Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

23 വർഷം സർവീസുള്ള ക്ഷേത്ര ജീവനക്കാരന് പതിനായിരം രൂപ ശമ്പളം ലഭിക്കുന്നത് മൂന്ന് നാല് തവണകളായി; കഴിഞ്ഞ വർഷത്തെ കുടിശികയ്ക്ക് അപേക്ഷിച്ച ജീവനക്കാർക്ക് ഈ ഏപ്രിലിലും അത് കിട്ടിയില്ല; തിരു-കൊച്ചി ദേവസ്വങ്ങളിലെപ്പോലെ ഏകീകൃത ശമ്പളവും കോമൺ ഫണ്ടുമില്ല; ശബരിമലയിൽ കോടതി വിധി പ്രധാനമാകുമ്പോൾ മലബാറിനായുള്ള ഹൈക്കോടതി വിധി കാണാൻ പിണറായിക്ക് കണ്ണില്ലേ? മലബാർ ദേവസ്വം ബോർഡിൽ നടക്കുന്നത് ട്രസ്റ്റിമാരുടെ വഴിവിട്ട ഭരണം

23 വർഷം സർവീസുള്ള ക്ഷേത്ര ജീവനക്കാരന് പതിനായിരം രൂപ ശമ്പളം ലഭിക്കുന്നത് മൂന്ന് നാല് തവണകളായി; കഴിഞ്ഞ വർഷത്തെ കുടിശികയ്ക്ക് അപേക്ഷിച്ച ജീവനക്കാർക്ക് ഈ ഏപ്രിലിലും അത് കിട്ടിയില്ല; തിരു-കൊച്ചി ദേവസ്വങ്ങളിലെപ്പോലെ ഏകീകൃത ശമ്പളവും കോമൺ ഫണ്ടുമില്ല; ശബരിമലയിൽ കോടതി വിധി പ്രധാനമാകുമ്പോൾ മലബാറിനായുള്ള ഹൈക്കോടതി വിധി കാണാൻ പിണറായിക്ക് കണ്ണില്ലേ? മലബാർ ദേവസ്വം ബോർഡിൽ നടക്കുന്നത് ട്രസ്റ്റിമാരുടെ വഴിവിട്ട ഭരണം

എം മനോജ് കുമാർ

തിരുവനന്തപുരം: തിരു-കൊച്ചി ദേവസ്വങ്ങളെ പോലെ മലബാർദേവസ്വം ബോർഡിലും ശമ്പളം നൽകണമെന്ന 1994-ലെ ഹൈക്കോടതി വിധി പിണറായി സർക്കാർ ഇതുവരെ നടപ്പിലാക്കിയില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നപ്പോൾ ഭരണയന്ത്രത്തിന്റെ മുഴുവൻ കരുത്തും ഉപയോഗിച്ച് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച സർക്കാർ പക്ഷെ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ഏകീകൃത ശമ്പള സ്‌കെയിൽ നൽകണമെന്ന ഹൈക്കോടതി വിധി കണ്ടിലെന്ന് നടിക്കുന്നു. കോടതിവിധികൾ നടപ്പിലാക്കുന്ന കാര്യത്തിൽ പിണറായി സർക്കാറിന് ഇരട്ടത്താപ്പ് എന്നാണ് മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ വ്യക്തമാകുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം, കോമൺഫണ്ട്. ഏകീകൃത ദേവസ്വം ബോർഡ് വേണം. എന്നെല്ലാം 1994-ലെ വിധിയിൽ ഹൈക്കോടതി അക്കമിട്ടു പറഞ്ഞിട്ടുണ്ട്. ഒന്നും ഇതുവരെ നടപ്പിലായില്ല. സർക്കാരിന്റെ ഇരട്ടത്താപ്പ് കാരണം മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചിട്ടും ഇപ്പോഴും മലബാർ ദേവസ്വം ബോർഡിൽ നടക്കുന്നത് ക്ഷേത്ര ട്രസ്റ്റിമാരുടെ ഭരണവുമാണ്.

സർക്കാരിന്റെ ഇരട്ടത്താപ്പ് കാരണം മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ട്രസ്റ്റിമാരുടെ ഭരണമാണ് നടക്കുന്നത്. ട്രസ്റ്റിമാരുടെ ഭരണത്തിൽ കിടന്നു വീർപ്പുമുട്ടുന്നത് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും ജീവനക്കാരുമാണ്.മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചു എന്നല്ലാതെ യാതൊരു മുന്നേറ്റവും ബോർഡിന്റെ കാര്യത്തിലോ ജീവനക്കാരുടെ ശമ്പളം പോലുള്ള കാര്യത്തിലോ ഒരു നടപടിയും ഇതുവരെ വന്നില്ല. ട്രസ്റ്റിമാർ ദേവസ്വം ബോർഡിൽ ഭരണം നടത്തുമ്പോൾ മേൽനോട്ടത്തിനു മാത്രമാണ് സർക്കാർ വകുപ്പായ എച്ച്ആർആൻഡ്‌സിഇ ഉള്ളത്. 1600 ഓളം ക്ഷേത്രങ്ങൾ മലബാർ ദേവസ്വം ബോർഡിന് കീഴിൽ ഉണ്ടായിരിക്കെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ സ്ഥിതി നിലവിൽ പരമ ദയനീയമാണ്. ശമ്പളമില്ല, വരുമാനമില്ല, ശമ്പള കുടിശികയ്ക്ക് അപേക്ഷിച്ചാൽ അത് ലഭിക്കുകയുമില്ല. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഭാവി ഭഗവാന്റെ കടാക്ഷത്തിനു വിട്ടുകൊടുത്ത് സർക്കാർ കൈകഴുകുമ്പോൾ വരുമാനം മുഴുവൻ കവർന്നെടുത്ത് ഭരണം നടത്തുന്ന ക്ഷേത്ര ട്രസ്റ്റിമാർ തോന്നുംപോലുള്ള ഭരണമാണ് ക്ഷേത്രങ്ങളിൽ നടത്തുന്നത്.

വരുമാനത്തിന് അനുസരിച്ച് ഗ്രേഡ് നിശ്ചയിച്ച ക്ഷേത്രങ്ങൾ ആണ് നിലവിൽ മലബാർ ദേവസ്വം ബോർഡിൽ ഉള്ളത്. സ്‌പെഷ്യൽ ഗ്രേഡ്, എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് എന്നിവയാണ് ക്ഷേത്രങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന വിവിധ ഗ്രേഡുകൾ. സ്‌പെഷ്യൽ ഗ്രേഡിനും എ ഗ്രേഡിനും സ്വന്തം നിലയിൽ വരുമാനമുണ്ട്. ഈ രീതിയിൽ പത്തിരുനൂറു ക്ഷേത്രങ്ങളിൽ സ്വന്തം നിലയ്ക്ക് ശമ്പളം നൽകുന്നുണ്ട്. എന്നാൽ ഇതേ ദേവസ്വത്തിന്റെ കീഴിലുള്ള 1400 ക്ഷേത്രങ്ങളുടെ സ്ഥിതി പരമ ദയനീയമാണ്. നിശ്ചയിച്ച ഗ്രേഡിൽ സിയിലും ഡിയിലും പെട്ടതാണ് ഇവ. ഈ ക്ഷേത്രങ്ങളിൽ വരുമാനമില്ല. വരുമാനമില്ലാത്തതിനാൽ ശമ്പളവുമില്ല. 2009ലാണ് അവസാനമായി മലബാർ ദേവസ്വംബോർഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ചത്. സി ഗ്രേഡ് ക്ഷേത്രത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 2500 രൂപയാണ്. 23 വർഷം സർവീസുള്ള ഒരു ക്ഷേത്രജീവനക്കാരനു ലഭിക്കുന്ന ശമ്പളം പതിനായിരം രൂപയാണ്. ഈ ശമ്പളം തന്നെ മൂന്നു-നാല് ഘട്ടത്തിലായാണ് ലഭിക്കുന്നത്. ആദ്യം നാലായിരം പിന്നെ ഒരു മൂവായിരം പിന്നെ ഒരു മൂവായിരം.ഇതാണ് നിലവിലെ അവസ്ഥ. 2018-ലെ ശമ്പള കുടിശികയ്ക്ക് അപേക്ഷിച്ചിട്ട് ഇതുവരെ ലഭിച്ചിട്ടുമില്ല.

ജനുവരി മുതൽ ഡിസംബർ വരെയുള്ള കുടിശികയ്ക്ക് അപേക്ഷിച്ച ജീവനക്കാർക്ക് ഇപ്പോൾ 2019 ഏപ്രിൽ ആയിട്ടും ഇതേവരെ ശമ്പള കുടിശിക ലഭിച്ചിട്ടില്ല. എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന സ്ഥിതിയാണ് ഓരോ ജീവനക്കാരനും നേരിടുന്നത്. തിരു-കൊച്ചി ദേവസ്വം ബോർഡുകൾ പോലെ ഏകീകൃത രീതിയിൽ മലബാർ ദേവസ്വം ബോർഡിലും ശമ്പളം നൽകണമെന്ന് 1994ലെ ഹൈക്കോടതി വിധിയുണ്ട്. ആ വിധിയാണ് പക്ഷെ കടലാസിൽ ഉറങ്ങുന്നത്. ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ക്ഷേത്രഭൂമികൾ ക്ഷേത്രത്തിനു നഷ്ടമായി. അതോടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വരുമാനം നിലച്ചു. വരുമാനം നിലച്ച ദേവസ്വം ക്ഷേത്രങ്ങളെ സഹായിക്കാൻ പക്ഷെ സർക്കാരുമില്ല. 1600 ക്ഷേത്രങ്ങളിൽ 1500 ഓളം ക്ഷേത്രങ്ങൾക്കും സ്വന്തം നിലയിൽ ശമ്പളം നൽകാനാവാത്ത അവസ്ഥയാണ്. ബോർഡിൽ നിന്നും ഗ്രാന്റ് നൽകും. പക്ഷെ അതൊന്നും തികയില്ല.കുടിശിക രൂപത്തിലാണ് ശമ്പളം നൽകുന്നത്.

വരുമാനത്തിന് അനുസരിച്ച് ഗ്രേഡ് നിശ്ചയിച്ച ക്ഷേത്രങ്ങൾ ആണ് ഉള്ളത്. സ്‌പെഷ്യൽ ഗ്രേഡ്, എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് എന്നിവയാണ് വിവിധ ഗ്രേഡുകൾ. സ്‌പെഷ്യൽ ഗ്രേഡിലും എ ഗ്രേഡിലും സ്വന്തം നിലയിൽ വരുമാനമുണ്ട്. പത്തിരുനൂറു ക്ഷേത്രങ്ങളിൽ സ്വന്തം നിലയ്ക്ക് ശമ്പളം നൽകുന്നുണ്ട്. 1400 ക്ഷേത്രങ്ങൾ സിയിലും ഡിയിലും പെട്ടതാണ്. ഈ ക്ഷേത്രങ്ങളിൽ വരുമാനമില്ല. 2009ലാണ് അവസാനമായി ശമ്പളം പരിഷ്‌ക്കരിച്ചത്. സി ഗ്രേഡ് ക്ഷേത്രത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 2500 രൂപയാണ്. 23 വർഷം സർവീസുള്ള ഒരു ക്ഷേത്രജീവനക്കാരനു ലഭിക്കുന്ന ശമ്പളം പതിനായിരം രൂപയാണ്. ഈ ശമ്പളം തന്നെ മൂന്നു-നാല് ഘട്ടത്തിലായാണ് ലഭിക്കുന്നത്. ആദ്യം നാലായിരം പിന്നെ ഒരു മൂവായിരം പിന്നെ ഒരു മൂവായിരം.ഇതാണ് നിലവിലെ അവസ്ഥ. 2018-ലെ കുടിശികയ്ക്ക് അപേക്ഷിച്ചിട്ട് ഇതുവരെ ലഭിച്ചിട്ടുമില്ല. ജനുവരി മുതൽ ഡിസംബർ വരെയുള്ള കുടിശികയ്ക്ക് അപേക്ഷിച്ചിട്ട് 2019 ഏപ്രിൽ ആയിട്ടും ഇതേവരെ ലഭിച്ചിട്ടില്ല. പല ക്ഷേത്രങ്ങളിലും ഈ സ്‌കെയിൽ പ്രകാരമുള്ള ശമ്പളം തന്നെ കുടിശികയാണ്. പല ക്ഷേത്രങ്ങളിലും വർഷത്തിൽ ഒരിക്കലാണ് ശമ്പളം തന്നെ നൽകുന്നത്.കാരണം വരുമാനമില്ല. ലഭിക്കുമ്പോൾ കൊടുക്കും. വരുമാനമനുസരിച്ച് 1000, 2000,3000 രൂപ തരാതരം പോലെ കിട്ടുമ്പോൾ കൊടുക്കും. ബാക്കി കുടിശികയായി നിലനിൽക്കും. ഇവരുടെ കുടുംബം എങ്ങിനെ കഴിഞ്ഞുപോകും എന്ന് ചോദിച്ചാൽ ഭഗവാന്റെ കടാക്ഷം കൊണ്ട് അങ്ങിനെ പോകും എന്ന മറുപടിയാവും ലഭിക്കുക.

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ദയനീയ സ്ഥിതി മനസിലാക്കി സ്വമേധയാ കേസെടുത്ത് 1994-ൽ ഹൈക്കോടതി ഉത്തരവിട്ടതാണ്. ഏകീകൃത ദേവസ്വം ബോർഡ് കൊണ്ടുവരണമെന്ന്. തിരു-കൊച്ചി ദേവസ്വം ബോർഡുകളിൽ ശമ്പളം മലബാർ ദേവസ്വം ബോർഡിലും കൊണ്ടുവരണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എല്ലാം ഉത്തരവും ഫയലിൽ ഉറങ്ങുകയാണ്. സർക്കാരുകൾ ട്രസ്റ്റിമാരെ പിണക്കാൻ തയ്യാറല്ല. അതിനനുസരിച്ച് ട്രസ്റ്റിമാർ സമ്മർദ്ദം ശക്തമാക്കുകയും ചെയ്യും. ട്രസ്റ്റിമാരെ സംബന്ധിച്ച് ക്ഷേത്ര വരവ് അതാത് ക്ഷേത്രങ്ങളിലും അവരുടെ കയ്യിലുമാണ് എത്തുന്നത്. തിരു-കൊച്ചി ദേവസ്വം ബോർഡ് പോലെ സംവിധാനം വന്നാൽ അത് കോമൺ ഫണ്ടാകും. ട്രസ്റ്റിമാർ ക്ഷേത്രങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. അതിനാൽ കോമൺ ഫണ്ട് വരാൻ ട്രസ്റ്റിമാർ സമ്മതിക്കാറില്ല. ട്രസ്റ്റിമാരുടെ ബലത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ അഷ്ടിക്ക് വകയില്ലാതെ ജീവിക്കേണ്ടി വരുന്നത് മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മുക്കാൽ പങ്കു ജീവനക്കാരുമാണ്.

പേരിനു ഒരു ബോർഡ് രൂപീകരിച്ചു എന്നല്ലാതെ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ഒരു കാര്യവും ഉണ്ടായിട്ടില്ല.'' തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിലവിലുള്ളത് പോലെ മലബാർ ദേവസ്വം ബോർഡിലും ഏകീകൃത ശമ്പളസ്‌കെയിൽ നടപ്പിലാക്കണം. മറ്റു ദേവസ്വം ബോർഡിൽ ഉള്ളതുപോലെ ഓപ്പൺ ഫണ്ട് മലബാർ ദേവസ്വത്തിലും വരണം. അല്ലാതെ ജീവനക്കാരുടെ ദുരിതം മാറില്ല. ഏകീകൃത ശമ്പള സ്‌കെയിൽ നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിയും നിലവിലുണ്ട്. ഇത് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ അവസാനിക്കും. അല്ലെങ്കിൽ ഈ ദുരിതം തുടരുക തന്നെ ചെയ്യും. മലബാർ ദേവസ്വം ബോർഡ് കേരളാ സ്റ്റേറ്റ് ടെമ്പിൾ കോർഡിനേഷൻ കമ്മറ്റി കൺവീനറായ വി.വി.ശ്രീനിവാസൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പഴയ മദിരാശി നിയമമാണ് മലബാർ ദേവസ്വം ബോർഡ് പിന്തുടരുന്നത്. കേരളം സംസ്ഥാനം രൂപീകരിച്ച് ആറു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഈ പഴയ നിയമം തന്നെയാണ് മലബാർ ദേവസ്വം ബോർഡിൽ പിന്തുടരുന്നത്. ഈ നിയമം തന്നെയാണ് മലബാർ ദേവസ്വം ബോർഡിൽ ട്രസ്റ്റി ഭരണം ഉറപ്പിക്കുന്നതും. മലബാർ ദേവസ്വം ബോർഡിൽ പരിഷ്‌ക്കരണത്തിനുവേണ്ടി ഇതുവരെ വന്നു പോയത് ഏഴോളം കമ്മറ്റികളാണ്. ലക്ഷങ്ങൾ പൊടിച്ചു എന്നല്ലാതെ കാര്യങ്ങൾ ഒരു ചുവടു പോലും ഈ കാര്യത്തിൽ മുന്നോട്ടു പോയില്ല. രണ്ടു വർഷം മുൻപ് പിണറായി സർക്കാരും ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തിരു-കൊച്ചി ദേവസ്വം ബോർഡുകൾ പോലെ കോമൺഫണ്ട് വേണമെന്നും ശമ്പളം എകീകരിക്കണമെന്നും ഈ കമ്മറ്റിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആ റിപ്പോർട്ടിനും ഫയലിൽ ഉറങ്ങാനാണ് വിധി.

തിരു-കൊച്ചി ദേവസ്വങ്ങളിൽ ദേവസ്വം ബോർഡ് ശമ്പളം നൽകുമ്പോൾ മലബാർ ദേവസ്വം ബോർഡിൽ ട്രസ്റ്റിമാരാണ് ശമ്പളം നൽകുന്നത്. ഈ ശമ്പളവുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ജീവിതം കരിന്തിരി പോലെയാണ് ഇപ്പോൾ കത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP