Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയിലെ ഡ്രൈവർ പണിക്കൊപ്പം തെങ്ങുകയറ്റവും; ശമ്പളത്തെക്കാൾ മൂന്നിരട്ടി വരുമാനം ജീൻസിട്ടുള്ള തെങ്ങുകയറ്റത്തിലൂടെ; വൈറ്റ് കോളർ ജോലി മാത്രം ലക്ഷ്യമിടുന്ന യുവതലമുറയ്ക്ക് മാതൃകയായി പെരുമ്പാരൂർ സ്വദേശി റോയി

കെഎസ്ആർടിസിയിലെ ഡ്രൈവർ പണിക്കൊപ്പം തെങ്ങുകയറ്റവും; ശമ്പളത്തെക്കാൾ മൂന്നിരട്ടി വരുമാനം ജീൻസിട്ടുള്ള തെങ്ങുകയറ്റത്തിലൂടെ; വൈറ്റ് കോളർ ജോലി മാത്രം ലക്ഷ്യമിടുന്ന യുവതലമുറയ്ക്ക് മാതൃകയായി പെരുമ്പാരൂർ സ്വദേശി റോയി

തിരുവനന്തപുരം: മാർഗത്തേക്കാൾ ലക്ഷ്യം മഹത്തരമെന്നു കരുതുന്ന മത്സരലോകത്തിന്റെ കാഴ്ചപ്പാടിൽ നിന്നുമാറി, മാർഗത്തിന്റെ വിശുദ്ധി കാണിച്ചുതരുന്ന ചിലരുണ്ട് സമൂഹത്തിൽ. സർക്കാർ ജോലിക്കൊപ്പം തെങ്ങുകയറ്റം കൂടി തൊഴിലാക്കിയ എറണാകുളം പെരുമ്പാവൂരുള്ള റോയിയുടെ ജീവിതമാണ് ഇതിന് ഉദാഹരണം. വൈറ്റ് കോളർ ജോലി മാത്രം ലക്ഷ്യമിടുന്ന നവതലമുറയ്ക്ക് വരുമാനമാർഗമെന്നതിനേക്കാളുപരി, ജീവിതത്തിൽ ശാരീരികാധ്വാനം കൂടി വേണമെന്ന ചിന്തയാണ് റോയ് പകർന്നു തരുന്നത്.

നാലു വർഷമായി കെ എസ് ആർ ടി സിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന റോയ് പെരുമ്പാവൂരിനടുത്ത് നെടുങ്ങപ്ര പാണേലി നാട്ടുകാർക്ക് നല്ല ഡ്രൈവറാണ്. ഡ്രൈവർപണിയിലൂടെ സർക്കാരിൽനിന്നു കിട്ടുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി തെങ്ങുകയറ്റത്തിലൂടെ റോയിക്കു കിട്ടുന്നു എന്നതാണ് ഏറെ രസകരം. നമ്മുടെ യുവതലമുറ വൈറ്റ് കോളർ ജോലിക്കു പിന്നാലെ പായുമ്പോൾ അധ്വാനിക്കാൻ തയാറുള്ളവർക്കു പണമുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്നു തെളിയിക്കുന്നു ഇത്. ഒരു നല്ല ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായ റോയ് ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന തിരിച്ചറിവാണ് പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നത്. തെങ്ങു കയറാൻ ആളെ കിട്ടാൻ പരക്കം പായുന്ന നമ്മുടെ നാട്ടിൽ, തെങ്ങുകയറ്റം കർമ്മമേഖലയായി കണ്ടെത്തിയ ഈ ചെറുപ്പക്കാരന്റെ ആശയത്തിനും ലാളിത്യമുണ്ട്.

കൈലി ഉടുത്ത് അരയിൽ കൊടുവാളും തിരുകി വരുന്ന രൂപമാണ് കേരളത്തിലെ തെങ്ങുകയറ്റക്കാരെക്കുറിച്ചുള്ള പരമ്പരാഗത ധാരണ. പക്ഷേ റോയ് ഇതിലും വ്യത്യസ്തനാണ്. ഹൈടെക് തെങ്ങുകയറ്റം പരീക്ഷിച്ച് വിജയം കണ്ടെത്തിയ ഇയാൾക്ക്് എല്ലാം ലളിതമാണ്, തെങ്ങു കയറാൻ ഓർഡർ കിട്ടുന്നത് ഫോണിലൂടെ. തോളിൽ കൊണ്ടു നടക്കാൻ ഏണിയില്ല, കയറില്ല, തോർത്തില്ല, പകരം ജീൻസും ഷൂസും ധരിച്ച് തെങ്ങുകയറാനുള്ള യന്ത്രവുമായി സ്‌കൂട്ടറിൽ റോയി കൃത്യസ്ഥലത്തെത്തും.

സ്ത്രീകൾക്ക് തേങ്ങയിടാമെങ്കിൽ തനിക്ക് എന്തുകൊണ്ടു പാടില്ലെന്ന ചിന്തയിൽനിന്നാണ് തെങ്ങിൻ മുകളിലേക്കുള്ള റോയിയുടെ യാത്ര. പിന്നൊന്നും ചിന്തിച്ചില്ല. നേരെ തൃശൂരിലേക്ക്. തെങ്ങുകയറാൻ പഠിപ്പിക്കുന്ന കോഴ്‌സ് സർക്കാർ ചെലവിൽ പഠിച്ച്, അംഗീകൃത തെങ്ങുകയറ്റക്കാരൻ എന്ന ലേബലും സ്വന്തമാക്കി. സർക്കാർ ജോലിക്ക് സർക്കാരിന്റെ സമയത്ത് ജോലി ചെയ്യേണ്ടി വരുമ്പോൾ, റോയിയുടെ സമയത്തിനായി ജനങ്ങളും തെങ്ങുകളും കാത്തിരിക്കുന്നു. തെങ്ങുകയറ്റം ഒരേസമയം തൊഴിലും ഹോബിയുമായി കാണുന്ന റോയി, ഒരു ദിവസം 87 തെങ്ങുവരെ കയറിയിട്ടുണ്ട്.

'കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ നാടായി മാറിയിരിക്കുന്നു. എല്ലാ തൊഴിൽമേഖലകളിലും ബീഹാറിലേയും ബംഗാളിലേയും യുവാക്കളെ കാണാം. തെങ്ങുകയറാൻ മാത്രമേ അവർ ഇനി പഠിക്കാനുള്ളൂ. അതും വരും. അതിനുമുമ്പ് നമ്മുടെ നാട്ടിൽ, ഈ തൊഴിലിലെങ്കിലും സാധ്യത കണ്ടെത്താൻ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് കഴിയട്ടെ '. സിനിമാനടനാകുക എന്ന ലക്ഷ്യവും നല്ലൊരു ഡബിങ് ആർടിസ്റ്റ് കൂടിയായ റോയി മറച്ചു വയ്ക്കുന്നില്ല.

ജീവിതം സരസവും ലളിതവുമായി കാണാനുള്ള റോയിയുടെ മനോഭാവമാണ് ഏതുതൊഴിലും ചെയ്യാമെന്ന തിരിച്ചറിവിലേക്കെത്തുന്നത്. റോയിയുടെ ഈ ആശയത്തിന് വീട്ടുകാരുടെ പൂർണപിന്തുണയുമുണ്ട് . ഭാര്യയും രണ്ടുപെൺകുട്ടികളുമടങ്ങുന്നതാണ് റോയിയുടെ കുടുംബം.ഇപ്പോൾ നാട്ടിലെ സുഹൃത്തുക്കൾക്കും റോയ് പ്രചോദനമാണ്. ചെയ്യുന്ന തൊഴിലിന് നല്ല കൂലി ഉറപ്പുണ്ട് . കാരണം ഈ പണിക്ക് ആളുകൾ തീരെയില്ല. ആരും കൂലി കടം പറയാത്തതു കൊണ്ട് വൈകിട്ട് കീശനിറയെ കാശ്. സർക്കാരിൽനിന്നു ലഭിക്കുന്ന മാസശമ്പളത്തിന്റെ മൂന്നിരട്ടിയാണ് ഈ ഉപതൊഴിലിലൂടെയുള്ള വരുമാനം. ഇനി തേങ്ങയിടാനുള്ള സമയം ഉടമസ്ഥൻ ഓർത്തില്ലെങ്കിലും റോയിയുടെ ഡയറിയിൽ അതെല്ലാം കൃത്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP