കാമുകിയെ സന്ദർശിച്ച ശേഷം ട്രെയിനിൽ ഇറങ്ങിയത് കറുകുറ്റിയിൽ; വാട്സാപ്പിൽ ലൈവായി ഞാനിവിടെ കിടന്നു മരിക്കുമെന്നു ഭീഷണി; വീഡിയോ കോളിൽ ആത്മഹത്യ മണത്ത യുവതി സംശയം അറിയിച്ചത് കോട്ടയം പൊലീസിനെ; മൊബൈലിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് എത്തിയവർ കണ്ടത് ആൾ സഞ്ചാരമില്ലാത്തിടത്ത് ചോര വാർന്ന് തളർന്ന യുവാവിനേയും; ജീവൻ രക്ഷിച്ചത് ഒന്നര കിലോമീറ്റർ ചുമന്ന് ആശുപത്രിയിൽ എത്തിച്ചും; ഇടുക്കിയിലെ വീരശൂരപരാക്രമിയായ കാമുകൻ അപകടനില തരണം ചെയ്യുമ്പോൾ
June 20, 2019 | 07:42 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
അങ്കമാലി: പ്രേമനൈരാശ്യത്താൽ പെട്രോൾ കത്തിക്കുന്നവർ. വാട്സാപ് വിഡിയോ കോളിലൂടെ കാമുകിയെ ആത്മഹത്യാ രംഗങ്ങൾ കാണിക്കുന്ന കാമുകൻ. സാക്ഷര കേരളം വഴി തെറ്റി നീങ്ങുകയാണ്. ഇപ്പോഴിതാ ഇരുപതുകാരനായ കോളജ് വിദ്യാർത്ഥിയെ കൈ ഞരമ്പുകൾ മുറിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർ അറിയിച്ചു.
എളവൂർ റെയിൽവേ മേൽപാലത്തിനും കറുകുറ്റി റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിലായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ഞാനിവിടെ കിടന്നു മരിക്കുമെന്നു പറഞ്ഞു യുവാവ് കോട്ടയം സ്വദേശിയായ കാമുകിയെ വിഡിയോ കോൾ ചെയ്തിരുന്നു. കോൾ അവസാനിപ്പിച്ച യുവതി ഉടനെ കോട്ടയം പൊലീസിൽ വിവരം നൽകി. വാട്സാപ് വിഡിയോ കോൾ ലൊക്കേഷൻ മനസ്സിലാക്കിയ അവർ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഇയാളെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു വിദ്യാർത്ഥിയായ യുവാവ് കാമുകിയെ സന്ദർശിച്ച ശേഷം ട്രെയിനിൽ കറുകുറ്റിയിൽ എത്തുകയായിരുന്നു. ഇതിനു ശേഷമായിരുന്നു പരാക്രമം.
യുവതിയെ ഫോണിൽ വിളിച്ചതിന് ശേഷം തൽസമയം ആത്മഹത്യ കാണിച്ചു കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയാണ് പെൺകുട്ടി കാര്യങ്ങൾ പൊലീസിനെ അറിയിച്ചത്. ഇത് നിർണ്ണായകമായി. 2 മണിക്കൂർ തിരച്ചിലിനു ശേഷം രാത്രി 8 മണിയോടെയാണ് അവശനിലയിൽ യുവാവിനെ കണ്ടെത്തിയത്. 2 പ്രാവശ്യം പൊലീസ് ഈ ഭാഗത്തു കൂടി കടന്നുപോയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ആൾസഞ്ചാരമില്ലാത്ത ഇവിടേക്കു കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരം ചുമന്നാണ് യുവാവിനെ പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്.
