Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറഞ്ഞാൽ കേൾക്കാത്ത യുവ ഐപിഎസുകാരെയെല്ലാം അപ്രധാന പദവികളിലേക്ക് മാറ്റി; 14 ജില്ലാ പൊലീസ് മേധാവികളിൽ പത്തു പേരും എസ് ഐമാരായി കേറി നേതാക്കളുടെ പാദ സേവ ചെയ്തും മണിയടിച്ചും ഐപിഎസ് നേടിയവർ; പൊലീസിലെ സ്ഥലം മാറ്റങ്ങൾ പൂർണ്ണമായും പാർട്ടി താൽപ്പര്യങ്ങൾ മുൻ നിർത്തി; പൊലീസ് സ്‌റ്റേഷനുകൾ വീണ്ടും പാർട്ടി ഭരണത്തിലേക്ക്

പറഞ്ഞാൽ കേൾക്കാത്ത യുവ ഐപിഎസുകാരെയെല്ലാം അപ്രധാന പദവികളിലേക്ക് മാറ്റി; 14 ജില്ലാ പൊലീസ് മേധാവികളിൽ പത്തു പേരും എസ് ഐമാരായി കേറി നേതാക്കളുടെ പാദ സേവ ചെയ്തും മണിയടിച്ചും ഐപിഎസ് നേടിയവർ; പൊലീസിലെ സ്ഥലം മാറ്റങ്ങൾ പൂർണ്ണമായും പാർട്ടി താൽപ്പര്യങ്ങൾ മുൻ നിർത്തി; പൊലീസ് സ്‌റ്റേഷനുകൾ വീണ്ടും പാർട്ടി ഭരണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുത്തനച്ചി പുരപ്പുറം തൂക്കുമെന്നാണ് പഴമക്കാർ പറയുന്നത്. ഇതിന് സമാനമായിരുന്നു പിണറായി വിജയന്റെ സത്യപ്രതിജ്ഞാ നാളുകൾ. രാഷ്ട്ീയ മുക്തമായ പൊലീസ്, അഴിമതി രഹിത ഭരണം എന്നിങ്ങനെയൊക്കെ പലതും പറഞ്ഞു. പൊലീസ് ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റയേയും വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനേയും നിയമിച്ച് പല സൂചനയും നൽകി. ബെഹ്‌റ നിലപാട് കർശനമാക്കിയതോടെ പൊലീസ് സ്‌റ്റേഷനുകളിൽ രാഷ്ട്രീയക്കാർ അപ്രസക്തരായി. ഏത് ഓപ്പറേഷനും ഡിജിപി മാത്രം അറിയുന്ന അവസ്ഥയെത്തി. ഇതിനിടെയിൽ ചില കുഴപ്പങ്ങൾ പൊലീസിനും സംഭവിച്ചു. യുഎപിഎ നിയമവുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇതിനിടെയിൽ മാവോ വേട്ടയിലെ രണ്ട് കൊലപ്പെടുത്തലുകളുമെത്തി. ഇതെല്ലാം പൊലീസിനെതിരെ ആയുധമാക്കാൻ സുവർണ്ണാവസരമായി സിപിഐ(എം) കരുതി. പാർട്ടി ഭരണത്തിലിരിക്കുമ്പോൾ പൊലീസ് സ്‌റ്റേഷനുകൾ പ്രാദേശിക നേതാക്കൾ ഭരിക്കുന്നതാണ് രീതി. അതിന് വേണ്ടി അവർ അരയും മുറുക്കി ഇറങ്ങി. ഇതോടെ പിണറായിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. പാർട്ടിക്ക് വഴങ്ങുന്ന മുഖ്യമന്ത്രിയായി പിണറായി മാറുകയാണ്. അങ്ങനെ പാർട്ടിക്കാർക്ക് വേണ്ടി പൊലീസിൽ വമ്പൻ അഴിച്ചു പണിയും നടത്തി.

പൊലീസ് സ്‌റ്റേഷനുകൾ കൈപ്പിടിയിൽ ഒതുക്കാൻ വേണ്ടത് എസ് പി തലത്തിലെ സ്വാധീനമാണ്. യുവ ഐപിഎസുകാരിൽ പലരും ആംആദ്മി ഭൂതം കയറിയവരാണ്. അഴിമതിക്കെതിരെ വല്ലാതെ സംസാരിക്കുന്നവർ. കുറ്റം തെളയിച്ചി പേരെടുക്കാൻ ആഗ്രഹിക്കുന്നവർ. പ്രാദേശിക നേതാക്കളെ അവജ്ഞയോടെ കാണുന്നവർ. അതുകൊണ്ട് അവരെയെല്ലാം മാറ്റണമെന്നതായിരുന്നു സിപിഎമ്മിലെ പ്രധാന ആവശ്യം. പ്രത്യേകിച്ച് കണ്ണൂർ, പത്തനംതിട്ട എസ് പി മാരെ. ജില്ലാ സിപിഐ(എം) നേതാക്കളുടെ കണ്ണിലെ കരടായ ഈ എസ് പി മാരെ മാറ്റിയില്ലെങ്കിൽ പിണറായിയെ നേതാവായി കാണുക പോലുമില്ലെന്ന് ചിലർ പറഞ്ഞു. ഇതോടെ സേനയിൽ അഴിച്ചു പണി വന്നു. സഖാക്കളുടെ ആഗ്രഹ പ്രകാരം ജില്ലാ സുപ്രണ്ടുമാരിൽ കാര്യമായ അഴിച്ചു പണി നടത്തി. കൊച്ചി റൂറലിലെ യതീഷ് ചന്ദ്ര ഐപിഎസ് ഒഴികെ ബാക്കി യുവ ഐപിഎസുകാരെല്ലാം മൂലയിലുമായി. ഭരണം മാറിയിട്ടും പൊലീസുകാരുടെ മനോഭാവം മാറിയില്ലെന്ന പരാതി സിപിഐ(എം) ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഇതിന് പിണറായി ചെവികൊടുത്തില്ല. ഇതിനാണ് മാറ്റം വരുത്തുന്നത്.

പാർട്ടിക്ക് വേണ്ടി ക്രമസമാധാന ചുമതലയുള്ള 15 എസ്‌പിമാരെ മാറ്റിനിയമിച്ചു പൊലീസിൽ അഴിച്ചുപണിയുണ്ടായതിന് പുറമേ പ്രധാന യുവ ഐപിഎസുകാരെയെല്ലാം അപ്രധാന തസ്തികകളിലേക്ക് മാറ്റുകയും ചെയ്തു. 12 ജില്ലകളിലാണു പുതിയ പൊലീസ് മേധാവിമാർ. ഇതിൽ ഭൂരിപക്ഷവും സ്ഥാനക്കയറ്റം വഴി ഐപിഎസ് ലഭിച്ചവരാണ്. ആതായത് പ്രാദേശിക നേതാക്കൾ പറഞ്ഞാൽ അനുസരിക്കുന്നവരെ നിയമിച്ചുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. സിപിഐ(എം) ജില്ലാ കമ്മറ്റി നൽകിയ പേരുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുകയായിരുന്നുവെന്ന വാദവും സജീവമാണ്. ഉദാഹരണത്തിന് അനൂപ് കുരുവിള ദേശീയ അന്വേഷണ ഏജൻസിയിൽ ഡപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയെത്തിയതാണ്. മികവ് ഏറെയുള്ള ഉദ്യോഗസ്ഥൻ. എന്നാൽ സമർത്ഥനായ ഈ ഉദ്യോഗസ്ഥനെ കേരളാ പൊലീസ് അക്കാഡമിയിൽ അസിസ്റ്റന്റെ ഡയറക്ടറാക്കി. ടിപി കേസ് ഉൾപ്പെടെ പല അന്വേഷണങ്ങൾക്കും ബാഹ്യ സമ്മർദ്ദത്തിന് പിടികൊടുക്കാതെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെയാണ് ഇങ്ങനെ മൂലയ്ക്കിരുത്തിയത്.

രാജ്പാൽ മീണ ശ്രദ്ധേയനായത് വ്യാജ സിഡി വേട്ടയിലൂടെയാണ്. തിരുവനന്തപുരത്ത് ഡിസിപി ആയിരിക്കുമ്പോൾ യൂണിവേഴ്‌സിറ്റി കോളേജിൽ ശുദ്ധികലശം നടത്തിയ പൊലീസുകാരൻ. ഈ ഉദ്യോഗസ്ഥനെ റെയിൽവേ എസ് പിയാക്കി മാറ്റി സഖാക്കളെ സന്തോഷിപ്പിച്ചു. മികവ് തെളിയിച്ച വനിതാ ഐപിഎസുകാരിയ ഉമാ ബ്ഹറയ്ക്കും ജില്ലാ ഭരണം നഷ്ടമായി. നിശാന്തിനിയേയും ഉമ ബഹ്‌റയേയും വിജിലൻസിലേക്ക് മാറ്റി. മറ്റൊരു മികച്ച ഉദ്യോഗസ്ഥനായ ഡോ എ ശ്രീനിവാസ് കണ്ണൂർ ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് വന്നു. യുഡിഎഫ് ഭരണകാലത്ത് സിപിഐ(എം) നോട്ടമിട്ട ഉദ്യോഗസ്ഥരായിരുന്നു ഈ പേരുകാരെല്ലാം. അധികാരം മാറിയാലും ഇവർക്കൊന്നും സംഭവിക്കില്ലെന്ന സൂചനയായിരുന്നു അധികാരമേറ്റപ്പോൾ പിണറായി നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയുടെ ഇടപെടൽ കൂടിയായപ്പോൾ അത് നടപ്പിലാവുകയും ചെയ്തു. ജേക്കബ് തോമസ് ഉൾപ്പെടെയുള്ള പൊലീസുകാരുടെ നീക്കങ്ങൾ അതിരുവിടുന്നുവെന്ന സിപിഐ(എം) പരാതികൾ അവഗണിച്ചു. ഇതിനിടെയാണ് യുഎപിഎ നിയമവും മറ്റും വിവാദമാക്കി സഖാക്കൾ തിരിച്ചടി തുടങ്ങിയത്.

സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ പിണറായി വിജയനില്ല. പാർട്ടിയാണ് വലുതെന്ന സന്ദേശം നൽകാൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പല തലത്തിൽ ശ്രമിക്കുമ്പോൾ എല്ലാ പിന്തുണയുമായി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഒപ്പം ചേർന്നു. ഇതിനിടെ സിപിഐയും പൊലീസിനെ വിമർശിച്ചു. യുഎപിഎ നിയമത്തിന്റെ പേരിലായിരുന്നു ഇത്. ഇതോടെ നേതാക്കളിൽ പിണറായി വിജയൻ ഒറ്റപ്പെട്ടു. പൊലീസ് സ്‌റ്റേഷനിലെ മേൽകോയ്മ നേടാനാഗ്രഹിക്കുന്ന പ്രാദേശിക നേതൃത്വത്തെ പിണക്കാൻ പറ്റാത്ത സ്ഥിതിയും വന്നു. ഇതോടെ പൊലീസിൽ ജില്ലാ കമ്മറ്റികളുടെ ആവശ്യമെല്ലാം അംഗീകരിക്കപ്പെട്ടു. ജില്ലാ നേതൃത്വത്തിന്റെ വിശ്വസ്തരെ എസ് പി മാരാക്കി. പൊലീസ് സ്‌റ്റേഷനിലെ സേനാ വിന്യാസവും സിപിഐ(എം) ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉടൻ മാറ്റും. ഓരോ ജില്ലയിലെയും സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ പരിഗണന ശക്തമായപ്പോൾ പൊലീസ് ആസ്ഥാനത്തു തയാറാക്കിയ പട്ടിക മുഴുവൻ വെട്ടിനിരത്തേണ്ടി വന്നു. സെൽഭരണത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നതാണ് ഈ നിയമനമെന്ന പരാതി ഉയർന്നു കഴിഞ്ഞു.

നേരിട്ട് ഐപിഎസ് ലഭിച്ച മൂന്നു യുവ ഉദ്യോഗസ്ഥർ മാത്രമാണു ജില്ലാ മേധാവികളായത്. തൃശൂർ, കോഴിക്കോട് കമ്മിഷണർമാരെയും തിരുവനന്തപുരം, കൊച്ചി ഡിസിപിമാരെയും മാറ്റിയിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ എസ്‌പിമാർ സർവീസിൽ നിന്നു വിരമിച്ച ശേഷം ഐപിഎസ് കിട്ടിയതിനെ തുടർന്നു വീണ്ടും സർവീസിൽ മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മണൽമാഫിയ അടക്കം ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന പരിപാലനത്തിൽ നിന്നു മാറ്റിനിർത്തിയവരും ഐസ്‌ക്രീം കേസിലെ ആരോപണ വിധേയനും എസ് പിയായി. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന പിണറായിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ഇത്. ക്രമസമാധാന രംഗത്തുണ്ടായിരുന്ന മൂന്നു യുവ വനിതാ ഐപിഎസുകാരെയും മാറ്റി. പൊലീസ് കംപ്യൂട്ടർ സെൽ എസ്‌പി: ജെ.ജയനാഥാണു പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ. അത് മാത്രമാണ് പ്രധാന പദവിയിലേക്കുള്ള യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ നിയമനം.

കണ്ണൂർ എസ് പിയെന്ന നിലയിൽ സഞ്ജയ് കുമാർ ഗുരുഡിന്റെ പ്രവർത്തനം ഏവരും അംഗീകരിച്ചതാണ്. രാഷ്ട്രീയ കലാപം വ്യാപിപ്പിക്കാതിരിക്കാൻ മുൻകുരതലെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ. കണ്ണൂരിലെ സ്‌റ്റേഷനുകളിലെ സിപിഐ(എം) ഭരണം അവസാനിപ്പിച്ച ഉദ്യോഗസ്ഥൻ. നാട്ടുകാരുടെ സഹായത്താൽ ബോംബ് വേട്ട നടത്തിയ ഉദ്യോഗസ്ഥൻ. പാർട്ടി ഗ്രാമങ്ങൾ പോലും ഇതിന്റെ പേരിൽ അരിച്ചു പെറുക്കി. സംശയം തോന്നിയ സിപിഐ(എം) നേതാക്കളെ എല്ലാം പൊക്കി. ഈ പോക്ക് കണ്ണൂരിൽ സിപിഎമ്മിന്റെ അടിവേരിറക്കുമെന്ന് നേതാക്കൾ പരാതി പറഞ്ഞു. ആദ്യമൊന്നും പിണറായി വഴങ്ങിയില്ല. എന്നാൽ ബന്ധുത്വ നിയമവിവാദത്തിൽ കുടുങ്ങിയ ഇപി ജയരാജൻ എന്ന വിശ്വസ്തൻ തന്നിൽ അകലുന്നത് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി കണ്ണൂരിലെ നേതാക്കളുടെ തീരുമാനം ഒടുവിൽ നടപ്പാക്കി. ജില്ലാ പൊലീസ് സൂപ്രണ്ടിനെ മാറ്റി. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കുകയും ചെയ്തു.

എറണാകുളം വിജിലൻസ് എസ്‌പി: ടി.നാരായണനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറാക്കി. സ്ഥലംമാറ്റം ലഭിച്ച മറ്റ് എസ്‌പിമാരുടെ പേരും പുതുതായി നിയമനം ലഭിച്ച സ്ഥലവും : ഡോ. അരുൾ ആർ.ബി.കൃഷ്ണ (ഡിസിപി, തിരുവനന്തപുരം സിറ്റി), കെ.പി.ഫിലിപ്പ് (കണ്ണൂർ), എസ്.സുരേന്ദ്രൻ (കൊല്ലം റൂറൽ), എ.വി.ജോർജ് (എറണാകുളം റൂറൽ), എൻ.വിജയകുമാർ (തൃശൂർ റൂറൽ), കെ.ജി.സൈമൺ (കാസർകോട്), എം.കെ.പുഷ്‌കരൻ (കോഴിക്കോട് റൂറൽ), പി.അശോക് കുമാർ (തിരുവനന്തപുരം റൂറൽ), യതീഷ് ചന്ദ്ര (ഡിസിപി, കൊച്ചി സിറ്റി), പ്രതീഷ് കുമാർ (പാലക്കാട്), ജി.ശിവവിക്രം (വയനാട്), ബി.അശോകൻ (പത്തനംതിട്ട), വേണുഗോപാൽ (ഇടുക്കി), മുഹമ്മദ് റഫീഖ് (ആലപ്പുഴ)-ഇങ്ങനെ പോലുന്നു ജില്ലാ സുപ്രണ്ടുമാരുടെ മാറ്റങ്ങൾ. അതിന് തൊട്ട് പിന്നാലെ 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവും ഇറങ്ങി. സ്ഥലം മാറ്റം ലഭിച്ചവരിൽ ആർ.നിശാന്തിനി, അനൂപ് കുരുവിള, ഉമ ബഹ്റ എന്നിവരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്.

നേരിട്ട് ഐപിഎസ് ലഭിച്ച യുവ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി ജില്ലാ പൊലീസ് മേധാവികളായി ആരോപണ വിധേയർ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം നിയമിച്ചതിനു പിന്നാലെയാണ് യുവ ഐപിഎസുകാരെ അപ്രധാന തസ്തികളിൽ ഇപ്പോൾ നിയമിച്ചത്. അനൂപ് കുരുവിള ജോൺ (അസി.ഡയറക്ടർ കേരള പൊലീസ് അക്കാദമി),എ.അക്‌ബർ (സ്‌പെഷൽ ബ്രാഞ്ച് തിരുവനന്തപുരം ),കോറി സജ്ഞയ് കുമാർ ഗുരുഡിൻ( കമൻഡാന്റ് കെഎപി 4), രാജ്പാൽ മീണ (എസ്‌പി റെയിൽവേസ്),ഉമ ബെഹ്‌റ (വിജിലൻസ് കോഴിക്കോട്),പി.എ.വൽസൻ (കമൻഡാന്റ് ഐആർ ബറ്റാലിയൻ), ആർ.നിശാന്തിനി (വിജിലൻസ് തിരുവനന്തപുരം ), പി.എൻ.ഉണ്ണിരാജൻ (ക്രൈംബ്രാഞ്ച് എറണാകുളം ), തോമസൺ ജോസ് (വിജിലൻസ് എറണാകുളം ), ഡോ.എ.ശ്രീനിവാസ് (ക്രൈംബ്രാഞ്ച് കണ്ണൂർ ).

പി.എസ്.ഗോപി (കമൻഡാന്റ് എംഎസ്‌പി), കെ.കാർതിക് (സ്‌പെഷൽ ബ്രാഞ്ച് തിരുവനന്തപുരം) , ഹരിശങ്കർ (എഐജി കോസ്റ്റൽ സെക്യൂരിറ്റി), ജെ.ഹിമേന്ദ്രനാഥ് (ഐസിറ്റി തിരുവനന്തപുരം ), കിരൺ നാരായൺ (എഎസ്‌പി ഇരിങ്ങാലക്കുട), സാം ക്രിസ്റ്റി ഡാനിയൽ (സ്‌പെഷൽ ബ്രാഞ്ച് തിരുവനന്തപുരം ).-ഇങ്ങനെ പോകുന്നു ആ പട്ടിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP