Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ് മൂന്നിന് ശേഷവും രാജ്യവ്യാപക ലോക്ക് ഡൗൺ തുടുരുമോ? അടച്ചിടൻ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങൾ; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ഇന്നത്തെ വീഡിയോ കോൺഫറൻസ് നിർണായകമാകും;കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ മെയ് ഏഴ് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു തെലുങ്കാന; കോവിഡ് വ്യാപനം ശക്തമായ നഗരങ്ങൾ സമ്പൂർണമായി അടച്ചിട്ട് മറ്റിടങ്ങളിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നത് പരിഗണിച്ചു കേന്ദ്രം; വൈറസിന്റെ പിന്മാറ്റം ഡിസംബറിലേ ഉണ്ടാകൂവെന്ന് പഠനം

മെയ് മൂന്നിന് ശേഷവും രാജ്യവ്യാപക ലോക്ക് ഡൗൺ തുടുരുമോ? അടച്ചിടൻ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങൾ; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ഇന്നത്തെ വീഡിയോ കോൺഫറൻസ് നിർണായകമാകും;കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ മെയ് ഏഴ് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു തെലുങ്കാന; കോവിഡ് വ്യാപനം ശക്തമായ നഗരങ്ങൾ സമ്പൂർണമായി അടച്ചിട്ട് മറ്റിടങ്ങളിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നത് പരിഗണിച്ചു കേന്ദ്രം; വൈറസിന്റെ പിന്മാറ്റം ഡിസംബറിലേ ഉണ്ടാകൂവെന്ന് പഠനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്നിന് ശേഷവും തുടരുമോ? ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രസർക്കാർ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. രോഗവ്യാപനം തടയുന്നതിന് വേണ്ടി ലോക്ക്ഡൗൺ തുടരണം എന്ന അഭിപ്രായം വിവിധ സംസ്ഥാനങ്ങൾക്കുണ്ട്. ഇ്ക്കാര്യം ഇവർ കേന്ദ്രത്തിന് മുന്നിൽ വെക്കുകയും ചെയ്തു. എന്നാൽ, തുടർന്നുള്ള കാര്യങ്ങളുടെ പോക്ക് എങ്ങനെയാകും എന്ന കാര്യത്തിൽ നിർണായക തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിന് ശേഷമായിരിക്കും.

കോവിഡ്- 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അടച്ചിടൽ വീണ്ടും നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈയാവശ്യമുന്നയിച്ചത്. മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ചർച്ചയാകും. നിലവിൽ മെയ്‌ മൂന്നുവരെയാണ് രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാണ, ഹിമാചൽപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ അടച്ചിടൽ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശമെന്തായാലും അതു നടപ്പാക്കുകയെന്ന നിലപാടാണെടുത്തിരിക്കുന്നത്.

അതേസമയം കേരളം അടക്കം ലോക്ക്ഡൗൺ പിൻവലിക്കണം എന്ന അഭിപ്രായത്തിലാണ്. ഹോട്ട് സ്‌പോട്ടുകളിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിർത്തി മറ്റിടങ്ങൾ സാധാരണ പോലെ പ്രവർത്തിക്കട്ടെ എന്നാണ് ഇവരുടെ അഭിപ്രായം. തെലങ്കാന നേരത്തേതന്നെ അടച്ചിടൽ മെയ്‌ ഏഴുവരെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളും അവർ നടപ്പാക്കിയിട്ടില്ല. തീവ്രവ്യാപനമേഖലകളിൽ മെയ്‌ 18 വരെ അടച്ചിടൽ നീട്ടണമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്. രോഗവ്യാപന മേഖലകളിൽ അടച്ചിടൽ നിലനിർത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതൽ ഇളവുകൾ ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടും. അടച്ചിടൽ നിലവിൽ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.

ഇന്നത്തെ ചർച്ചയിൽ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. നേരത്തേ നടന്ന ചർച്ചകളിൽ സംസാരിക്കാൻ അവസരം ലഭിക്കാതിരുന്ന ബിഹാർ, ഒഡിഷ, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം. രോഗവ്യാപനം, പ്രതിരോധ നടപടികൾ, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനങ്ങളും ഉന്നയിക്കും.

രാജ്യത്തെ 13 നഗരങ്ങളിൽ രോഗവ്യാപനം ശക്തമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. മുംബൈ, അഹമ്മദാബാദ്, ഇന്ദോർ, പുണെ, ജയ്പുർ, ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപാൽ, ആഗ്ര, ജോധ്പൂർ, ഡൽഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. 718 ജില്ലകളിൽ 429 ഇടത്ത് കോവിഡുണ്ടെന്നും 289 ജില്ലകളിൽ കോവിഡ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. അടച്ചിടലിൽനിന്ന് പുറത്തുകടക്കുന്നതിനുള്ള സമഗ്രമായ പദ്ധതി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച നടത്തുന്ന ചർച്ചയിൽ പ്രധാനമന്ത്രി ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് പറഞ്ഞു.

അതിനിടെ ആഗോള തലത്തിൽ കോവിഡിന്റെ വ്യാപ്തി കുറയാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷമായി ക്കഴിഞ്ഞു. ഒപ്പം മരണസംഖ്യ രണ്ട് ലക്ഷം കടന്നു. ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കി വരുമ്പോഴും കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം കാൽ ലക്ഷം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 26496 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ആശ്വാസം തരുന്നൊരു വാർത്തയാണ് സിംഗപ്പൂരിൽ നിന്നും പഠനം വ്യക്തമാക്കുന്നത്. ഇത് പകാരം മെയ് 21 ഓടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കൊറോണ വ്യാപനം കുറയുമെന്നാണ്.

ആഗോള തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികം വൈകാതെ കൊറോണ വൈറസ് വ്യാപനം നിലയ്ക്കുമെന്നാണ് സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു വാദം മുന്നോട്ട് വെക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് എസ്.യു.ടി.ഡി ഇത്തരത്തിൽ ഒരു പഠനം നടത്തിയത്. ഇവർ തയ്യാറാക്കിയ പഠന റിപ്പാർട്ട് പ്രകാരം മെയ് 21 ആവുമ്പോഴേക്കും ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം 97 ശതമാനം കുറയും. ഒപ്പം മെയ് 29 ആവുമ്പോഴേക്കും ലോകത്താകമാനം 97 ശതമാനവും 2020 ഡിസംബർ എട്ടോടെ രോഗം പൂർണ്ണമായും ഇല്ലാതാവുമെന്നും പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ് അവിടെ ഇന്നലേയും രണ്ടായിരത്തിലേറെ പേർ മരണപ്പെട്ടിരുന്നു. ഇവിടെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്. എസ്യുടിഡി യുടെ പഠനത്തിൽ പറയുന്നത് പ്രകാരം അമേരിക്കയിൽ മെയ് 11 ഓട് കൂടി കൊറോണ വ്യാപനം 97 ശതമാനം കുറയുമെന്നാണ്. ഇറ്റലിയിൽ മെയ് ഏഴ് ഓട് കൂടിയും രോഗ വ്യാപനം 97 ശതമാനം കുറയും. ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളിലേയും കൊറോണ വ്യാപനം കുറയുന്നതിന്റെ കാലയളവ് ഇവർ പ്രവചിക്കുന്നുണ്ട്. ഇറാനിൽ മെയ് പതിനൊന്നോട് കൂടിയും, തുർക്കിയിൽ ംെയ് 15, ബ്രിട്ടണിൽ മെയ് 9, സ്പെയിനിൽ മെയ് ആദ്യം തന്നെയും കൊറോണ പ്രതിസന്ധി അവസാനിക്കും. ജർമനിയിൽ ഏപ്രിൽ 30, കാനഡയിൽ മെയ് പതിനാറോടുകൂടിയും കൊറോണ പ്രതിസന്ധി അവസാനിക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള രോഗ ബാധ സംശയിക്കുന്നവർ, രോഗം ബാധിച്ചവർ, രോഗമുക്തരായവർ തുടങ്ങിയവരുടെ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ കാലയളവ് കൂടി ശേഖരിച്ച നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ ഈയൊരു നിഗമനത്തിലെത്തിയത്. എന്നാൽ ദിവസവും പുതിയ വിവരങ്ങൾക്കനുസരിച്ച് ഈ പ്രവചനത്തിൽ മാറ്റം വരാറുണ്ട്. ഗവേഷണ, വിദ്യഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായാണ് ഇത്തരം പ്രവചനങ്ങൾ നടത്താറുള്ളത്. നേരത്തെ മെയ് 16 വരെ ലോക്ക്ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊറോണ രോഗികൾ പുതുതായി ഉണ്ടാവില്ലെന്ന് ഇവർ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP