Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർധനഗ്‌നയായ കന്യാസ്ത്രീയുടെ ചിത്രം പിൻവലിച്ചത് ഭാഷാപോഷിണിയുടെ പേരിൽ മനോരമയുടെ സർക്കുലേഷൻ കുറയാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച്; പ്രവാചക വിഷയത്തിൽ മാതൃഭൂമിയുടെ അനുഭവവും പാഠമായി; ആസ്പദമായ രചന വായിച്ചാൽ എതിർപ്പ് ഉണ്ടാകില്ലെന്ന് ചിത്രകാരൻ; 'മൃദ്വംഗിയുടെ ദുർമൃത്യു'വിന് അകാല മൃത്യു

അർധനഗ്‌നയായ കന്യാസ്ത്രീയുടെ ചിത്രം പിൻവലിച്ചത് ഭാഷാപോഷിണിയുടെ പേരിൽ മനോരമയുടെ സർക്കുലേഷൻ കുറയാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച്; പ്രവാചക വിഷയത്തിൽ മാതൃഭൂമിയുടെ അനുഭവവും പാഠമായി; ആസ്പദമായ രചന വായിച്ചാൽ എതിർപ്പ് ഉണ്ടാകില്ലെന്ന് ചിത്രകാരൻ; 'മൃദ്വംഗിയുടെ ദുർമൃത്യു'വിന് അകാല മൃത്യു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്‌മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നെന്ന് വ്യക്തം. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകൈ സ്വീകരിക്കുകയായിരുന്നു. ഭാഷാപോഷിണി ഡിസംബർ ലക്കമാണ് വിപണിയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ഇതോടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു എന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും പ്രതികരണങ്ങളുണ്ടായി.

ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു ഈ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചത്. ഇയോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപൻ കുപ്രസിദ്ധ ചാരവനിത മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'മൃദ്വംഗിയുടെ ദുർമൃത്യു' എന്ന നാടകത്തിന് വേണ്ടി വരച്ച ചിത്രമാണ് വിവാദമായത്. ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്‌നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തിൽ. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്‌മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു.

മാതൃഭൂമി ദിനപത്രത്തിന്റെ നഗരം പേജിൽ പ്രവാചനകനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ റിപ്പോർട്ട് വന്നതോടെ വലിയ ബഹളമാണ് ഉണ്ടായത്. മുസ്ലിം സമുദായങ്ങൾക്കിടയിലുണ്ടായ പ്രതിഷേധം വലിയ തോതിൽ പത്രത്തിന്റെ സർക്കുലേഷനെയും ബാധിച്ചിരുന്നു. എന്നാൽ, അധികം സർക്കുലേഷൻ ഇല്ലാത്ത ഭാഷാപോഷണിയുടെ പേരിൽ മലയാള മനോരമ പത്രത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചാണ് മാനേജ്‌മെന്റ് അതിവേഗം നടപടി സ്വീകരിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള മുറവിളികൾക്ക് അപ്പുറത്തേക്ക് ഇക്കാര്യത്തിൽ കച്ചവട താൽപ്പര്യവും വിശ്വാസികളുടെ താൽപ്പര്യവും സംരക്ഷിക്കാനാണ് മനോരമ പ്രാധാന്യം കൊടുത്തത്.

സോഷ്യൽ മീഡിയയിൽ അടക്കം സമാനമായ പല വിവാദങ്ങളുടെ ഉണ്ടാകുന്നതും അത് അതിവേഗം വഷളാകുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മാനേജ്‌മെന്റ് അതിവേഗം പിൻവലിക്കാൻ തീരുമാനം കൈക്കൊണ്ടത്. ക്രൈസ്തവ സമൂഹത്തോട് ചേർന്നു നിൽക്കുന്ന പ്രസിദ്ധീകരണം എന്ന നിലയിൽ കൂടിയാണ് ഈ തീരുമാനം. മലയാള മനോരമയുടെ കീഴിലുള്ള ഭാഷാപോഷിണിയുടെ എഡിറ്റർ കെ സി നാരായണനാണ്.

അന്ത്യത്താഴത്തിൽ യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധ നഗ്‌നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ചിത്രമാണ് ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചത്. യേശുവിന്റെ ഇരുവശത്തുമായി ആറുശിഷ്യർ വീതം അത്താഴത്തിരിനിരിക്കുന്ന വിഖ്യാതചിത്രമാണ് ഡാവിഞ്ചിയുടേത്. ടോം വട്ടക്കുഴിയുടെ അത്താഴമേശയുടെ നടുവിൽ ക്രിസ്തുവിന് പകരം ചുവന്ന പുറങ്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറ് തുറന്നിരിക്കുന്ന രൂപമാണ്. ക്രിസ്തുവിന്റെ മുഖഭാവത്തിന് തുല്യമാണ് മാതാഹരിയുടേയും. ഈ താരതമ്യം തന്നെയാണ് ക്രൈസ്തവ വിശ്വാസികളെ ചൊടിപ്പിച്ചതും.

ഇരുവശത്തുമായി ആറുവീതം കന്യാസ്ത്രീമാരുമുണ്ട്. ഇവരുടെ ഭാവങ്ങളും ചലനങ്ങളും ക്രിസ്തുശിഷ്യരുടേതിന് സമാനവുമാണ്. ക്രിസ്തുവിന്റെ അത്താഴ മേശയിൽ അപ്പവും വീഞ്ഞും മീനുമായിരുന്നെങ്കിൽ ഇവിടെ ആപ്പിളും അപ്പവും ഗ്ലാസുകളിൽ വെള്ളവുമാണ്. ഹൗവ്വ ആദത്തിന് നൽകിയ ആപ്പിളിനെ സൂചിപ്പിക്കാനാണ് തീൻ മേശയിൽ ആപ്പിൾ ചിത്രീകരിച്ചതെന്നും വിമർശനമുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ തോക്കേന്തിയ പട്ടാളക്കാരെയും കാണാം. അന്ത്യത്താഴ മാതൃകയിലുള്ള ചിത്രത്തിന്റെ മാതൃക എന്നതുമാണ് വിവാദം അതിവേഗം പടരാൻ ഇടയാക്കിയതും.

അതേസമയം ഡാവിഞ്ചിയുടെ ചിത്രം എങ്ങനെയാണ് അന്ത്യ അത്താഴത്തിന്റെ ഔദ്യോഗിക ചിത്രമാകുന്നതെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ അന്ത്യത്താഴം ഡാവിഞ്ചി എന്ന മഹാനായ ചിത്രകാരന്റെ ഭാവനയാണ്. അതുകൊണ്ട് ആ ചിത്രകാരനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നിർമ്മിക്കുന്ന മറ്റൊരു ചിത്രം എങ്ങനെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്ന ചോദ്യവും ഉയർത്തുന്നു. എന്നാൽ, കേരളത്തിലെ ഏതൊരു ക്രൈസ്തവ വീടുകളിലും കാണാവുന്ന ദൈവിക ചിത്രവും ഇതുതന്നെയാണ്. കത്തോലിക്കാസഭ അടക്കമുള്ള ക്രിസ്ത്യൻ സഭാവിഭാഗങ്ങൾ ഡാവിഞ്ചിയുടെ ഈ ഭാവനാ ചിത്രത്തെ പൂർണമായും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഡാവിഞ്ചിയുടെ അതേ മാതൃകയിൽ മറ്റൊരു ചിത്രകാരൻ പിന്തുടർന്നപ്പോൾ ആ ഭാവനയെ അംഗകരിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നതാണ് സോഷ്യൽ മീഡിയ ഉന്നയിച്ച ചോദ്യം. ഇതോടെ അസഹിഷ്ണുതയെ ചൊല്ലിയുള്ള ചർച്ചകളും സജീവമായി. എന്നാൽ, ഒരു ചിത്രത്തിന്റെ പേരിൽ ഒരു സാഹിത്യമാസികയുടെ ലക്കം അപ്പാടെ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയുകയാണ് മലയാള മനോരമ മാനേജ്‌മെന്റ് വേണ്ടതെന്ന നിലപാടാണ് സാഹിത്യസാംസ്‌കാരിക ലോകത്തിന്റേത്.

മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് വിശ്വപ്രസിദ്ധ നോവലിസ്റ്റ് പൗലോ കൊയ്‌ലോ എഴുതിയ ദ സ്‌പൈ എന്ന നോവൽ തരംഗമായതോടെ മാതാഹരിയുടെ ജീവിതം വീണ്ടും ചർച്ചയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ചാണ് ഫ്രഞ്ച് പട്ടാളം മാതാഹരിയെ പിടികൂടി വെടിവച്ചുകൊല്ലുന്നത്. എന്നാൽ പൗലോ കൊയ്‌ലോ ഈ വാദത്തെ പൊളിച്ചാണ് ദ സ്‌പൈ എന്ന നോവലിൽ മാതാഹരിയെ ചിത്രീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാതാഹരിയുടെ അന്ത്യനിമിഷങ്ങളെ പ്രതിപാദിക്കുന്ന നാടകം സി ഗോപൻ എഴുതിയത്.

മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയത് പ്രശസ്ത കവി വൈലോപ്പള്ളി ശ്രീധരമേനോനാണ്. നർത്തകി എന്ന പേരിൽ എഴുതിയ ആ കവിതയെ അടിസ്ഥാനമാക്കിയാണ് സി ഗോപൻ 'മൃദ്വംഗിയുടെ ദുർമൃത്യു' എന്ന നാടകം എഴുതിയത്. വെടിവച്ചുകൊല്ലപ്പെടുന്നതിന് മുമ്പ് ഒരു കന്യാസ്ത്രീ മഠത്തിൽ മാതാഹരി ആടിയ അന്ത്യനൃത്തമാണ് വൈലോപ്പിള്ളിയുടെ നർത്തകിയുടെ പ്രമേയം. വൈലോപ്പിള്ളി അടക്കമുള്ളവർ കഥാപാത്രമായി രംഗത്തുവരുന്ന നാടകത്തിൽ കവിതയുടെ വരികൾ അപ്പാടെ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം അടക്കം സോഷ്യൽ മീഡിയയിൽ പ്രമുഖർ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്തായിലും 'മൃദ്വംഗിയുടെ ദുർമൃത്യു'വിന് അകാലമൃത്യുവായി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

മാതാഹരി കന്യാസ്ത്രീകളോടൊത്ത് മരണത്തിന്റെ തലേന്ന് അത്താഴത്തിനെത്തുന്ന പരാമർശമാണ് വിവാദമായ ചിത്രീകരണത്തിന് ആധാരമായിരിക്കുന്നത്. അതേസസമയം ഒന്നാം ലോകമഹായുദ്ധ കാലത്ത് ചാരവൃത്തിയുടെ പേരിൽ വെടിവച്ചു കൊല്ലപ്പെട്ട മാതാഹരി എന്ന സ്ത്രീയെക്കുറിച്ചുള്ള നാടകത്തിന് വരച്ചതായിരുന്നു ചിത്രമെന്നുാണ് ടോം വട്ടക്കുഴി വ്യക്തമാക്കുന്നത്. ചിത്രത്തിന് ആസ്പദമായ രചന വായിച്ചാൽ അത്തരമൊരു എതിർപ്പ് ആർക്കും ഉണ്ടാകില്ല. സ്വതന്ത്രമായ മനസ്സിൽ നിന്നും വരച്ചതാണ് ആ ചിത്രമെന്നുമാണ് ടോം വട്ടക്കുഴി പറയുന്നത്.

അതേസമയം മാഗസിൻ പിൻവലിച്ചിട്ടില്ലെന്നും തെറ്റുതിരുത്തി പുതിയ ലക്കം ഇന്ന് വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നുമാണ് മനോരമ സർക്കുലേഷൻ വിഭാഗത്തിന്റെ പ്രതികരണം. പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയ ഒരു ചിത്രത്തിലെ തെറ്റു തിരുത്തുകയാണ് ചെയ്തതെന്നും അവർ വാദിക്കുന്നു. ആഴ്‌ച്ചപതിപ്പിന്റെ തപാൽ വരിക്കാർക്കുള്ള കോപ്പികൾ മാത്രമാണ് നേരത്തെ പുറത്തുവന്നത്. ആഴ്‌ച്ച പതിപ്പ് വിപണിയിൽ എത്തുന്നതിന് മുമ്പ് തപാൽ കോപ്പികൾ അയക്കാറുണ്ട്.

ചിത്രം ക്രൈസ്തവ വിശ്വാസികളുട വികാരത്തെ വ്രണപ്പെടുമെന്ന മുൻവിധിയോടെയാണ് വിതരണം നിർത്തിവെക്കാൻ മനോരമ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയത്. അച്ചടിച്ച മാഗസിനിലെ ഒരു ചിത്രത്തിൽ തെറ്റുപറ്റിയെന്ന് മനോരമ പ്രതികരിക്കുകയും ചെയ്തു. ഭാഷാപോഷിണി ഡിസംബർ ലക്കത്തിന്റെ മുഖചിത്രം ശ്രീനാരായണഗുരുവിന്റെ മുഖം തകർന്ന ഒരു പ്രതിമയാണ്. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തെക്കുറിച്ചുള്ള ലേഖനവും ഈ ലക്കത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP