Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദബിയിൽ നിന്നുവന്ന 70കാരിക്കും അഞ്ചു വയസുകാരി പേരമകൾക്കും ഉൾപ്പെടെ അഞ്ച് പേർക്ക് ഇന്ന് മലപ്പുറത്ത് കോവിഡ്; ജില്ലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 72 ആയി; രണ്ട് പേർ രോഗമുക്തരായി; 584 പേർക്കുകൂടി പ്രത്യേക നിരീക്ഷണം; ജില്ലയിൽ എട്ട് കോവിഡ് കെയർ സെന്ററുകൾ കൂടി തുറന്നു

അബുദബിയിൽ നിന്നുവന്ന 70കാരിക്കും അഞ്ചു വയസുകാരി പേരമകൾക്കും ഉൾപ്പെടെ അഞ്ച് പേർക്ക് ഇന്ന് മലപ്പുറത്ത് കോവിഡ്;  ജില്ലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 72 ആയി; രണ്ട് പേർ രോഗമുക്തരായി; 584 പേർക്കുകൂടി പ്രത്യേക നിരീക്ഷണം; ജില്ലയിൽ എട്ട് കോവിഡ് കെയർ സെന്ററുകൾ കൂടി തുറന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: അബുദബിയിൽ നിന്നുവന്ന 70കാരിയും ഇവരുടെ അഞ്ചു വയസുകാരി പേരമകൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഇന്ന് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു. മെയ് 17ന് അബുദബിയിൽ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പൻ കാവ് സ്വദേശിനി 70 കാരി, ഇവരുടെ പേരമകൾ അഞ്ചു വയസുകാരി, മുംബൈയിൽ നിന്ന് മെയ് 16ന് വീട്ടിലെത്തിയ തെന്നല കുറ്റിപ്പാല സ്വദേശി 37കാരൻ, മുംബൈയിൽ നിന്ന് മെയ് 14ന് വീട്ടിലെത്തിയ തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി 68കാരൻ മെയ് 20ന് ദുബായിൽ നിന്ന് കൊച്ചി വഴിയെത്തിയ തിരുനാവായ വൈരങ്കോട് സ്വദേശി 60കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവർ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എസൊലേഷനിലാണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72 ആയി.

50 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിനിയും മറ്റൊരാൾ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 48 പേരാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്ന് 584 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം മെഹറലി അറിയിച്ചു. 11,862 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 125 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 117 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആറ് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 10,546 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,191 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.

കോവിഡ് 19 സ്ഥിരീകരിച്ച് 48 പേരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ ഒരാൾ കോഴിക്കോടും ചികിത്സയിലുണ്ട്. നിലവിൽ രോഗബാധിതരായുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 72 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് മാസം പ്രായമായ കുട്ടി രോഗബാധിതയായിരിക്കെ മരിച്ചു. 23 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. രണ്ട് പേർ രോഗം ഭേദമായ ശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുകയാണ്. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയിൽ ഇതുവരെ 3,320 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 144 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർ രോഗമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 12ന് രോഗബാധ സ്ഥിരീകരിച്ച തിരൂർ ബി.പി അങ്ങാടി സ്വദേശി 27കാരി, മെയ് 13ന് വൈറസ് ബാധ കണ്ടെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരൻ എന്നിവർക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. തിരൂർ ബി.പി അങ്ങാടി സ്വദേശിനി ഗർഭിണിയാണ്. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റപ് ഡൗൺ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

കുവൈത്തിൽ നിന്നും മെയ് ഒൻപതിനാണ് ബി.പി അങ്ങാടി സ്വദേശിനിയും മകനും മൂന്ന് വയസ്സുള്ള മകനും നാട്ടിലെത്തിയത്. രോഗബാധിതനായ കുട്ടി മഞ്ചേരിയിൽ ചികിത്സയിൽ തുടരുകയാണ്. മാറഞ്ചേരി പുറങ്ങ് സ്വദേശി മെയ് ഏഴിനാണ് പ്രത്യേക വിമാനത്തിൽ അബുദബിയിൽ നിന്ന് എത്തിയിരുന്നത്.

കോവിഡ് 19: ജില്ലയിൽ എട്ട് കോവിഡ് കെയർ സെന്ററുകൾ കൂടി തുറന്നു

വിദേശ രാജ്യങ്ങൾ, ഇതരസംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ പേർ തിരിച്ചെത്തുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ എട്ട് കോവിഡ് കെയർ സെന്ററുകൾ കൂടി ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം മെഹറലി അറിയിച്ചു. കോട്ടക്കൽ ആയൂർവേദ കോളജിലെ ഒ.പി ബ്ലോക്ക്, ധന്വന്തരി ബ്ലോക്ക്, എടപ്പാൾ ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് (പി.ജി അനെക്‌സ് ഹോസ്റ്റൽ), കാടാമ്പുഴ ദേവസ്വം റസ്റ്റ് ഹൗസ്, മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഗേൾസ് ഹോസ്റ്റൽ, കോട്ടക്കൽ ആര്യവൈദ്യശാല, ഒതുക്കുങ്ങൽ അൽമാസ് നഴ്‌സസ് ഹോസ്റ്റൽ (മുകൾ നില) തുടങ്ങിയ സ്ഥാപനങ്ങളാണ് പുതിയതായി കോവിഡ് കെയർ സെന്ററുകളായി ഏറ്റെടുത്തിട്ടുള്ളത്. ഇവയുടെ ചുമതല ബന്ധപ്പെട്ട തഹസിൽദാർമാർക്കായിരിക്കും.

കൂടാതെ കൊണ്ടോട്ടിയിലെ ആറോളം ഹോട്ടലുകളിൽ സ്വന്തം ചെലവിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ കഴിയാൻ താത്പര്യപ്പെടുന്നവർ സന്നദ്ധത കാണിക്കുന്ന അഫിഡവിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. കൊണ്ടോട്ടിയിലെ റിയ റസിഡൻസി, പ്ലാസ ഇന്റർനാഷനൽ ഹോട്ടൽ ബെൻസി പാലസ്, ലേ കാസിലോ ടൂറിസ്റ്റ് ഹോം, പാരഡൈസ് ലോഡ്ജ്, ബ്ലു വേവ്, പുളിക്കൽ ടൗവർ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രത്യേക നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ കേന്ദ്രങ്ങളിൽ കഴിയുന്നവർ നിരീക്ഷണത്തിൽ തന്നെയാണെന്ന് ഹോട്ടലിലെ മാനേജർ ഉറപ്പ് വരുത്തണം. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുമുണ്ടായാൽ ബന്ധപ്പെട്ട ചാർജ് ഓഫീസറെ അറിയിക്കണം. പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 191 പേർക്കെതിരെ കേസെടുത്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 14 കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 22 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 10 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4,312 ആയി. 5,306 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,531 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് 191 പേർക്കെതിരെ ഇന്ന് പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവർക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പൊലീസ് കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP