്തറയിലെ ബിഎസ്എഫ് കാമ്പിന് സമീപം പിണറായി സർക്കാർ നിർമ്മിച്ചു നൽകുന്നത്. വളരെ വേഗത്തിലായിരുന്നു ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 2017 ജനുവരിയിൽ പണി തുടങ്ങിയ ഈ ഫ്‌ളാറ്റ് ഫെബ്രുവരിയിൽ പണി പൂർത്തിയാക്കി മത്സ്യ തൊഴിലാളികൾക്ക് കൈമാറിയിരുന്നു. തനിക്ക് നേരെ ഉണ്ടാകുന്ന വിവിദ ആരോപണങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി തന്റെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP