Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മമ്മൂട്ടി ലുങ്കിയുടുത്ത് വന്നാൽ നിങ്ങൾ റസ്റ്ററണ്ടിൽ കയറ്റില്ലേ? പബ്ലിക് ഫിഗറായതുകൊണ്ട് കയറ്റുമെന്ന് മറുപടി; ലുങ്കി അഴിച്ചെടുത്ത് റിസപ്ഷനിലെ മേശപ്പുറത്ത് വച്ച് അബ്ദുൾകരീം; ബാർ ഹോട്ടലിലെ ഫാമിലി റസ്റ്ററണ്ടിൽ ലുങ്കിയുടുത്തവരെ കയറ്റില്ലെന്ന് എഴുതി സീൽ ചെയ്ത് നൽകി ഹോട്ടലുകാർ; വിലക്കിനെതിരെ കരീമിന്റെയും കൂട്ടുകാരുടെയും ലുങ്കി മാർച്ച് കോഴിക്കോട് സീക്യൂൻ ഹോട്ടലിലേക്ക്

മമ്മൂട്ടി ലുങ്കിയുടുത്ത് വന്നാൽ നിങ്ങൾ റസ്റ്ററണ്ടിൽ കയറ്റില്ലേ? പബ്ലിക് ഫിഗറായതുകൊണ്ട് കയറ്റുമെന്ന് മറുപടി; ലുങ്കി അഴിച്ചെടുത്ത് റിസപ്ഷനിലെ മേശപ്പുറത്ത് വച്ച് അബ്ദുൾകരീം; ബാർ ഹോട്ടലിലെ ഫാമിലി റസ്റ്ററണ്ടിൽ ലുങ്കിയുടുത്തവരെ കയറ്റില്ലെന്ന് എഴുതി സീൽ ചെയ്ത് നൽകി ഹോട്ടലുകാർ; വിലക്കിനെതിരെ കരീമിന്റെയും കൂട്ടുകാരുടെയും ലുങ്കി മാർച്ച് കോഴിക്കോട് സീക്യൂൻ ഹോട്ടലിലേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: ലുങ്കിയുടുത്തവർക്ക് നല്ലൊരു ഹോട്ടലിൽ കയറാൻ സ്വാതന്ത്ര്യമില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സീ ക്യൂൻ ഹോട്ടലിലുണ്ടായ സംഭവമാണ് സാംസ്കാരിക പ്രവർത്തകരെ ഇത്തരമൊരു ചോദ്യം ചോദിക്കാൻ നിർബന്ധിതരാക്കിയത്. 13 ന് രാത്രിയാണ് ചേലേമ്പ്ര സ്വദേശിയായ അബ്ദുൽകരീം ലുങ്കിയുടുത്ത് മറ്റൊരാൾക്കൊപ്പം ഹോട്ടലിലെത്തിയത്. എന്നാൽ, ലുങ്കിയുടുത്തതുകൊണ്ട് അകത്ത് കയറാൻ കഴിയില്ലെന്നും ഇത് മാനേജ്മെന്റ് തീരുമാനമാണെന്നും റിസപ്ഷനിസ്റ്റ് അറിയിക്കുകയായിരുന്നു.

ഒന്നുകിൽ ഞാൻ ഇവിടെ കയറി ഭക്ഷണം കഴിക്കും, അല്ലെങ്കിൽ ലുങ്കിയുടുത്തവർക്ക് കയറാൻ പറ്റില്ലെന്ന് നിങ്ങൾ എഴുത്തിത്തരണമെന്ന് അബ്ദുൽ കരീം ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം ഹോട്ടൽ അധികൃതർ ഒരു വെള്ളപേപ്പറിൽ എഴുതി നൽകി. ഈ എഴുത്ത് അടിസ്ഥാനമാക്കി അബ്ദുൽ കരീം കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ഹോട്ടൽ അധികൃതർക്കെതിരെ പരാതി നൽകുകയായിരുന്നു. ഹോട്ടൽ റിസപ്ഷനിസ്റ്റിനേയും മറ്റ് നാല് ഹോട്ടൽ ജീവനക്കാരെയും പ്രതികളാക്കിയാണ് പരാതി. തുടർന്ന് ഇരു വിഭാഗത്തേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെങ്കിലും പ്രശ്നം ഒത്തുതീർക്കാനായില്ല.

അബ്ദുൽ കരീം മദ്യപിച്ച് മുഷിഞ്ഞ വസ്ത്രധാരണവുമായെത്തിയതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നായിരുന്നു സീ ക്യൂൻ ഹോട്ടൽ മാനേജർ അഭിജിത് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഫാമിലി റസ്റ്റോറന്റിൽ ലുങ്കി ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് എത്രയോ മുൻപ് എടുത്ത തീരുമാനമാണെന്ന് ഇന്നലെ റസ്റ്റോറന്റ് മാനേജർ അറിയിച്ചു. താഴത്തെ നിലയിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്നും ഇത് ഹോട്ടലിലെ ചട്ടമാണെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയവർ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോ പൊലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിസപ്ഷനിലെത്തിയ അബ്ദുൽ കരീം ഉടുത്ത ലുങ്കി തുണി അഴിച്ചെടുത്ത് റിസപ്ഷനിലെ മേശപ്പുറത്ത് വെക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങളാണ് ഹോട്ടൽ അധികൃതർ പുറത്തുവിട്ടത്.

എന്നാൽ ലുങ്കിയുടുത്ത് കയറ്റില്ലെന്ന് പറഞ്ഞപ്പോൾ നടൻ മമ്മൂട്ടി ലുങ്കിയുടുത്ത് വന്നാൽ നിങ്ങൾ കയറ്റില്ലേ എന്ന് താൻ ചോദിച്ചപ്പോൾ മമ്മൂട്ടി പബ്ലിക് ഫിഗറാണെന്നായിരുന്നു മറുപടിയെന്ന് അബ്ദുൾ കരീം പറയുന്നു. എന്നാൽ താനുമൊരു പബ്ലിക് ഫിഗറാണെന്ന് അവരോട് പറഞ്ഞു. പക്ഷെ അവർ ഹോട്ടലിൽ പ്രവേശിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. തുടർന്ന് പ്രതിഷേധ സൂചകമായിട്ടാണ് ലുങ്കി അഴിച്ചെടുത്ത് മേശപ്പുറത്ത് വെച്ചത്. കയറ്റാൻ പറ്റില്ലെങ്കിൽ എഴുതിത്ത്ത്തരാൻ പറഞ്ഞപ്പോൾ അവർ എഴുതി തരുകയും ചെയ്തുവെന്ന് കരീം വ്യക്തമാക്കുന്നു.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതുകൊണ്ടാണ് റസ്റ്റോറന്റിൽ പ്രവേശിപ്പിക്കാതിരുന്നതെന്നായിരുന്നു ഹോട്ടൽ അധികൃതർ ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ ലുങ്കിയാണ് കാര്യമെന്ന് അവർ വ്യക്തമായി എഴുതി നൽകുകയും ഇന്നലെ അത് തുറന്നുപറയുകയും ചെയ്തു. ഇതിൽ നിന്ന് തന്നെ മദ്യമല്ല ലുങ്കി തന്നെയാണ് വിഷയമെന്ന് വ്യക്തമാണ്. മാത്രമല്ല ബാർ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഹോട്ടലിൽ മുകളിലെ നിലയിലെ റസ്റ്റോറന്റിലും മദ്യം വിളമ്പാറുണ്ട്.

ഈ സാഹചര്യത്തിലാണ് തർക്കത്തിലെ കക്ഷിയായ അബ്ദുൽ കരീം ചേലേമ്പ്രയും സുഹൃത്ത് വി അബ്ദുൽ മജീദും ലുങ്കി മാർച്ച് സംഘടിപ്പിച്ചത്. ആർട് ഗ്യാലറിക്ക് സമീപത്തു നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. സ്റ്റാർ ഹോട്ടലുകളിൽ കയറുന്നതിന് ലുങ്കിയൊരു തടസ്സമാണോ.. സിനിമാ താരങ്ങൾ ലുങ്കിയുടുത്ത് വന്നാൽ ഹോട്ടലുകളിൽ കയറ്റില്ലേ.. ഇത്രയ്ക്ക് ഭീകര വസ്ത്രമാണോ ലുങ്കി തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ മുഴങ്ങിക്കേട്ടത്. ലുങ്കി അധ്വാനിക്കുന്ന ജനങ്ങളുടെ അടയാളമാണ്.. ലുങ്കിയുടുക്കുന്നവരെ രണ്ടാം തരം പൗരന്മാരായി കാണരുത് തുടങ്ങിയ പ്ലകാർഡുകളുമേന്തിയായിരുന്നു മാർച്ച്. മാർച്ച് റസ്റ്റോറന്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് ലുങ്കി കോംപൗണ്ടിനു മുന്നിലെ മതിലിൽ വിരിച്ചും പ്രതിഷേധം രേഖപ്പെടുത്തി. ഗേറ്റുകൾ അടച്ചിട്ടതിനാൽ പുറത്തുനിന്നാണ് സമരം നടത്തിയത്. കൂട്ടായ്മ പ്രവർത്തകരായ വൽസരാജ്, കരീം ചേലാമ്പ്ര, നവീൻ രാജ്, ഷജിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP