Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലബാർ സിമന്റ്‌സ് കേസിൽ മുഖ്യമന്ത്രിയെയും മുൻ മന്ത്രി ഇ പി ജയരാജനെയും തെറ്റിദ്ധരിപ്പിച്ചതു ചീഫ് സെക്രട്ടറിയും പോൾ ആന്റണിയും നിയമസെക്രട്ടറിയും ചേർന്ന്; പത്മകുമാറിന് എതിരായ ഫയൽ തടഞ്ഞുവച്ചത് അഞ്ചുമാസം; വിവരാവകാശത്തിലൂടെ സത്യം പുറത്തുവന്നത് ജോയ് കൈതാരത്തിന്റെ ഇടപെടലിൽ

മലബാർ സിമന്റ്‌സ് കേസിൽ മുഖ്യമന്ത്രിയെയും മുൻ മന്ത്രി ഇ പി ജയരാജനെയും തെറ്റിദ്ധരിപ്പിച്ചതു ചീഫ് സെക്രട്ടറിയും പോൾ ആന്റണിയും നിയമസെക്രട്ടറിയും ചേർന്ന്; പത്മകുമാറിന് എതിരായ ഫയൽ തടഞ്ഞുവച്ചത് അഞ്ചുമാസം; വിവരാവകാശത്തിലൂടെ സത്യം പുറത്തുവന്നത് ജോയ് കൈതാരത്തിന്റെ ഇടപെടലിൽ

കൊച്ചി: മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ മുൻ എം.ഡി കെ.പത്മകുമാറിനെ രക്ഷിക്കാൻ ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നിയമ സെക്രട്ടറിയും ചേർന്നു നടത്തിയ അവിഹിത ഇടപെടലുകൾ ഒടുവിൽ പുറത്തുവന്നിരിക്കുന്നു. അഴിമതിക്കേസിൽ പരാതി നൽകിയ പൊതുപ്രവർത്തകൻ ജോയ് കൈതാരത്ത് നൽകിയ വിവരാവകാശ അപേക്ഷയിലാണ് പൂഴ്‌ത്തിവച്ച രഹസ്യങ്ങളെല്ലാം പുറത്തുവന്നിരിക്കുന്നത്.

ഉദ്യോഗസ്ഥലോബി ഒട്ടാകെ കൈവിട്ടപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത ശക്തമായ നിലപാടിനെ തുടർന്നാണ് രഹസ്യവിവരങ്ങൾ ജോയ് കൈതാരത്തിനു ലഭിച്ചത്. അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത ഒരുദ്യോഗസ്ഥനെ സർവീസ് ചട്ടപ്രകാരം സസ്‌പെൻഡ് ചെയ്യാൻ മുൻ മന്ത്രി ഇ.പി.ജയരാജൻ ഇട്ട ഉത്തരവിനെ മരവിപ്പിച്ചും തടഞ്ഞുവച്ചും അഞ്ചുമാസമാണ് ഈ ഐ.എ.എസ് ലോബി തട്ടിക്കളിച്ചത്.

യഥാർത്ഥ വസ്തുതകൾ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും അറിയിക്കാതെ മറച്ചുവച്ചതിനൊപ്പം എല്ലാറ്റിനും കാരണം വിജിലൻസ് വിഭാഗമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉന്നതരായ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജോയ് കൈതാരത്ത് പറഞ്ഞു.

പത്മകുമാർ എം.ഡി ആയശേഷം മലബാർ സിമന്റ്‌സിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് 2014-ൽ ജോയ് കൈതാരത്ത് വിജിലൻസിൽ പരാതി നൽകിയിരുന്നു. 29/2015 ആയി പരാതി അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടെങ്കിലും അന്നത്തെ വിജിലൻസ് ഡയറക്ടർ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയില്ല. ഇതിനെതിരെ നിരവധി തവണ വിവരാവകാശം വഴിയും അല്ലാതെയും ജോയ് കൈതാരത്ത് പരാതികൾ നൽകിയെങ്കിലും മുൻ സർക്കാർ മറുപടി നൽകിയില്ല.

തുടർന്നാണ് കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചത്. അപ്പോഴേക്കും ഭരണംമാറി പുതിയ വിജിലൻസ് ഡയറക്ടർ സ്ഥാനമേറ്റു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കേസ് ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ചിൽ വന്നപ്പോൾ രൂക്ഷമായ വിമർശനമാണ് അദ്ദേഹം വിജിലൻസിനെതിരെ ഉന്നയിച്ചത്. ഒരാഴ്ചക്കകം കേസെടുക്കാൻ കർശന നിർദ്ദേശം നൽകിയതോടെ പാലക്കാട് വിജിലൻസ് അടുത്തടുത്ത ദിവസങ്ങളിലായി അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്നിലും പത്മകുമാർ പ്രതിയാവുകയും ചെയ്തു. തുടർന്ന് വിജിലൻസ് സെപ്റ്റംബർ അഞ്ചിന് പത്മകുമാറിനെ അറസ്റ്റു ചെയ്തു. ക്രിമിനൽ കേസിൽ 48 മണിക്കൂറിലധികം കസ്റ്റഡിയിലാവുന്ന ഉദ്യോഗസ്ഥനെ സസ്‌പെൻ്ഡ് ചെയ്യണമെന്നാണ് സർവീസ് ചട്ടത്തിൽ പറയുന്നത്. ഇതുപ്രകാരം പത്മകുമാറിനെ സസ്‌പെന്റ് ചെയ്യാൻ അന്ന് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ അറസ്റ്റ് നടന്ന ദിവസം തന്നെ ഉത്തരവിട്ടെങ്കിലും വ്യവസായ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ആദ്യം തയ്യാറായില്ല. പകരം റിയാബിന്റെ സെക്രട്ടറി കൂടിയായ പത്മകുമാറിനെ സസ്‌പെൻഡ് ചെയ്യാനോ മാറ്റാനോ പാടില്ലെന്ന് സെപ്റ്റംബർ ഏഴിന് ഫയലിൽ കുറിക്കുകയും ചെയ്തു. സെപ്റ്റംബർ ഒമ്പതിന് വീണ്ടും ഇ.പി. ജയരാജൻ ഫയലിൽ ഇടപെട്ടെങ്കിലും മറുപടി പറയാതെ 12 ദിവസം വൈകിപ്പിച്ചു. ഇതിനിടയിൽ ഒമ്പതിന് തന്നെ പത്മകുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയതായി ജോയ് കൈതാരത്തിനു ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എന്നാൽ ഇക്കാര്യം വ്യവസായ വകുപ്പ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 19-ന് സസ്‌പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾ ആന്റണി ശുപാർശ ചെയ്തു. ഇതിൽ വീണ്ടും മന്ത്രി ഇടപെട്ടപ്പോൾ നിയമസെക്രട്ടറിയിൽ നിന്നും ഉപദേശം വാങ്ങിയശേഷം നടപടിയെടുക്കാമെന്ന നിലപാടാണ് പോൾ ആന്റണി സ്വീകരിച്ചത്.

പത്മകുമാറിനെ സസ്‌പെന്റ് ചെയ്തത് നിയമാനുസൃതമല്ലെന്ന ഉപദേശമാണ് നിയമ സെക്രട്ടറി നൽകിയത്. ഇതിനിടെ വിഷയത്തിൽ ചീഫ് സെക്രട്ടറി ഇടപെടുകയും പത്മകുമാറിനെ ന്യായീകരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ജോയ് കൈതാരത്ത് പത്മകുമാറിനെതിരായ നടപടി കാര്യങ്ങളുടെ രേഖകൾ വിവരാവകാശത്തിലൂടെ വേണമെന്ന് പറഞ്ഞ് വ്യവസായ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പത്മകുമാറിനെതിരെ വിജിലൻസ് കേസെടുത്തതെന്ന കാര്യം ഐ.എ.എസ് ലോബി മുഖ്യമന്ത്രിയിൽ നിന്നും മറച്ചുവയ്ക്കുകയും വിജിലൻസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തു. എന്നാൽ ജോയ് കൈതാരത്തിന്റെ കത്ത് കണ്ടപ്പോഴാണ് മുഖ്യമന്ത്രി സത്യാവസ്ഥ അറിയുന്നത്.

തുടർന്ന് അടിയന്തരമായി പത്മകുമാറിനെതിരായ നടപടി പ്രാബല്യത്തിൽ വരുത്തണമെന്ന് ജനുവരി മൂന്നിന് കുറിപ്പ് നൽകുകയും ജോയ് കൈതാരത്തിന് നടപടിക്രമങ്ങളുടെ മുഴുവൻ രേഖകളും നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനും ചീഫ് സെക്രട്ടറി ഉടക്കുമായി വന്നപ്പോഴാണ് ജനുവരി എട്ടിന് ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഉത്തരവിറക്കിയത്.
അടുത്തദിവസം തന്നെ ജോയ് കൈതാരത്തിന് മുഴുവൻ വിവരങ്ങളും ലഭിച്ചു. ഐ.എ.എസ് ലോബി സെപ്റ്റംബർ ഏഴുമുതൽ ജനുവരി എട്ടുവരെ നടത്തിയ മുഴുവൻ കള്ളക്കളികളും കൈതാരത്തിനു കിട്ടിയ രേഖകളിൽ നിന്നാണ് പുറംലോകം അറിയുന്നത്. അഴിമതിക്കാരനായ ഉദ്വോഗസ്ഥനുവേണ്ടി മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചത് എന്തിനുവേണ്ടിയെന്നതിന് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോയ് കൈതാരത്ത് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP