Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധൂർത്തിന്റെ രണ്ടാം എപ്പിസോഡ് ജനുവരിയിൽ; പ്രളയത്തിനിടെയിലും ലോക കേരളാസഭയുടെ സമ്മേളനം ഊർജ്ജിതമാക്കാൻ സർക്കാർ ശ്രമം തുടങ്ങി; മന്ത്രിമാരും പരിവാരങ്ങളും വിദേശയാത്ര ചെയ്ത ലോകകേരള സഭ പശ്ചിമേഷ്യൻ സമ്മേളനത്തിന് പിന്നാലെ തുടർ സമ്മേളനങ്ങളും; പ്രവാസികൾക്കു നിക്ഷേപം നടത്താൻ എൻആർഐ ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്കു രൂപം നൽകുമെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി

ധൂർത്തിന്റെ രണ്ടാം എപ്പിസോഡ് ജനുവരിയിൽ; പ്രളയത്തിനിടെയിലും ലോക കേരളാസഭയുടെ സമ്മേളനം ഊർജ്ജിതമാക്കാൻ സർക്കാർ ശ്രമം തുടങ്ങി; മന്ത്രിമാരും പരിവാരങ്ങളും വിദേശയാത്ര ചെയ്ത ലോകകേരള സഭ പശ്ചിമേഷ്യൻ സമ്മേളനത്തിന് പിന്നാലെ തുടർ സമ്മേളനങ്ങളും; പ്രവാസികൾക്കു നിക്ഷേപം നടത്താൻ എൻആർഐ ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്കു രൂപം നൽകുമെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക കേരള സഭ എന്ന പ്രവാസി കൂട്ടായ്മ ആർക്ക് വേണ്ടി തുടങ്ങിയതാണെന്ന് ചോദിച്ചാൽ ആർക്കും ഒരു വ്യക്തതയുമില്ല. മന്ത്രിമാർക്ക് വിദേശയാത്ര നടത്താനും ധൂർത്തടിക്കാനും വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയുടെ രണ്ടാം എപ്പിസോഡ് ഉടൻ തുടങ്ങുകയാണ്. പ്രവാസി മലയാളികൾ അംഗമായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികൾക്ക് വേണ്ടിയാണ് ഇത്തരമൊരു കൂട്ടായ്മ എന്നാണ് അവകാശവാദം. എന്നാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഈ ലോക കേരള സഭയെ കൊണ്ട് യാതൊരു കാര്യവുമില്ലാത്ത അവസ്ഥയാണുള്ളത്. ആദ്യ സമ്മേളനത്തിനായി ഖജനാവിൽ നിന്നും പണം ധൂർത്തടിച്ചതും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

ലോക കേരള സഭയുടെ ചുവടു പിടിച്ച് പ്രവാസികൾക്കു നിക്ഷേപം നടത്താൻ എൻആർഐ ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്കു രൂപം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. പ്രവാസി നിക്ഷേപം സ്വീകരിച്ചു വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു ലക്ഷ്യം. എൻആർഐ ടൗൺഷിപ്, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികളിൽ കമ്പനിക്കു പങ്കാളിത്തം വഹിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ നോർക്ക റൂട്ട്‌സിന്റെ പുതിയ മേഖലാ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും. നിലവിലുള്ളവ വിപുലീകരിക്കും. നിസ്സാര കാര്യങ്ങൾക്കു വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിന് എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. നോർക്കയുടെ നിയമസഹായ പദ്ധതി നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഗാർഹിക ജീവനക്കാർ തുടങ്ങിയവരെ നോർക്ക മുഖേന വിദേശരാജ്യങ്ങളിൽ നിയമിക്കുന്നുണ്ട്. വീസ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ഇതു സഹായിക്കും. നെതർലൻഡ്‌സിലേക്ക് ആവശ്യമുള്ള 40,000 നഴ്‌സുമാരുടെ നിയമനം സംബന്ധിച്ചുള്ള ചർച്ചകൾക്ക് നോർക്ക റൂട്ട്‌സിനെ നിയോഗിച്ചിട്ടുണ്ട്.

എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷൻ കൊമേഴ്സ്യൽ ബിൽഡിങ്ങിലാണു നോർക്ക റൂട്ട്‌സിന്റെ പുതിയ മേഖലാ ഓഫിസ് തുറന്നത്. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മുഖേന ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ആരംഭിക്കുന്ന സംരംഭത്തിനുള്ള അനുമതി പത്രം പ്രവാസി സംരംഭകൻ തയ്യിൽ ഹബീബിനു മുഖ്യമന്ത്രി കൈമാറി. ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ചു. മുൻ എംപി പി. രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, ജിസിഡിഎ ചെയർമാൻ വി. സലീം, കെഎംആർഎൽ പ്രോജക്ട് ഡയറക്ടർ തിരുമാൻ അർജുനൻ, നോർക്ക റൂട്ട്‌സ് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

നേരത്തെ ലോകകേരള സഭ ഉപസമിതികൾ മുന്നോട്ടു വെച്ച പത്തു നിർദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം നൽകിയിരുന്നു. അതേ സമയം പുനരധിവാസം ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ വിസമ്മതിക്കുന്നു എന്ന ആരോപണം ഉയരുമ്പോൾ തന്നെയാണ് ഇത്തരമൊരു വിമർശനവും ഉയരുന്നത്. ആദ്യ ലോക കേരള സഭയുടെ ഉപസമിതികൾ നൽകിയത് 48 നിർദ്ദേശങ്ങളായിരുന്നു. ഇവ ക്രോഡീകരിച്ച് പത്തെണ്ണമാക്കിയാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്.

പ്രവാസി നിക്ഷേപ കമ്പനി രൂപീകരണം, പ്രവാസി സഹകരണ സൊസൈറ്റി രൂപീകരണം, പ്രവാസി ബാങ്ക്, പ്രവാസി നിർമ്മാണ കമ്പനി, പ്രവാസി വനിതാ സെൽ, മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, പ്രീ എംബാർക്ക്‌മെന്റ് ഓറിയന്റേഷൻ സെന്റർ, നൈപുണ്യവികസനത്തിന് ഹൈപവർ കമ്മിറ്റി രൂപീകരണം, ഇന്റർനാഷനൽ മൈഗ്രേഷൻ സെന്റർ, പ്രവാസി യുവകലോത്സവം, പ്രവാസികൾക്കായി പ്രസിദ്ധീകരണങ്ങൾ എന്നീ നിർദേശങ്ങൾക്കാണ് മുൻഗണന ലഭിച്ചിരിക്കുന്നത്.

ഇതിനിടെ പ്രളയ ദുരന്തത്തിൽനിന്ന് കരകയറാൻ സെസ് പിരിക്കുന്ന സർക്കാർ കോടികൾ മുടക്കി നിയമസഭാ മന്ദിരത്തിനു പുറകിൽ അതിഥി മന്ദിരം നിർമ്മിക്കുന്നതും ലോക കേരള സഭയുടെ പേരിലായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അതിഥികളെ സൽക്കരിക്കാനും ലോക കേരളസഭ പോലുള്ള സമ്മേളനങ്ങൾ നടക്കുമ്പോൾ പങ്കെടുക്കുന്നവരെ താമസിപ്പിക്കാനും ഉദ്ദേശിച്ചാണ് അതിഥി മന്ദിരം പണിയുന്നതെന്നു നിയമസഭാ വൃത്തങ്ങൾ അറിയിച്ചു. പത്തു വർഷം മുൻപ് ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്.

വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനാണ് പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. രണ്ടു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാലു നിലകളിലായാണു കെട്ടിടം നിർമ്മിക്കാൻ ആലോചിക്കുന്നത്. ഇതിനായി നിയമസഭാ സെക്രട്ടറിയുടെ ഓഫിസ് കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു. പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യയിൽ 16,221 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അതിഥികളെ ഇപ്പോൾ താമസിപ്പിക്കുന്നത് എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിലും സർക്കാർ അതിഥി മന്ദിരങ്ങളിലുമാണ്. പമ്പ ബ്ലോക്ക് എന്നറിയപ്പെടുന്ന കെട്ടിടം കാലപ്പഴക്കം ചെന്നതിനെത്തുടർന്ന് പൊളിച്ചു മാറ്റാൻ ആലോചിക്കുകയാണ്. നേരത്തെ ദുബായിലും ലോക കേരള സഭയുടെ പശ്ചിമേഷ്യൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP