Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലിനിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി ആസ്റ്റർ ഗ്രൂപ്പ്; അനേകം പ്രവാസികൾ ലിനിക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്; രോഗിയെ ചികിത്സിച്ച് മരിച്ച പേരാമ്പ്രയിലെ നഴ്‌സ് മലയാളി നഴ്‌സുമാരുടെ നൈറ്റിംഗേളായി

ലിനിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകി ആസ്റ്റർ ഗ്രൂപ്പ്; അനേകം പ്രവാസികൾ ലിനിക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്; രോഗിയെ ചികിത്സിച്ച് മരിച്ച പേരാമ്പ്രയിലെ നഴ്‌സ് മലയാളി നഴ്‌സുമാരുടെ നൈറ്റിംഗേളായി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നിപ്പ വൈറസ് ബാധയേറ്റ് ആശുപത്രിയിലായവരെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട പേരാമ്പ്രയിലെ നഴ്‌സ് ലിനി പുതുശേരിയുടെ കുടുംബത്തിന് സഹായ പ്രവാഹം. ലിനിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകുമെന്നു കോഴിക്കോട് മിംസ് ആശുപത്രി അറിയിച്ചു. ആസ്റ്റർ മിംസിലെ മുൻ സ്റ്റാഫ് നഴ്‌സായിരുന്ന ലിനിയുടെ ആത്മാർപ്പണത്തിനും സേവനത്തിനും അഭിവാദ്യം അർപ്പിക്കുന്നതായും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ലിനിയുടെ കുടുംബത്തിന് ഗൽഫിലുള്ള മലയാളി നഴ്‌സുമാരും സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ലിനിയുടെ മക്കളുടെ പഠിത്തം സൗദിയിലെ രണ്ട് മലയാളി നഴ്‌സുമാർ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരുന്നു. എല്ലാം ലിനി എന്ന നഴ്‌സ് പൊതുജനത്തിന് കാണിച്ചു കൊടുത്ത നഴ്‌സ് എന്ന പദവിയുടെ മൂല്യം കാണിച്ചു കൊടുത്തയാളാണ് ലിനിി. സ്വന്തം ജീവൻ തന്നെ ഒു രോഗിയുടെ ചികിത്സയ്ക്ക് വേണ്ടി ദാനം നൽകേണ്ടി വന്ന് നഴ്‌സുമാരുടെ നൈറ്റിംഗേളായി മാറിയിരിക്കുകയാണ് ലിനി.

കേരള സർക്കാരും ലിനിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. ലിനിയുടെ ഭർത്താവിന് സർക്കാർ ജോലിയും മക്കൾക്ക് രണ്ട് പേർക്കും പത്ത് ലക്ഷം രൂപ വീതവുമാണ് പിണറായി സർക്കാർ സഹായാമായി പ്രഖ്യാപിച്ചത്. ലിനിയുടെ സ്വപ്‌നമായിരുന്നു ഭർത്താവിന് ഒരു സർക്കാർ ജോലി നൽകണമെന്നത് ആ മോഹമാണ് സർക്കാർ കഴിഞ്ഞ ദിവസം സാധിച്ചു കൊടുത്തത്.

രോഗിയെ പരിചരിക്കാൻ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ച നഴ്സാണു ലിനി. രോഗി പരിചരിച്ചതുകൊണ്ടാണ് അവർക്ക് അസുഖം വന്നതും മരിച്ചതും. അതിനാൽ അവരുടെ കുടുംബത്തോടു നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. നിപ്പ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടൻ എൻസിഡിയുമായും കേന്ദ്രസർക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. അഞ്ച് ലക്ഷം രൂപ വീതം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അഞ്ച് ലക്ഷം സ്ഥിര നിക്ഷേപമായി ഭാവിയിലെ പഠനാവശ്യത്തിന് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സർക്കാറിന്റെ തീരുമാനത്തിന് സൈബർ ലോകം കൈയടികളോടെയാണ് സ്വീകിരച്ചത്. അനശ്വര രക്തസാക്ഷിയായ നഴ്സിന് ആവശ്യമായ സഹായം ഒരുക്കി നൽകണമെന്നാണ് സൈബർ ലോകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഒപ്പമുണ്ട് എന്നത് വെറും പരസ്യവാചകമല്ലെന്ന് തെളിഞ്ഞെന്നാണ് സർക്കാർ അനുകൂലികൾ പറയുന്ന കാര്യം. പിണറായി സർക്കാർ മൂന്നാം വർഷത്തേക്ക് കടക്കുമ്പോൾ കാര്യങ്ങൾ അതിവേഗം നീങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് എൽഡിഎഫ് അനുയായികൾ പറയുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാൽ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. എങ്കിലും സുജിത്തിന് താൽപ്പര്യമാണെങ്കിൽ സ്‌പെഷ്യൽ ഉത്തരവ് പ്രകാരം സർക്കാർ ജോലി നൽകാമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. മക്കളെ തനിച്ചാക്കരുത് എന്നായിരുന്നു ലിനിയുടെ ആഗ്രഹം. ഭാര്യയുടെ ആഗ്രഹം പോലെ ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാനാണ് സജീഷിന്റെ തീരുമാനം.

സ്വയം ജീവൻ ബലിയർപ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP