ആദ്യ സന്ദർശനത്തിൽ മനം നിറഞ്ഞപ്പോൾ സമ്മാനമായി നൽകിയത് ഒരു കോടി രൂപ; ആ കരുണ ഭാഗ്യം നൽകിയപ്പോൾ വീണ്ടും നൽകി 65 ലക്ഷം; നോമ്പിന്റെ പുണ്യം കിട്ടാൻ നൽകിയത് 40 ലക്ഷം; വിശന്നു പൊരിയുന്നവരുടെ സന്തോഷം കണ്ടപ്പോൾ വീണ്ടും നൽകി ഒരു കോടി! ഇനി എല്ലാവർഷവും ഓരോ കോടി വീതം ഉറപ്പ്: 5000 രൂപ കൊടുത്താൽ 50,000 രൂപയുടെ പബ്ലിസിറ്റിയുണ്ടാക്കുന്ന പ്രാഞ്ചിയേട്ടന്മാർ യൂസഫലിയെ കണ്ടു പഠിക്കട്ടെ
March 09, 2018 | 03:42 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ചാരിറ്റി പ്രവർത്തനം പ്രാഞ്ചിയേട്ടന്മാരുടെ ഇഷ്ടവിനോദമാണ്. അതിന് പ്രധാന കാരണം ലക്ഷങ്ങൾ കൊടുത്താൽ കിട്ടാത്ത പബ്ലിസിറ്റി തന്നെ. അതുകൊണ്ട് ചില പ്രാഞ്ചിയേട്ടന്മാർ ബ്ലഡ് കൊടുക്കാൻ ആണെന്നു പറഞ്ഞു ചട്ടയിട്ടുകൊണ്ട് ഓടും. മറ്റു ചിലർ എവിടെ ദുരന്തം ഉണ്ടായാലും ലക്ഷങ്ങൾ കൊടുക്കുന്നതായി പ്രഖ്യാപിക്കും. എന്നാൽ അവർ ബ്ലഡ് ബാങ്ക് ഉണ്ടാക്കിയോ എന്നും വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ കൊടുത്തോ എന്നും ഒന്നും അന്വേഷിക്കരുത്. പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന പബ്ലിസിറ്റി കഴിഞ്ഞാൽ അവരുടെ ചുമതല നിറവേറിയല്ലോ.
എന്നാൽ, ലുലു ഉടമ എംഎ യൂസഫലി അങ്ങനെയല്ല. അദ്ദേഹം പാവങ്ങൾക്ക് പണം നൽകുന്നത് പേരെടുക്കാനും പത്രത്തിൽ മുഖം അച്ചടിച്ച് വരാനുമല്ല. അർഹതയുണ്ടെന്നു ബോധ്യം ആയാലെ കൊടുക്കും എന്നു പറയൂ. കൊടുക്കും എന്നു പറഞ്ഞാൽ കൊടുത്തിരിക്കും. പത്രങ്ങൾ അത് വാർത്തയാക്കിയാലും ഇല്ലെങ്കിലും യൂസഫലിക്ക് പ്രശ്നമില്ല. കാരണം അള്ളാഹു കനിഞ്ഞു നൽകിയ വിജയത്തിന് പകരമായി സക്കാത്ത് നിർബന്ധമാണ് എന്നു യൂസഫലി കരുതുന്നു. യൂസഫലി പാവങ്ങൾക്ക് കൊടുത്തിട്ടുള്ള കോടികളുടെ കണക്ക് ആർക്കും ഓർമിച്ചെടുക്കാൻ പറ്റില്ല. ആര് കയറി ചെന്നു സക്കാത്ത് ചോദിച്ചാലും അദ്ദേഹം കൊടുത്തിരിക്കും. അതിന്റെ കണക്ക് വയ്ക്കുന്ന ശീലവും യൂസഫലിക്കില്ല.
അപൂർവമായ ആ ദാനശീലത്തിന്റെ ഏറ്റവും വലിയ അടയാളമാണ് ഭൂമിയിലെ സ്വർഗത്തിലേയ്ക്ക് യൂസഫലി നടത്തുന്ന നിക്ഷേപം. ലോകത്തെ ഏറ്റവും വലിയ മതേതര കുടുംബം എന്നു പേരെടുത്ത പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് യൂസഫലി ഒഴുക്കുന്ന പണത്തിന്റെ കണക്കു കേട്ടാൽ ആരും അത്ഭുതപ്പെടും. ഒരു കൊല്ലം മുമ്പ് ഗാന്ധിഭവൻ സന്ദർശിക്കാൻ ഇടയായ യൂസഫലി അപ്പോൾ തന്നെ കൈമാറിയത് ഒരു കോടി രൂപ ആയിരുന്നു. എല്ലാവർഷവും 25 ലക്ഷം രൂപ വീതം അന്നദാനത്തിനായി നൽകുമെന്നും പ്രഖ്യാപിച്ചാണ് യൂസഫലി അന്ന് മടങ്ങിയത്. യൂസഫലി തിരിച്ചു ഓഫീസിൽ ചെന്നയുടൻ ഒരു കോടിയുടെ ചെക്ക് ഗാന്ധിഭവനിൽ എത്തി. മാസങ്ങൾക്ക് ശേഷം 25 ലക്ഷം കാത്തിരുന്ന ഗാന്ധിഭവൻ അധികൃതരെ ഞെട്ടിച്ചുകൊണ്ട് യൂസഫലി കൊടുത്തയച്ചത് 65 ലക്ഷം രൂപ ആയിരുന്നു. തീർന്നില്ല ഏറെ വൈകാതെ നോമ്പായപ്പോൾ ഒരു 40 ലക്ഷം കൂടി കൊടുത്തയച്ചു. വിശന്നു വലയുന്ന 1500 പേർക്ക് ദിവസവും നൽകുന്ന സദ്യ ഒരിക്കലും മുടങ്ങരുത് എന്ന ഉറച്ച തീരുമാനത്തെ തുടർന്നായിരുന്നു ഈ 40 ലക്ഷം എത്തിയത്.
ഇന്നലെ ഗാന്ധി ഭവനെ തേടി ലുലു അധികൃതർ വീണ്ടും എത്തിയപ്പോൾ ഈ കൂട്ടുകുടുംബത്തിലെ കാരണവരായ പുനലൂർ സോമരാജൻ സാറിന് വല്ലാത്ത സന്തോഷം തോന്നി. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ തുടങ്ങി വച്ചിരിക്കുമ്പോൾ 25 ലക്ഷം കൂടി എത്തുക നിസാരമല്ലല്ലോ. എന്നാൽ യൂസഫലി കൊടുത്തയച്ചത് ഒരു കോടിയുടെ ചെക്കായിരുന്നു. ഇനി എല്ലാവർഷവും 25 ലക്ഷമല്ല ഒരു കോടി ആയിരിക്കും നൽകുക എന്നും യൂസഫലി അറിയിച്ചതായി മാനേജർമാർ പറയുകയും ചെയ്തു. ഇതിൽ അധികം എന്തു വേണം ഈ കൂട്ടുകുടുംബത്തിൽ സന്തോഷം കളിയാടാൻ. സോമരാജന് മാത്രമല്ല ഗാന്ധിഭവനിലെ ഓരോ അന്തേവാസികളും ഇപ്പോൾ ആഘോഷ തിമിർപ്പിലാണ്. മഹത്തായ മനുഷ്യ സ്നേഹത്തിന്റെ അടയാളം തൊട്ടറിഞ്ഞ സന്തോഷത്തിൽ.
ലുലു ഗ്രൂപ്പിന്റെ ഡൽഹി യൂണിറ്റിലെ ലാഭവിഹിതത്തിൽ നിന്നും ഒരു വിഹിതമാണ് എം എ യൂസഫലി പത്തനാപുരത്തിലെ ഗാന്ധി ഭവന്് നൽകുന്നത്. ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്ന മികച്ച സ്ഥാപനമെന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പണം ഗാന്ധിഭവനായി നൽകുന്നതും. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അന്തേവാസികൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും യൂസഫലിയുടെ സഹായം ഏറെ ഗുണം ചെയ്യുന്നതായാണ് പുനലൂർ സോമരാജൻ പറയുന്നത്. ഗാന്ധിഭവനിലേക്ക് കൂടുതൽ അന്തേവാസികൾ എത്തുന്നതിനാൽ അടിസ്ഥാന സൗകര്യ വികസനങ്ങൽക്കും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും മറ്റുമാണ് ഇപ്പോൾ പണം വിനിയോഗിക്കുന്നത്.
2016 - ൽ ആദ്യം ഇവിടം സന്ദർശിച്ചത് മുതൽ എം.എ യൂസഫലി ഇവിടുത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. ഗാന്ധിഭവന്റെ മികച്ച രീതിയിലുള്ള നടത്തിപ്പ് തന്നെയാണ് അദ്ദേഹത്തെ ആകർഷിച്ച പ്രധാന ഘടകം. ഇതിനോടകം മൂന്നു കോടിയിലേറെ രൂപ അദ്ദേഹം പത്തനാപുരത്തെ ഈ സ്വർഗ്ഗതുല്യമായ സ്ഥാപനത്തിന് കൈമാറിയിട്ടുണ്ട്. ഇന്നലെ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് പ്രതിനിധികളായ ജോയി ഷഡാനന്ദൻ , എൻ.ബി. സ്വരാജ്, ഇ. നജിമുദ്ദീൻ എന്നിവരിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവരും ഗാന്ധിഭവനിലെ അമ്മമാരും ചേർന്ന് സാമ്പത്തിക സഹായം ഏറ്റുവാങ്ങി. ഗാന്ധിഭവനിലെ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കുവാൻ ലുലു ഗ്രൂപ്പ് നൽകിയ ബസ്സിന്റെ താക്കോൽ വിതരണവും ചടങ്ങിൽ നടന്നു.
ഒരു വർഷം മുൻപ് അവാർഡ് സ്വീകരിക്കാനായി പത്തനാപുരം ഗാന്ധി ഭവനിൽ എത്തിയപ്പോൾ അവിടുത്തെ കാഴ്ചകൾ കണ്ട് മനം തകർന്ന അദ്ദേഹം ഒരു കോടി രൂപ സംഭാവന നൽകുകയായിരുന്നു. മടങ്ങി പോയി മൂന്നാം നാൾ തന്നെ സംഭാവനനയായി വാഗ്ദാനം ചെയ്ത തുക ജീവനക്കാരൻ മുഖേന എത്തിക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടും തന്റെ സ്ഥാപനങ്ങൾ മികച്ച രീതിയിൽ മുന്നേറുമ്പോഴും സഹജീവികളെ മറക്കാൻ യൂസഫലി തയ്യാറായില്ല.
തിരുവനന്തപുരത്ത് ലുലു മാളിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം യൂസഫലി ആദ്യമായി പത്തനാപുരത്തെ ഗാന്ധി ഭവനിൽ എത്തിയത്. അശരണർക്ക് ആശ്രയമാകുന്ന സ്ഥാപനം കണ്ട വ്യവസായിക്ക് അവിടുത്തെ കാഴ്ചകൾ അന്ന് ഒരു പുതിയ അനുഭവമായിരുന്നു. മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും നല്ലനിലയിൽ മക്കൾ കഴിയുമ്പോഴും മാതാപിതാക്കളെ വേണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ വയോധികരുമൊക്കെ അദ്ദേഹത്തിന്റെ കണ്ണു നനച്ചിരുന്നു. തുടർന്നാണ് അശരണരായ നിരവധിപേർക്ക് താങ്ങാകുന്ന സ്ഥാപനത്തിന് സഹായമായി യൂസഫലി രംഗത്തെത്തിയത്.
ഇതിനിടെ ചില അനിഷ്ട സംഭവങ്ങളുണ്ടാവുകയും ചെയ്തിരുന്നു. പണപ്പിരിവ് നൽകാത്തതിന്റെ പേരിൽ ഒരു പ്രാദേശിക നേതാവ് സംഘം ചേർന്ന് ഗാന്ധി ഭവനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അങ്ങോട്ടേക്കുള്ള സൈൻബോർഡ് ഉൾ്പ്പടെ തകർക്കുകയും ഗാന്ധി ഭവനിലേക്ക് എത്തുന്നവരെ ഭയപ്പെടുത്തി ഓടിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ, ഈ വിവാദമുണ്ടായപ്പോഴും യൂസഫലി കുലുങ്ങിയില്ല. അശരണർക്ക് ആശ്രയമായ സ്ഥാപനത്തിലെ അവസ്ഥയും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വവും നേരിൽ കണ്ട യൂസഫലി തന്റെ സഹായം തുടരുകയാണ്.
പത്തനാപുരത്തെ ഗാന്ധിഭവനിൽ എത്തിയപ്പോൾ അന്തേവാസികളെ നേരിട്ട് കണ്ട് പലരോടും ഗാന്ധി ഭവനിൽ എത്തിചരാനുണ്ടായ സാഹചര്യം യൂസഫലി ചോദിച്ചറിഞ്ഞിരുന്നു. മക്കൾ ഉപേക്ഷിച്ചതിനേയും ഗാന്ധിഭവനിലെത്തുന്നതിന് മുൻപ് അനുഭവിച്ച യാതനകളെകുറിച്ച് പലരും പറഞ്ഞപ്പോൾ അവരെ തോളത്ത് തട്ടിയും ചേർത്തുപിടിച്ചുമാണ് യൂസഫലി ആശ്വസിപ്പിച്ചത്. ഇവിടുത്തെ അന്തേവാസികളെ കണ്ടപ്പോൾ മരിച്ചു പോയ തന്റെ മാതാപിതാക്കളെയാണ് ഓർത്ത് പോയതെന്നും പ്രാർത്ഥനയിൽ എല്ലാവരും അവരെ ഓർക്കണമെന്നും അദ്ദേഹം അന്തേവാസികളോട് പറഞ്ഞിരുന്നു.
യോഗം നടക്കുന്ന സമയത്ത് താൻ ഗാന്ധിഭവനു വേണ്ടി നൽകുന്ന സംഭാവനയുടെ കാര്യം ആരെയും അറിയിക്കേണ്ടെന്നാണ് ആദ്യം യൂസഫലി ആവശ്യപ്പെട്ടത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന രീതിയാണ് തനിക്ക് വിശ്വാസം എന്ന് പറഞ്ഞപ്പോൾ ഇത്തരം മഹത്തായസംഭവങ്ങൾ ഏവരുറിയേണ്ടതാണെന്ന ഗാന്ധിഭവൻ അധിതകൃതരുടെ ആവശ്യത്തെ തുടർന്നാണ് ഇത് വെളിപ്പെടുത്തിയത്. അശരണരുടെ ആശാകേന്ദ്രമായ ഗാന്ധിഭവനെ സ്വർഗമാക്കി മാറ്റാൻ തന്നെയാണ് നടത്തിപ്പുകാരായ പുനലൂർ സോമരാജന്റെയും കൂട്ടരുടെയും പ്രതീക്ഷയും.
