Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണം റിലീസിൽ വ്യക്തതയില്ല; വില്ലൻ എന്നിറങ്ങുമെന്ന് പോലും ആർക്കും അറിയില്ല; 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന പൃഥ്വിയുടെ ആവശ്യത്തിൽ സൂപ്പർതാരങ്ങൾ മൗനം തുടരുന്നു; റിമിയെ ചോദ്യം ചെയ്തതോടെ താര സംഘടനയും ഫെഫ്കയും നിർമ്മാതാക്കളും വിതരണക്കാരും അങ്കലാപ്പിൽ; മലയാള സിനിമയിൽ സർവ്വത്ര പ്രതിസന്ധി

ഓണം റിലീസിൽ വ്യക്തതയില്ല; വില്ലൻ എന്നിറങ്ങുമെന്ന് പോലും ആർക്കും അറിയില്ല; 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന പൃഥ്വിയുടെ ആവശ്യത്തിൽ സൂപ്പർതാരങ്ങൾ മൗനം തുടരുന്നു; റിമിയെ ചോദ്യം ചെയ്തതോടെ താര സംഘടനയും ഫെഫ്കയും നിർമ്മാതാക്കളും വിതരണക്കാരും അങ്കലാപ്പിൽ; മലയാള സിനിമയിൽ സർവ്വത്ര പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓണം എത്താൻ ഇനി ഒരു മാസവും കഷ്ടി ദിവസങ്ങളുമേ ഉള്ളൂ. മലയാള സിനിമയുടെ കൊയ്ത്തു കാലമാണിത്. എന്നാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകുന്നില്ല. ഏതെല്ലാം സിനിമ എപ്പോൾ വരുമെന്ന് പോലും ആർക്കും നിശ്ചയമില്ല. വിപണി മൂല്യത്തിൽ മുമ്പിലുള്ള മോഹൻലാലിന്റെ വില്ലൻ എന്ന സിനിമ പോലും തിയേറ്ററിൽ ഇറക്കാനുള്ള ആർജ്ജവം നിർമ്മാതാക്കൾക്കില്ല. സംഘടനകൾക്ക യോഗം വിളിക്കാൻ പോലും ഭയം. ഇരയേയും ദിലീപിനേയും സംരക്ഷിക്കുമെന്ന് പറഞ്ഞ അമ്മയുടെ നേതാക്കളും മിണ്ടാട്ടമില്ല. ഇന്നസെന്റിനെ ആരും കാണുന്നില്ല. മോഹൻലാലും മമ്മൂട്ടിയും മൗനത്തിൽ. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന പൃഥ്വിരാജിന്റെ ആവശ്യത്തിൽ തീരുമാനം എടുക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല. താരസംഘടന അങ്ങനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാണ്.

ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു മലയാള സിനിമ. ഫെഫ്കയേയും വിതരണക്കാരേയും നിർമ്മാതാക്കളേയും നിയന്ത്രിച്ചിരുന്ന ഘടകം. എല്ലാവർക്കും എല്ലാ സഹായവും നൽകിയത് ദിലീപായിരുന്നു. അതുകൊണ്ട് കൂടിയാണ് ദിലീപിനെ എല്ലാവരും തുടക്കത്തിൽ പിന്തുണച്ചത്. ദിലീപ് തെറ്റ് ചെയ്തില്ലെന്ന് പോലും എല്ലാ സംഘടനയും പ്രഖ്യാപിച്ചു. ആരും അറസ്റ്റ് സ്വപ്‌നത്തിൽ പോലും കണ്ടില്ല. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയി. ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയും സമ്മതിച്ചു. ഇതിന് പിന്നാലെ റിമി ടോമിയേയും പൊലീസ് ചോദ്യം ചെയ്തു. റിമിയെ മലയാള സിനിമയിലെ തന്നെ ജനപ്രിയ മുഖമായിട്ടാണ് കാണുന്നത്. ഗായിക ആയിരുന്നുവെങ്കിലും അതിന് അപ്പുറത്തേക്ക് വളർന്ന താരമായിരുന്നു റിമി. ഇനിയും സിനിമാക്കാരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഇതോടെ സിനിമാ മേഖലയുടെ അങ്കലാപ്പ് കൂടി. ആരെ പൊലീസ് വിളിച്ചാലും പൊതുജനം അവരേയും സംശയിക്കുന്ന സാഹചര്യമുള്ളതു കൊണ്ടാണ് ഇത്.

അതിനിടെ വിഷയം ചർച്ചയാക്കിയ ചാനലുകളുടെ പരിപാടിക്ക് പോകേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താര സംഘടന എടുത്തതായി സൂചനയുണ്ട്. എന്നാൽ ഇത് പരയാകുമെന്ന് ഭയന്ന് ആരോടും ഇപ്പോൾ പറയുന്നില്ല. നിർമ്മാതാക്കളോ വിതരണക്കാരോ ഒന്നും യോഗം ചേരുന്നില്ല. അമ്മയുമായി ചേർന്ന് നിൽക്കുന്ന ഫെഫ്കയും മിണ്ടാട്ടമില്ലാത്ത അവസ്ഥയാണ്. ഇതോടെ സർവ്വത്ര പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുന്നു. ഫെഫ്കയുടെ ഭാരവാഹിയാണ് ബി ഉണ്ണികൃഷ്ണൻ. മോഹൻലാലിനെ നായകനാക്കി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് വില്ലൻ. ഏറെ പ്രതീക്ഷകളുള്ള ഈ സിനിമ ഈ മാസം ആദ്യം പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാൽ ഇനിയും വെളിച്ചം കണ്ടില്ല. പ്രതിസന്ധി മാറിയ ശേഷം ഇറക്കാനാണ് തീരുമാനം. ഇതിന് സമാനമായി നിരവധി സൂപ്പർതാര ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഇവയും എന്ന് തിയേറ്ററിലെത്തുമെന്ന് ആർക്കും അറിയില്ല.

ഇതോടെ പ്രതിസന്ധിയിലാകുന്നത് ഓണക്കാലത്തെ വിപണിയാണ്. ഏതൊക്കെ സിനിമ എന്നൊക്കെ എത്തുമെന്ന് പോലും ആർക്കും അറിയില്ല. ദിലീപിന്റെ രാമലീലയും പെട്ടിയിലാണ്. ഫെഫ്കയും നിർമ്മാതാക്കളുമെല്ലാം യോഗം ചേരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ആശയ വിനിമയത്തിന്റെ കുറവാണ് എല്ലാത്തിനും കാരണം. യോഗങ്ങൾ ചേർന്നാൽ അതിലേക്ക് മാധ്യമങ്ങൾ എത്തും. നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്‌തോവെന്ന് ഏവരും ചോദിക്കും. ഇത് പ്രതിസന്ധിയാകും. അതിനാൽ യോഗമൊന്നും വേണ്ടെന്നാണ് സിനിമാക്കാരുടെ തീരുമാനം. താരസംഘടനയായ അമ്മയ്ക്ക് യോഗം ചേർന്നാൽ സംഘടന പിളരുമോ എന്ന ആശങ്ക പോലുമുണ്ട്. പൃഥ്വിരാജിന്റെ കടുത്ത നിലപാടാണ് ഇതിന് കാരണം. അങ്ങനെ എല്ലാ സംഘടനാ നേതാക്കളും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. അതിനിടെ വിതരണക്കാരുടെ സംഘടനയിൽ പിടിമുറുക്കാൻ ലിബർട്ടി ബഷീറും രംഗത്തുണ്ട്.

സിനിമാലോകം ആകെ സ്തംഭനാവസ്ഥയിലാണ്. കുറച്ചുനാൾ കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നു പറയുന്നു. ശരിയാകാതെ തരമില്ല. സിനിമാരംഗം ഒന്നു കലങ്ങിത്തെളിയണം എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് സിനിമാക്കാർ ഏറെയും പറയുന്നില്ല. അങ്ങനെ പറയണമെങ്കിൽ ഇടവും വലവും ഒന്നു നോക്കേണ്ടി വരുന്ന അവസ്ഥ. പരസ്പരം പറയാനും നോക്കാനുംപോലും പേടി. എല്ലാവരേയും എല്ലാവരും സംശയിക്കുന്നു. ഒരു ദിലീപ് അകത്താകുന്നതുകൊണ്ടോ, ഇനി ആരെങ്കിലും അകത്താകുന്നതു കൊണ്ടോ തീരുന്നതല്ല സിനിമയിലെ പ്രശ്നങ്ങൾ. അസൂയയും കുശുമ്പും വെട്ടലും ഒതുക്കലും ചതിയും ഒക്കെത്തന്നെയാണ് സിനിമാലോകത്തിന്റെ ആന്തരിക സത്ത. അതാണ് പുതിയ സംഭവവികാസങ്ങളിലൂടെ പുറത്ത് എത്തുന്നത്. ടിയാൻ സിനിമ ദയനീയമായി പരാജയപ്പെട്ടു. നല്ല അഭിപ്രായം നേടിയിട്ടും തൊണ്ടു മുതലും ദൃക്‌സാക്ഷിയും വേണ്ടത്ര കളക്ഷൻ നേടുന്നില്ല. ഇതെല്ലാം മലയാള സിനിമയുടെ പ്രതിസന്ധിക്ക് തെളിവായി ചൂണ്ടിക്കാട്ടുന്ന ഘടകങ്ങളാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണമാണ് ഇതിനെല്ലാം വഴിയൊരുക്കിയത്. താരങ്ങളോട് പ്രേക്ഷകർക്കുള്ള വിശ്വാസം പോയി. ഇതിന് കാരണക്കാർ താരസംഘടനയാണെന്ന വാദമാണ് സജീവമാകുന്നത്. മലയാള സിനിമ ക്രിമിനൽവൽക്കരിച്ചതിന്റെ പൂർണമായ ഉത്തരവാദിത്വം ഫെഫ്കയ്ക്കും അമ്മയ്ക്കുമാണെന്നും ഇന്നസെന്റിനെ പോലുള്ളവർ സ്വയം രാജിവച്ച് സ്ഥാനമൊഴിഞ്ഞ് ആ സ്ഥാനത്ത് യുവാക്കളെ പ്രതിഷ്ഠിച്ചാൽ ഇന്നു കാണുന്ന പല അനാവശ്യ പ്രവണതകൾക്കും പരിഹാരം കാണുവാൻ കഴിയുമെന്നും വിനയനെ പോലുള്ളവർ പറയുന്നു. മലയാള സിനിമ ശുദ്ധീകരിക്കുക, സിനിമാരംഗത്തെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയാക്കുകയാണ് വിനയന്റെ സംഘടനയായ മാക്ട. വുമൺ ഇൻ സിനിമാ കളക്ടീവും നിലവിലെ സംവിധാനങ്ങളോട് ഏതിർപ്പ് പ്രകടിപ്പിക്കുന്നു.

നിർമ്മാതാക്കളുടെ താൽപര്യാർഥം തയ്യാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീപക്ഷത്തു നിന്നു പരിഗണിച്ചുകൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുനസ്സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തു വന്നിരുന്നു. നടൻ ലാലിനും മകനും സംവിധായകനുമായ ജീൻ പോളിനുമെതിരേ പേരു പരാമർശിക്കാതെ വിമർശനവും ഇവർ ഉന്നയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ തൊഴിൽ സംസ്‌കാരം സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ഇവർക്കെതിരേയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകൾ പൊലീസിൽ രജിസ്റ്റർ ചെയ്ത ചില പരാതികളെന്ന് വനിതാ പ്രവർത്തകർ പറയുന്നു. സിനിമയിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണെന്നും ഇവർ പറയുന്നു. ഇതിനോടൊന്നും പ്രതികരിക്കാൻ പോലും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറല്ല.

മറ്റെല്ലാ മേഖലയിലേയും പോലെ സിനിമാ രംഗത്തും കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥ തന്നെയാണുള്ളത്. ഒരോരുത്തർക്കും വ്യക്തിപരമായ താൽപര്യങ്ങളുണ്ടാകും. കൈയൂക്കുള്ളവർ ആ താൽപര്യങ്ങൾ ആ മേഖലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. മലയാള സിനിമാ ആസ്വാദകരുടെ ആസ്വാദനത്തിൽ വന്ന കാലാനുസൃതമായ മാറ്റം മൂലം കലാമൂല്യമുള്ള മിന്നാമിനുങ്ങ് പോലുള്ള സിനിമകൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ പുതിയ സംഭവ വികാസങ്ങൾ കാരണമാകുമെന്ന് കരുതുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP