Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്; ഓരോരുത്തരിൽനിന്നും 50 രൂപവീതം അനധികൃതമായി പിരിക്കുന്നത് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ചുമതലപ്പെടുത്തിയവർ; പരാതിപ്പെട്ടപ്പോൾ പണം തിരിച്ചു നൽകമെന്നും മേലിൽ ആവർത്തിക്കില്ലെന്നും മറുപടി; വെറും എണ്ണായിരം രൂപ മാത്രമാണ് ശമ്പളമെന്നും ഇതുകൊണ്ട് ജീവിക്കാൻ ആവില്ലെന്നും ജീവനക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ പിഴിയുന്നത് കൈയോടെ പിടികൂടി

സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്; ഓരോരുത്തരിൽനിന്നും 50 രൂപവീതം അനധികൃതമായി  പിരിക്കുന്നത് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ചുമതലപ്പെടുത്തിയവർ; പരാതിപ്പെട്ടപ്പോൾ പണം തിരിച്ചു നൽകമെന്നും മേലിൽ ആവർത്തിക്കില്ലെന്നും മറുപടി; വെറും എണ്ണായിരം രൂപ മാത്രമാണ് ശമ്പളമെന്നും ഇതുകൊണ്ട് ജീവിക്കാൻ ആവില്ലെന്നും ജീവനക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ പിഴിയുന്നത് കൈയോടെ പിടികൂടി

കെ വി നിരഞ്ജൻ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്. രജിസ്ട്രേഷൻ ഫീസെന്ന പേരിലാണ് ഓരോ രോഗിയിൽ നിന്നും അമ്പതു രൂപ വീതം ഇൻഷൂറൻസ് കൗണ്ടറിൽ ചുമതലയുള്ളവർ നിർബന്ധ പൂർവ്വം ഈടാക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സമഗ്ര ഇൻഷൂറൻ പദ്ധതിയുടെ കരാർ ലഭിച്ചത് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനിക്കാണ്. കമ്പനി ആശുപത്രിയിൽ ചുമതലപ്പെടുത്തിയവരാണ് ഈ പകൽക്കൊള്ള നടത്തുന്നത്. ഇത് കമ്പനി അധികൃതർ ഉൾപ്പെടെ അറിഞ്ഞു കൊണ്ടാണെന്നാണ് അറിയുന്നത് .

മലപ്പുറം താനൂർ സ്വദേശിയായ നിയാസിന്റെ മാതാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാണ്. ഇൻഷൂറൻസ് രജിസ്ട്രേഷനായി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഇൻഷൂറൻസ് കൗണ്ടറിലെത്തിയപ്പോൾ രജിസ്ട്രേഷൻ ഫീസായി അമ്പത് രൂപ ആവശ്യപ്പെടുകയായിരുന്നു. നാലു മാസം മുമ്പ് വന്നപ്പോൾ ഇത്തരമൊരു ഫീസ് ഇല്ലായിരുന്നല്ലോ എന്ന് നിയാസ് ചോദിച്ചപ്പോൾ ഇപ്പോൾ ഇങ്ങനെയാണ് നടപടിക്രമങ്ങൾ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. ക്യാമ്പിൽ പോയി രജിസ്റ്റർ ചെയ്തതാണെന്നും ഇനി പണം നൽകിയൊരു രജിസ്ട്രേഷൻ ആവശ്യമുണ്ടോ എന്ന് നിയാസ് ചോദിച്ചപ്പോൾ ജോലി തടസപ്പെടുത്താതെ പോവാനായിരുന്നു ജീവനക്കാരുടെ മറുപടിയെന്ന് നിയാസ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു. തുടർന്ന് നിയാസ് പണമടച്ച് സീറ്റ് കൈപ്പറ്റിയ ശേഷം ഇൻഷൂറൻസ് അധികതരുമായി ബന്ധപ്പെട്ടു. ഇത്തരത്തിൽ പണം വാങ്ങാൻ പാടില്ലെന്ന വിവരമാണ് ലഭിച്ചത്. എന്താണ് ഇക്കാര്യത്തിൽ നടപടിയെന്ന ചോദ്യത്തിന് ഇനി അവർ ആരോടും പണം വാങ്ങില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി. തങ്ങൾ ഉടൻ ആശുപത്രിയിൽ നിന്നു പോവും, ജീവനക്കാർ തുടർന്നും ഇതേ നില തുടരും. അതു കൊണ്ട് താനിക്കാര്യം സൂപ്രണ്ടിനോട് പരാതിപ്പെടുകയാണെന്ന് നിയാസ് വ്യക്താക്കി.

ഇതോടെ പരാതി പറയരുതെന്ന് ആവശ്യപ്പെട്ട് കമ്പനിയിൽ നിന്ന് നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് നിയാസ് പറയുന്നു. കോഴിക്കോട്ടെ ചുമതലയുള്ള രാജേഷ് എന്നയാൾ വിളിച്ച് പരാതിപ്പെടരുതെന്നും ജീവനക്കാർക്കെതിരെ പൊലീസ് നടപടി ഉണ്ടാവുമെന്നും വ്യക്തമാക്കി. ഇതിനിടെ രജിസ്ട്രേഷൻ ഫീസ് നിർബന്ധിച്ച് വാങ്ങിയ ജീവനക്കാർ നിയാസിനെ വിളിച്ച് ഒന്ന് നേരിൽ കാണണമെന്ന് അഭ്യർത്ഥിച്ചു. ഇതു പ്രകാരം നിയാസ് അവരെ കണ്ടു സംസാരിച്ചു. വെറും എണ്ണായിരം രൂപ മാത്രമാണ് തങ്ങളുടെ ശമ്പളമെന്നും അതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു ദൈന്യതയോടെയുള്ള അവരുടെ മറുപടി. മാത്രമല്ല കമ്പനി ഉദ്യോഗസ്ഥർ കൂടി അറിഞ്ഞു കൊണ്ടാണ് ഇത്തരത്തിൽ ഫീസ് ഈടാക്കുന്നതെന്നും അവർ വ്യക്തമാക്കി. ശമ്പളം തികയില്ലെങ്കിൽ സ്ഥാപനത്തോട് ശമ്പളം കൂട്ടി നൽകാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ജോലി മതിയാക്കി മറ്റെന്തെങ്കിലും ജോലിക്ക് പോവുകയോ ആണ് വേണ്ടതെന്ന് നിയാസ് പറഞ്ഞു. പാവപ്പെട്ട രോഗികളെ പിഴിയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാറിന്റെ അമ്പത് രൂപ തിരിച്ചു തരാം എന്നായിരുന്നു ഇതിന് ഇതിന് ജീവനക്കാരുടെ മറുപടി. എന്നാൽ അമ്പതല്ല അഞ്ഞൂറ് രൂപ തന്നാൽ പോലും തനിക്ക് വേണ്ടെന്ന് പറഞ്ഞ് താനവിടെ നിന്ന് മടങ്ങുകയായിരുന്നുവെന്ന് നിയാസ് വ്യക്തമാക്കി.

ദിവസവും ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഒരാളിൽ നിന്ന് അമ്പതു രൂപ തോതിൽ വലിയൊരു തുകയാണ് അനധികൃതമായി രജിസ്ട്രേഷൻ ഫീസെന്ന പേരിൽ നടത്തിപ്പുകാർ ഈടാക്കുന്നത്. മെഡിക്കൽ കോളേജിലെ നടത്തിപ്പ് ചുമതല റിലയൻസ് മറ്റൊരു കമ്പനിക്ക് സബ് കോൺട്രാക്റ്റ് കൊടുത്തത്താണ്. ഇവരെല്ലാം ഒത്തുകൊണ്ടാണ് ഇത്തരത്തിലൊരു തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് അറിയുന്നത്. പ്രശ്നമുണ്ടായതിന് ശേഷം കൗണ്ടറിലിപ്പോൾ പുതിയ ജീവനക്കാരാണുള്ളത്. രജിസ്ട്രേഷൻ ഫീസ് ആവശ്യമില്ലെന്ന് ഇവിടെയിപ്പോൾ എഴുതി വെച്ചിട്ടുമുണ്ട്. ഏതായാലും കൂടുതൽ പേർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ സൂപ്രണ്ടിന് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് നിയാസ്.

നിലവിലുള്ള എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും കാരുണ്യ ബെനവലന്റ് ഫണ്ടും സംയോജിപ്പിച്ചുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാനത്തെ ചുമതലയാണ് സർക്കാർ റിലയൻസിനെ ഏൽപ്പിച്ചിരിക്കുന്നത്. പ്രതിവർഷം കോടി ക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ ലഭിക്കുമെങ്കിലും നേരത്തെ വിവിധ ഇൻഷൂറൻസ് പദ്ധതികളിൽ 67 കോടിയോളം കുടിശ്ശിക വരുത്തിയ കമ്പനിയാണ് റിലയൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP