Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ ഗോൾഡിന് വേണ്ടി തങ്ങളെ മാഫിയാ വക്താക്കളായി ചിത്രീകരിച്ചത് കൈക്കൂലി വാങ്ങിയ മാദ്ധ്യമപ്രവർത്തകർ; ജുവല്ലറി ഗ്രൂപ്പിന് വേണ്ടി ചരടുവലിക്കുന്നത് കുഞ്ഞാലിക്കുട്ടിയും ആര്യാടനും: സ്വർണ്ണാഭരണ നിർമ്മാണ ശാലയ്‌ക്കെതിരായി സമരം ചെയ്യുന്നവർ മറുനാടനോട് പറഞ്ഞത്

മലബാർ ഗോൾഡിന് വേണ്ടി തങ്ങളെ മാഫിയാ വക്താക്കളായി ചിത്രീകരിച്ചത് കൈക്കൂലി വാങ്ങിയ മാദ്ധ്യമപ്രവർത്തകർ; ജുവല്ലറി ഗ്രൂപ്പിന് വേണ്ടി ചരടുവലിക്കുന്നത് കുഞ്ഞാലിക്കുട്ടിയും ആര്യാടനും: സ്വർണ്ണാഭരണ നിർമ്മാണ ശാലയ്‌ക്കെതിരായി സമരം ചെയ്യുന്നവർ മറുനാടനോട് പറഞ്ഞത്

എം പി റാഫി

മലപ്പുറം: സമരക്കാർക്കെതിരിൽ പത്ര മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് സമര സമിതി പ്രതിഷേധവുമായി രംഗത്ത്. മലബാർ ഗോൾഡിനെതിരിൽ അനിശ്ചിത കാല സമരം നടത്തി വരുന്ന സമരക്കാരെ സ്വർണക്കടത്ത് മാഫിയയായും അനധികൃത സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളുടെ ബിനാമികളായും ചിത്രീകരിച്ച് കുറച്ചുദിവസം മുമ്പ് പ്രമുഖ പത്രമാദ്ധ്യമങ്ങളിലെല്ലാം ഒരേ ഉള്ളടക്കത്തിലുള്ള വാർത്ത പ്രസിദ്ധീകരിച്ചതാണ് സമരക്കാരെ ചൊടിപ്പിച്ചത്. പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡിനെതിരായി ഒരു മാസത്തിലധികമായി അനിശ്ചിതകാല സമരം നടത്തി വരികയാണ് മലപ്പുറം കാക്കഞ്ചേരി നിവാസികൾ. മലബാർ ഗോൾഡിന് വേണ്ടി ജനപ്രതിനിധികളും മന്ത്രിമാരും ഉൾപ്പടെയുള്ളവർ ഒത്താശ നിൽകുന്നതായി സമരത്തിന്റെ തുടക്കത്തിൽ തന്നെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്തകൾ ശരി വെയ്ക്കുന്നതായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ അരങ്ങേറിയത്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കാക്കഞ്ചേരി കിൻഫ്രാ ഫുഡ് ഇൻഡസ്ട്രിയൽ പാർക്കിലെ മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ നിർമ്മാണ കമ്പനിക്ക് മുന്നിൽ അധികൃതർ നിയമങ്ങൾ നഗ്നമായി ലംഘിക്കുന്ന കാഴ്ചയായിരുന്നു.

തെറ്റായ വാർത്തകൾ പത്രമാദ്ധ്യമങ്ങൾ നൽകിയതിന് പിന്നിൽ ഗൂഢാലോചനയാണെന്നും നിലവിൽ ഹൈക്കോടതിയുടെ സ്റ്റേ ലഭിച്ച ഫാക്ടറിക്കുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസും ഗ്രീൻ കാറ്റഗറി സർട്ടിഫിക്കറ്റും ലഭിച്ചതിന് പിന്നിൽ ചില മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നും സമര സമിതി ഉറച്ച് വിശ്വസിക്കുന്നു. ബാർകോഴ വിവാദവുമായി ബന്ധപ്പെട്ട് ആർ ബാലകൃഷ്ണപിള്ള പറഞ്ഞ മലബാർ ഗോൾഡ് 19 കോടി മാണിക്ക് നൽകി എന്ന വെളിപ്പെടുത്തലാണിപ്പോൾ സമരക്കാർക്കെതിരായി ആസൂത്രിതമായി തിരിയാനുള്ള കാരണമെന്നും സമരസമിതി ചെയർമാൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ശരീരത്തിനും എല്ലിനും മാരകമായി ബാധിക്കുന്ന വിഷവാതകങ്ങൾ പുറന്തള്ളുന്നതാണ് നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ നിർമ്മാണശാല. ഫാക്ടറിയുടെ നൂറ് മീറ്റർ പരിതിയിൽ തന്നെ വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയടങ്ങിയ ജനവാസകേന്ദ്രമാണ്. എന്നാൽ ഈ ജീവനുകൾക്കൊന്നും യാതൊരു വിലയും കൽപ്പിക്കാതെയാണ് പണക്കൊഴുപ്പിൽ നിയമം അധികൃതർ മറന്നുകളഞ്ഞത്. സമാനമായി സംസ്ഥാത്ത് പ്രവർത്തിച്ചിരുന്ന പല സ്ഥാപനങ്ങളും വരുത്തി വച്ച അപകങ്ങൾ ചൂണ്ടിക്കാട്ടിയും ഇവിടങ്ങളിലെല്ലാം ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടിയും വന്ന സംഭവങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു നാട്ടുകാർ കൊടികൾ വ്യത്യാസമില്ലാതെ ഒന്നിച്ചത്. എന്നാൽ തികച്ചും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി സമരം ചെയ്തു കൊണ്ടിരിക്കുന്ന ഒരു നാടിനെ മാഫിയകളും, കള്ളക്കടത്തുകാരുമാക്കി മാറ്റിയ ലേഖനങ്ങൾക്കു പിന്നിലെ ദുരൂഹതകളും ആശങ്കകളും സമര സമിതി ചെയർമാൻ കൂർക്കൻ പറമ്പ്, വൈശാഖ വീട്ടിൽ എ.ബാലകൃഷ്ണൻ മറുനാടൻ മലയാളിയുമായി പങ്കുവെക്കുന്നതിങ്ങനെ:

ഞങ്ങളെ മാഫിയകളാക്കിയും മലബാർ ഗോൾഡിനെ ന്യായീകരിച്ചും കഴിഞ്ഞ ദിവസങ്ങളിൽ പത്രമാദ്ധ്യമങ്ങൾ എഴുതിയതിന് പിന്നിൽ ഇപ്പോൾ പുറത്ത് വരുന്ന കൈക്കൂലി കഥകളാണ്. മലബാർ ഗോൾഡിന്റെ ഓഫീസിൽ നിന്നും അഞ്ച് പേജ് അടങ്ങുന്ന ഒരു ലേഖനം എല്ലാ പത്ര ഓഫീസുകളിലും അവർ തന്നെ എത്തിക്കുകയായിരുന്നു. ഇത് കിട്ടിയതോടെ ഓരോ പത്രക്കാരും അവരുടെ ലീലാവിലാസത്തിനനുസരിച്ച് എഴുതുകയാണുണ്ടായത്. തേജസ്, സിറാജ് തുടങ്ങിയ ഏതാനും ചില പത്രങ്ങളൊഴിച്ചാൽ മറ്റു പത്രങ്ങളിലെല്ലാം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ വാർത്ത നൽകിയത്. കേരളാകൗമുദിയാണ് ഏറ്റവും അപകടകരമായി ഈ വാർത്ത എഴുതിയത്.

കേരളാ കൗമുദിയിൽ എഴുതിയ ലേഖകൻ യാത്രക്കിടെ എന്നെ കാണാൻ വന്നിരുന്നു അപ്പോൾ ഞങ്ങൾ മുന്നോട്ട് വെക്കുന്ന ന്യായമായ കാര്യങ്ങൾ അയാളോട് പറഞ്ഞിരുന്നു. പക്ഷെ ഇയാൾ എഴുതിയതാകട്ടെ കേരളത്തിലുള്ള എല്ലാ ആഭരണ നിർമ്മാണ കേന്ദ്രങ്ങളും ഗ്രീൻ കാറ്റഗറിയിൽ ആണെന്നാണ്. ഇവിടെ നിർമ്മിക്കുന്നതിന്റെ ഒരു ശതമാനം മാത്രം നിർമ്മിച്ചിരുന്ന പല സ്ഥാപനങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കാണാതെയാണ് ലേഖകൻ മലബാർ ഗോൾഡിന് വേണ്ടി ലേഖനം എഴുതിയത്. മലബാർ ഗോൾഡ് അധികൃതർ അവരുടെ എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി റെഡ് കാറ്റഗറി എന്നത് ഗ്രീൻ കാറ്റഗറി സർട്ടിഫിക്കറ്റ് അന്യായമായി കൈക്കലാക്കുകയാണ് ചെയ്തത്. ഈ മാസം ഏഴിനാണ് അവർക്ക് ബന്ധപ്പെട്ട വകുപ്പ് ഗ്രീൻ കാറ്റഗറി സർട്ടിഫിക്കറ്റ് നൽകുന്നത്. നേരത്തേ ഉണ്ടായിരുന്ന പ്ലാനുകളിൽ വ്യത്യാസം വരുത്തിയാണ് ഇപ്പോഴത്തെ ഗ്രീൻ കാറ്റഗറി അവർ നേടിയത്. ഏറ്റവും വലിയ അത്ഭുതം എന്ന് പറയുന്നത് സമരക്കാരെയെല്ലാം കള്ളക്കടത്ത് മാഫിയകളാക്കിയെന്നതാണ്, ഇതിന് മുഖ്യധാരാ പത്രങ്ങളും കൂട്ടു പിടിച്ചത് തികച്ചും ഖേദകരമാണ്.

കഴിഞ്ഞ ദിവസം പത്രങ്ങൾ എഴുതിയത് 550 സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങൾ കോഴിക്കോടും 280മലപ്പുറത്തും ഉണ്ടെന്നാണ്. എന്നാൽ ഞങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കോഴിക്കോട് ഒന്ന് മാത്രമേ ഉള്ളൂ എന്നാണ്. അപ്പോൾ ഈ പത്രങ്ങളുടെ ഉദ്ദേശവും പരസ്യവും പണവും ലഭിക്കുന്നതിലുള്ള കൂറും വ്യക്തമാണ്. ഇതൊരു പെയ്ഡ് ന്യൂസ് ആയിരുന്നെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ തെറ്റായ വാർത്ത നൽകിയതിൽ പ്രതിഷേധിച്ച് ഞങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. ഇന്നലെ എല്ലാ പത്ര ഓഫീസുകളിലും ഇതിന്റെ ശരിയായ വശം വിശദീകരിക്കുന്ന റീലീസ് നൽകിയിരുന്നു. എന്നിട്ടും കേരളാ കൗമുദിയിലെ അതേ ലേഖനം ഇന്നലത്തെ വൈകിട്ടുള്ള ഫ്‌ളാഷിൽ ആ ലേഖകന്റെ പേരിൽ തന്നെ നൽകുകയാണുണ്ടായത്. മാത്രമല്ല കേരളാ കൗമുദി, ഫ്‌ളാഷ്, സുപ്രഭാതം ഈ പത്രങ്ങളെല്ലാം എന്തിനു വേണ്ടിയായിരുന്നു സമരപന്തലിലും സമീപ വാസികൾക്കും സൗജന്യമായി വിതരണം ചെയ്തത്? ആരായിരുന്നു അതിന്റെയെല്ലാം പിന്നിൽ? ഇതിന്റെ പേരിൽ ഈ പത്രങ്ങൾ എത്ര പണമാണ് വാങ്ങിയത്?

സമര സമിതി ചെയർമാൻ എന്ന നിലയിൽ എന്നെ പറ്റിയോ സമരക്കാരെ പറ്റിയോ കള്ളക്കടത്തുകാരെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല. ആർക്കും ഞങ്ങളുംടെ സമരപന്തലിൽ വന്ന് നോക്കാവുന്നതാണ് ഇവിടെ എല്ലാ കൊടികളും കാണാം ചില പാർട്ടികൾ അവരുടെ ഉന്നത നേതാക്കളുടെ എതിർപ്പുകൾ മറികടന്നാണ് ഇവിടെ സമരം ചെയ്യുന്നത്. സമരക്കാരെ കുറിച്ചോ എന്നെ പറ്റിയോ കള്ളക്കടത്തെന്നും കരിഞ്ചന്തയെന്നും പത്രക്കാരും മലബാർഗോൾഡും ഒന്നടങ്കം പറഞ്ഞാലും ഈ നാട്ടുകാർ അത് വിശ്വസിക്കാൻ പോകുന്നില്ല. എന്നെ പ്രസിഡന്റാക്കിയത് നാട്ടുകാർക്ക് എന്നിലുള്ള വിശ്വാസമാണ്. ഹൈക്കോടതിയിൽ ഈ ഫാക്ടറിയുടെ നടത്തിപ്പിന് സ്റ്റേ ഉണ്ടായിരിക്കെയാണ് ഏപ്രിൽ ഉദ്ഘാടനം നടത്തുമെന്ന് പത്രങ്ങളിൽ എഴുതിയത്. ഇതിൻ നിന്നെല്ലാം വ്യക്തമാണ് മലബാർ ഗ്രൂപ്പിന് വലിയ ഭരണ പിന്തുണ ലഭിക്കുന്നുണ്ടെന്ന്. മന്ത്രിമാരും വകുപ്പ് മേധാവികളും അവഗണിച്ചിട്ടു പോലും എല്ലാപാർട്ടിയും ഒന്നായി സമരം നടത്തുകയാണിവിടെ. കാരണം ഇവിടെ അനുഭവിക്കേണ്ടി വരിക കുഞ്ഞാലിക്കുട്ടിയല്ലല്ലോ..? ഞങ്ങളും കുടുംബങ്ങളുമാണ്.

ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും ആര്യാടൻ മുഹമ്മദും ഇതിൽ പങ്കാളികളാണെന്നാണ്. വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡുമാണ് ഇതിൽ പെടുന്ന പ്രധാന രണ്ട് വകുപ്പുകൾ. പൊലൂഷൻ കൺട്രോൾ വകുപ്പ് മന്ത്രി എന്ന നിലയിൽ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ നാല് തവണ കണ്ടിരുന്നു. അപ്പോഴെല്ലാം ഗ്രീൻ കാറ്റഗറി നൽകില്ലെന്നാണ് ഉറപ്പ് നൽകിയിരുന്നത്. ഇപ്പോൾ മലിനീകരണമില്ലാതെ അവർ ഫാക്ടറി നടത്തിക്കോട്ടെ എന്നാണ് ആര്യാടന്റെ മറുപടി. ഈ വകുപ്പുകൾക്കെല്ലാം കിട്ടേണ്ടത് മലബാർ ഗോൾഡിൽ നിന്നും കിട്ടിയിട്ടുണ്ടാകും അതാണ് ചട്ടങ്ങൾ ബാധകമാക്കാതെ ഇവർക്ക് അനുകൂലമാക്കിയത്. പൊലീസും ഇവർക്ക് വേണ്ടി സമരക്കാരെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. കെ.എം മാണിക്ക് മലബാർ ഗോൾഡിൽ നിന്നും 19കോടി ലഭിച്ചിട്ടുണ്ടെങ്കിൽ മറ്റു വകുപ്പുകൾക്ക് എത്ര കിട്ടിയിട്ടുണ്ടെന്ന് സാധാരണക്കാർക്ക് ചിന്തിക്കാവുന്നതാണ്. ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ഈ സമരങ്ങൾ നടക്കുന്നത് മലബാർ ഗോൾഡിനെതിരെയല്ലെങ്കിൽ എപ്പോഴേ പൂട്ടി പോകുമായിരുന്നു.

മലിനീകരണ നിയന്ത്രണ ബോർഡും വ്യവസായ വകുപ്പും പൂർണ പിന്തുണ ഇവർക്ക് നൽകിയതുകൊണ്ടാണല്ലോ നിയമത്തിന് യാതൊരു വിലയും കൽപ്പിക്കാത്തത്. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി തുടരുന്ന എ സജീവൻ എന്ന ഉദ്യോഗസ്ഥനെ കാലാവധി കഴിഞ്ഞിട്ടും ഈ ചുമതല സർക്കാർ നൽകിയിരിക്കുന്നത് മലബാർ ഗോൾഡിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും മാദ്ധ്യമങ്ങൾ മനസിലാക്കണമെന്നും നീതിക്കായുള്ള സമരത്തെ അനുകൂലിച്ചില്ലെങ്കിലും എതിർക്കരുതെന്ന അപേക്ഷയാണുള്ളത്. വായും വെള്ളവും മലിനമാക്കുന്ന മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ കമ്പനി പൂട്ടും വരെയും ഞങ്ങൾ ഒരു ചുവട് പിന്നോട്ട് പോകാതെ സമരം ചെയ്യുക തന്നെ ചെയ്യും.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP