Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ഗുജറാത്ത് എഡിജിപി ആർ ബി ശ്രീകുമാർ അസംതൃപ്തനായ ഓഫീസർ, സഞ്ജീവ് ഭട്ട് പറയുന്നത് കള്ളം; ആദ്യത്തെ സത്യവാങ്മൂലത്തിലോ കമ്മീഷന് മുമ്പാകെ നൽകിയ തെളിവുകളിലോ മോദിക്കെതിരെ ശ്രീകുമാർ പറഞ്ഞിട്ടില്ല; നിലപാട് മാറ്റുന്നത് വകുപ്പുതല നടപടികൾ ആരംഭിച്ചതിന് ശേഷം; സാമുദായിക കലാപം വ്യാപിപ്പിക്കുന്നതിൽ സഞ്ജീവ് ഭട്ടിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം; ഗുജറാത്ത് കലാപത്തിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നാനാവതി കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ

മുൻ ഗുജറാത്ത് എഡിജിപി ആർ ബി ശ്രീകുമാർ അസംതൃപ്തനായ ഓഫീസർ, സഞ്ജീവ് ഭട്ട് പറയുന്നത് കള്ളം; ആദ്യത്തെ സത്യവാങ്മൂലത്തിലോ കമ്മീഷന് മുമ്പാകെ നൽകിയ തെളിവുകളിലോ മോദിക്കെതിരെ ശ്രീകുമാർ പറഞ്ഞിട്ടില്ല; നിലപാട് മാറ്റുന്നത് വകുപ്പുതല നടപടികൾ ആരംഭിച്ചതിന് ശേഷം; സാമുദായിക കലാപം വ്യാപിപ്പിക്കുന്നതിൽ സഞ്ജീവ് ഭട്ടിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം; ഗുജറാത്ത് കലാപത്തിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നാനാവതി കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഏറെ ആശ്വാസകരമായ റിപ്പോർട്ടാണ് 2002ലെ ഗുജറാത്ത് കലാപക്കേസിന്റെ ഭാഗമായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സർക്കാറിന് പങ്കുള്ള മുസ്ലിം വംശഹത്യ എന്ന ആരോപണം തള്ളുന്ന റിപ്പോർട്ടാണ് കലാപത്തിന്റെ വിവിധ വശങ്ങൾ അന്വേഷിച്ച ജസ്റ്റിസ് നനാവതി കമ്മീഷൻ റിപ്പോർട്ട് നൽകിയത്. മുൻ ഗുജറാത്ത് എഡിജിപിയായിരുന്ന ആർ ബി ശ്രീകുമാർ , പൊലീസ് ഓഫീസർ സഞ്ജീവ് ഭട്ട് എന്നിവർ, നലികയ റിപ്പോർട്ട് കമ്മീഷൻ പാടെ തള്ളിയതാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്കും ആശ്വാസമായത്. എന്നാൽ ജസ്റ്റീസ് നാനാവതി മോദിയുടെ ഒരു വിധേയൻ മാത്രമാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്.

ശ്രീകുമാർ അസംതൃപ്തനായ ഓഫീസറായിരുന്നെന്നും സഞ്ജീവ് ഭട്ട് കള്ളം പറയുകയായിരുന്നെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. നിയമ വിരുദ്ധമായ നിരവധി നിർദ്ദേശങ്ങൾ മോദി ഉദ്യോഗസ്ഥർക്ക് വാക്കാൽ നൽകിയിരുന്നതായി ആർ ബി ശ്രീകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം സമർപ്പിച്ച ആദ്യത്തെ സത്യവാങ്മൂലത്തിലോ കമ്മീഷന് മുമ്പാകെ നൽകിയ തെളിവുകളിലോ അത്തരമൊരു ആരോപണം ചൂണ്ടിക്കാട്ടിയിരുന്നില്ല. അദ്ദേഹത്തിനെതിരായി വകുപ്പുതല നടപടികൾ ആരംഭിച്ചതിന് ശേഷമാണ് ഈ ആരോപണം ഉണ്ടായത്. 2002-ലെ കലാപം തടയാൻ മോദി ഒന്നും ചെയ്തില്ലെന്ന് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് കള്ളമാന്നെന്നും സാമുദായിക കലാപം വ്യാപിപ്പിക്കുന്നതിൽ സഞ്ജീവ് ഭട്ടിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആർക്കും, കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും അവർക്ക് ഉത്തരവാദിത്തമില്ലെന്നും നാനാവതി കമ്മീഷൻ കണ്ടെത്തി. അന്ന് സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിന്റെ അന്തിമപകർപ്പിൽ പറയുന്നു. റിപ്പോർട്ടിന്റെ ആദ്യഭാഗം, ഗോധ്രയിലെ തീവണ്ടി കത്തിക്കപ്പെട്ട സംഭവമാണ് വിശദീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാനാവതി കമ്മീഷൻ 2009-ൽ നിയമസഭയിൽ വച്ചിരുന്നു. ഗോധ്ര സ്റ്റേഷനടുത്ത് വച്ച് സബർമതി എക്സ്പ്രസിൽ അയോധ്യയിൽ നിന്ന് തിരികെ വരികയായിരുന്ന 59 കർസേവകർ സഞ്ചരിച്ച കോച്ചിന് നേരെ ആക്രമണമുണ്ടാവുകയും ഇവരടക്കമുള്ളവർ വെന്ത് മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഈ വർഷം സെപ്റ്റംബറിൽ ഗുജറാത്ത് സർക്കാർ ഈ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അന്തിമപകർപ്പ് അടുത്ത നിയമസഭാ സമ്മേളനത്തിൽ വയ്ക്കുമെന്നും അന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്.

കലാപം നടക്കുന്ന കാലത്ത് ഗുജറാത്തിൽ എഡിജിപിയായിരുന്ന ആർ ബി ശ്രീകുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ മറുപടി പറയുകയായിരുന്നു അന്ന് സംസ്ഥാന സർക്കാർ. 2014-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് എന്തുകൊണ്ട് ഇത്ര കാലമായിട്ടും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നില്ല എന്നും, എന്തിനാണ് തടഞ്ഞുവയ്ക്കുന്നതെന്നും ചോദിച്ചായിരുന്നു ആർ ബി ശ്രീകുമാർ അന്ന് ഹർജി നൽകിയത്. ആറ് മാസത്തിനുള്ളിൽ അന്വേഷണം തീർക്കാനാണ് ആദ്യം കമ്മീഷന് നിർദ്ദേശം ലഭിച്ചിരുന്നത്. എന്നാൽ പല തവണ കാലാവധി നീട്ടി നൽകിയ ശേഷം കമ്മീഷൻ ആദ്യ റിപ്പോർട്ട് സമർപ്പിക്കുന്നത് കലാപം നടന്ന് ഏഴ് വർഷത്തിന് ശേഷം 2009-ലാണ്. രണ്ടാം റിപ്പോർട്ട് നൽകുന്നത് അതിനും അഞ്ച് വർഷത്തിന് ശേഷം 2014-ലും. ഇന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് ഇന്ന് റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്.

2002 ഫെബ്രുവരി 27 ന് സബർമതി ട്രെയിനിന്റെ എസ് ആറ് ബോഗിക്ക് ഗോധ്ര റെയിൽവെ സ്റ്റേഷനടുത്ത് തീ വെച്ചത്.അയോധ്യയിൽ നിന്നും മടങ്ങിവരുകയായിരുന്ന കർസേവകർ ഉൾപ്പടെ 59 പേരാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് സംസ്ഥാനത്ത് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർത്താൽ. രാജ്യം കിരാതമായ വംശഹത്യയുടെ തുടക്കം കണ്ടത് ഈ ദിനമായിരുന്നു. നരോദയിലടക്കം സംഘർഷം അരങ്ങേറി അയോധ്യയിൽ വിഎച്ച്പി സംഘടിപ്പിച്ച പൂർണാഹുതി മഹായജ്ഞത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കർസേവകരാണ് തീയിൽപ്പെട്ട് മരിച്ചത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും മൗനാനുവാദം നൽകി എന്ന ആരോപണം ഉയര്ഡന്നിരുന്നു.

നരോദപാട്യ, ഗുൽബർഗ സൊസൈറ്റി, ബെസ്റ്റ് ബേക്കറി തുടങ്ങിയ കൂട്ടക്കൊലപാതകങ്ങൾ ഇപ്പോഴും ജനമനസ്സിൽ നിൽക്കുന്നു. അഹമ്മദാബാദിന് സമീപത്തുള്ള നരോദപാട്യയിലാണ് ഏറ്റവും കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടു. ഇതിൽ 36 സ്ത്രീകളും 35 കുട്ടികളും ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP