Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നത് ചങ്ങനാശ്ശേരിയിൽ; മകന്റെ മർദനത്തിൽ പിതാവ് കൊല്ലപ്പെടുന്നത് തിരൂരിൽ; സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചത് താനൂരിൽ; വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നത് ബാലരാമപുരത്ത്; 48 മണിക്കൂറുകൾക്കിടെ മദ്യലഹരിയിൽ നാല് കൊലപാതകങ്ങൾ; ലഹരിമൂത്ത് തമ്മിലടിച്ച് പൊലീസുകാരും; കോവിഡ്കാലത്തെ മദ്യവിൽപ്പന വൻ ദുരന്തമാകുന്നുവോ?

മദ്യലഹരിയിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നത് ചങ്ങനാശ്ശേരിയിൽ; മകന്റെ മർദനത്തിൽ പിതാവ് കൊല്ലപ്പെടുന്നത് തിരൂരിൽ; സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചത് താനൂരിൽ; വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നത് ബാലരാമപുരത്ത്;  48 മണിക്കൂറുകൾക്കിടെ മദ്യലഹരിയിൽ നാല്  കൊലപാതകങ്ങൾ; ലഹരിമൂത്ത് തമ്മിലടിച്ച് പൊലീസുകാരും; കോവിഡ്കാലത്തെ മദ്യവിൽപ്പന വൻ ദുരന്തമാകുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗൺ തുടങ്ങിയപ്പോൾ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചപ്പോൾ മദ്യം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയതവരുടെ ഒക്കെ വാർത്തകൾ നാം സ്ഥിരമായി കേട്ടിരുന്നു. എന്നാൽ ഇപ്പോൾ രണ്ടര മാസത്തെ ഇടവേളക്കുശേഷം മദ്യശാലകൾ തുറന്നപ്പോൾ കേരളം കേൾക്കുന്നത് മദ്യലഹിരിയിൽ ഉണ്ടാകുന്ന കൊലകളുടെ വാർത്തകളാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ മദ്യലഹരിയിൽ ഉണ്ടായ നാലു കൊലപാതകങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ലോക്ഡൗൺ അല്ലായിരുന്നെങ്കിൽ വാഹനാപകടങ്ങളുടെ എണ്ണവും എത്രയോ കൂടുമായിരുന്നു. മദ്യനിരോധന സമിതി പ്രവർക്കരൊക്കെ പറയുന്ന കാര്യങ്ങൾ ശരിവെക്കുന്ന രീതിയിലാണ് ബാറുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ.

ചങ്ങനാശേരിയിൽ അമ്മയെ മകന് കഴുത്തറുത്തുകൊന്നപ്പോൾ മലപ്പുറത്ത് മകൻ തള്ളിവീഴ്‌ത്തിയ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. നാല് കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.

അമ്മയുടെ കഴുത്തരിയുന്ന മകൻ

അതിദാരുണമായ സംഭവമാണ് കോട്ടയം ചങ്ങനാശേരിയിൽ ഉണ്ടായത്. മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകൻ ജിതിൻബാബുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. പ്രതിയായ യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. കറി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അടുത്ത വീട്ടിലേക്ക് ഫോൺ വിളിച്ച് വീട്ടിലേക്ക് വരുകയാണെങ്കിൽ ഒരു വിശേഷം കാട്ടി തരാം എന്ന് വിളിച്ച് പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചു.

ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂരിൽ മകന്റെ മർദനത്തിൽ പിതാവ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മകൻ തള്ളിവീഴ്‌ത്തിയ പിതാവാണ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂർ മുത്തൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജിതാണ് മരിച്ചത്. മകൻ അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കർ പിതാവിനെ മർദിക്കുകയും തള്ളിവീഴ്‌ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാർ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറത്ത് ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്.

മദ്യം വീതംവെക്കുന്ന തർക്കം കലാശിച്ചത് മരണത്തിൽ

കഴിഞ്ഞ ദിവസം മദ്യലഹരിയിൽ നാല് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മലപ്പുറം താനൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീൻ ആണ് മരിച്ചത്. മദ്യപാനത്തിനാടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. നാല് അംഗ സുഹൃത്തുകൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ, മദ്യം വീതം വേക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.

മദ്യപിച്ച് വാക്കേറ്റത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്തെ കൊലപാതകം. ഇന്നലെ രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്യാമിനൊപ്പം മദ്യപിച്ച് സുഹൃത്ത് സതി ഒളിവിലാണ്.

മദ്യലഹരിയിൽ തമ്മിലടിച്ച് പൊലീസുകാരും

പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ മദ്യപിച്ച് കയ്യാങ്കളിയായി. എസ്‌ഐ മർദിച്ചെന്നാരോപിച്ച് പാചകക്കാരൻ ചികിത്സ തേടി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എസ് പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയായിരുന്നു കയ്യാങ്കളി. മൂന്നാർ ദേവികുളത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ പൊലീസുകാരനുൾപ്പെടെ നാല് പേർക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊവിഡിന്റെ ശ്ചാതലത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

ബെവ്കോ ജീവനക്കാരനും മർദനം

കഴിഞ്ഞ ദിവസം മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്കോ ജീവനക്കാരനെ ബീയർ കുപ്പിക്ക് തലക്കടിച്ചതും വാർത്തയായിരുന്നു. നീണ്ടകര ബെവ്കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അക്രമണത്തിന് മുതിർന്ന യുവാവിനെ ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെയാണ് പിടികൂടി പൊലീസിന് കൈമാറിയത്. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാനെത്തിയ അനിലാലിന്റെ കൈവശം ബുക് ചെയ്ത ടോക്കണോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മദ്യം വേണമെന്ന് വാശിപിടിച്ച ഇയാളെ ജീവനക്കാരും മറ്റും ഇടപെട്ട് തിരിച്ചയച്ചു. ഉച്ചതിരിഞ്ഞ് വീണ്ടും മദ്യം ആവശ്യപ്പെട്ടെത്തിയ ഇയാൾ പ്രകോപിതനായി മദ്യശാലയ്ക്കുള്ളിലേക്ക് കടന്നു കയറുകയും ഔട്ട് ലെറ്റിനുള്ളിലിരുന്ന ബീയർ കുപ്പി ഉപയോഗിച്ച് മഹേന്ദ്രൻ പിള്ളയുടെ തലക്ക് അടിക്കുകയുമായിരുന്നു. തുടർന്നാണ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടികൂടി പ്രതിയെ പൊലീസിന് കൈമാറിയത്.

മദ്യസാക്ഷരത കേരളത്തിൽ

എന്തുകൊണ്ടാണ് കേരളം ഈ രീതിയിൽ മദ്യത്തിൽ മുങ്ങുന്നത് എന്ന് ആലോചിക്കുമ്പോഴാണ് മദ്യ സാക്ഷഷരത, ഉത്തരവാദിത്വ മദ്യപാനം എന്നീ ആശയം ഉയരുന്നത്. 'മദ്യപിക്കാൻ ഒട്ടും അറിയാത്ത സമൂഹമാണ് മലയാളികൾ. വിദേശകൾ ഏറെ സമയം എടുത്ത് ഒന്നോ രണ്ടോ പെഗ്ഗ് നൊട്ടി നുണയുമ്പോൾ നാം ഒറ്റയിടിക്ക് നാലും അഞ്ചും പെഗ്ഗുകൾ വലിച്ച് കുടിക്കയാണ്. പശു കാടി കുടിക്കുന്നപോലെ ഉപയോഗിക്കേണ്ട ഒന്നല്ല മദ്യം. എന്തായാലും ഒരു ചെറുതല്ലാത്ത വിഭാഗം മദ്യപിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ പിന്നെ അപകട രഹിതമായി മദ്യപിക്കാനുള്ള വിവരങ്ങളാണ് അവർക്ക് നൽകേണ്ടത്്. എന്നാൽ മദ്യപിച്ചാൽ പഴം അരുത് തുടങ്ങിയ തെറ്റിദ്ധാരണകളാണ് എവിടെയും. ശരിക്കും മദ്യപാനികൾ നോൺവെജ് ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടത്. ഈ രീതിയിൽ മദ്യസാക്ഷരത വളർത്താൻ നാം ശ്രമിക്കുന്നില്ല'- ജനകീയരോഗ്യ വിദഗ്ധനും പ്രഭാഷകനുമായ ഡോ അഗസ്റ്റസ് മോറിസ് ചൂണ്ടിക്കാട്ടുന്നു.

അടിച്ചമർത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമർത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയിൽ എത്തിക്കും. അതാണ് കേരളത്തിൽ സംഭവിക്കുന്നതെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ ജോസ്റ്റിൻ ഫ്രാൻൻസിസ് ചൂണ്ടിക്കാട്ടുന്നു. ലൈംഗികതയിൽ എന്നതുപോലെ തന്നെ മദ്യപാനത്തിന്റെ കാര്യത്തിലും മൂടുപടം അഴിച്ചുമാറ്റുക. കപടലൈംഗികസദാചാരം പോലെതന്നെ മലയാളിക്ക് കപട മദ്യസദാചാരമുണ്ട്.മദ്യസംസ്‌കാരം എന്നൊരു സംസ്‌കാരം ഉണ്ടെന്ന് മനസ്സിലാക്കുക. മദ്യം ഒളിച്ചുംപാത്തും കഴിക്കേണ്ടതല്ല എന്ന് അർത്ഥം. മദ്യപാനം സമൂഹത്തിലും കുടുംബത്തിലും കൂട്ടായി ആഘോഷിക്കപ്പെടുമ്പോൾ അതിന് സംസ്‌കാരസമ്പന്നമായ ഒരു സാമൂഹ്യനിയന്ത്രണം സ്വാഭാവികമായി ഉണ്ടാവും. അതുപോലെ മദ്യംവിൽക്കേണ്ടത് നമ്മുടെ ബിവറേജസിന്റേതു പോലുള്ള വൃത്തികെട്ട മാളങ്ങളിൽ അല്ല. മാന്യമായ ഇടങ്ങളിൽ ഉപഭോക്താവിന് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കാൻ പറ്റുന്നവിധത്തിൽ ആയിരിക്കണം. മാന്യതയുള്ള ഒരു വിപണനത്തിന്റെ രീതി അതാണ്. കുട്ടികൾക്ക് മദ്യം കൊടുക്കാൻ പാടില്ല, കാരണം മാനസീക-ശാരീരിക പക്വത ലൈംഗികതയിൽ എന്നപോലെ മദ്യഉപഭോഗത്തിനും അനിവാര്യമാണ്. മദ്യസംസ്‌കാരം ഉള്ള നാടുകളിൽ ഒക്കെ സ്റ്റേറ്റ് തന്നെ കൊടുക്കുന്ന നിർദ്ദേശം ''ഉത്തരവാദിത്വപൂർണ്ണമായ മദ്യപാനം''എന്നാണ് അല്ലാതെ ''മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്നല്ല.

ഓരോ പ്രദേശത്തിനും അതതിന്റെ കാലാവസ്ഥയ്ക്കും ഭക്ഷണക്രമത്തിനും ചേരുന്ന മദ്യങ്ങൾ ഉണ്ട്. ആരോഗ്യപരമായ കുടിയിൽ അവയാണ് പാനംചെയ്യേണ്ടത്. ലോകത്തിന്റെ ഏറ്റവും സമാധാനപൂർവ്വകമായ രാജ്യങ്ങളിൽ മുൻനിരയിൽ മദ്യം സുലഭമായ ഐസ്ലാൻഡ്, ഡെന്മാർക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേർക്കപ്പെട്ടിരിക്കുന്നത് മദ്യവർജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോർക്കണം. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് വ്യക്തമാണ്.

അതുകൊണ്ടുതന്നെ ഉത്തരവാദിത്വ മദ്യപാനത്തിനാണ് കേരളത്തിൽ അധികൃതർ മുൻതൂക്കം കൊടുക്കേണ്ടത്. ഒപ്പം മദ്യാസക്തിയെ ഒരു രോഗമായി തിരിച്ചറിയാനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP