ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
January 17, 2018 | 10:46 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: അടിമച്ചന്തകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി നടത്തുന്ന റിക്രൂട്ട്മെന്റ് ശൈലിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. പതിനായിരക്കണക്കിന് യുവാക്കളെ പൊരിവെയിലത്തു നിർത്തി ഒറ്റനോട്ടത്തിൽ ഇഷ്ടമുള്ളവരെ സെലക്ട് ചെയ്യുന്ന ശൈലിക്കെതിരെയാണ് കഴിഞ്ഞ തവണ വിമർശനം ശക്തമായി ഉയർന്നത്. പക്ഷേ ഇത്തവണയും ഈ രീതിക്ക് മാറ്റമില്ല. ഈ മാസം 27, 28 തീയതികളിൽ ഇത്തവണയും സമാന രീതിയിൽ നാട്ടികയിൽ റിക്രൂട്ട്മെന്റ് നടത്തും.
കഴിഞ്ഞ വർഷം ജോലി അന്വേഷിച്ചെത്തിയ യുവാക്കൾ തിക്കും തിരക്കും കൂട്ടുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയ വിവാദവുമായെത്തിയത്. ഇത്തവണ ബുച്ചർ, ബേക്കർ, ഫിഷ് ക്ലീനർ, കുക്ക്, ടെയിലർ, ആർട്ടിസ്റ്റ്, ഡ്രൈവർ, ഇലക്ട്രീഷ്യൻ, പ്ലംബർ, സെക്യൂരിറ്റി തുടങ്ങി ജോലിക്കാണ് റിക്രൂട്ട്മെന്റ്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. എച്ച് ആർ നാട്ടികയിൽ നടത്തുന്ന സ്ക്രീനിങ് ഇന്റർവ്യൂവിന് പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി 35 വയസും. സെയിൽസ് മാന്മാർക്കും ഇന്റർവ്യൂ ഉണ്ട്.
സ്ക്രീനിങ് ഇൻർവ്യൂ കഴിഞ്ഞ് തെരഞ്ഞെടുക്കപ്പെടുന്നവരെ മാനിജിംഗ ഡയറക്ടറായ എംഎ യൂസഫലി നേരിട്ടു കാണും. ഇതിനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിക്കുന്നു. വിമർശനങ്ങൾ ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്നും വിമർശിക്കുന്നു. ജോലി ലഭിക്കാൻ താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്ര ധാരണത്തോടു കൂടി നാട്ടികയിലുള്ള എമ്മേ പ്രോജക്ട്സ് പരിസരത്ത് രാവിലെ എത്തണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ തന്നെയായിരുന്നു കഴിഞ്ഞ തവണയും ഇത്തരത്തിലാണ് റിക്രൂട്ട്മെന്റ് നടന്നത്. അടിമവേലക്കാലത്തെ അനുസ്മരിപ്പിക്കും വിധം തൊഴിലന്വേഷകരെ ഒരു മൈതാനത്ത് വിളിച്ചുകൂട്ടി അവരിൽ നിന്ന് വിരൽചൂണ്ടി തനിക്ക് തോന്നുന്നവരെ ജോലിക്കെടുക്കുന്ന പ്രാകൃത സമ്പ്രദായം യൂസഫലിയുടെ നാടായ നാട്ടികയിൽ അരങ്ങേറിയതായിരുന്നു സോഷ്യൽ മീഡിയിൽ വിമർശനത്തിന് ഇടയാക്കിയത്.
പ്രാചീനകാലത്തെ അടിമക്കച്ചവടത്തെ ഓർമിപ്പിക്കുന്ന തരത്തിൽ പ്രാകൃതമായാണ് യൂസഫ് അലി തന്റെ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തൊഴിലന്വേഷകരുടെ എണ്ണം, പ്രത്യേകിച്ച് വിദേശ ജോലി ആഗ്രഹിക്കുന്നവർ മലയാളികൾക്കിടയിൽ കൂടുതലാണ് എന്നത് മുതലെടുത്തുകൊണ്ടുതന്നെ ഒരു മൈതാനത്ത് ഉദ്യോഗാർത്ഥികളെ വരുത്തി അവരെ പൊരിവെയിലത്ത് മണിക്കൂറുകളോളം നിർത്തുന്നു. എന്നിട്ട് അവർക്കിടയിൽ നിന്ന് കണ്ണിൽ പിടിച്ചവരെയെല്ലാം വിരൽ ചൂണ്ടി മാറ്റി നിർത്തുന്നു. ഇതെല്ലാമാണ് വിമർശനത്തിന് ഇടയാക്കിയത്. മേസ്തിരിപ്പണിക്കാർ മുതൽ സിഎക്കാർ വരെ ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ അക്ഷമയോടെ ഈ ആൾക്കൂട്ടത്തിൽ ഇടംപിടിക്കാനെത്തുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമായിട്ടുകൂടിയാണ് ഇവിടെ നടക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്.
ഇന്റർനെറ്റും ഇമെയിലും ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ ഉള്ളപ്പോൾ അപേക്ഷ സ്വീകരിച്ച് ആൾക്കാരെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് യൂസഫലി മാറിനിൽക്കുന്നതെന്താണെന്ന ചോദ്യമാണ് പലരും ചോദിച്ചത്. ലുലു പോലെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു കമ്പനി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാതെ പഴയകാലത്തെ യജമാന തൊഴിലാളിത്വ വ്യവസ്ഥിതിയെ ഓർമിപ്പിക്കുന്ന തരത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്നത് മനുഷ്യരെ കന്നുകാലികളെ പോലെ കാണുന്ന സമീപനത്തിന് തെളിവാണെന്ന വിമർശനവും സോഷ്യൽ മീഡയിയിൽ ഉയർത്തിയിരുന്നു. അതേസമയം യൂസഫലി അനുഭവികളായ പലരും വിമർശനങ്ങളെ തള്ളിയും റിക്രൂട്ട്മെന്റ് ശൈലിയെ ശരിവച്ചും രംഗത്തുണ്ടായിരുന്നു. വിമർശിച്ചവർക്ക് യൂസഫലി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കടമെടുത്താണ് അദ്ദേഹത്തിന്റെ ആരാധകർ മറുപടി നൽകുന്നത്.
132 ലുലു ഷോറൂമുകളിലേക്കുള്ള തൊഴിലാളികളേയും നിയമിച്ചത് ഇങ്ങനെ വരി നിർത്തി തന്നെയാണെന്നും ഏതെങ്കിലും ഏജൻസിയെ ഏൽപ്പിച്ച് അവരുടെ ചൂഷണത്തിന് ഇരയക്കേണ്ടതില്ലെന്നുമാണ് തന്റെ ശൈലിയെന്ന് യുസഫലി പറയുന്ന വാക്കുകളിലൂടെയാണ് വിമർശകർക്കുള്ള മറുപടി. ഇന്ന് 37 രാജ്യങ്ങളിൽ നിന്നുള്ള 40,000 ജീവനക്കാർ ലുലുഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അതിൽ പകുതിയിലധികവും മലയാളികൾ ആകുന്നതിന്റെ കാരണവും ഈ റിക്രൂട്ട്മെന്റ് ശൈലിയാണെന്നും യൂസഫലി അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ കളിച്ചു വളർന്ന നാട്ടികയിലെ കുടുംബങ്ങളിൽ നിന്നും ഓരോ ആളെങ്കിലും ഗൾഫിൽ ഉണ്ടാകണം എന്ന നിർബന്ധം കൊണ്ടാണ് താൻ നേരിട്ട് റിക്രീട്ട്മെന്റ് നടത്തുന്നതെന്നാണ് യൂസഫലിയുടെ വാദം. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ റിക്രൂട്ട്മെന്റ് ശൈലി. എന്റെയും എന്റെ സഹപ്രവർത്തകരുടെയും ഇടയിൽ ആരും കയറി വരരുത് എന്നതു കൊണ്ടാണ് ഞാൻ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതെന്നും യൂസഫലി വ്യക്തമാക്കുന്നു.
തന്റെ ജീവനക്കാർ കുടുംബത്തിൽ മാതാപിതാക്കൾക്കും മറ്റും കാശു കൊടുക്കുന്നുണ്ട് എന്ന താൻ ഉറപ്പുവരുത്താറുണ്ടെന്നും യൂസഫലി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പണം കിട്ടേണ്ടവരാണെങ്കിൽ ആ ജീവനക്കാരനെ വിളിപ്പിക്കും പണം കൊടുക്കണമെന്ന് പറയാറുണ്ടെന്നും യൂസഫലി വ്യക്തമാക്കുന്നു. തുടർന്നും കേൾക്കാതെ പണം അയച്ചില്ലെങ്കിൽ ഞാൻ നേരിട്ട് പണം കൊടുക്കുന്നവരുമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. യൂസഫലി അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കോർത്തിണക്കി വിമർശകർക്ക് മറുപടിയായി ലുലു നാട്ടിക ഫ്രണ്ട്സ് എന്ന ഫേസ്ബുക്കു പേജിൽ വിശദീകരണം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ പോസ്റ്റ് ഇപ്രകാരം
ലുലു ഗ്രൂപ്പിന്റെ ഇന്റർവ്യൂ വിമർശകരോട് വിനയപൂർവ്വം;
ഗൾഫിൽ 360 ദിവസവും വെയിലത്തു ജോലിചെയ്യുന്ന ഒരുപാട് പേരുണ്ട്... അതിനെന്താ പരിഹാരം ഉണ്ടോ..... വിമർശിക്കാൻ ഒരുപാട് പേരുണ്ട്.. ഒരാൾക്കു ഒരുജോലി വാങ്ങിക്കൊടുക്കാൻ ആർക്കും പറ്റില്ല.... കഷ്ട്ടം. ലുലു ഗ്രൂപ് സ്ഥാപനത്തിന്റെ വളർച്ചയെ എത്രത്തോളം വളരെ കാര്യക്ഷമമായി വീക്ഷിക്കുന്നു എന്നതിൽ അതിയായ സന്തോഷം തോന്നുന്നു. 132 ലുലു ഷോറൂമുകളിലേക്കുള്ള തൊഴിലാളികളേയും നിയമിച്ചത് ഇങ്ങനെ വരി നിർത്തി തന്നെയാണ് ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തി മലയാളി സമൂഹം ചൂഷണത്തിന് വിധേയമാകാതിരിക്കാനാണ്, വളരെ കഷ്ടപ്പെട്ട് ഇത്തരത്തിലൊരു ഓപ്പൺ ഇന്റർവ്യൂ സംവിധാനം നാളുകളായി തുടങ്ങി വച്ചത്.
ഇന്ന് 37 രാജ്യങ്ങളിൽ നിന്നുള്ള 40,000 ജീവനക്കാർ ലുലുഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അതിൽ പകുതിയിലധികവും മലയാളികൾ. മലയാളികളടെ വിദേശത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവായി ലുലുഗ്രൂപ്പിനെ നിസംശയം വിശേഷിപ്പിക്കാം. ആയിരകണക്കിന് കുടുംബങ്ങൾ ലുലു ഗ്രൂപ്പിന്റെ തണലിൽ ജീവിതലക്ഷ്യം കണ്ടെത്തുന്നു. നമ്മുടെ സ്ഥാപങ്ങൾ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവാനുഗ്രഹിക്കട്ടെ എന്നു നമുക്ക് അത്മാര്തമായി പ്രാർത്ഥിക്കാം നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപെടുത്തുക.നന്ദി.
