Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പെൺകുട്ടികൾക്കു ചേർന്നതല്ല ഭാരദ്വഹനമെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയവർപോലും വാരിപ്പുണർന്ന് അഭിനന്ദിച്ചു; ദന്തഡോക്ടറായ ശേഷം തമാശയ്ക്ക് ജിമ്മിൽ ചേർന്നത് ജീവിതം മാറ്റിമറിച്ചു; ഇല്ലായ്മകളോട് പോരാടി ഇന്ത്യയുടെ അഭിമാനമായി ഡോ. മജ്‌സിയ ബാനുവെന്ന വടകരക്കാരി ഉരുക്കുവനിത

മുസ്ലിം പെൺകുട്ടികൾക്കു ചേർന്നതല്ല ഭാരദ്വഹനമെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയവർപോലും വാരിപ്പുണർന്ന് അഭിനന്ദിച്ചു; ദന്തഡോക്ടറായ ശേഷം തമാശയ്ക്ക് ജിമ്മിൽ ചേർന്നത് ജീവിതം മാറ്റിമറിച്ചു; ഇല്ലായ്മകളോട് പോരാടി ഇന്ത്യയുടെ അഭിമാനമായി ഡോ. മജ്‌സിയ ബാനുവെന്ന വടകരക്കാരി ഉരുക്കുവനിത

അർജുൻ സി വനജ്‌

വടകര : ഇല്ലായ്മകളിൽ നിന്ന് വെറും പത്ത് മാസത്തെ പ്രയത്‌നം കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വടകരയിലെ മജ്‌സിയ ബാനു എന്ന മുസ്ലിം പെൺകൊടി. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസെസ് ആൻഡ് ഹോസ്പിറ്റലിൽ നിന്ന് ബിഡിഎസ് പൂർത്തിയാക്കിയതിന് ശേഷം ഒരു രസത്തിന് വേണ്ടി കോഴിക്കോട്ടെ ജിമ്മിൽ ചേർന്നതോടെയാണ് ഈ 23 കാരിയായ നാട്ടിൻപുറത്തുകാരിയുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടത്. മജ്‌സിയേക്കാൾ വെറും 2.5 കിലോ ഗ്രാം വെയ്റ്റ് എടുത്താണ് ഫിലിപ്പൈൻ സ്വദേശി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. വ്യാഴാഴ്ച ജന്മനാടായ ഓർക്കാട്ടേരിയിൽ തിരിച്ചെത്തിയ കേരളത്തിന്റെ സ്‌ട്രോങ് ഗേളിന് ഏറാമല ഗ്രാമപഞ്ചായത്ത് പൗര സ്വീകരണം നൽകി. മുസ്ലിം മതത്തിന് ചേർന്നതല്ല ഈ ഭാരം പൊന്തിക്കൽ എന്ന് പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ബന്ധുക്കൾ വരെ തന്നെ വാരിപ്പുണർന്നതിന്റെ സന്തോഷത്തിലാണ് മജ്‌സിയ ഇപ്പോൾ.

ചെറുപ്പത്തിലേ സ്‌പോഴ്‌സിൽ താൽപര്യമുള്ള കുട്ടിയായിരുന്നു മജ്‌സിയ. സ്‌കൂളിലെ കായികമേളയ്ക്ക് ചേരും. ചേരുന്ന വിഷയങ്ങളിലൊക്കേയും സമ്മാനവും ഉറപ്പിക്കും. അങ്ങനെയാണ് 2009 ൽ ഹഡിൽസ് സീനിയർ വിഭാഗത്തിൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സിൽവർ മെഡൽ നേടുന്നത്. 2010 ൽ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസെസ് ആൻഡ് ഹോസ്പിറ്റലിൽ ബി.ഡി.എസിന് ചേർന്നു. പഠിക്കുന്നത് ബിഡിഎസ് ആണെങ്കിലും ശ്രദ്ധമുഴുവനും കായികരംഗത്തിലായിരുന്നു. പഠനകാലത്ത് കോളേജിലും നാട്ടിലെ ക്ലബ്ബുകളിലും കായിക മേളകളിലെ സ്റ്റാറായി. പഠനം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ഉമ്മയുടെ കെയർഓഫിൽ ഉപ്പയെ സോപ്പടിച്ച് ജിമ്മിൽ ചേർന്നാലോ എന്ന ചിന്ത ഉദിച്ചത്. മാസം മുന്നൂറ് രൂപയും പിന്നെ വടകരയിൽ നിന്ന് കോഴിക്കോട് വരെയുള്ള ട്രെയിൻ ടിക്കറ്റും മാത്രമല്ലേ ചെലവാകുകയുള്ളൂവെന്ന് കരുതിയപ്പോൾ, കഷ്ടപ്പാടിന് ഇടയിലും ഉപ്പസമ്മതിച്ചു.

പെൺകുട്ടികൾക്കും പരിശീലനം നൽകുന്ന ജിമ്മുകളെക്കുറിച്ച് കൂട്ടുകാരോട് തിരക്കി. ഒരു ദിവസം ഒറ്റയ്ക്ക് പോയി തളിയിലെ ഗോൾഡസ് മൾട്ടി ജിമ്മിൽ ചേർന്നു. ചേർന്ന സമയത്താണ് രണ്ട് ആഴ്ച കഴിഞ്ഞ് നടക്കുന്ന ജില്ലാ തല പവർ ലിഫ്റ്റിംങ്ങ് ച്യാമ്പ്യൻഷിപ്പിനായി ആറ് പെൺകുട്ടികൾ ഫോമിലാവുന്നത്. കോച്ച് അനിൽ കുമാർ ചോദിച്ചു, 'ഒരു കൈ നോക്കുന്നോ' എന്ന് . തുടക്കക്കാരിയാണെന്നോർത്ത് മടിച്ചു നിൽക്കാതെ, മജ്‌സിയയും പരിശീലനത്തിന് ഇറങ്ങി. ജിമ്മിൽ വെച്ചുള്ള പരിശീലനത്തിനിടെ ഭാരം എടുത്തുയർത്തുന്നതിന് മജ്‌സിയക്കുള്ള കഴിവ് പരിശീലകൻ മനസ്സിലാക്കി. ജില്ലാ തല 52 കിലോ എക്വിപ്പിഡ് പവർ ലിഫ്റ്റിംങിൽ സ്വർണം നേടി മജ്‌സിയ പവർലിഫ്റ്റിംങ് രംഗത്തെ തന്റെ തേരോട്ടം ആരംഭിച്ചു. പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ സംസ്ഥാന തല ചാമ്പ്യൻഷിപ്പ്. കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സ്‌റ്റേറ്റ് ലെവലിൽ മത്സരത്തിൽ പങ്കെടുത്ത പത്ത് പേരിൽ നിന്ന് സ്വർണ്ണ മെഡൽ നേടി. പക്ഷെ, നാഷണൽ മത്സരത്തിൽ സാങ്കേതിക പ്രശ്‌നം കൊണ്ട് പങ്കെടുക്കാൻ സാധിച്ചില്ല.

ഇതോടെ തളരാത്ത മനസ്സുമായി കൂടുതൽ ഫിറ്റ്‌നസിനായി പ്രാക്ടീസ് ചെയ്തു. ഭക്ഷണം നിയന്ത്രിച്ചു. പോഷക ആഹാരങ്ങളും പ്രോട്ടീൻ പൗഡറുകളും കഴിച്ചു. ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഫിറ്റ്‌നസിനായി ജിമ്മിൽ ചെലവിട്ടു. അതിനിടെ തൃശ്ശൂരിൽ വെച്ച് നടന്ന ഇന്റർ ക്ലബ്ബ് പവർ ലിഫ്റ്റിംങിൽ ഗോൾഡ് മെഡൽ നേടി. അപ്പോഴാണ് അൺ എക്വിപ്പിഡ് ച്യാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. അവിടേയും ഒരു കൈ നോക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലാ തലത്തിൽ നടന്ന 52 കിലോ അൺ എക്വിപ്പിഡ് ച്യാമ്പ്യൻഷിപ്പിൽ ഫസ്റ്റടിച്ചു. അങ്ങനെ സ്‌ട്രോംങ് വുമൺ ഓഫ് കോഴിക്കോട് ആയി. തുടർന്ന് ഫെബ്രുവരിയിൽ ചേർത്തല വെച്ച് നടന്ന സംസ്ഥാന തല അൺ എക്വിപ്പ്ഡ് ച്യാമ്പ്യൻഷിപ്പിലും 52 കിലോ കാറ്റഗറിയിൽ ഗോൾഡടിച്ച് സ്‌ട്രോങ് വുമൺ ഓഫ് കേരള ആയി. ഇതേത്തുടർന്ന് നാഷണൽ ച്യാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു.

അതേസമയത്ത് തന്നെയാണ് സെലക്ഷൻ ട്രയൽസ് ഫോർ ഏഷ്യൻ പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പ് കർണ്ണാടകയിലെ ദാവൻഗരെയിൽ വെച്ച് നടന്നത്. സെലക്ഷൻ ട്രയൽസിൽ നിന്ന് എക്വിപ്പിഡ് വിഭാഗത്തിൽ അന്തർദേശീയ തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു. ഇതിനിടെ അൺ എക്വിപ്പിഡ് പവർ ലിഫ്റ്റിൽ ദേശീയ തലത്തിൽ ജമ്മു കാശ്മീരിൽ സിൽവർ മെഡൽ നേടി. പിന്നെ എല്ലാ ശ്രദ്ധയും ഏഷ്യൻ ച്യാമ്പ്യൻഷിപ്പിലേക്കായിരുന്നു. പക്ഷെ നാല് ലക്ഷത്തോളം രൂപ ഇന്തോനേഷ്യയിൽ പോയി മത്സരിച്ച് വരണമെങ്കിൽ ചെലവാകും എന്ന് അറിഞ്ഞപ്പോൾ, അത് ഏറെ വേദനാജനകമായി. എവിടെ നിന്ന് സങ്കടിപ്പിക്കുമെന്ന് അറിയാതെ കാശിനായി ഒറ്റയ്ക്ക് ഓട്ടം തുടങ്ങി.

2012 വരെ സമാന്യംഭേദപ്പെട്ട സാമ്പത്തിക നിലയുള്ള കുടുംബമായിരുന്നു ഇവരുടേത്. പക്ഷെ ഇവരുടെ കുടുംബത്തിൽ വില്ലനായി ഒരു ഒരു ബൈക്ക് ആക്‌സിഡന്റ് കടന്നുവന്നു. അപകടത്തിൽ സഹോദരൻ മുഹമ്മദ് നിസാമുദീന് ഇന്റേണൽ ഓർഗൻസിന് വലിയ പരിക്ക് പറ്റി. മകന്റെ അവസ്ഥ അറിഞ്ഞ് ദുബായിൽ പാർട്ടണർഷിപ്പിൽ കഫ്റ്റീരിയ നടത്തുകയായിരുന്ന ഉപ്പ ലീവെടുത്ത് നാട്ടിൽ വന്നു. വിചാരിച്ച സമയത്ത് തിരികെ പോകാൻ സാധിക്കാത്തതിനാൽ അവിടുത്തെ പണി പോയി. വീട് നിർമ്മിക്കാനായി കരുതിവെച്ചിരുന്നതൊക്കേയും നിസാമിന്റെ ജീവൻ തിരികെ കിട്ടാനായി ചെലവിട്ടു. കൂടാതെ കടവും വാങ്ങി. അതോടെ, ആ കുടുംബം ഇല്ലായ്മകളിലേക്ക് പതിയെ നീങ്ങി. മൂന്ന് വർഷത്തോളം നാട്ടിൽ മറ്റ് പണികൾ ചെയ്ത കല്ലേരി മൊയിലോത്ത് അബ്ദുൽ മജീദ് രണ്ട് വർഷം മുമ്പാണ് വീണ്ടും ഖത്തറിലേക്ക് കഫ്‌റ്റേരിയയിലെ ജോലിക്കായി പറന്നത്. ഇപ്പോൾ കടങ്ങളൊക്കെ തീർത്തുവരുന്നതേയുള്ളൂ. അതിനിടയിൽ ഈ വലിയ തുക ഉപ്പയ്ക്ക് ഒറ്റയ്ക്ക് താങ്ങാനാവില്ലെന്ന് മജ്‌സിയയക്ക് നന്നായി അറിയാം.

പരിശീലനത്തിനായി ചെലവിടേണ്ട സമയത്ത് കാശിനായി അവൾ ഒരു മാസത്തോളം ഓടി നടന്നു. അതിനിടെ മുസ്ലിം കുട്ടികളുടെ ഗെയിം ആണോ എന്ന ചോദ്യവുമായി ബന്ധുക്കളും, നമ്മുക്ക് ചേർന്നത് അല്ല ഇതെന്ന് അവർ വാശിപിടിച്ചു. പക്ഷെ മജ്‌സിയയുടെ ശ്രദ്ധമുഴുവനും പണം ഉണ്ടാകുന്നതിലേക്കായിരുന്നു. പവർ ലിഫ്റ്റിംങ് അസോസിയേഷനിൽ പോകാനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയും, വൈൽഡ് കാർഡ് എൻട്രി ലഭിക്കുന്നതിന് 50,000 രൂപയും ആദ്യമേ കെട്ടിവെക്കണം. പിന്നെ, എക്വിപ്പിഡ് ഡ്രസ്, പ്രോട്ടീനുകൾ, മറ്റ് ആവശ്യങ്ങൾ അങ്ങനെ പലതും. പക്ഷെ അഞ്ച് നേരം നിസ്‌ക്കരിക്കുന്ന മജ്‌സിയെ പടച്ചോൻ കൈവിട്ടില്ല. നാട്ടിലെ വലിയ ബിൽഡറായ ഊരാളുങ്കൽ സൊസൈറ്റി 1.25 സ്‌പോൺസർ ചെയ്തു. ഒപ്പം രാജസ്ഥാൻ മാർബിൾസ് ഒരു ലക്ഷം രൂപയും, ഓർക്കാട്ടേരി കോ.ഓപ്പറേറ്റീവ് ബാങ്ക് 50,000 രൂപയും സ്‌പോൺസർ ചെയ്തു.

കാലിക്കറ്റ് ഷൊർണ്ണൂർ യാത്രയ്ക്കിടെ പരിചയപ്പെട്ട സുഹൃത്ത് , 50,000 രൂപ അക്കൗണ്ടിൽ ഇട്ടു തന്നു. വിമാന ടിക്കറ്റ് സ്ഥിരമായി വടകരയിൽ ഉള്ള വ്യവസായിയാണ് സ്‌പോൺസർ ചെയ്യുന്നത്. ഇവിടേയും അദ്ദേഹത്തിന്റെ പേര് പറയരുത് എന്ന നിർദ്ദേശം. അങ്ങനെ പലരും സഹായിച്ചു. പക്ഷെ ഇനിയും വേണം കാശ്. അപ്പോൾ, ഉമ്മ കൈയിലെ വളയും കാതിലെ കമ്മലും മാലയും ഊരി കൊടുത്തു. പോയി പണയം വെച്ചിട്ട് ആവശ്യത്തിനുള്ള കാശെടുത്ത് പോയി വിജയിച്ച് വരൂ എന്ന്. മജ്‌സിയയുടെ കണ്ണ് നിറഞ്ഞുപോയി ആ നിമിഷം. പണം തരപ്പെടുത്തിയെങ്കിലും, മത്സരത്തിന്റെ മുമ്പുള്ള രണ്ടാഴ്ചയോളം ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം എല്ലാത്തിനും ഓടി നടക്കാൻ അവൾക്ക് കൂട്ട് പടച്ചവൻ മാത്രമായിരുന്നു.

മെയ് 2 ന് നടന്ന ഇന്തോനേഷ്യിലെ മത്സരം നല്ല ടൈറ്റായിരുന്നു. മജ്‌സിയ മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യത്തെ ഇന്റെർനാഷ്ണൽ ലെവൽ മത്സരം ആയിരുന്നതുകൊണ്ട് സേഫ് ആയിട്ടാണ് കളിച്ചത്. ആകെ 372.5 കിലോ ഉയർത്തിയാണ് ഫിലിപ്പൈൻ സ്വദേശി ഗോൾഡ് മെഡൽ നേടിയത്. 370 ആയിരുന്നു മജ്‌സിയയുടെ ടോട്ടൽ. വെങ്കലം ഇന്ത്യയുടെ മഹാരാഷ്ട്ര സ്വദേശിക്കായിരുന്നു. ഈ മത്സരത്തിൽ പങ്കെടുത്തതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റർനാഷ്ണൽ ലെവൽ പവർ ലിഫ്റ്റിൽ പങ്കെടുക്കുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി മജ്‌സിയ മാറി. വെള്ളി മെഡൽ നേടിയ മജ്‌സിയ പത്താം തിയതിയാണ് ഏറാമല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിന്റെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് തിരികെയെത്തിയത്. സ്വീകരണത്തിന് നാടിനൊപ്പം, നേരത്തെ തന്നെ എതിർത്ത എല്ലാ ബന്ധുക്കളും എത്തി എന്നതാണ് മജ്‌സിയയുടെ സന്തോഷം.

ഏഷ്യൻ മത്സരത്തിന് തൊട്ട് മുമ്പ് കോഴിക്കോട്ടെ തന്നെ ജയ മൾട്ടി ജിമ്മിലേക്ക് മജ്‌സിയ മാറി. പഴയ വെയിറ്റ് ലിഫ്റ്ററായ ജയദാസാണ് ഇപ്പോഴത്തെ കോച്ച്. ഇന്റർ നാഷ്ണൽ അൺ എക്വിപ്പിഡ് മത്സരവും, എക്വിപ്പിഡ് വിഭാഗത്തിലെ വിവിധ മത്സരങ്ങളുമാണ്. ഓഗസ്റ്റിൽ ആലപ്പുഴയിൽ വച്ചാണ് ഇത്തവണത്തെ എക്വിപ്പിഡ് നാഷ്ണൽ ചാമ്പ്യൻഷിപ്പ്. ഉമ്മയുടെ കൈയിൽ നിന്ന് വാങ്ങിയ സ്വർണം സ്‌പോഴ്‌സ് കൗൺസിലിൽ നിന്ന് ബില്ല് മാറി കിട്ടിയഉടനെ എടുത്ത് നൽകണം. പെട്ടന്ന് മജ്‌സിയ ഓർത്തെടുത്തു. മത്സരത്തിന് പോകാനായി എക്വിപ്പ്‌മെന്റ്‌സ് വാങ്ങാൻ വലിയ ബുദ്ധിമുട്ട് അനുഭവിച്ചു. എല്ലാം യു.എസ്.എയിൽ നിന്ന വരുത്തിയതാണ്.

ഒരു നല്ല ജോബ് ആയിരുന്നു ചെറുപ്പത്തിലുള്ള ലക്ഷ്യം. പക്ഷെ അതിനേക്കാൾ വലുതായി പാഷൻ സക്‌സസ് ആക്കുക എന്നതാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും ജീവിക്കും മരിക്കും, എന്നാൽ ലോകത്തിൽ എന്തെങ്കിലും റിമാർക്കബിൾ ആയി ചെയ്യുകയാണ് ലക്ഷ്യം. കുട്ടികളെ ട്രെയിൻ ചെയ്യുന്ന പവർ ലിഫ്റ്റിംങ് ട്രെയിനിംങ് സ്‌കൂൾ ആരംഭിക്കണം. വലിയ തറയൊക്കെ കെട്ടിയിടുണ്ടെങ്കിലും അടുക്കളയും ഒറ്റമുറിയും മാത്രമാണ് ഇപ്പോൾ പണിതിരിക്കുന്നത്. ഓർക്കാട്ടേരി മണവാട്ടി ബസ് സ്‌റ്റോപ്പിലെ കല്ലേരി മൊയിലോത്ത് വീട് എത്രയും വേഗം പൂർത്തീകരിക്കണം. അബ്ദുൽ മജീദിന്റെയും റസിയയുടെയും മകളാണ് മജ്‌സിയ. ഉമ്മയും ഉപ്പയുമാണ് എന്റെ ഏറ്റവും വലിയ ശക്തി. മജ്‌സിയ പറയുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. കഴിയാവുന്ന അത്രയും കാലം പിടിച്ചു നിൽക്കണം, പിന്നെ കുടുംബം നിർബന്ധിച്ചാൽ ഒരു പവർ ലിഫ്റ്ററെ തന്നെ വിവാഹം കഴിക്കണം. ചിരിച്ചുകൊണ്ട് മജ്‌സിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP