Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വാസികളുടെ കാത്തിരിപ്പിന് അന്ത്യമാകുന്നു; ജൂൺ എട്ടു മുതൽ സമൂഹ്യ അകലം പാലിച്ച് കൊണ്ട് ആരാധനാലയങ്ങൾ തുറക്കം; ഷോപ്പിങ് മാളുകളും പ്രവർത്തിക്കാമെന്ന ഉത്തരവ് ആശങ്ക സൃഷ്ടിക്കുന്നു; സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യം ഇനി പരിഗണിക്കുക ജൂലൈയിൽ മാത്രം; എല്ലാ ഇളവുകളും നൽകി ലോക് ഡൗൺ നടത്തുന്ന വിധം

വിശ്വാസികളുടെ കാത്തിരിപ്പിന് അന്ത്യമാകുന്നു; ജൂൺ എട്ടു മുതൽ സമൂഹ്യ അകലം പാലിച്ച് കൊണ്ട് ആരാധനാലയങ്ങൾ തുറക്കം; ഷോപ്പിങ് മാളുകളും പ്രവർത്തിക്കാമെന്ന ഉത്തരവ് ആശങ്ക സൃഷ്ടിക്കുന്നു; സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യം ഇനി പരിഗണിക്കുക ജൂലൈയിൽ മാത്രം; എല്ലാ ഇളവുകളും നൽകി ലോക് ഡൗൺ നടത്തുന്ന വിധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങൾ,ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ജൂൺ എട്ടുമുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. എന്നാൽ കണ്ടയ്ന്മെന്റ് സോണുകളിൽ ഇവ തുറക്കാൻ അനുമതിയില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇതോടെ എല്ലാ ഇളവുകളുമുള്ള ലോക് ഡൗൺ കാലത്തേക്ക് പോവകുയാണ് രാജ്യം. ഇതിൽ മാളുകൾ തുറക്കുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യത കൂട്ടും ഇത് ആശങ്കയാണ്. ആരാധാനാലയങ്ങൾ തുറക്കണമെന്ന സമ്മർദ്ദം എല്ലാ മത നേതാക്കളും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ തീരുമാനം. നിയന്ത്രണങ്ങൾ എങ്ങനെയാകും ആരാധനാലയങ്ങളിൽ നടപ്പാക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. 'സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും മന്ത്രാലയങ്ങൾ, വകുപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചിച്ച് മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ പുറപ്പെടുവിക്കും' ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേരളത്തിലും രോഗ വ്യാപനം കൂടുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം കരുതലോടെ മാത്രമേ കേരളം എടുക്കൂ. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുമെന്നാണ് സൂചന.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനഃസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും. നൈറ്റ് കർഫ്യൂ കർശനമായി തുടരും. എന്നാൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ എന്നുള്ളത് രാത്രി 9 മുതൽ രാവിലെ 5 വരെയാകും. കണ്ടെയിന്മെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും. കണ്ടെയിന്മെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം തുടരും. എന്നാൽ അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. അതായത് രാത്രിയിലെ നിയന്ത്രണവും ചുരുക്കുകയാണ്. പേരിന് മാത്രമായി ലോക് ഡൗൺ മാറുമ്പോൾ രോഗ വ്യാപനത്തിനുള്ള സാധ്യത കൂടും.

ജൂലൈയിൽ സ്‌കൂളും തുറക്കും

സ്‌കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിൽ തുറക്കുമെന്ന് കേന്ദ്രസർക്കാർ. കോവിഡ് 19 വൈറസ് സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായിൽ ചർച്ച നടത്തിയതിന് ശേഷമായിരിക്കും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

'സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലനം സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും. സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥാപനതലത്തിൽ മാതാപിതാക്കളുമായും മറ്റുള്ളവരുമായും കൂടിയാലോചനകൾ നടത്താം. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം ജൂലായിൽ എടുക്കും- ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളുമായും കൂടിയാലോചിച്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ പട്ടിക തയ്യാറാക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

അഞ്ചാംഘട്ട അടച്ചിടലിൽ തീവ്രമേഖലകളിൽ

തിങ്കളാഴ്ചയാരംഭിക്കുന്ന അഞ്ചാംഘട്ട അടച്ചിടലിൽ തീവ്രമേഖലകളിൽ (കണ്ടെയ്ന്മെന്റ് സോൺ) മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ. തീവ്രമേഖലയ്ക്കുപുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുന്നതിന് 'അൺലോക്ക്-1' മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ജൂൺ 30 വരെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

തീവ്രമേഖലയ്ക്കു പുറത്ത് എന്തൊക്കെ നിയന്ത്രണങ്ങളും നിരോധനവും ഏർപ്പെടുത്താമെന്ന് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാം. കോവിഡ് തീവ്രമേഖലകൾ ജില്ലാ ഭരണകൂടങ്ങൾ നിശ്ചയിക്കണം. ഇവിടെ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കാവൂ. ജനങ്ങളെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കരുത്. വീടുകൾ തോറുമുള്ള നിരീക്ഷണവും ആരോഗ്യതല ഇടപെടലുകളും രോഗികളുമായി സമ്പർക്കം നടത്തിയവരെ കണ്ടെത്തലുമൊക്കെ നടത്തണം. തീവ്രമേഖലകൾക്കു പുറത്തുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കണം. ഇവിടെയുള്ള നിയന്ത്രണങ്ങൾ ജില്ലാ ഭരണാധികാരികൾക്കു നിശ്ചയിക്കാം.

വിവാഹങ്ങൾക്ക് പരമാവധി 50 പേരും മരണാനന്തരച്ചടങ്ങുകൾക്ക് പരമാവധി 20 പേരും

തുറന്നുകൊടുക്കലിന്റെ ആദ്യഘട്ടത്തിലെ നിർദ്ദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും. അൺലോക്ക്-1 കാലയളവിലും മുഖാവരണം ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമാണ്. പൊതുചടങ്ങുകൾക്കുള്ള നിരോധനം തുടരും. വിവാഹങ്ങൾക്ക് പരമാവധി 50 പേരും മരണാനന്തരച്ചടങ്ങുകൾക്ക് പരമാവധി 20 പേരും മാത്രമാണ് അനുവദനീയം.

അന്തഃസംസ്ഥാന യാത്രകൾക്കും സംസ്ഥാനത്തിനകത്തെ യാത്രകൾക്കും നിയന്ത്രണങ്ങളുണ്ടാവില്ല. ഇതിനായി പ്രത്യേക അനുമതിയും ആവശ്യമില്ല. അതേസമയം, അത്യാവശ്യഘട്ടങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ശ്രമിക് ട്രെയിനുകൾ, ആഭ്യന്തര വിമാന സർവീസുകൾ, വിദേശികളെ മടക്കി അയക്കൽ തുടങ്ങിയവ ഇപ്പോഴുള്ളതുപോലെ തുടരും. മറ്റു രാജ്യങ്ങളുമായി ഉടമ്പടിയിലേർപ്പെട്ട അതിർത്തികളിൽ ചരക്കുനീക്കം ഒരു സംസ്ഥാനവും തടയരുതെന്നും നിർദ്ദേശിച്ചു.

രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെ കർശനമായി കർഫ്യൂ

അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ തുടങ്ങിയവർ വീടുകളിൽതന്നെ ഇരിക്കണം. രോഗികളെ മുൻകൂട്ടി അറിയാനും സുരക്ഷാമുൻകരുതലിനുമായി ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം.

തുറന്നിടൽ മൂന്ന് ഘട്ടങ്ങളിലായി

ആദ്യഘട്ടം

ജൂൺ എട്ടുമുതൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാർഗരേഖ പാലിച്ച് ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറക്കാൻ അനുമതി.

രണ്ടാംഘട്ടം

സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നകാര്യത്തിൽ തീരുമാനം. സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിയാകും അന്തിമതീരുമാനം. ഇതിനു മുമ്പു രക്ഷിതാക്കളടക്കമുള്ളവരിൽനിന്ന് അതതു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അഭിപ്രായങ്ങൾ തേടണം.

മൂന്നാംഘട്ടം

അന്താരാഷ്ട്ര വിമാന സർവീസ്, മെട്രോ ഗതാഗതം, സിനിമാശാലകളും ജിംനേഷ്യവും പാർക്കുകളും ബാറുകളുമൊക്കെ തുറക്കൽ, സാമൂഹിക-കായിക-വിനോദ-സാംസ്‌കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയൊക്കെ അനുവദിക്കൽ ഈ ഘട്ടത്തിൽ. ഇതും സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP