Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നുതവണ ഒന്നാം സമ്മാനം അടിച്ചിട്ടും അനുഭവയോഗമില്ല; ലോട്ടറിയെടുത്ത് മുടിഞ്ഞ കുഞ്ചുനായർ ലോട്ടറി ഏജന്റായി; കുടുംബവും പോയി ലക്ഷങ്ങളും നഷ്ടമായ ഒരു ഹതഭാഗ്യന്റെ കഥ

മൂന്നുതവണ ഒന്നാം സമ്മാനം അടിച്ചിട്ടും അനുഭവയോഗമില്ല; ലോട്ടറിയെടുത്ത് മുടിഞ്ഞ കുഞ്ചുനായർ ലോട്ടറി ഏജന്റായി;  കുടുംബവും പോയി ലക്ഷങ്ങളും നഷ്ടമായ ഒരു ഹതഭാഗ്യന്റെ കഥ

പാലക്കാട്: കുഞ്ചുനായർക്ക് ദിവസങ്ങൾ ഞായറും തിങ്കളുമൊന്നുമല്ല, പൗർണ്ണമി, വിൻവിൻ, കാരുണ്യ അങ്ങനെയൊക്കെയാണ്. ദിവസങ്ങളുടെ പേരുകൾ മറന്നാലും ലോട്ടറി പേരുകൾ മറക്കില്ല. പക്ഷേ ലോട്ടറി ജീവിതമാക്കിയ കുഞ്ചുനായരെ ലോട്ടറി തോൽപ്പിച്ചു കൊണ്ടേയിരിക്കുന്നു. തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് കുഞ്ചുനായർ പറയും- ''ഒരിക്കൽ എനിക്കും കിട്ടും ഒരു ഒന്നാം സമ്മാനം.''

ലോട്ടറി ഇറങ്ങിയ കാലം മുതൽ തന്നെ ഭാഗ്യപരീക്ഷണം ശീലമാക്കിയതാണ് മായന്നൂർ മേനാത്ത് ശങ്കരനാരായണൻ എന്ന കുഞ്ചുനായർ. 74 കാരനായ കുഞ്ചുനായർക്ക് ലോട്ടറി ജീവിതമാണ്. ലോട്ടറി ഇറങ്ങാത്ത ഒരു ദിവസത്തെക്കുറിച്ച് സങ്കല്പിക്കാൻ പോലുമാകില്ല. ജീവിതം തന്നെ ലോട്ടറിയിൽ മുങ്ങിയതു കൊണ്ടും കാണുന്നവരെയെല്ലാം സ്വാമി എന്നു വിളിക്കുന്നതു കൊണ്ടും നാട്ടുകാർക്ക് ഇദ്ദേഹം ലോട്ടറി സ്വാമിയാണ്.

ഭാഗ്യദേവത അനുഗ്രഹിച്ചിട്ടും വിധി തോൽപ്പിച്ച ജീവിതമാണ് കുഞ്ചുനായരുടേത്. മൂന്നു തവണ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടും അനുഭവിക്കാനുള്ള യോഗമുണ്ടായില്ല. പതിനാറു വർഷം മുമ്പ് കേരള ലോട്ടറിയുടെ ഒരു ബുക്ക് മൊത്തമായി വാങ്ങി ഭാരതപ്പുഴയിലൂടെ മായന്നൂരിലേക്ക് പോകുമ്പോൾ ഒരാൾ ഒരു ടിക്കറ്റ് ചോദിച്ചു. ഇഷ്ടമില്ലാഞ്ഞിട്ടും ഒരു ടിക്കറ്റ് നൽകി. പിറ്റേന്നു പത്രം നോക്കിയപ്പോഴാണ് സ്വാമി ഞെട്ടിയത്. തലേന്നു താൻ കാടുത്ത ടിക്കറ്റിന് പത്തു ലക്ഷം. ആ ബുക്കിലുണ്ടായിരുന്ന മറ്റു ടിക്കറ്റുകൾക്കൊന്നിനും സമ്മാനമില്ല. ഇതിനു മുമ്പ് ഒരിക്കലും സ്വാമിക്ക് അഞ്ചുലക്ഷം അടിച്ചിരുന്നു. കീറിപ്പോയ ആ ടിക്കറ്റിൽ സമ്മാനമുണ്ടെന്ന് പിറ്റേന്ന് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സ്വാമി കരഞ്ഞു പോയത്.

1964 ൽ കർണ്ണാടക പൊലീസിൽ ചേർന്ന കുഞ്ചുനായർ 25 വർഷത്തോളം ബാംഗ്ലൂർ സിറ്റിയിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു. ഇവിടെ നിന്ന് പെൻഷനായി മാസം തോറും ലഭിക്കുന്ന എണ്ണായിരം രൂപ ലോട്ടറിക്കായി ചെലവിടും. ഇതിനകം ലോട്ടറി എടുക്കാനായി ചെലവഴിച്ചത് ലക്ഷക്കണക്കിനു രൂപയാണ്. ലോട്ടറിയെടുത്ത വകയിലെ കടം വീട്ടാനായി മായന്നൂരിലെ ഒരേക്കർ ഭൂമി വർഷങ്ങൾക്ക് മുമ്പ് വിറ്റു. പിന്നീട് പുഴയോരത്ത് പന്ത്രണ്ട് സെന്റ്, പതിനെട്ട് പറ നെല്ലു വിളഞ്ഞിരുന്ന പാടവും ലോട്ടറി കടം വീട്ടാൻ വിറ്റു. വിൽക്കാൻ ഒന്നും ബാക്കിയില്ലാതായപ്പോൾ സ്വാമി ലോട്ടറി ഏജന്റായി. ടിക്കറ്റുകൾ വാങ്ങി നടന്നു വിൽക്കും.

സമ്മാനം കിട്ടുമെന്നു പ്രതീക്ഷിച്ച് ഭൂരിപക്ഷം ടിക്കറ്റുകളും മാറ്റിവയ്ക്കും. അഞ്ചുകൊല്ലം മുമ്പ് സ്വാമി ഇങ്ങനെ മാറ്റിവച്ച ഒരു ടിക്കറ്റു വഴിയോരത്ത് കച്ചവടം ചെയ്യുന്ന ഒരാൾ ചോദിച്ചു വാങ്ങി. അതിലും സ്വാമിക്ക് പോയത് 21 ലക്ഷം. അങ്ങനെ മൂന്നാം തവണയും ഒന്നാം സമ്മാനം സ്വാമിയെ കൈവിട്ടു.

അടുത്ത കാലത്താണ് ഭാഗം വകയിലും അവസാനം 21 ലക്ഷം മറ്റൊരാൾക്ക് അടിച്ച വകയിൽ കിട്ടിയ കമ്മീഷനും ചേർത്ത് ഒരു കൊച്ചു വീട് സ്വന്തമാക്കിയത്. എന്നാൽ ലോട്ടറിഹരം കൊണ്ട് ആ വീടും ഇപ്പോൾ കടത്തിലായി. അടുത്ത കാലംവരെ ഭാഗം കഴിയാതെ തകർന്നു വീഴാറായ തറവാടിന്റെ വരാന്തയിലാണ് സ്വാമി ഏകനായി കഴിഞ്ഞുകൂടിയത്. പുലർച്ചെ ഇറങ്ങിയാൽ ഒറ്റപ്പാലത്തെ തെരുവുകളിൽ ലോട്ടറി വിററും വാങ്ങിയും വൈകുന്നേരം വരെ കഴിച്ചു കൂട്ടും. ഉച്ചക്ക് കോടതി പരിസരത്ത് ആലിൻചുവട്ടിൽ വിശ്രമം. ഭക്ഷണം മൂന്നു നേരം ഹോട്ടലിൽ. 39-ാം വയസ്സിൽ ഭാര്യ മരിച്ചതാണ്. അന്നു മാസങ്ങൾ പ്രായമുണ്ടായിരുന്ന കുഞ്ഞിനെ ഭാര്യവീട്ടുകാർ കൊണ്ടുപോയി. ഇപ്പോൾ മകനെ കണ്ടാൽ തിരിച്ചറിയുകപോലുമില്ല.

ലോട്ടറിയിലൂടെ സ്വാമിക്ക് പോയത് ഒരു കടലോളമാണ്. ഒരു കുമ്പിളോളം തിരിച്ചുകിട്ടിയിട്ടില്ല. നഷ്ടപ്പെട്ടതെല്ലാം ഇനി കോടികളുടെ ബമ്പർ അടിക്കുന്നതോടെ തിരിച്ചു കിട്ടുമെന്ന ഒറ്റ പ്രതീക്ഷ മാത്രമേ സ്വാമിക്കുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP