Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാതരോഗത്തിന് പുറകേ അണലികടി കൂടി ഏറ്റ് വശംകെട്ടപ്പോൾ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നേരിടാൻ സഹായം തേടിയപ്പോൾ ഡിസിസി സെക്രട്ടറി നൽകിയത് അസഭ്യവർഷം; സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വാചാലനാവുന്ന ടി.എൻ.പ്രതാപൻ സ്വീകരിച്ചത് വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനം; തൃശൂരിലും ചാലക്കുടിയിലും ആലത്തൂരിലും കോൺഗ്രസിന് തലവേദനയായി മഹിളാ കോൺഗ്രസ് നേതാവിന്റെ സമരം

വാതരോഗത്തിന് പുറകേ അണലികടി കൂടി ഏറ്റ് വശംകെട്ടപ്പോൾ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നേരിടാൻ സഹായം തേടിയപ്പോൾ ഡിസിസി സെക്രട്ടറി നൽകിയത് അസഭ്യവർഷം; സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വാചാലനാവുന്ന ടി.എൻ.പ്രതാപൻ സ്വീകരിച്ചത് വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനം; തൃശൂരിലും ചാലക്കുടിയിലും ആലത്തൂരിലും കോൺഗ്രസിന് തലവേദനയായി മഹിളാ കോൺഗ്രസ് നേതാവിന്റെ സമരം

കെ എം അക്‌ബർ

തൃശൂർ: സ്ത്രീത്വത്തെ അപമാനിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് നടത്തുന്ന പ്രത്യക്ഷ സമരം തൃശൂരിലും ചാലക്കുടിയിലും ആലത്തൂരിലും കോൺഗ്രസിന് തലവേദനയാകും. തൃശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷയും, മഹിളാ കോൺഗ്രസ് നേതാവുമായ ഷീല പത്മനാഭനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ നിരാഹാര സമരമടക്കമുള്ള പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. വാതരോഗംമൂലം ചികിത്സയിലായിരുന്ന തനിക്ക് അണലി വിഷബാധയുമുണ്ടായി. കഴുത്തിനുതാഴെ ശരീരം ദുർബലമായി. ചികിത്സക്ക് പത്തുലക്ഷം രൂപ ചെലവായി.

ജില്ലാ സഹകരണ ബാങ്കിൽനിന്നെടുത്ത പത്തുലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തി നടപടിയായപ്പോൾ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷനേതാവുമായ കെ അജിത്കുമാറിനോടക്കമുള്ള നേതാക്കളോട് സഹായമഭ്യർഥിച്ചിരുന്നു. തന്റെ അപേക്ഷ ചർച്ച ചെയ്യുന്നതിന് ചേർന്ന മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ വച്ചാണ് ഡിസിസി സെക്രട്ടറി കെ അജിത്കുമാർ തനിക്ക് നേരെ അസഭ്യവർഷം നടത്തിയത്. 16 വർഷമായി പൊതുരംഗത്തുള്ള താൻ ഇത്തരമൊരു ആരോപണം മുമ്പ് കേട്ടിട്ടില്ല. ഹീനമായ വാക്കുകൾ പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപൻ, അനിൽ അക്കര എംഎൽഎ അടക്കമുള്ള പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

അശരണയും രോഗിയുമായ തന്നെ അപമാനിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ തനിക്കെതിരെ നടപടി സ്വീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എൻ പ്രതാപൻ, ഇരയെ അവഗണിച്ച് വേട്ടക്കാരനോടൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം സ്ത്രീ സുരക്ഷയുടെയും സ്ത്രീ സൗഹാർദ്ദത്തിന്റെയും കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം കാപട്യമാണെന്ന് ഷീല പത്മനാഭൻ പറഞ്ഞു. ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ വനിതാ സ്ഥാനാർത്ഥിയടക്കമുള്ള മഹിളാ കോൺഗ്രസ് നേതാക്കൾ അപമാനിതരായവരെ സംരക്ഷിക്കാതെ വേട്ടക്കാരെ സംരക്ഷിക്കുന്ന നേതൃത്വത്തിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. ഇതിനിടെ കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർക്കും പരാതി നൽകിയിരുന്നു. എന്നാൽ, ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രം.

ഇതിനിടെ തനിക്ക് നേരെ വധഭീഷണിയും ഉയർന്നിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തി കോടതിയിലേക്ക് കേസ് കൈമാറിയിരിക്കുകയാണ്. തന്നെപ്പോലെ അപമാനിക്കപ്പെട്ട നിരവധി വനിതകൾ പാർട്ടിയിലുണ്ട്. എന്നാൽ പലരും പലവിധ സമ്മർദ്ദങ്ങളാൽ പ്രത്യക്ഷ സമരത്തിന് തയ്യാറാകുന്നില്ലെന്ന് മാത്രം. ഇതിനൊരു പരിഹാരം ആവശ്യപ്പെട്ടാണ് സ്ത്രീത്വത്തെ അപമാനിച്ചവരെ സംരക്ഷിക്കുന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശൂരിൽ നിരാഹാര സമര മടക്കമുള്ള പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കാൻ ഷീല പത്മനാഭൻ തയ്യാറെടുക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്തി, പാർട്ടി യോഗത്തിൽ സംസാരിച്ച ജില്ലാ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റു മുതൽ മുഴുവൻ കോൺഗ്രസ് നേതാക്കളെയും നേരിൽക്കണ്ട് പരാതി എഴുതി നൽകിയിരുന്നുവെന്ന് ഷീല പറഞ്ഞു.

എന്നാൽ, പാർട്ടിയെ അപമാനിച്ചു എന്നാരോപിച്ച് തനിക്കെതിരെ നടപടി സ്വീകരിക്കുകയാണുണ്ടായത്. നീതി തേടി ഇറങ്ങിയ തന്നെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി മാധ്യമങ്ങൾ വഴി അറിയിച്ചത്. പരാതിയിൽ ഇതുവരെ യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഏറെ ബന്ധുബലമുള്ള തൃശൂർ മണ്ഡലത്തിൽ നിരാഹാരം ഉൾപ്പെടെയുള്ള സമര പരിപാടി ആരംഭിക്കുന്നതെന്ന് ഷീല പത്മനാഭൻ പറഞ്ഞു. അതേസമയം, തൃശൂരിൽ മൽസരിക്കുന്ന ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപനും അന്ന് തൃശൂരിന്റെ ചുമതലയുണ്ടായിരുന്ന ബെന്നി ബെഹനാനും ആലത്തൂരിൽ മൽസരിക്കുന്ന രമ്യ ഹരിദാസിനും ഷീല പത്മനാഭന്റെ സമരം തലവേദന സൃഷ്ടിക്കുമെന്നുറപ്പായതോടെ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണമെന്നാവശ്യം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. ഷീല പത്മനാഭനുമായി സംസാരിച്ച് സമരത്തിൽ നിന്നും പിന്മാറണമെന്നും പാർട്ടി സ്വീകരിച്ച നടപടി ഉടൻ തന്നെ പിൻവലിക്കാമെന്ന ഉറപ്പു നൽകാനുമാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP