Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമത്തിലെ കോടികളുടെ അഴിമതി റിപ്പോർട്ട് പുറത്തുവിട്ട ഖാലിദ് മൂസ നദ്വിയുടെ ജോലിതെറിപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ നീക്കം; ജോലിക്ക് വരേണ്ടെന്നും അദ്ധ്യാപകന്റെ ശമ്പളം വാങ്ങിക്കോളോനും നിർദ്ദേശം; ചെയ്യാത്ത ജോലിക്ക് ശമ്പളം വാങ്ങില്ലെന്നും ജോലി തിരിച്ചുവേണമെന്നും നദ്വി; ശൂറാ കൗൺസിൽ അംഗത്തെ സംഘടനയിൽനിന്നും പുറത്താക്കിയതിന് പിന്നാലെ ജോലി ചെയ്യാനും അനുവദിക്കാതെ ജമാഅത്തെ ഇസ്ലാമി;, സംഘടനയിൽ പൊട്ടിത്തെറിക്ക് സാധ്യത

മാധ്യമത്തിലെ കോടികളുടെ അഴിമതി റിപ്പോർട്ട് പുറത്തുവിട്ട ഖാലിദ് മൂസ നദ്വിയുടെ ജോലിതെറിപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ നീക്കം; ജോലിക്ക് വരേണ്ടെന്നും അദ്ധ്യാപകന്റെ ശമ്പളം വാങ്ങിക്കോളോനും നിർദ്ദേശം; ചെയ്യാത്ത ജോലിക്ക്  ശമ്പളം വാങ്ങില്ലെന്നും ജോലി തിരിച്ചുവേണമെന്നും നദ്വി; ശൂറാ കൗൺസിൽ അംഗത്തെ സംഘടനയിൽനിന്നും പുറത്താക്കിയതിന് പിന്നാലെ ജോലി ചെയ്യാനും അനുവദിക്കാതെ ജമാഅത്തെ ഇസ്ലാമി;, സംഘടനയിൽ പൊട്ടിത്തെറിക്ക് സാധ്യത

ജംഷാദ് മലപ്പുറം

കോഴിക്കോട്: മാധ്യമം ദിനപ്പത്രത്തിലെ കോടികളുടെ അഴിമതിയുടെ വിവരമടങ്ങിയ വസ്തുതാന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന കുറ്റത്തിന് ശൂറാ കൗൺസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ, ഖാലിദ് മൂസ നദ്വിയുടെ ജോലി തെറിപ്പിക്കാനും ജമാഅത്തെ ഇസ്ലാമിയുടെ നീക്കം. ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള കുറ്റ്യാടി ഇസ്ലാമിയ കോളജിലെ അദ്ധ്യാപക ജോലിയിൽ നിന്നാണ് ഇയാളെ ഒഴിവാക്കുന്നത്. കോളജിന്റെ നിയന്ത്രണമുള്ള കുറ്റ്യാടി റിലീജിയസ് എജ്യുക്കേഷനൽ ട്രസ്റ്റിന്റെതാണ് നടപടി. ജോലിക്ക് വരേണ്ടെന്നും എന്നാൽ ശമ്പളം വാങ്ങിക്കോളാനുമാണ് നിർദ്ദേശം.

അതേ സമയം നദ്വിക്കെതിരെയുള്ള നടപടി ജമാഅത്തെ ഇസ്ലാമിക്കകത്ത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ അമീർ വി.പി. മുഹമ്മദലിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത കോളജിൽ 20 വർഷത്തോളമായി അദ്ധ്യാപകനാണ് ഖാലിദ് മൂസ നദ്വി. ജമാഅത്ത് നേതൃത്വത്തിന്റെ വഴിവിട്ട നീക്കത്തെ എതിർക്കുകയും മാധ്യമം നടത്തിപ്പിലെ അഴിമതിയടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ചോർത്തുകയും ചെയ്തതിനാണ് ഇദ്ദേഹത്തെ ജമാഅത്തെ ഇസ്ലാമിയുടെ കൂടിയാലോചനാ സഭയായ ശൂറയിൽ നിന്ന് കഴിഞ്ഞ മാസം നീക്കിയത്. ഇതുപിന്നാലെയാണ് ജോലിയിൽനിന്ന് മാറ്റാനുള്ള നീക്കം.

ഇതിനിടെ കെ.മൊയ്തു മൗലവിയടക്കമുള്ളവർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇസ്ലാമിയ കോളജിൽ ജോലിയിൽ ചേർന്നതെന്ന് നദ്വി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. എയ്ഡഡ് സ്‌കൂൾ ജോലിയും പിന്നീട് പി എസ് സി വഴി ലഭിച്ച ജോലിയും വേണ്ടെന്ന് വച്ചാണ് താൻ ഇവിടെ തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. 20വർഷമായി താൻ ഇവിടെ ജോലിചെയ്തുവരികയാണ്. ഇതുവരെ ശമ്പളം സംബന്ധിച്ചു താൻ മാനേജുമെന്റുമായി യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അവർ തരുന്ന ശമ്പളം വാങ്ങുക മാത്രമാണ് ചെയ്തത്. തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് മാത്രമാണ് താൻ മുമ്പു പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പറയുന്നത് ജോലിക്ക് വരേണ്ട ശമ്പളം വാങ്ങിക്കോളൂവെന്നാണ്. ഇത് തനിക്ക് അംഗീകരിക്കാൻ കഴിയില്ല,

ജോലിചെയ്യാതെ ശമ്പളം വാങ്ങാൻ എന്റെ ദീന് എന്നെ അനുവദിക്കില്ല. ഇതിന് പുറമെ അനാവശ്യമായി സമ്പത്ത് ചെലവഴിക്കുന്നതിനും താൻ എതിരാണ്. താൻ ജോലിചെയ്യാതിരുന്നാൽ തന്റെ ജോലിക്കുപകരം മറ്റൊരാളെ അവിടെ നിയമിക്കേണ്ടതായി വരും. ഇതോടെ രണ്ടുപേർക്കും ശമ്പളം നൽകേണ്ട അവസ്ഥയുണ്ടാകും. മാത്രമല്ല സാലറിക്കുവേണ്ടി ജോലിചെയ്യാൻ വന്നതല്ല ഞാൻ. നിങ്ങൾ ജോലി ചെയ്‌തോളൂ ശമ്പളം ഇപ്പോൾ തരാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറയുകയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. നിലവിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ പറയുന്നത് തന്റെ ധാർമികതയെ പരിഹസിക്കലാണ്. ഈ നിലപാട് സ്വീകാര്യമല്ലെന്നും ഖാലിദ് മൂസയുടെ പുറത്തായ ശബ്ദ സന്ദേശത്തിൽ പറയുന്നു.

എന്നാൽ പുറത്താക്കൽ ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിലെ വിഭാഗീയതയും അഴിമതിയും പുറത്തുവരുന്നതിന്റെ സൂചനയാണെന്നും പറയുന്നു. ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടക്കുന്നതായ ആക്ഷേപം ശുറയിൽ ഉയർന്നിരുന്നു. ജമാഅത്ത് നേതാക്കളുടെ ബന്ധുക്കളായ ചിലർ മാധ്യമം, മീഡിയാവൺ തലപ്പത്തുണ്ട്. ഇവരുടെ അഴിമതിയും ധൂർത്തുമെല്ലാമായിരുന്നു ആക്ഷേപമായുയർന്നത്. അതേസമയം മാധ്യമത്തിലടക്കം ജീവനക്കാരുടെ ശമ്പളം വൈകുന്നതും മുടങ്ങുന്നതും ആവർത്തിച്ചു. ഇതിന് കൂട്ടു നിൽക്കുന്ന നേതൃത്വത്തിന്റെ നിസംഗത വിമർശിക്കപ്പെട്ടതോടെ കൂട്ടിൽ മുഹമ്മദാലി, പി മുഹമ്മദ് എന്നിവരടങ്ങിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ഇവർ അന്വേഷണ റിപ്പോർട്ട് ശുറയ്ക്ക് കൈമാറി. റിപ്പോർട്ട് പൂഴ്‌ത്തി കുറ്റക്കാരെ സംരക്ഷിക്കാനായിരുന്നു ഉന്നതതലനീക്കമെന്നാണ് ആരോപണമുയർന്നപ്പോഴാണ് നദ്വി ഇത്ു പുറത്തുവിട്ടതെന്നും പറയുന്നുണ്ട്. ഇതിനിടെ അന്വഷണ റിപ്പോർട് ജമാഅത്ത് അനുകൂല സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അതോടൊപ്പം യുവജനവിഭാഗമായ സോളിഡാരിറ്റിയിലും വിഷയം ചർച്ചയായി. ജമാഅത്ത് നേതൃത്വത്തിലെ പ്രമുഖർ പ്രതിക്കൂട്ടിലായ അവസ്ഥയിലാണ്.

മാധ്യമം- മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്നാണ് നദ്വിയുടെ നിലപാട്. ഇത് സംബന്ധിച്ച് വിവാദം കനക്കവെ ജമാഅത്ത് ജന. സെക്രട്ടറി എം കെ മുഹമ്മദലി പ്രവർത്തർക്കു നൽകിയ കത്തും പുറത്തായിയിരുന്നു. കത്ത് ഇങ്ങനെയാണ്.

'ഖാലിദ് മൂസാ സാഹിബിനെ ഹൽഖാ അമീർ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തിൽനിന്നും സസ്പന്റ് ചെയ്തിരിക്കുന്നുവെന്ന് പറയുന്നഎം കെ മുഹമ്മദലിയുടെ കത്തിൽ ഇതിനുള്ള കാരണങ്ങളും വിശദമായി പറഞ്ഞിരുന്നു. മാധ്യമം ദിനപത്രത്തിലെ യൂനിയനുകൾ ശൂറക്ക് നൽകിയ കത്തിൽ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശൂറ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.പ്രസ്തുത സമിതി പരാതിയിൽ പരാമർശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദർശിച്ച്, നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിങ്ങുകളിലൂടെ ഒരു റിപ്പോർട്ട് 9-5 -19ന് ശൂറക്ക് സമർപ്പിച്ചു.

മീഖാത്ത് അവസാനിക്കാനായിരിക്കെ കഴിവതും നേരത്തേ റിപ്പോർട്ട് സമർപ്പിക്കണമെന്ന സമ്മർദ്ദം-ശൂറയുടെയും,ഹൽഖാകേന്ദ്രത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായതിനാൽ പരാതിയിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടേയും സർവ്വവശങ്ങളും സൂക്ഷമമായി പഠിച്ച് ഒരു അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല.(ഇക്കാര്യം പ്രസ്തുത റിപ്പോർട്ടിൽ അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്).ഈ സാഹചര്യത്തിൽ ശൂറാ റിപ്പോർട്ടിലെ കണ്ടെത്തുലുകളുടേയും നിഗമനങ്ങളുടേയും ആധാകാരികത ഉറപ്പ് വരുത്താനും തുടർ നടപടികൾ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് 22/5/19ന് വീണ്ടും ചേരാമെന്ന തീരുമാനത്തിൽ പിരിഞ്ഞത്.(മുഴു നീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയിൽ ഉണ്ടായിരുന്നു). സൂക്ഷമമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേൾവികൾ വരെ ഉൾകൊള്ളുന്നതുമായ ഈ റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത്‌പോകാൻ ഇടയാവരുതെന്നും സൂക്ഷമതക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീർ പ്രത്യേകം ഉണർത്തിയിരുന്നു.എന്നാൽഖാലിദ് സാഹിബ് ഈ റിപ്പോർട്ട് ശൂറക്ക് പുറത്തുള്ള പലർക്കും കൈമാറി.

ഇതിലൂടെ അമീറിന്റെ കൽപന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവർത്തക സമ്മർദ്ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തിൽ ശൂറ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കിൽപിന്നെ ഈ റമദാനിൽ തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ...?.'-ഇത്രയും വിശദമായി പറയാൻകാരണം പ്രസ്ഥാനത്തിനും മാധ്യമത്തിനും ഒരു ഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങൾ വരുത്തുന്നതുമായ ചർച്ചകളാണ് ഈ റിപ്പോർട്ട് ചോർത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മൾ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണർത്തുന്നു എന്നാണ് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി കത്തിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP