Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിനിമാ പരസ്യങ്ങളോട് കിടപിടക്കുന്ന ഫ്ളക്സുകളും ഹോർഡിങ്ങുകളും; നാടെങ്ങും ചുവരെഴുത്തും പോസ്റ്ററുകളും; ട്രോളുകളും കിടിലൻ പ്രമോകളുമായി സൈബർ വിങ്ങ്; ഹാൾ തികയാതെ വന്നതോടെ പരിപാടി മാറ്റിയത് നിശാഗന്ധിയിലേക്ക്; ഇരുപതിലേറെ പ്രഭാഷകർ; വിദേശത്തുനിന്നും പ്രതിനിധികൾ; ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ അന്താരാഷ്ട്ര സെമിനാർ 'ലിറ്റ്മസ് 18' ചരിത്രം തിരുത്തുന്നു; നവ നാസ്തികതയുടെ വസന്തം കേരളത്തിലേക്കും

സിനിമാ പരസ്യങ്ങളോട് കിടപിടക്കുന്ന ഫ്ളക്സുകളും ഹോർഡിങ്ങുകളും; നാടെങ്ങും ചുവരെഴുത്തും പോസ്റ്ററുകളും; ട്രോളുകളും കിടിലൻ പ്രമോകളുമായി സൈബർ വിങ്ങ്; ഹാൾ തികയാതെ വന്നതോടെ പരിപാടി മാറ്റിയത് നിശാഗന്ധിയിലേക്ക്; ഇരുപതിലേറെ പ്രഭാഷകർ; വിദേശത്തുനിന്നും പ്രതിനിധികൾ; ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ അന്താരാഷ്ട്ര സെമിനാർ 'ലിറ്റ്മസ് 18' ചരിത്രം തിരുത്തുന്നു; നവ നാസ്തികതയുടെ വസന്തം കേരളത്തിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വതന്ത്ര ചിന്തകർ, യുക്തിവാദികൾ, ശാസ്ത്രപ്രചാരകർ എന്നു പറയുന്നവരുടെയൊക്കെ സമ്മേളനങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അറിയാം, മത-രാഷ്ട്രീയ സംഘടനകളുമായി തട്ടിച്ചുനോക്കുമ്പോൾ എത്രയോ കുറഞ്ഞ ആളുകളാണ് ഇവയിൽ പങ്കെടുക്കാറുള്ളത്. എന്നാൽ അടുത്തകാലത്തായി കേരളത്തിൽ അങ്ങോളമിങ്ങോളം സ്വതന്ത്രചിന്തകരുടെ പരിപാടികൾക്ക് വൻ ജനാവലിയാണ് ഉണ്ടാവാറുള്ളത്. ഇതിന്റെ തുടർച്ചയായി, എസ്സൻസ് ഗ്ലോബൽ എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ കൂട്ടായ്മ ഒക്ടോബർ 2, 3 തീയതികളിൽ നടത്തുന്ന 'ലിറ്റ്മസ് 18' എന്ന് പേരിട്ട വാർഷിക സമ്മേളനത്തിനും അന്താരാഷ്ട്ര സെമിനാറിനും നാളിതുവരെ ഒരു സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിനും കിട്ടാത്ത സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ നവ നാസ്തികതയുടെ വേലിയേറ്റം കേരളത്തിലും എത്തിയെന്നതിന്റെ വ്യക്തമായ സൂചനകൾ കാണാൻ കഴിയുന്ന രീതിയിലാണ് ലിറ്റ്മസിന്റെ പ്രചാരണം മുന്നേറുന്നത്. പ്രമുഖ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനും, ചിന്തകനുമായ സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം നടത്തുന്ന പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ ഫ്ളക്സുകളും ഹോർഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു കഴിഞ്ഞു.

നാടെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിട്ടുണ്ട്. ട്രോളുകളും കിടിലൻ സൈബർ പ്രമോയുമായി എസ്സൻസിന്റെ സൈബർ വിങ്ങും സജീവമാണ്. രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി, നിശാഗന്ധിയിലെ വിശാലമായ വേദിയിലേക്ക് മാറ്റുകയും ചെയ്തു. യുക്തിവാദികളുടെ പരിപാടിക്ക് ഇത്തരം ഒരു പ്രചാരണവും സ്വീകരണവും ചരിത്രത്തിൽ ആദ്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

വഴിത്തിരിവായത് 'നാസ്തികനായ ദൈവം'

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന ലോക പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. എട്ടുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി.

മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.

ഇതോടൊപ്പം ഡോ അഗസ്റ്റ്സ് മോറിസ്, വൈശാഖൻ തമ്പി, മനോജ് ബ്രൈറ്റ്‌ തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ വേണുവരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി esSENSE എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറാൻ കഴിഞ്ഞ 23 മാസത്തെ പ്രവർത്തനത്തിലൂടെ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എസ്സൻസ് ഗ്ലോബലായി മാറിയ സംഘടനയുടെ രണ്ടാംവാർഷികം ആയാണ്, ഒക്ടോബർ 2, 3 തീയതികളിൽ തിരുവനന്തപുരത്ത് ലിറ്റ്മസ് എന്ന് പേരിട്ട അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നത്.'തെളിവുകൾ നയിക്കട്ടെ' എന്നാണ് സെമിനാറിന് തലക്കെട്ട് കൊടുത്തിരിക്കുന്നത്.

 

ഇപ്പോൾ എസ്സൻസ് ഗ്ലോബലിനു പുറമെ ന്യൂറോൺസ് എന്ന പുതിയ യൂട്യൂബ് ചാനലും സംഘടന തുടങ്ങിയിട്ടുണ്ട്. നാസ്തികതയും, ശാസ്ത്രവും പ്രചരിപ്പിക്കുന്ന ഇതിലെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് പ്രേക്ഷകരായിട്ടുള്ളത്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബാംഗ്ലൂരിനും പുറമേ, യുകെ, യുഎസ്എ, അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും എസ്സൻസിന് യൂണിറ്റുകൾ ഉണ്ട്.

ഇരുപതിലേറെ പ്രഭാഷകർ; വിദേശത്തുനിന്നും പ്രതിനിധികൾ

ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപതിലധികം പ്രഭാഷകരാണ് വിവിധ വിഷയങ്ങളിൽ ലിറ്റ്മസിൽ സംസാരിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടാം തീയതിയാണ് അന്തർദേശീയ സെമിനാർ അരങ്ങേറുന്നത്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെയാണ് സമയം. ഒക്ടോബർ മൂന്നാം തീയതി സെമിനാർ പ്രഭാഷകരോടൊപ്പം, തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ വിനോദ-വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനുള്ള അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത് സമാപിക്കും. വിനോദ കേന്ദ്രങ്ങളിൽ മീന്മുട്ടി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 2 ആദ്യ സെഷൻ 9.30 മുതൽ

ഡോ അഗസ്റ്റസ് മോറീസ് - റോഡിലെ കരി
ഡോ. വൈശാഖൻ തമ്പി - പ്രബുദ്ധ നവോർസ്‌കിമാർ
ബൈജു രാജ് (UAE) നാം എവിടെയാണ്?
ഡോ. സാബു ജോസ് - ദൈവത്തിന്റെ മനസ്സ്
ഡോ. കെ. എം. ശ്രികുമാർ- സീറോ ബഡ്ജറ്റ് 'അല്ല' ഫാമിങ്
അയൂബ് മൗലവി- രാഷ്ട്രീയ ഇസ്ലാം
അനീഷ് ബാലദേവൻ(USA) - ക്വാണ്ടം അൺപ്ലഗ്ഡ്

രണ്ടാം സെഷൻ 1.30 മുതൽ

ജെനോം - പരിണാമം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യത്തര പരിപാടി

അവതാരകർ ഡോ. മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ഡോ. ദിലീപ് മാമ്പള്ളിൽ, ഡോ. പ്രവിൺ ഗോപിനാഥ്. മോഡറേറ്റർ- അജീംഷാദ് (കൈരളി-പീപ്പിൾ ചാനൽ). സദസ്സിലുള്ളവർക്ക് പാനൽ അംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കാം. ക്രിയാത്മകവും സംവാദകവുമായ ഏറ്റവും മികച്ച ചോദ്യം/ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തികൾക്ക് സമ്മാനങ്ങൾ നൽകും. ഒന്നാംസമ്മാനം-3000 രൂപ, രണ്ടാംസമ്മാനം-2000 രൂപ, മൂന്നാംസമ്മാനം-1000. പുറമെ 500 രൂപയുടെ നാല് സമാശ്വാസസമ്മാനങ്ങൾ.

ജെനോമിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അവസാന സെഷൻ- മൂന്നു മണിമുതൽ

ഡോ സുനിൽകുമാർ- മൈൽസ്റ്റോൺ ഇൻ മെഡിസിൽ
മനുജ മൈത്രി- ചുരം
രമേശ് രാജശേഖരൻ (Banglore) -സിംഗുലാരിറ്റി
മഞ്ചു മനുമോഹൻ (UK) ആൾക്കൂട്ടത്തിൽ തനിയെ
ഉമേഷ് അമ്പാടി- ബഹിരാകാശഗവേഷണത്തിന്റെ ഭാവി
ഡോ. ആൽബി ഏലിയാസ് (Australia) മസ്തിഷ്‌ക്കത്തിലെ മിന്നുന്ന കുറുക്കുവഴികൾ
ജോസ് കണ്ടത്തിൽ- കുമ്പസാര രഹസ്യം
തങ്കച്ചൻ പന്തളം (Banglore)- വഴിമുട്ടുകൾ
രവിചന്ദ്രൻ സി.- മോബ് ലിഞ്ചിങ്

രജിസ്‌ട്രേഷൻ ഇങ്ങനെ

ലിറ്റ്മസ് 18 ന് രണ്ടു തരം രജിസ്‌ട്രേഷനുകളുണ്ട്. 2018 ഒക്ടോബർ രണ്ടാം തിയതിലെ അന്തർദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിന് മാത്രമായി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ രണ്ടാം ദിവസത്തിലെ പഠനയാത്രയിൽ കൂടി പങ്കെടുക്കുന്നവിധം രജിസ്റ്റർ ചെയ്യാം. രണ്ടാം തീയതി നിശാഗന്ധിയിൽ നേരിട്ട് എത്തുവർത്ത് സ്‌പോട്ട് രജിസ്‌ട്രേഷനും ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷനുള്ള ലിങ്ക് 

(രണ്ടാം ദിവസത്തിലെ പഠനയാത്രയിൽ കൂടി പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ 25 സെപ്റ്റംബർ 2018ന് മുന്മ്പ് ചെയ്യേണ്ടതാണ്. പഠനയാത്രാ പാക്കേജിന് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. .)

എസ്സൻസ് ട്രോളുകൾ

പഴയതുപോലെ അതീവ ഗൗരവമുള്ള വിഷങ്ങൾ മാത്രം ഉണ്ടാക്കാതെ ട്രോളുകളെ രൂപത്തിൽ ഹാസ്യാത്മകമായി വിഷയങ്ങൾ അവതരിപ്പക്കാനുള്ള ശ്രമമാണ് നവ നാസ്തികരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പരിണാമം വിഷയങ്ങൾ അതീവ ലളിതമായ അവതരിപ്പിക്കുന്ന ഇത്തരം ട്രോളുകൾക്ക് വലിയ പിന്തുണയാണ് സാധാരണക്കാരിൽനിന്ന് കിട്ടുന്നത്.ലിറ്റ്മസ് എന്ന പരിപാടിക്കുംവേണ്ടിയും ഇവർ ധാരാളം ട്രോളുകൾ ഇറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP