Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈക്രോ ഫിനാൻസ് കേസ് ചൂടു പിടിച്ചപ്പോൾ മകന് വേണ്ടി ചവിട്ടി പുറത്താക്കിയ എംബി ശ്രീകുമാറിനെ തിരിച്ചെടുത്ത് വെള്ളാപ്പള്ളി; പദവികൾ ബാക്കി ഇല്ലാത്തതിനാൽ അടിമാലി യൂണിയൻ വിഭജിച്ച് രാജക്കാട് യൂണിയൻ ഉണ്ടാക്കി ചെയർമാനായി നിയമിച്ചു; ശക്തന്റെ മടക്കം മൈക്രോ ഫിനാൻസ് കുരുക്കഴിക്കാൻ വെള്ളാപ്പള്ളിക്ക് തുണയാകും

മൈക്രോ ഫിനാൻസ് കേസ് ചൂടു പിടിച്ചപ്പോൾ മകന് വേണ്ടി ചവിട്ടി പുറത്താക്കിയ എംബി ശ്രീകുമാറിനെ തിരിച്ചെടുത്ത് വെള്ളാപ്പള്ളി; പദവികൾ ബാക്കി ഇല്ലാത്തതിനാൽ അടിമാലി യൂണിയൻ വിഭജിച്ച് രാജക്കാട് യൂണിയൻ ഉണ്ടാക്കി ചെയർമാനായി നിയമിച്ചു; ശക്തന്റെ മടക്കം മൈക്രോ ഫിനാൻസ് കുരുക്കഴിക്കാൻ വെള്ളാപ്പള്ളിക്ക് തുണയാകും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വിരട്ടലിന് മുന്നിൽ വെള്ളാപ്പള്ളി നടേശൻ വഴങ്ങിയപ്പോൾ എസ്എൻഡിപി യോഗം മുൻവൈസ് പ്രസിഡന്റും ദേവസ്വം സെക്രട്ടറിയും തിരുവിതാംകൂർ-ഗുരുവായൂർ ദേവസ്വംബോർഡ് അംഗവുമൊക്കെയായിരുന്ന എം.ബി. ശ്രീകുമാർ പഴയ പ്രതാപത്തോടെ സമുദായ സംഘടനയിൽ തിരിച്ചെത്തി.

മകൻ തുഷാർ വെള്ളാപ്പള്ളിയെ എസ് എൻ ഡി പി നേതൃത്വത്തിൽ രണ്ടാമനാക്കാനാണ് എംബി ശ്രീകുമാറിനെ വെള്ളാപ്പള്ളി നേരത്തെ തഴഞ്ഞത്. ഇതോടെ വെള്ളാപ്പള്ളി വിരുദ്ധ പക്ഷത്തായി ശ്രീകുമാർ. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെള്ളാപ്പള്ളിക്കെതിരെ സജീവമാക്കിയതും തുഷാറായിരുന്നു. ഈ വിവാദം മൂത്തതോടെ ശ്രീകുമാറുമായി വെള്ളാപ്പള്ളി ഒത്തുതീർപ്പിന് തയ്യാറായി. അങ്ങനെ വെള്ളാപ്പള്ളി നടേശനുമായി രമ്യതയിലെത്തിയ ശ്രീകുമാർ പുതുതായി രൂപീകൃതമായ രാജാക്കാട് എസ്എൻഡിപി യൂണിയൻ ചെയർമാനായി ചുമതലയേറ്റു.

പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറുമായുള്ള ഭിന്നത കൂടി മറന്നതോടെയാണ് ശ്രീകുമാർ തിരിച്ചു വന്നിരിക്കുന്നത്. ശ്രീകുമാറിന് സ്ഥാനം നൽകുന്നതിന് വേണ്ടി നിലവിലുണ്ടായിരുന്ന അടിമാലി യൂണിയൻ വിഭജിച്ചാണ് രാജാക്കാട് പ്രത്യേക യൂണിയൻ രൂപീകരിച്ചത്. 21 ശാഖകളാണ് ഇതിലുള്ളത്. ഏറെ നാളുകളായി എസ്എൻഡിപിയിലേക്ക് തിരികെയെത്താൻ ശ്രീകുമാർ ശ്രമിച്ചുവരികയായിരുന്നു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് പത്മകുമാറുമായി അത്ര രസത്തിൽ അല്ലാതിരുന്നത് തടസമായി.

ഓരോ തവണ വെള്ളാപ്പള്ളിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തന്റെ വഴിക്കാകുമ്പോൾ പത്മകുമാർ ഇടപെട്ട് തുരങ്കം വയ്ക്കുകയായിരുന്നു പതിവ്. ഇതോടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം ശ്രീകുമാർ തന്ത്രങ്ങൾ മെനഞ്ഞു. ബിഡിജെഎസ് പ്രഖ്യാപനത്തിന് മുന്നോടിയായി കാസർകോഡ് നിന്നും വെള്ളാപ്പള്ളി യാത്ര തുടങ്ങിയ ദിവസം തന്നെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മൈക്രോഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് ആദ്യകേസ് രജിസ്റ്റർ ചെയ്തു. ചാനലുകളും മാദ്ധ്യമങ്ങളും ഈ വാർത്ത ആഘോഷിച്ചു.

എം.ബി ശ്രീകുമാറിന്റെ ബിനാമിയായിരുന്നു പരാതിക്കാരൻ. ഇതോടെ വെള്ളാപ്പള്ളി വെട്ടിലായി. ശ്രീകുമാറുമായുള്ള പ്രശ്‌നങ്ങൾ തീർക്കേണ്ടത് ആവശ്യമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പത്മകുമാർ ഏറ്റവുമധികം ഭയപ്പെട്ടതും ശ്രീകുമാറിനെയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പരിഹരിച്ചു. പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രീകുമാർ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. തിരിച്ചെത്തുന്ന ശ്രീകുമാറിന് എന്തു സ്ഥാനം കൊടുക്കും എന്നുള്ളതായിരുന്നു പിന്നിടുള്ള കീറാമുട്ടി. പത്തനംതിട്ടയിൽ പുനഃസ്ഥാപിച്ചാൽ അത് വീണ്ടുമൊരു പ്രശ്‌നത്തിന് വഴിവയ്ക്കും എന്ന് മനസിലാക്കിയാണ് അടിമാലി യൂണിയൻ വിഭജിച്ചത്.

ശ്രീകുമാർ ഇപ്പോൾ രാജാക്കാട് വീട് വച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള ശാശ്വതീകാനന്ദ സ്വാമി മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജും ശ്രീകുമാറിന് സ്വന്തമാണ്. അതു കൊണ്ടു തന്നെയാണ് അവിടെ ഒരു യൂണിയൻ രൂപീകരിച്ചതും. വെള്ളാപ്പള്ളി കുടുംബവാഴ്ചയ്ക്ക് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എം.ബി. ശ്രീകുമാർ എസ്എൻഡിപിയിൽ നിന്നു കൊണ്ടു തന്നെ ഗോകുലം ഗോപാലനുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിച്ചത്. മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗറും ഇവർക്കൊപ്പമുണ്ടായിരുന്നു.

തുടക്കത്തിൽ ശക്തമായിരുന്ന ധർമവേദിയിൽ നിന്ന് പിന്നീട് ശ്രീകുമാറും വിദ്യാസാഗറും പിന്നാക്കം പോയി. വെള്ളാപ്പള്ളിയും ശ്രീകുമാറും തമ്മിൽ അകന്നപ്പോൾ ഏറ്റവും ഗുണമുണ്ടായത് പത്തനംതിട്ട യൂണിയൻ പ്രസിഡന്റായ കെ. പത്മകുമാറിനാണ്. എസ്.എൻ.ഡി.പിയുടെ ലേബലിൽ പൊതുമേഖലാ സ്ഥാപനമായ കെപ്‌കോയുടെ ചെയർമാൻ സ്ഥാനത്ത് പത്മകുമാർ എത്തുകയും ചെയ്തു. പത്തനംതിട്ട യൂണിയനിലെ തെങ്ങുക്കാവ് ശാഖാംഗമാണ് എം.ബി. ശ്രീകുമാർ.

തുഷാർ വെള്ളാപ്പള്ളിയുടെ ശ്രദ്ധ ബിഡിജെഎസിലേക്ക് മാറുമ്പോഴാണ് ശ്രീകുമാർ മടങ്ങിയെത്തുന്നത്. എസ് എൻ ഡി പിയുടെ തലപ്പത്ത് രാഷ്ട്രീയക്കാരനായ തുഷാറിന് തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയും ശ്രീകുമാറും വീണ്ടും അടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. മൈക്രോ ഫിനാൻസ് കേസിൽ നിന്ന് രക്ഷനേടാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുക്കാനും വെള്ളാപ്പള്ളി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി ചർച്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എംബി ശ്രീകുമാറുമായി വെള്ളാപ്പള്ളി അടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മൈക്രോ ഫിനാൻസിലെ പരാതിക്കാരെല്ലാം എംബി ശ്രീകുമാറിന്റെ അനുയായികളെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ഈ പുതിയ കൂട്ടുകെട്ടിന് രാഷ്ട്രീയ പ്രാധാന്യം ഏറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP