Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരഞ്ഞെടുപ്പ് പട്ടികയിൽ നിന്നു പുറന്തള്ളിയതിൽ അദ്വാനിക്ക് കടുത്ത നിരാശ; ഗാന്ധി നഗറിൽ നിന്ന് ആറു തവണ ലോക്സഭയിലേക്കെത്തിയ അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ അവസരം അമിത് ഷായ്ക്ക്; ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വിരമിക്കൽ പ്രായപരിധി കർശനമാക്കി; സുപ്രാധാന ചുമതലകളിൽ നിന്നും ഒഴിവാക്കിയ അദ്വാനിയെ വെട്ടിനിരത്തിയത് അടുത്ത ശിഷ്യനായ മോദി തന്നെയെന്ന് വിലയിരുത്തൽ

തിരഞ്ഞെടുപ്പ് പട്ടികയിൽ നിന്നു പുറന്തള്ളിയതിൽ അദ്വാനിക്ക് കടുത്ത നിരാശ; ഗാന്ധി നഗറിൽ നിന്ന് ആറു തവണ ലോക്സഭയിലേക്കെത്തിയ അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ അവസരം അമിത് ഷായ്ക്ക്; ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വിരമിക്കൽ പ്രായപരിധി കർശനമാക്കി; സുപ്രാധാന ചുമതലകളിൽ നിന്നും ഒഴിവാക്കിയ അദ്വാനിയെ വെട്ടിനിരത്തിയത് അടുത്ത ശിഷ്യനായ മോദി തന്നെയെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറംതള്ളിയതിൽ മുതിർന്ന നേതാവ് എൽ.കെ.അദ്വാനിക്ക് കടുത്ത നിരാശയെന്ന് റിപ്പോർട്ട്.ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് ആറു തവണ ലോക്സഭയിലേക്കെത്തിയിട്ടുള്ള അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ നിന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ജനവിധി തേടുന്നത്.

സീറ്റ് നിഷേധിച്ചതിലല്ല അദ്ദേഹത്തിന് പ്രശ്നമെന്നും നിഷേധിച്ച രീതിയിലാണ് കടുത്ത നിരാശയെന്നും അദ്വാനിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അദ്വാനിയുമായി ഇതുവരെ മുൻനിര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് അറിയാൻ സാധിക്കുന്നത്.വിരമിക്കൽ പ്രായപരിധി കർശനമാക്കിയാണ് ബിജെപി ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ 91 വയസുള്ള അദ്വാനി വാജ്പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു.

1998 മുതൽ തുടർച്ചയായി അഞ്ചുവട്ടം ഗാന്ധിനഗർ തിരഞ്ഞെടുത്തത് അദ്വാനിയെ തന്നെ. എന്നാൽ, സീറ്റ് നിഷേധത്തോടെ മുതിർന്ന നേതാവിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പടിയിറക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം രാജ്യസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അദ്വാനിയുടെ പ്രായം അതിനൊരു വിലങ്ങുതടിയാകുമെന്നുറപ്പാണ്. പതിനഞ്ചാം വയസ്സിൽ ആർഎസ്എസ്. പ്രവർത്തകനായി പൊതുരംഗത്തിറങ്ങിയ അദ്വാനിക്ക് തൊണ്ണൂറ്റി ഒന്നാം വയസ്സിൽ നിർബന്ധിത വിരമിക്കലാണ് പാർട്ടി നൽകിയത്.

ദീർഘകാലം പാർലമെന്റിലും ദേശീയരാഷ്ട്രീയത്തിലും ബിജെപി.യുടെ മേൽവിലാസങ്ങളായിരുന്നു എ.ബി. വാജ്പേയിയും എൽ.കെ. അദ്വാനിയും. ശക്തരായ ഈ രണ്ടു നേതാക്കളുടെ ബലത്തിലായിരുന്നു ബിജെപി. അറിയപ്പെട്ടിരുന്നത്. ബിജെപി.യുടെ സ്ഥാപകനേതാക്കൾ. ഒരാൾ സൗമ്യനായിരുന്നെങ്കിൽ മറ്റെയാൾ കർക്കശക്കാരനായിരുന്നു. രാഷ്ട്രീയനിലപാടുകളിലും ഈ മൃദു-ഘര വ്യത്യാസങ്ങൾ വ്യക്തമായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ അദ്വാനി ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രി പദം അദ്വാനിയുടെ അടുത്തെത്തിയപ്പോഴാകട്ടെ പഴയ ശിഷ്യനുവേണ്ടി വഴി മാറേണ്ടിവന്നത് ചരിത്രം. വാജ്പേയി മരണത്തിൽ മറഞ്ഞു. അദ്വാനിയാകട്ടെ, മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയവിസ്മൃതിയിലേക്ക്.

ഒരിക്കൽ ബിജെപി.യുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന എൽ.കെ. അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, മോദിയും അമിത്ഷായും ബിജെപി.യുടെ കടിഞ്ഞാൺ കൈയിലെടുത്തതോടെ അദ്വാനിയുഗത്തിന് പകുതി തിരശ്ശീല വീണു. കലഹിക്കാൻ ഒരുങ്ങിയെങ്കിലും പ്രായം തടസ്സം നിന്നതോടെ ബിജെപി.യുടെ സംഘടനാസംവിധാനത്തിന് ഒതുങ്ങി. ആർ.എസ്.എസും അനുനയിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷവും ലോക്സഭയിൽ നിശബ്ദസാക്ഷിയായിരുന്നു അദ്വാനി. ഒരിക്കൽ പോലും സഭയിൽ സംസാരിക്കാനായിട്ടില്ല. എങ്കിലും എല്ലാ ദിവസവും സഭയിലെത്തുന്ന കൃത്യതയുള്ള പാർലമെന്റേറിയനായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് സ്വയം വിരമിക്കാൻ ബിജെപി ദേശീയ ദേശീയ ജനറൽ സെക്രട്ടറി രാം ലാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അദ്വാനി അനുസരിക്കാൻ തയ്യാറായിരുന്നില്ല. മുതിർന്ന നേതാക്കൾ തന്നെ ബന്ധപ്പെടാൻ സന്നദ്ധത കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

2014-ൽ ബിജെപി അധികാരത്തിലേറിയ ഉടൻ അദ്വാനിയേയും അദ്ദേഹത്തിന്റെ കൂടെയുള്ള മുതിർന്ന നേതാക്കളേയും പാർട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുൺ ഷോരി, യശ്വന്ത് സിൻഹ, മുരളീ മനോഹർ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്.തുടർന്ന് തൊട്ടടുത്ത വർഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളിൽ നിന്നും പാർട്ടി പരിപാടികളിൽ മാറ്റി നിർത്തുകയും ചെയ്തു. പിന്നീട് അദ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോദി സർക്കാരിന്റെ കടുത്ത വിമർശകരായി മാറുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP