Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖാവരണം വേണ്ടെന്ന സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും; എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന് ഗൾഫിൽ നിന്നും ഫോണിൽ വിളിച്ച് വധഭീഷണി; തന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ നിർമ്മിച്ചെന്ന് കാട്ടിയും പരാതി നൽകി ഫസൽ ഗഫൂർ; വിവാദ സർക്കുലറിനെതിരെ എംഇഎസിനെ ആക്രമിച്ച് മുസ്ലിം സംഘടനകൾ; വെള്ളിയാഴ്‌ച്ച പള്ളികളിലെ ജുമുഅ നമസ്‌കാരത്തിനിടയിലും ഫസർ ഗഫൂറിനെതിരെ വിമർശനം

മുഖാവരണം വേണ്ടെന്ന സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും; എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന് ഗൾഫിൽ നിന്നും ഫോണിൽ വിളിച്ച് വധഭീഷണി; തന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ നിർമ്മിച്ചെന്ന് കാട്ടിയും പരാതി നൽകി ഫസൽ ഗഫൂർ; വിവാദ സർക്കുലറിനെതിരെ എംഇഎസിനെ ആക്രമിച്ച് മുസ്ലിം സംഘടനകൾ; വെള്ളിയാഴ്‌ച്ച പള്ളികളിലെ ജുമുഅ നമസ്‌കാരത്തിനിടയിലും ഫസർ ഗഫൂറിനെതിരെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം വേണ്ടെന്ന സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ഫസൽ ഗഫൂറിനെ കൊന്നു കളയുമെന്ന് ഭീഷണി. ഫോണിൽ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. ഫസൽ ഗഫൂറിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു . ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ റെക്കോർഡ് സഹിതമാണ് ഫസൽ ഗഫൂർ പരാതി നൽകിയത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസൽ ഗഫൂർ പരാതിയിൽ പറയുന്നു.

വ്യാജ പ്രൊഫൈൽ നിർമ്മിച്ചെന്ന് കാട്ടിയും ഫസൽ ഗഫൂർ പരാതി നൽകി. മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലർ വന്നതിനു പിന്നാലെ ഫസൽ ഗഫൂറിനുനേരെ വിവിധ കോണുകളിൽ നിന്ന് ഭീഷണിയുയർന്നിരുന്നു. കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളിൽ മുഖാവരണം നിരോധിച്ചുകൊണ്ട് സർക്കുലർ പുറത്തിറക്കിയത്. കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളിൽ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസൽ ഗഫൂർ പറഞ്ഞിരുന്നു.

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളേജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെപി ഫസൽ ഗഫൂർ വ്യക്തമാക്കിയിരുന്നു.

ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ വിശദമാക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥിനികൾ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്നും 2019-20 വർഷം മുതൽ നിയമം കൃത്യമായി പ്രാബല്യത്തിൽ വരുത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

അതേസമം സർക്കുലറിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സമസ്ത വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് സർക്കുലറിനോട് പ്രതികരിച്ചുകൊണ്ട് ഇ.കെ സമസ്ത പറഞ്ഞത്. ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു.

അതേസമയം, സർക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സ്വീകരിച്ചത്. കേരള നദ് വത്തുൽ മുജാഹിദും സർക്കുലറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. മുസ്ലിം സ്ത്രീകളുടെ മുഖംമറച്ചുള്ള വസ്ത്രധാരണരീതി(നിഖാബ്) എം.ഇ.എസ്. സ്ഥാപനങ്ങളിൽ പാടില്ലെന്ന സർക്കുലറിനെതിരെ ഇന്നലെയും നിരവധി ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. ഇന്നലെ പള്ളികളിലെ ജുമുഅ നമസ്‌കാരത്തിനിടയിലെ ഖുത്തുബയിലും ഖത്തീബുമാർ എം.ഇ.എസിനെതിരെ ആഞ്ഞടിച്ചു.

മുസ്ലിം സംഘടനകകളിൽ ഔദ്യോഗിക മുജാഹിദ് വിഭാഗമായ കേരള നദ് വത്തുൾ മുജാഹിദീൻ മാത്രമാണ് എം.ഇ. എസിന്റെ നിലപാടിനൊപ്പമുള്ളത്. മറ്റു മുസ്ലിം സംഘടനകൾ എം.ഇ.എസിനും, പ്രസിഡന്റ് ഫസൽ ഗഫൂറിനുമെതിരേ രംഗത്തുണ്ട്. മുസ്ലിം സമുദായത്തിലെ ഉമ്മച്ചി മക്കളുടെ തട്ടം കീറാനാണ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ പുറപ്പാടെങ്കിൽ അതു സമുദായത്തിന്റെ ചെലവിൽ വേണ്ടെന്നു വളാഞ്ചേരി ജുമാ മസ്ജിദ് ഖത്തീബ് മുനീർ ഹുദവി വിളയിൽ പറഞ്ഞു. ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ ഈ നടപടിക്കെതിരെ പണ്ഡിതസമൂഹം രംഗത്തുവരണമെന്നും ഖത്തീബ് ആഹ്വാനം ചെയ്തു. ഇതിനു സമാനമായ പ്രസംഗങ്ങളാണ് മിക്ക സുന്നി പള്ളികളിലുമുണ്ടായത്.

മുഖാവരണ നിരോധന വിഷയത്തിൽ ശക്തമായ എതിർപ്പുള്ളത് കേരളത്തിലെ പ്രബല സംഘടനകളായ ഇ-കെ, എ.പി സുന്നികൾക്കാണ്. മുഖാവരണം ധരിക്കേണ്ടെന്ന നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയും എം.ഇ.എസിന്റെ നിലപാടിനെതിരേ രംഗത്തുണ്ട്. എം.ഇ.എസിന്റെ നിലപാട് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. ഇന്നു നിഖാബിനെ എതിർക്കുന്നവർ നാളെ മഫ്തയെയും എതിർത്തേക്കുമെന്നും ഇതിനാൽ സ്ഥാപനമേധാവികളും മതനേതാക്കളും ഒന്നിച്ചിരുന്നു വിവാദമാക്കാതെ പ്രശ്നം പരിഹരിക്കണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

അതേസമയം സ്ത്രീകൾ മുഖം മറക്കണമെന്ന് മതം നിഷ്‌കർഷിക്കുന്നില്ലെന്ന് കേരള നദ് വത്തുൾ മുജാഹിദീൻ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഹജ് നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കരുതെന്നാണ് ഇസ്ലാമിക നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കുലറിനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലും രംഗത്തുവന്നിട്ടുണ്ട്. മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂവെന്നാണ് എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷൻ ഫാത്തിമത്ത് തെഹ്ലിയും ഹരിത മുൻ സംസ്ഥാന െവെസ് പ്രസിഡന്റ് പി.പി ഹഫ്സമോളും അഭിപ്രായപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP