Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടങ്ങാൻ ഇനി രണ്ട് ദിവസം കൂടി മാത്രം; ആരൊക്കെയാണ് അംഗങ്ങൾ എന്നു സർക്കാരിന് ഇനിയും നിശ്ചയമില്ല; അവസാന നിമിഷം നടത്തിയ രാഷ്ട്രീയ വീതം വയ്‌പ്പിൽ പദവി കിട്ടിയവർക്ക് എത്തിചേരാൻ പറ്റുമോ എന്നു പോലും അറിയില്ല; ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് എന്നു പറഞ്ഞു തുടങ്ങിയെങ്കിലും അംഗത്വം കൊടുത്ത പലരും വിദേശ പൗരന്മാർ; പ്രവാസികളെ ഉദ്ധരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ലോക കേരളസഭ പാഴ് ചെലവും വെള്ളാനയും ആകുന്നത് ഇങ്ങനെ

തുടങ്ങാൻ ഇനി രണ്ട് ദിവസം കൂടി മാത്രം; ആരൊക്കെയാണ് അംഗങ്ങൾ എന്നു സർക്കാരിന് ഇനിയും നിശ്ചയമില്ല; അവസാന നിമിഷം നടത്തിയ രാഷ്ട്രീയ വീതം വയ്‌പ്പിൽ പദവി കിട്ടിയവർക്ക് എത്തിചേരാൻ പറ്റുമോ എന്നു പോലും അറിയില്ല; ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് എന്നു പറഞ്ഞു തുടങ്ങിയെങ്കിലും അംഗത്വം കൊടുത്ത പലരും വിദേശ പൗരന്മാർ; പ്രവാസികളെ ഉദ്ധരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ലോക കേരളസഭ പാഴ് ചെലവും വെള്ളാനയും ആകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് പോല അഞ്ചു നയാ പൈസയുടെ പ്രയോജനം സംസ്ഥാനത്തിന് ഉണ്ടാക്കാതെ പോയ മാധ്യമങ്ങളിൽ ഹൈപ്പ് ഉണ്ടാക്കി പൊതു ഖജനാവ് മുടിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ അതേ നയത്തിലേക്കാണോ പിണറായി വിജയന്റെയും യാത്ര. ലോക കേരള സഭ എന്ന പേരിൽ സർക്കാർ തുടങ്ങിയ പ്രസ്ഥാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്. നിയമസഭാ മോഡലിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്നവരും വിദശത്ത് ജീവിക്കുന്നവരും വിദേശ ജോലി കഴിഞ്ഞു മടങ്ങി വന്നവരുമായ പ്രവാസികൾക്ക് വേണ്ടി ഉണ്ടാക്കിയ ലോക കേരളസഭ തുടങ്ങാൻ വെറും രണ്ട് ദിവസം ബാക്കിയായിട്ടും അംഗങ്ങളെ പോലും ഇനിയും പോലും ഇനിയും നിശ്ചയിച്ചിട്ടില്ല.

അവസാന നിമിഷം തിരക്കിട്ട് ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെങ്കിലും എന്താണ് മാനദണ്ഡം എന്നു ആർക്കും അറിയില്ല. എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുമ്പോൾ കൊണ്ടു നടക്കുന്നവരും സ്പോൺസർ ചെയ്യുന്നവരുമാണ് 90 ശതമാനം അംഗങ്ങളും എന്നാണ് സൂചന. ഇടത് പക്ഷത്തിന്റെ ലേബലിൽ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും അംഗത്വം ഉറപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒഐസിസിക്ക് 15 സീറ്റുകൾ അനുവദിക്കുന്നതുകൊണ്ട് പ്രതിപക്ഷം ഉടക്കാനുണ്ടാകില്ല എന്ന പ്രതീക്ഷയാണ് സർക്കാരിന് ഉള്ളത്. അതേ സമയം വിദേശത്ത് ജനകീയമായി പ്രവർത്തിക്കുന്ന സംഘടനകൾക്കൊന്നും പ്രാതിനിധ്യവുമില്ല. ബ്രിട്ടണിലെ എല്ലാ മലയാളി അസോസിയേഷനുകളുടെയും കൂട്ടായ്മയായ യുക്മയെ ഒഴിവാക്കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാർലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കുമെന്നാണ് പ്രഖ്യാപനം. 178 അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശംചെയ്യും. ഇപ്രകാരം നാമനിർദ്ദേശംചെയ്യുന്ന അംഗങ്ങളിൽ 42 പേർ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽനിന്നും 100 പേർ പുറംരാജ്യങ്ങളിൽനിന്നും ആറുപേർ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരിൽനിന്നും 30 പേർ വിവിധ വിഷയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങൾ വരും. സഭ കുറഞ്ഞത് രണ്ടുവർഷത്തിൽ ഒരിക്കലെങ്കിലും യോഗം ചേരും. ഇതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലോക കേരള സഭ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സർക്കാരിന് ഇതുവരെ ഊഹമില്ല. മുഖ്യമന്ത്രിയുടെ പേരിൽ എതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു ലേഖനം മാത്രമാണ് ഇതേക്കുറിച്ചു ആകെയുള്ള വിവരം. ലോക കേരള സഭ എന്ന പേരിൽ നിർദ്ദേശം മുൻപോട്ട് വച്ചയാൾ എഴുതി കൊടുത്ത ലേഖനം മാധ്യമങ്ങൾക്ക് അയച്ചു കൊടുത്തതല്ലാതെ മുഖ്യമന്ത്രിക്ക് പോലും ധാരണയില്ലെന്നാണ് സൂചന. ഇതൊരുതരം ഇൻവെസ്റ്റ്മെന്റ് മീറ്റാണ് എന്നു ചിലർ പറയുന്നെങ്കിലും അതല്ല സർക്കാരിന് ഉപദേശം നേടാനുള്ള നിയമ സഭാ മോഡലിൽ ഉള്ള പ്രവർത്തനം ആണ് ഉദ്ദേശിക്കുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു.

പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറുനാടൻ സംഘടനകളുടെ പ്രതിനിധിളെയാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ മഹാഭൂരിപക്ഷം പേരും മുതൽ മുടക്കാനുള്ള ശേഷിയുള്ളവരല്ല. വഴിയെ പോകുന്ന ആരെയൊക്കെയോ ഉൾപ്പെടുത്തി എന്നു പരാതിപ്പെട്ട് യൂസഫലിയും രവി പിള്ളയും ഉൾപ്പെടെയുള്ള വ്യവസായികൾ മാറി നിൽക്കുകയാണ്. അവസാന നിമിഷം തെരഞ്ഞെടുക്കുന്നവർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റും സാവകാശം കിട്ടാത്തതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന പലരും പങ്കെടുത്തേക്കില്ല എന്നാണ് സൂചന.

തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടൽ, താജ് വിവാന്ദ, ഹൈസിന്ദ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ എല്ലാം പ്രതിനിധികൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. അവധി ആഘോഷിക്കാൻ എത്തിയ ചിലരോടൊക്കെ ഈ ദിവസങ്ങളിൽ ഇങ്ങോട്ട് താമസം മാറ്റിക്കോളാൻ വേണ്ടപ്പെട്ടവർ പറഞ്ഞു തുടങ്ങിയത് പ്രതിനിധികളിൽ നല്ലൊരു പങ്കും എത്തിയേക്കില്ല എന്ന സൂചനയെ തുടർന്നാണ് എന്നു പറയപ്പെടുന്നു. പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം എങ്കിലും പരാജയും ആണ് എന്ന പേരുദോഷം ഒഴിവാക്കാൻ നോമിനികൾക്കും പ്രവേശനം നൽകാൻ ആണ് അന്തിമ ആലോചന. അങ്ങനെ എങ്കിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അവരുടെ പ്രതിനിധിയെ അയക്കാൻ പറ്റും. ഇക്കാര്യത്തിലും സർക്കാർ ഒരു വ്യക്തതയും പറയുന്നില്ല.

ഇന്ത്യൻ പൗരത്വം ഉള്ള പ്രവാസികൾക്ക് എന്ന പേരിൽ ആയിരുന്നു സർക്കാർ ഇതുവരെ നിർദ്ദേശങ്ങൾ നൽകിയതും ഉത്തരവ് ഇറക്കിയതും. എന്നാൽ പാർട്ടി നേതാക്കളും പാർട്ടി സംഘടനകളും നൽകിയ ശുപാർശ അനുസരിച്ച് നിയമന ഉത്തരവ് നൽകിയ പലരും വിദേശ പൗരത്വം ഉള്ളവരാണ് എന്ന് ഒടുവിൽ ആണ് സംഘാടകർ അറിയുന്നത്. അതുകൊണ്ട് ഉത്തരവിൽ മാറ്റം വരുത്തി വിദേശ പൗരത്വം ഉള്ളവരെ കൂടി ഉൾപ്പെടുത്താൻ അവസാന നിമിഷം ആലോചന സജീവമാണ്. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ മിക്ക പ്രവാസി നേതാക്കളും വിദേശ പൗരന്മാരാണ് എന്നതാണ് സർക്കാരിനെ വലക്കുന്നത്. വിദേശ പൗരത്വം ഉള്ളവരെ കേരള നിയമ സഭയോടു തുല്ല്യമായ ഒരു പദ്ധതിയുടെ ഭാഗമാകാൻ കഴിയുമോ എന്ന ആശങ്കയും വ്യക്തമാണ്.

പ്രവാസികളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനും ബോധപൂർവമായ പരിശ്രമം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. സുപ്രധാനമായ ഈ രണ്ട് ദൗത്യവും ഏറ്റെടുക്കാൻകഴിയുന്ന തരത്തിലാണ് ലോക കേരളസഭയുടെ നടപടിക്രമം വിഭാവനംചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങൾ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചയും ഉറച്ച തീരുമാനങ്ങളുമെടുക്കാൻ ലോക കേരളസഭയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. സഭയിൽ പ്‌ളീനറി സെഷനുകൾക്കുപുറമെ വിഷയമേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക യോഗങ്ങളും ഉണ്ടാകും. പ്രസ്തുത യോഗങ്ങളിൽ പുറംകേരളത്തിൽനിന്നുള്ള സഭാംഗങ്ങളോടൊപ്പം അതത് വിഷയങ്ങൾ കൈകാര്യംചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് സർക്കാർ പറയുന്നത്.

ലോക കേരള സഭക്കായി പ്രത്യേക വെബ്സൈറ്റ് രൂപം കൊടുത്തിട്ടുണ്ടെങ്കിലും പ്രതിനിധികളുടെ പേരുവിവരം ഇനിയും ചേർത്തിട്ടില്ല. ആരൊക്കെയാണ് പ്രതിനിധികൾ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക തുടുരുന്നതാണ് ഇതിന് കാരണം. നിരവധി പേർ ഇതു സംബന്ധിച്ചു സംശയങ്ങൾ ഉന്നയിച്ചു ലോക കേരള സഭ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും വിളിക്കുന്നുണ്ടെങ്കിലും ആർക്കും ഉത്തരം ഇല്ല. ലക്ഷങ്ങൾ മുടക്കി സർക്കാർ ഇതിന്റെ പരസ്യങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലത്ത് വച്ചു നടന്ന പ്രവാസി മാധ്യമ പ്രവർത്തകരുടെ മീറ്റും മറ്റൊരു പ്രശ്നമായിരുന്നു എന്ന ആരോപണമുണ്ട്. പ്രവാസി മാധ്യമ പ്രവർത്തകനരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം ഒന്നും ആർക്കും അറിയില്ലായിരുന്നു. വഴിയെ പോയവരെയൊക്കെ പിടിച്ചു പ്രതിനിധികൾ ആക്കിയാണ് ആ ചടങ്ങിൽ ലക്ഷങ്ങൾ പിടിച്ചത്.

ചുരുക്കി പറഞ്ഞാൽ സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെ മറ്റൊരു വെള്ളാനയെ കൂടി സൃഷ്ടിക്കുകയാണ് എന്ന സൂചനകൾ ആണ് പുറത്ത് വരുന്നത്. ആരോ പറഞ്ഞു കൊടുത്ത ആശയം നടപ്പിലാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മറ്റൊരു പുലിവാല് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കാലിയായ ഖജനാവിനെ രക്ഷിക്കാൻ ചുറ്റി തുടങ്ങിയ സർക്കാർ അതിന്റെ തുടക്കം എന്ന നിലയിലാണ് ഈ പദ്ധതിയെ കണ്ടത്. എന്നാൽ അഞ്ചു നയാ പൈസ പിരിച്ചെടുക്കാൻ സർക്കാരിന് കഴിയുമെന്നു പ്രവാസികൾ പോലും കരുതുന്നില്ല. എന്നാൽ ഇതിന്റെ പേരിൽ കോടികൾ ഖജനാവിൽ നിന്നും കാലിയാവുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP