Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലമ്പുഴ തുറന്നതോടെ സമീപപ്രദേശങ്ങളിലെ ചെറുപുഴകൾ കടന്ന് ഭാരതപ്പുഴയിൽ വെള്ളമെത്തി നിള നിറഞ്ഞൊഴുകുന്നു; കുതിരാനിലെ യാത്രാക്ലേശം ഡാമിൽ സന്ദർശകരെ കുറച്ചു; കുടിവെള്ളം കിട്ടാക്കനിയും; മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു

മലമ്പുഴ തുറന്നതോടെ സമീപപ്രദേശങ്ങളിലെ ചെറുപുഴകൾ കടന്ന് ഭാരതപ്പുഴയിൽ വെള്ളമെത്തി നിള നിറഞ്ഞൊഴുകുന്നു; കുതിരാനിലെ യാത്രാക്ലേശം ഡാമിൽ സന്ദർശകരെ കുറച്ചു; കുടിവെള്ളം കിട്ടാക്കനിയും; മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു

മറുനാടൻ മലയാളി ബ്യുറോ

തൃശൂർ: കേരളത്തിലെ വലിയ അണക്കെട്ടുകളിൽ ഒന്നായ മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. കഴിഞ്ഞ ബുധനാഴ്ച മൂന്നു സെന്റിമീറ്ററും ശനിയാഴ്ച ഒമ്പത് സെന്റിമീറ്ററുമാണ് ഷട്ടറുകൾ തുറന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 115.06 മീറ്ററാണ്. കഴിഞ്ഞ ബുധനാഴ്ച ജലനിരപ്പ് 114.88 എത്തിയപ്പോഴാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഏറ്റവും അവസാനം ഈ ഡാമിന്റെ ഷട്ടറുകൾ തുറന്നത് 2014-നായിരുന്നു. അന്ന് ജലനിരപ്പ് 115.76 എത്തിയപ്പോഴായിരുന്നു ഷട്ടറുകൾ തുറന്നത്.

മലമ്പുഴ അണക്കെട്ട് തുറന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഒരു പ്രധാനപ്പെട്ട ഫീഡർ വഴിയെത്തുന്ന വൈദ്യുതി ഈ അണക്കെട്ടിന്റെതാണ്. മാത്രമല്ല, സമീപപ്രദേശങ്ങളിലെ ചെറുപുഴകൾ കടന്ന് ഭാരതപ്പുഴയിൽ വെള്ളമെത്തി. നിള സമൃദ്ധമായി. ഇക്കുറി മലമ്പുഴയുടെ വൃഷ്ടിപ്രദേശത്ത് 52 എം.എം. മഴ കിട്ടിയതായാണ് ഡാം അധികൃതർ പറയുന്നത്. ഡാം ആദ്യമായി തുറന്ന ബുധനാഴ്ച സന്ദർശകരിൽ നിന്ന് മൂന്നര ലക്ഷം രൂപയുടെ ഗേറ്റ് കളക്ഷൻ ഉണ്ടായതായാണ് അറിയാൻ കഴിയുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്നു. കൂടുതലും പാലക്കാട് നിന്നുള്ള സന്ദർശകരാണ് ഡാം സന്ദർശിച്ചുകൊണ്ടിരിക്കുന്നത്.

കുതിരാനിലെ യാത്രാക്ലേശം നിമിത്തം തൃശൂർ ഭാഗത്തുനിന്നുള്ള സന്ദർശകർ വളരെ കുറവാണ്. കുതിരാനിലെ ഗതാഗതക്കുരുക്കിൽ രണ്ടും മൂന്നും മണിക്കൂറുകളാണ് ഇതുവഴിയുള്ള യാത്രക്കാർ കുരുങ്ങിക്കിടക്കുന്നത്. ഡാം നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമ്പോഴും ഡാമിലെത്തുന്ന സന്ദർശകർക്ക് കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും അധികൃതർ കൊടുക്കുന്നില്ല. മലമ്പുഴ ഡാമിനകത്ത് കുടിവെള്ളം അധികൃതർ നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണ് ഈ നിരോധനം എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പ്ലാസ്റ്റിക്ക് കുപ്പികളിൽ വരുന്ന മറ്റു മധുര പാനീയങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

കുപ്പിവെള്ളം വിൽക്കുന്ന മിൽമയുടെ ഔട്ട് ലെറ്റുകളിൽ പോലും കുപ്പിവെള്ളം ഒഴിവാക്കി മധുര പാനീയങ്ങൾ സന്ദർശകരെ കുടിപ്പിക്കുന്നു. കുപ്പിവെള്ളം വിൽക്കുമ്പോൾ കിട്ടുന്ന കമ്മീഷൻ കുറവായതുകൊണ്ടാണ് കുപ്പിവെള്ളം വിൽക്കാത്തതെന്നാണ് സന്ദർശകരുടെ ആരോപണം. മിൽമ പോലും അവരുടെ കുപ്പിവെള്ളം സന്ദർശകർക്ക് നിഷേധിക്കുന്നതിൽ സന്ദർശകർക്ക് ആക്ഷേപമുണ്ട്. അതേസമയം മിൽമയുടെ കുപ്പിവെള്ളം എവിടെയും നിരോധിച്ചിട്ടില്ലെന്ന് മിൽമ അധികൃതർ പറയുന്നു. മിൽമ ഔട്ട് ലെറ്റ് കരാർ എടുത്തവരാണ് വെള്ളം നിരോധിച്ചതെന്നും മിൽമ അധികൃതർ പറയുന്നു. മാത്രമല്ല, മിൽമയുടെ കുപ്പിവെള്ളം ഡാമിന് പുറത്തും പരിസരങ്ങളിലും വിൽപ്പനക്ക് വച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മലമ്പുഴ ഡാം സന്ദർശിക്കാനെത്തുന്നവർക്ക് പരാതികളെറെയാണ്. ഇവിടുത്തെ പല ലഘു ഭക്ഷണ ശാലകളും അടഞ്ഞുകിടക്കുകയാണ്. വിശ്രമകേന്ദ്രങ്ങളും വേണ്ടത്ര പരിപാലനമില്ലാതെ വിശ്രമയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. രണ്ടു രൂപയ്ക്കും അഞ്ചുരൂപയ്ക്കും മൂത്ര-മല വിസർജ്ജന സൗകര്യങ്ങൾ ഒരുക്കിയ മൂത്രപ്പുരകളിലും വെള്ളവും വെളിച്ചവുമില്ല. മലമ്പുഴ ഉദ്യാനവും പരിചരണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശിൽപം യക്ഷിയേയും അധികൃതർ വെറുതെ വിടുന്നില്ല. ഈ യക്ഷിയുടെ അവസ്ഥയും പരിതാപകരമാണ്. യക്ഷിയുടെ അംഗോപാംഗങ്ങൾ എല്ലാതന്നെ അപകടത്തിലാണ്. യക്ഷിയുടെ മുടിയെല്ലാം ആരോ പറിച്ചെടുത്തിരിക്കുന്നു. എല്ലാവരുടേയും മുന്നിൽ നിസ്സഹായയായി തലകുനിച്ച് ഈ യക്ഷിയും തല ഉയർത്തിപിടിച്ച മറ്റൊരു കാലത്തെ അയവിറക്കുന്നത് കാണാം.

ലക്ഷങ്ങൾ മുടക്കി പ്രധാന കവാടത്തിൽ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് പ്രവേശന കവാടം ഇവിടെ ഘടിപ്പിച്ചതിനുശേഷം നാളിതുവരെ പ്രവർത്തിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ഡാമിനകത്തെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സുരക്ഷാബോട്ടുകളിൽ പലതും അവിടവിടെ ഉപയോഗശൂന്യമായി കിടക്കുന്നത് കാണാം. സഞ്ചാരികൾ ഉപയോഗിക്കുന്ന റോപ് വെ സംവിധാനങ്ങളും കുറ്റമറ്റതല്ല. ഇരിപ്പിടങ്ങളും മറ്റും തുരുമ്പെടുത്തതായി കാണാവുന്നതാണ്. ഇരിപ്പിടങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഫൈബർ ഗ്ലാസ്സുകളും പുറം കാഴ്ചയ്ക്ക് കൊള്ളില്ല.

ഇവിടെ ആകെക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ഗേറ്റിലെ പണപ്പിരിവും അശാസ്ത്രിയമായ വാഹന പാർക്കിങ്ങിലൂടെ നടത്തുന്ന കൊള്ളയുമാണ്. മലമ്പുഴയിലെ മരാമത്തുകൾക്കായി ഈ വർഷം 27 കോടി പാസ്സായിട്ടുന്‌ടെന്നും എല്ലാം ശരിയാവുമെന്നാണ് അധികൃതരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP