Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഐ(എം) സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകാനും റിപ്പോർട്ടർ ചാനലിനെ ലാഭത്തിലാക്കാനും ഉറച്ച് നികേഷ് കുമാർ; കെടിഡിസി ചെയർമാൻ സ്ഥാനം വിജയകുമാറിന് നൽകിയത് നികേഷ് വേണ്ടെന്ന് പറഞ്ഞതു കൊണ്ട്; പദവിക്കായി ഇടിക്കുന്നവരിൽ പി കെ ശ്രീമതിയുടെ മകൻ അടക്കം നിരവധി പ്രമുഖർ

സിപിഐ(എം) സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകാനും റിപ്പോർട്ടർ ചാനലിനെ ലാഭത്തിലാക്കാനും ഉറച്ച് നികേഷ് കുമാർ; കെടിഡിസി ചെയർമാൻ സ്ഥാനം വിജയകുമാറിന് നൽകിയത് നികേഷ് വേണ്ടെന്ന് പറഞ്ഞതു കൊണ്ട്; പദവിക്കായി ഇടിക്കുന്നവരിൽ പി കെ ശ്രീമതിയുടെ മകൻ അടക്കം നിരവധി പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ നടത്തിപ്പിനൊപ്പം സിപിഐ(എം) സംസ്‌ക്കാരിക രംഗത്തും സജീവമാകാൻ ഉറപ്പിച്ച് അഴീക്കോട് മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട എം വി നികേഷ് കുമാർ. കെ എം ഷാജിയോട് തോറ്റെങ്കിലും സിപിഎമ്മിനൊപ്പം സജീവമായി നിലകൊള്ളാൻ തന്നെയാണ് നികേഷിന്റെ തീരുമാനം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പാർട്ടി നൽകാൻ സന്നദ്ധമായ സ്ഥാനമാനങ്ങൾ വേണ്ടെന്നു വച്ചതും. തനിക്കു പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാനാണു താൽപര്യമെന്നും നികേഷ് സിപിഐ(എം) കണ്ണൂർ ജില്ലാനേതൃത്വത്തെ അറിയിച്ചു.

എന്നാൽ, പാർട്ടിക്കെതിരെ നിന്ന എം വി രാഘവന്റെ മകനെ ജില്ലയിലെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആർക്കും താൽപ്പര്യമില്ല. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാത്രമാണ് നികേഷിന്റെ കാര്യത്തിൽ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. പാർട്ടിയിൽ അംഗത്വവും നികേഷ് കുമാറിനില്ല. ഇങ്ങനെയൊരാളെ എങ്ങനെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്നതാണ് ചോദ്യം.

നിലവിൽ മുന്മന്ത്രി എം വിജയകുമാറിനു നൽകിയ കെടിഡിസി അധ്യക്ഷ സ്ഥാനത്തേക്കു നികേഷിനെയാണു സിപിഐ(എം) നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാൽ, ഏറെ വിജയപ്രതീക്ഷയിലായിരുന്നു സി.എം. പി. അരവിന്ദാക്ഷൻ വിഭാഗക്കാരായിരുന്ന എം. വി. നികേഷ് കുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. സി.എം. പി. സ്ഥാനാർത്ഥി എന്ന പരിവേഷം കളഞ്ഞ് സിപിഐ.(എം) ചിഹ്നം സ്വീകരിച്ചാണ് മത്സരിച്ചത്. പാർട്ടി സ്ഥാനാർത്ഥിയായി മത്‌സരിച്ചാൽ അനുഭാവികളുടെ വോട്ട് കൂടുതലായി നേടി വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ് നികേഷിനെ രംഗത്തിറക്കിയത്. മുസ്ലിം ലീഗിലെ കെ.എം. ഷാജിയായിരുന്നു യു.ഡി.എഫിലെ സ്ഥാനാർത്ഥി. 2011 ൽ കേവലം 493 വോട്ടുകൾക്ക് മാത്രം ജയിച്ചിരുന്ന ഷാജിയെ ഏറെ വെള്ളം കുടിപ്പിച്ച മത്സരമായിരുന്നു അഴീക്കോട് നടന്നത്. എന്നാൽ നികേഷ് കുമാർ പരാജയപ്പെടുകയും ഷാജി 2257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാമതും മണ്ഡലം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

അഴീക്കോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും നികേഷ് കുമാർ മാദ്ധ്യമ പ്രവർത്തനരംഗത്തേക്ക് തിരിച്ചു പോകാൻ തയ്യാറായില്ല. സജീവ രാഷ്ട്രീയത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് നികേഷ്. സിപിഐ(എം.)യിലൂടെ രാഷ്ട്രീയഭാവി കരുപ്പിടിപ്പിക്കാനുള്ള ശ്രമവുമായി അദ്ദേഹം മുന്നോട്ടുപോവുകയാണ്. എം. വി. രാഘവൻ സ്ഥാപിച്ച പാപ്പിനിശ്ശേരി വിഷചികിത്സാ സംഘത്തിന്റെ ഡയറക്ടറാണ് എന്ന പേരിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ പേരിൽ ആയുർവേദ കോളേജ്, സ്‌നേക്ക് പാർക്ക് എന്നിവയും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിൽ നികേഷ് കുമാറും അമ്മയും സഹോദരിയും അനുജനും ഒരു പക്ഷത്തും എം വി ഗിരീഷ് കുമാർ മറുപക്ഷത്തുമായും കേസ് നടക്കുന്നുണ്ട്. സൊസൈറ്റിയുടെ അധികാരത്തർക്കത്തിന്റെ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

മാദ്ധ്യമ പ്രവർത്തനത്തിന് ഇനിയില്ലെന്നും ചാനലിന്റെ നടത്തിപ്പിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് മറുനാടൻ മലയാളിയോട് നികേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. റിപ്പോർട്ടർ ടിവിയുടെ തലവൻ നികേഷും അവിടെ തന്നെ മാദ്ധ്യമ പ്രവർത്തകയായ വീണാ ജോർജുമാണ് ഇടതുമുന്നണിക്കായി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. ഇതിൽ ആറന്മുളയിൽ വീണാ ജോർജ് വിജയിച്ചു. നികേഷ് ആഴിക്കോട് പൊരുതി തോൽക്കുകയായിരുന്നു. തോറ്റതോടെ വാർത്താ അവതരാകനായി നികേഷ് വീണ്ടുമെത്തുമോ എന്ന സംശയം ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇനി മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിനില്ലെന്ന് നികേഷ് വ്യക്തമാക്കിയത്. റിപ്പോർട്ടർ ചാനലിന്റെ ചാലക ശക്തിയാണ് നികേഷ്. ഡയറക്ടർ എന്ന നിലയിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അതെല്ലാം നിർവ്വഹിച്ച് ചാനലിന്റെ ഉയർച്ച ഉറപ്പുവരുത്തുമെന്നാണ് നികേഷ് നൽകുന്ന സൂചന.

അടുത്തിടെ ചാനലിലെ ശമ്പളകുടിശ്ശികയെല്ലാം നികേഷ് തീർത്തു നൽകിയിരുന്നു. സിപിഎമ്മിന്റെ സാംസ്കാരിക വേദികളെ സാന്നിധ്യമായി നിലകൊണ്ടാൽ ചാനൽ ലാഭകരമാക്കി മുന്നോട്ടു കൊണ്ടുപോകാമെന്നാണ നികേഷ് കരുതുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കെടിഡിസി ചെയർമാൻ സ്ഥാനം വേണ്ടെന്ന നിലപാട് നികേഷ് സ്വീകരിച്ചത്.

മുന്മന്ത്രി എം വി രാഘവന്റെ മകനായ നികേഷ്, സർക്കാർപദവികൾ നിഷേധിച്ച് മാന്യത കാട്ടിയപ്പോഴും മറ്റ് സിപിഐ(എം) നേതാക്കളുടെ മക്കൾ സ്ഥാനമോഹികളായി രംഗത്തെത്തിയിട്ടുണ്ട്. ബോർഡ്, കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങൾക്കായുള്ള മത്സരത്തിൽ പികെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാറുമുണ്ട്. വ്യവസായവകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഇ. ചെയർമാൻ കസേരയിലാണു സുധീറിന്റെ നോട്ടം. അടുത്തിടെ ചില സാമ്പത്തിക തട്ടിപ്പ് ആരോപണം സുധീറിനെതിരെ ഉയർന്നിരുന്നു.

സംസ്ഥാനത്തു ബോർഡ്, കോർപറേഷൻ പുനഃസംഘടനയ്ക്കു തുടക്കമിട്ടതോടെ സ്ഥാനമോഹികളുടെ തള്ളിക്കയറ്റമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരും സീറ്റ് കിട്ടാത്തവരുമായ നിരവധി നേതാക്കളെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ് ഇടതുമുന്നണി. മന്ത്രിമാരുടെയും ഉന്നതനേതാക്കളുടെയും ബന്ധുക്കൾ വിവിധ കസേരകൾ ലക്ഷ്യമിട്ടു രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP