Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൽ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തയാൾ ചികിത്സ തേടിയത് കോട്ടയം മെഡിക്കൽ കോളേജിൽ; നടക്കാൻ വയ്യാത്ത രോഗിയെ ഡിസ്ചാർജാക്കി ആംബുലൻസിൽ ഇറക്കിവിട്ടത് ആളൊഴിഞ്ഞ പറമ്പിൽ; പത്താം ദിനം കളക്ടറും എംഎൽഎയും എത്തുമ്പോൾ കണ്ടത് ചവറുകൂനകൾക്കിടയിലെ മൃതശരീരം; മരണം മരുന്നും ഭക്ഷണം ലഭിക്കാതെയെന്ന് ആക്ഷേപം; ബിജു സ്വയം ഡിസ്ചാർജ് ആവശ്യപ്പെട്ടെന്നത് ആശുപത്രിക്കാരുടെ കള്ളക്കഥയെന്ന് തിരുവഞ്ചൂർ; ലോക്ക് ഡൗൺ കാലത്ത് കോട്ടയത്തെ നടുക്കിയ മരണം വിവാദമാകുന്നു

കാൽ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തയാൾ ചികിത്സ തേടിയത് കോട്ടയം മെഡിക്കൽ കോളേജിൽ; നടക്കാൻ വയ്യാത്ത രോഗിയെ ഡിസ്ചാർജാക്കി ആംബുലൻസിൽ ഇറക്കിവിട്ടത് ആളൊഴിഞ്ഞ പറമ്പിൽ; പത്താം ദിനം കളക്ടറും എംഎൽഎയും എത്തുമ്പോൾ കണ്ടത് ചവറുകൂനകൾക്കിടയിലെ മൃതശരീരം; മരണം മരുന്നും ഭക്ഷണം ലഭിക്കാതെയെന്ന് ആക്ഷേപം; ബിജു സ്വയം ഡിസ്ചാർജ് ആവശ്യപ്പെട്ടെന്നത് ആശുപത്രിക്കാരുടെ കള്ളക്കഥയെന്ന് തിരുവഞ്ചൂർ; ലോക്ക് ഡൗൺ കാലത്ത് കോട്ടയത്തെ നടുക്കിയ മരണം വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ നഗരമധ്യത്തിൽ ഉപേക്ഷിച്ച രോഗി മരിച്ച സംഭവം വിവാദമാകുന്നു. കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു (46)വാണ് കോട്ടയം മെഡിക്കൽ കോളെജ് അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം തെരുവോരത്ത് ഇന്നലെ മരിച്ചത്. ആരും കൂടെയില്ലാത്ത കാലൊടിഞ്ഞ രോഗിയെ ശാസ്ത്രി റോഡിലെ ഒരൊഴിഞ്ഞ പറമ്പിലാണ് അധികൃതർ ആംബുലൻസിൽ ഇറക്കി വിട്ടത്. ചികിത്സയും ഭക്ഷണവും ലഭിക്കാതെയാണ് രോഗിയുടെ മരണം എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് നടന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിക്കൂട്ടിലാണ്.

കടുത്ത പ്രതിഷേധമാണ് ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നടപടിയെക്കുറിച്ച് ഉയരുന്നത്. സംഭവം അറിഞ്ഞു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും സ്ഥലത്ത് സ്ഥലത്ത് എത്തുകയായിരുന്നു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ മരിച്ചതായി കണ്ടെത്തിയത്. ലോക്ക് ഡൗണിൽ ആർക്കും പട്ടിണി കിടക്കേണ്ട അവസ്ഥ വരില്ലെന്നും തെരുവിൽ വസിക്കുന്ന യാചകർ ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആവർത്തിച്ച് വ്യക്തമാക്കുന്നതിന്നിടെയാണ് ഭക്ഷണവും മരുന്നും കിട്ടാതെ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ രോഗി മരിച്ചു കിടന്ന സംഭവം വന്നിരിക്കുന്നത്. സംഭവം അക്ഷര നഗരിയെ നടുക്കിയിട്ടുണ്ട്.

കാലൊടിഞ്ഞ, തലയ്ക്ക് ഗുരുതരമായി മുറിവേറ്റ രോഗിയെ തെല്ലും മനസാക്ഷിക്കുത്തില്ലാതെയാണ് ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്യുകയും തെരുവോരത്തുകൊണ്ട് തള്ളുകയും ചെയ്തിരിക്കുന്നത്. ഏപ്രിൽ എട്ടിനാണ് ഇയാൾ ആശുപത്രിയിൽ എത്തുന്നത്. ആരോ ആക്രമിച്ച നിലയിൽ പരുക്കുകളോടെയാണ് ഇയാൾ എത്തിയത്. തുടർന്നു ചികിത്സ നൽകിയ ശേഷം പതിനൊന്നിനു രോഗിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. നടക്കാൻ കഴിയാത്തതിനാൽ ആംബുലൻസിൽ ഇയാളെ നഗരമധ്യത്തിലെ ശാസ്ത്രി റോഡിൽ കൊണ്ടു തള്ളുകയായിരുന്നു. കൊല്ലംകാരനായ ബിജു കോട്ടയത്ത് അലഞ്ഞു നടക്കുകയും ലോട്ടറി കച്ചവടം ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യുകയായിരുന്നു. ആരോ ഇയാളുമായി തർക്കമുണ്ടാവുകയും തുടർന്നു സംഘട്ടനം നടക്കുകയും ചെയ്തു.

പൊലീസ് മെഡിക്കൽ കോളേജിൽ എത്തി ഇയാളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഇയാൾ ഡിസ്ചാർജ് ചെയ്യപ്പെട്ടത്. അതിനു ശേഷം നഗരമധ്യത്തിൽ ഇയാളെ ആംബുലൻസിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിലാണ് ഇയാൾ കഴിഞ്ഞത്. പുറത്തു നിന്നുളവരുടെ ശ്രദ്ധ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സഹായം എത്താനും വൈകി. ഇയാൾ പട്ടിണി കിടക്കുന്നതായി അറിഞ്ഞു സേവാഭാരതിക്കാർ ഇയാൾക്ക് ഭക്ഷണം എത്തിച്ചിരുന്നതായി വിവരമുണ്ട്. ഇന്നലെയാണ് മരിച്ച നിലയിൽ കാണുന്നത്. തുടർന്നാണ് എംഎൽഎയും കളക്ടറും ഉൾപ്പെടുന്ന സംഘം സ്ഥലത്ത് എത്തുന്നത്. ബിജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌ക്കരിക്കും.

ആരോരും ഇല്ലാത്ത രോഗിയെ പരിപാലിക്കാൻ കോട്ടയത്ത് തന്നെ ഒത്തിരി ഇടങ്ങളുണ്ട്. ഇയാൾ ആരും ഇല്ലാത്ത ആളാണ് എന്ന് ആശുപത്രി അധികൃതർക്ക് അറിയാം. ലോക്ക് ഡൗൺ കാലവുമാണ്. ഭക്ഷണവും മരുന്നും ലഭിക്കാൻ പ്രയാസമായ കാലമാണ്. ഇയാൾക്ക് നടക്കാൻ കഴിയില്ല. തലയ്ക്ക് എട്ടു സ്റ്റിച്ചുകളുമുണ്ട്. പരസഹായമില്ലാതെ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നടത്താനോ കഴിയില്ല. ഇതെല്ലാം അറിഞ്ഞിട്ടും എന്നിട്ടും ഇയാളെ നഗരമധ്യത്തിലെ ആളൊഴിഞ്ഞ പറമ്പിൽ ആംബുലൻസിൽ ഇറക്കി വിടുകയായിരുന്നു. ഇതിനെ തുടർന്നാണ് മരണവും വരുന്നത്. സംഭവം അറിഞ്ഞില്ലെന്നാണ് കോട്ടയം കളക്ടർ പി.കെ.സുധീർ ബാബു മറുനാടനോട് പറഞ്ഞത്.

സംഭവം കോട്ടയം കളക്ടർ വിശദമാക്കിയത് ഇങ്ങനെ:

രോഗി മെഡിക്കൽ കോളേജ് ഒപിയിൽ എത്തുന്നത് എട്ടാം തീയതിയാണ്. ആക്രമണം ആയതിനാൽ പൊലീസ് മൊഴിയെടുത്തു. കാലിനും തലയ്ക്കും പരുക്കുണ്ടായിരുന്നു. കാലിലെ മുറിവ ബാൻഡേജ് ചെയ്തു. എക്‌സ്‌റെ എടുത്തപ്പോൾ കാലിനു കുഴപ്പമില്ലെന്ന് കണ്ടു. സിടി സ്‌കാൻ എടുത്തു. തലയ്ക്ക് കുഴപ്പമില്ലെന്ന് മനസിലായി. ഒൻപതിനും പത്തിനും രോഗി ആശുപത്രിയിൽ തങ്ങി. പതിനൊന്നിനു രോഗി ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞു. നാഗമ്പടം തന്നെ എത്തിച്ചാൽ മതി എന്നാണ് പറഞ്ഞത്. മെഡിക്കൽ കോളേജ് ആംബുലൻസിൽ ഇയാളെ നഗരമധ്യത്തിൽ ഇറക്കിയിട്ടുണ്ട്. അതിനു ശേഷം എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. അടുത്ത വീട്ടുകാർ ഭക്ഷണം നൽകിയിരുന്നു.

 

ഇന്നലെ ഫോൺ കോൾ വന്നപ്പോഴാണ് സംഭവം ഞാൻ അറിഞ്ഞത്. അപ്പോഴേക്കും ആളെ വിട്ടു. ഇയാൾ മരിച്ചിരുന്നു എന്നാണ് വിവരം ലഭിച്ചത്. ലോക്ക് ഡൗൺ കാലമായതിനാൽ പോകാൻ കഴിഞ്ഞില്ല. എന്നെ താമസ സ്ഥലത്ത് ഇറക്കിവിടണം എന്നാണ് ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് ആംബുലൻസിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി വിട്ട് പത്ത് ദിവസത്തിനു ശേഷമാണ് ഇയാൾ മരിച്ച നിലയിൽ കാണുന്നത്. പതിനാലിന് പൊലീസ് എത്തി ഇയാളെ വേറൊരിടത്ത് ആക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇയാൾ പോകാൻ താത്പര്യം കാണിച്ചിരുന്നില്ല. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌ക്കരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും-കളക്ടർ പറയുന്നു.

നൂറു ശതമാനവും മെഡിക്കൽ കോളേജിന്റെ വീഴ്ച: തിരുവഞ്ചൂർ രാധാകൃഷ്ണൻ

നടക്കാൻ വയ്യാത്ത, തലയ്ക്ക് ഗുരുതര പരുക്കേറ്റ രോഗിയെ എങ്ങിനെയാണ് മെഡിക്കൽ കോളേജ് അധികൃതർ ഡിസ്ചാർജ് ചെയ്യുകയും തെരുവിൽ തള്ളുകയും ചെയ്യുക. അവർ പറയുന്നത് ഡിസ്ചാർജ് ചെയ്യാൻ രോഗി ആവശ്യപ്പെട്ടുവെന്നാണ്. ഇത് കള്ളകഥയാണ്. മരിച്ചു പോയ ഒരാളെക്കുറിച്ച് മെഡിക്കൽ കോളേജ് അധികൃതർ കള്ളക്കഥ മെനയുകയാണ്. നടക്കാൻ വയ്യാത്ത ഒരു രോഗി പറയുമോ ഡിസ്ചാർജ് ചെയ്യണമെന്ന്? നടക്കാൻ കഴിയാത്ത രോഗിയാണ്. കൂടെ ആരുമില്ല. അങ്ങിനെയെങ്കിൽ കോട്ടയത്ത് എത്രയോ പുനരധിവാസ കേന്ദ്രങ്ങളുണ്ട്. വളരെ കഷ്ടമായ സംഭവമാണ്. ചവറിനകത്ത് കിടന്നാണ് ഇയാൾ മരിച്ചത്. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത രോഗി. ഇയാൾക്ക് പക്ഷെ നടക്കാൻ കൂടി കഴിയുകയുമില്ല. ഭക്ഷണം ലഭിക്കാതെയാണ് മരണം. ആരും അറിഞ്ഞില്ല.

ഇത് ആളുകൾ ശ്രദ്ധിക്കാത്ത ഒരു പറമ്പാണ്. ഇവിടെ കിടന്നാണ് ഇയാൾ മരിച്ചത്. നവജീവന്റെ തോമസേട്ടനെ ഏൽപ്പിച്ചാൽ പോലും അവർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നവരാണ്. മെഡിക്കൽ കോളേജിലെ ഒരു രോഗിക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെടുത്തണം. അത് മെഡിക്കൽ കോളേജ് അധികൃതർ ചെയ്തിട്ടില്ല. പട്ടിണി കിടന്നു ചികിത്സ ലഭിക്കാതെയുള്ള മരണമാണിത്. നൂറു ശതമാനവും മെഡിക്കൽ കോളേജിന്റെ വീഴ്ചയാണിത്. ഈ കാര്യത്തിൽ ശക്തമായ നടപടി വേണം. ഈ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഈ കാര്യത്തിൽ നടപടി ആവശ്യമാണ്- തിരുവഞ്ചൂർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP