Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരാമ്പ്രയെ വിറപ്പിച്ച നിപ്പ എടുത്തത് 17 ജീവൻ; പെരുന്നാൾ ആഘോഷത്തിനിടെ കരിഞ്ചോലമല ഉരുൾപൊട്ടലിൽ അഞ്ചുനിമിഷത്തിൽ ഒലിച്ചുപോയത് 14 ജീവൻ; ഒരുജനതയുടെ സമ്പാദ്യമെല്ലാം കവർന്ന് കലിതുള്ളി കാലവർഷവും; മലബാറിന് തീരാദുരിതത്തിന്റെ നാളുകൾ

പേരാമ്പ്രയെ വിറപ്പിച്ച നിപ്പ എടുത്തത് 17 ജീവൻ; പെരുന്നാൾ ആഘോഷത്തിനിടെ കരിഞ്ചോലമല ഉരുൾപൊട്ടലിൽ അഞ്ചുനിമിഷത്തിൽ ഒലിച്ചുപോയത് 14 ജീവൻ; ഒരുജനതയുടെ സമ്പാദ്യമെല്ലാം കവർന്ന് കലിതുള്ളി കാലവർഷവും; മലബാറിന് തീരാദുരിതത്തിന്റെ നാളുകൾ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ഈ കാലവർഷം മലബാറിന്റെ മലയോര ജനത ഒരിക്കലും മറക്കില്ല. അത്രയേറെ ദുരിതങ്ങളാണ് ഈ വർഷത്തെ കാലവർഷം മലയോരത്തിന് സമ്മാനിച്ചത്. ആദ്യം പേരാമ്പ്രയിൽ നിപ്പയുടെ രൂപത്തിലായിരുന്നു ദുരിതങ്ങളുടെ തുടക്കം. നഷ്ടമായത് 17 ജീവനുകൾ, പിന്നീട് കരിഞ്ചോലമലയിലെ ഉരുൾപൊട്ടൽ. പെരുന്നാളാഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ അവിടെയും നഷ്ടമായി കുറെയേറെ ജീവനുകൾ. ഇപ്പോഴിതാ വീണ്ടും കാലവർഷം ദുരന്തങ്ങളുമായെത്തിയിരിക്കുന്നു. ഒരു ജനതയുടെ ജീവിത സമ്പാദ്യമെല്ലാം തകർത്ത് തരിപ്പണമാക്കി കാലവർഷമിപ്പോഴും കലിതുള്ളി പെയ്യുന്നു.

കോഴിക്കോടിന്റെ മലയോര മേഖലകളെല്ലാം കാലവർഷത്തിന്റെ ദുരിതമനുഭവിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴാണ് അൽപമെങ്കിലും നിലച്ചത്. കോഴിക്കോട് ജില്ലയിലെ മട്ടിമല, പൂവാറംതോട്, മുട്ടത്തുപുഴ, പതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, ചെമ്പുകടവ്, എന്നിവിടങ്ങളിലാണ് ഉരുൾപെട്ടലുണ്ടായിരിക്കുന്നത് കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടലിൽ പെട്ട് ഒരാൾ മരിക്കുകയും ചെയ്തു. ചാലിയാർ, കടലുണ്ടി, കുറ്റ്യാടി, ഇരുവഴിഞ്ഞി, മഞ്ഞക്കടവ് പുഴകളെല്ലാം നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. മാവൂർ,മുക്കം, താമരശ്ശേരി, ചെറുവാടി, കൂളിമാട്, ആനക്കാപൊയിൽ, ചേന്ദമംഗല്ലൂർ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

ഇവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി ആളുകളെ മാറ്റി പാർപ്പിച്ചു. മുത്തപ്പൻപുഴ, മുണ്ടുപാറ ഭാഗങ്ങളിൽ നിന്ന് ഒമ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. തൊട്ടിൽപ്പാലം, പീടികപ്പാറ, പശുക്കടവ് ആദിവാസി കോളനികളിൽ നിന്ന് പതിനൊന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കോഴിക്കോട്, മൈസൂർ റൂട്ടിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഒരു കെ എസ് ആർ ടി സി ബസ്സടക്കം പത്തിലേറെ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പൊലീസും ഒരുമിച്ചു. കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

കാലവർഷക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. കോഴിക്കോട് ജില്ലാകളക്ടർ യു വി ജോസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം സന്ദർശനത്തിനിറങ്ങിയത്്. ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ച കട്ടിപ്പാറ കരിഞ്ചോല മലയിലാണ് സംഘം ആദ്യം സന്ദർശനം നടത്തിയത്. പിന്നീട് താമരശ്ശേരി ചുരം റോഡ്, മുക്കം, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ ദുരിതബാധിത മേഖലകളിലും സംഘം സന്ദർശനം നടത്തി. ജില്ലാ കളക്ടർ കൂടുതൽ കേന്ദ്രസഹായം തേടിയിട്ടുണ്ട്.

കണ്ണൂരിൽ ബാവലി, ചീങ്കണ്ണി, കാഞ്ഞിര തുടങ്ങിയ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ജില്ലയുടെ മലയോരമേഖലകളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. 200 ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാൽച്ചുരം കോളനിയിലെ താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഇരിട്ടി മേഖലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മൂന്നാഴ്ച മുമ്പ് തകർന്നതിനെ തുടർന്ന് പുനർനിർമ്മിച്ച ആറളം ഫാം-വളയഞ്ചാൽ തൂക്കുമരപ്പാലം വീണ്ടും തകർന്നു. ഇതോടെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല കടുത്ത യാത്രാക്ലേശം അനുഭവിക്കുന്നു. അയ്യങ്കുന്ന്, ഉളിക്കൽ, ആറളം പഞ്ചായത്തുകളിലായി 30 ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുകളുണ്ടായി. കൊട്ടിയൂർ ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. കൊട്ടിയൂർ വഴി മാനന്തവാടിയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. കൊട്ടിയൂരിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

കൊട്ടിയൂർ ടൗൺ മുതൽ ചുങ്കക്കുന്ന് വരെ മലയോര ഹൈവേ പൂർണമായും വെള്ളത്തിലാണ്. പാൽച്ചുരം മുതൽ ചെകുത്താൻ തോട് വരെ പത്തോളം ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായി. ഇരിട്ടി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്്. ശ്രീകണ്ഠപുരം ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കണ്ണൂരിൽ പൊലീസിനും ഫയർഫോഴ്സിനും പുറമെ ടെറിറ്റോറിയൽ ആർമിയും പ്രതിരോധസുരക്ഷാസേനയും രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങി.

മലപ്പുറം ജില്ലയിൽ ആഢ്യൻപാറക്കു മുകളിൽ ചെട്ടിയംപാറയിൽ ഉരുൾപൊട്ടിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിലമ്പൂർ ടൗണിൽ മൂന്നിടങ്ങളിൽ വെള്ളക്കെട്ടുണ്ടായതു കാരണം രക്ഷാപ്രവർത്തന സേനകൾക്ക് ഉരുൾ പൊട്ടലുണ്ടായ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പുലർച്ചെ മൂന്നു മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങളിൽ രാവിലെ എട്ടുമണിക്കാണ് മൃതദേഹങ്ങൾ ലഭിച്ചുതുടങ്ങിയത്. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്കാശുപത്രിയിലേക്ക് എത്തിക്കാനും വെള്ളക്കെട്ടുകൾ തടസ്സമായി. ഏറെ വൈകിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് എത്തിക്കാനായത്. നാട്ടുകാരും പോത്തുകല്ല് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ, നിലമ്പൂർ എം എൽ എ പി വി അൻവർ, മഞ്ചേരി എം എൽ എ എം ഉമ്മർ തുടങ്ങിയവർ ആശുപത്രിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

മലപ്പുറം ജില്ലയിൽ ചെറുതും വലുതുമായി പത്തിലേറെ ഉരുൾപൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വാഴക്കാട് പഞ്ചായത്തിൽ ചാലിയാറിൽ നിന്ന് വെള്ളം കയറി എടവണ്ണപ്പാറ- കോഴിക്കോട് റോഡ്ിൽ ഗതാഗതം മുടങ്ങി. മഴ ഇപ്പോഴും തുടരുകയാണ്. കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിനകത്ത് കടഞ്ചീരി മലയിൽ ഉരുൾപൊട്ടി. ചോക്കാട് പഞ്ചായത്തിലെ സ്രാമ്പിക്കല്ലിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന ഏഴ് കുടുംബങ്ങളോട് മാറിത്താമസിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശിച്ചു.
വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വയനാട്ടിലേക്കുള്ള മുഴുവൻ ചുരങ്ങളും മണ്ണിടിഞ്ഞും മരം വീണും ഗതാഗതയോഗ്യമല്ലാതായി. ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

തലപ്പുഴ മംഗലശ്ശേരി റസാഖ്, ഭാര്യ സീനത്ത്, വൈത്തിരി ലക്ഷംവീട് കോളനി ജോർജിന്റെ ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്. ജില്ലയിൽ 26 ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല കോളനികളും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗതാഗത മാർഗങ്ങളെല്ലാം അടഞ്ഞ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാനുള്ള നിർവാഹമില്ലാതായി. വയനാട് ജില്ലാ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, വിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അടിയന്തിര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. എല്ലാ റിലീഫ് ക്യാമ്പുകളിലും ഡോക്ടർമാരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 13 വർഷത്തിനുശേഷം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.

ചിറ്റൂർ പുഴയും കല്പാത്തിപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. നെൽപ്പാടങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും നിറഞ്ഞൊഴുകി. വാളയാറിൽ റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വാളയാർ, മംഗലം ഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പറമ്പിക്കുളത്ത് നിന്ന് ആളയാറിലേക്കും തിരുമൂർത്തിയിലേക്കും വലിയരീതിയിൽ ജലം ഒഴുകിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് നഗരത്തിൽ കുടിവെള്ള പൈപ്പ് തകർന്ന് കുടിവെള്ളത്തിൽ മലിനജലം കലർന്നു. ഒരാഴ്ചക്കാലത്തേക്ക പാലക്കാട് നഗരത്തിൽ കുടിവെള്ളം ലഭ്യമല്ലാതാകും. ടാങ്കറുകളിൽ വെള്ളം എത്തിച്ച് പകരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP