Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാലപ്പുഴക്കേസിൽ ഏറെയും സിപിഐ(എം)-ബിജെപിക്കാർ; കോടിയേരിയുടെ കേസ് പിൻവലിക്കൽ പൊളിച്ചത് സിപി നായർ; ശതകോടി അർച്ചനയിലേത് സ്വാഭാവിക പ്രതിഷേധം മാത്രം; വെടിവയ്‌പ്പിലെത്തിച്ചത് പൊലീസും ദേവസ്വവുമെന്ന് നാട്ടുകാർ

മലയാലപ്പുഴക്കേസിൽ ഏറെയും സിപിഐ(എം)-ബിജെപിക്കാർ; കോടിയേരിയുടെ കേസ് പിൻവലിക്കൽ പൊളിച്ചത് സിപി നായർ; ശതകോടി അർച്ചനയിലേത് സ്വാഭാവിക പ്രതിഷേധം മാത്രം; വെടിവയ്‌പ്പിലെത്തിച്ചത് പൊലീസും ദേവസ്വവുമെന്ന് നാട്ടുകാർ

പത്തനംതിട്ട: മലയാലപ്പുഴ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ടു നടന്ന അക്രമവും വെടിവയ്പും പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും പക്വതയില്ലാത്ത പെരുമാറ്റം കാരണം ഉണ്ടായതാണെന്നു നാട്ടുകാർ. സ്ഥലത്തു പോലും ഇല്ലാതിരുന്ന കണ്ടാലറിയാവുന്നവരെ പ്രതികളാക്കിയാണു പൊലീസ് കേസ് എടുത്തത്.

ഇതിൽ ഒരാൾ രണ്ടാഴ്ച മുൻപ് കോടതിയിൽ വിചാരണാ വേളയിൽ കുഴഞ്ഞു വീഴുകയും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ ശനിയാഴ്ച മരിക്കുകയും ചെയ്തു. വിശ്വാസികളുടെ എതിർപ്പ് ചർച്ചയിലൂടെ പരിഹരിക്കേണ്ടതിനു പകരം വെടിയും പടയുമായി ഇറങ്ങിയ സി.പി. നായർ അടക്കമുള്ളവരാണ് സംഭവം വെടിവയ്പിൽ വരെ കൊണ്ടെത്തിച്ചതെന്നു മലയാലപ്പുഴക്കാർ പറയുന്നു.

2002 മാർച്ച് 14 ന് ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് കമ്മിഷണറായിരുന്ന സി.പി. നായരും ഭക്തജനങ്ങളും തമ്മിലുള്ള വാക്കുതർക്കമാണ് വെടിവയ്പിലും ലാത്തിച്ചാർജിലും കലാശിച്ചത്. ക്ഷേത്രോപദേശക സമിതിയുമായി ആലോചിക്കാതെ ദേവസ്വം ബോർഡ് എകപക്ഷീയമായി ശതകോടി അർച്ചന നടത്താൻ തീരുമാനിക്കുകയായിരുന്നു. അന്നത്തെ ബോർഡിലെ ചില ഉന്നതർക്കും ഈ പാപത്തിൽ പങ്കുണ്ടായിരുന്നു. ലക്ഷക്കണക്കിനു രൂപ ഇതിനു ചെലവുവേണ്ടി വരുമായിരുന്നു.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കോൺഗ്രസ് നേതാവായിരുന്ന മലയാലപ്പുഴ ഗോപാലകൃഷ്ണനും സെക്രട്ടറി വി എസ്. ഹരീഷ് ചന്ദ്രനുമായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ദേവസ്വം ബോർഡ് ശതകോടി അർച്ചനയ്ക്കായി പിരിവു നടത്തി. പിന്നാലെ ശതകോടി അർച്ചനയുടെ ബാനറും പ്രത്യക്ഷപ്പെട്ടു. അപ്പോൾ മാത്രമാണ് ഭക്തർ ഇക്കാര്യം അറിയുന്നത്. ക്ഷേത്രോപദേശകസമിതിയെ രേഖാമൂലം വിവരമറിയിച്ചത് പിന്നെയും വൈകിയാണ്. പൂജാകർമങ്ങൾക്കായി കിഴക്കേ നടയിൽ പന്തലുയർന്നപ്പോഴാണ് ഒരുക്കം വിലയിരുത്താൻ ദേവസ്വം കമ്മിഷണർ സി.പി. നായർ എത്തുന്നത്.

ക്ഷേത്രത്തിലെ ഊട്ടുപുരയിൽ വച്ച് രാവിലെ തന്നെ ബോർഡ് ജീവനക്കാരുമായി നായർ അർച്ചന സംബന്ധിച്ച് ചർച്ച നടത്തി. ഉച്ചയോടെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളെയും ചർച്ചയ്ക്ക് വിളിച്ചു. ഈ യോഗത്തിലാണ് വിചിത്രമായ ഒരു അഭിപ്രായം നായർ പുറപ്പെടുവിച്ചത്. കോടികൾ ചെലവു വേണ്ടി വരുന്ന അർച്ചന ചുരുങ്ങിയ സമയം കൊണ്ട് നടത്താൻ കഴിയില്ല. അതിനാൽ മാറ്റിവയ്ക്കണം. ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞ ശേഷം അർച്ചന മാറ്റിവയ്ക്കണമെന്ന് പറയുന്നതിനെ ഉപദേശകസമിതി എതിർത്തു.

എന്നാൽ, സി.പി. നായർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ സംഭവം മിനുട്ടുകൾക്കുള്ളിൽ നാട്ടിൽ പാട്ടായി. നൂറുകണക്കിനു ഭക്തർ സംഘടിച്ച് ഊട്ടുപുരയ്ക്ക് വെളിയിൽ എത്തി. നായർ നിലപാട് മാറ്റാൻ തയാറാകാതിരുന്നതോടെ വാക്കുതർക്കം രൂക്ഷമായി. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്നും ഡിവൈ.എസ്‌പി ആർ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതിനിടെ പ്രകോപിതരായ നാട്ടുകാർ ഊട്ടുപുര പുറത്തുനിന്ന് പൂട്ടി. ദേവസ്വം കമ്മിഷണർ, വിജിലൻസ് എസ്‌പി, ഉപദേശകസമിതി ഭാരവാഹികൾ എന്നിവർ ഊട്ടുപുരയ്ക്കുള്ളിൽ ബന്ധനസ്ഥരാക്കപ്പെട്ടു.

പൂട്ടു തുറക്കാൻ പൊലീസ് ആവശ്യപ്പെട്ടു. നാട്ടുകാർ വഴങ്ങിയില്ല. പിന്നാലെ ലാത്തിച്ചാർജ് തുടങ്ങി. ചിതറിയോടിയ നാട്ടുകാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് പൊലീസ് വെടിയുതിർത്തത്. എന്തായാലും നായരുടെ പിടിവാശി വിലപ്പോയില്ല. മുൻനിശ്ചയിച്ച പ്രകാരം അർച്ചന നടന്നു. നായരുടെ മാനവും പോയി. പിന്നെ കേസ് കോടതിയിൽ. ഒട്ടും വിട്ടു കൊടുക്കാൻ നായർ തയാറായില്ല.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേസ് പിൻവലിക്കാൻ നീക്കം നടത്തി. വിവരം മണത്തറിഞ്ഞ സി.പി. നായർ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് നിവേദനം നൽകി ആ നീക്കം തുടക്കത്തിലേ പൊളിച്ചു. കേസിലെ മുഖ്യപ്രതികളിൽ ഒരാൾ സേവാദൾ ജില്ലാ ചെയർമാനും ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ വെട്ടുർ ജ്യോതിപ്രസാദാണ്. ഇദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ കേസ് പിൻവലിക്കുന്നത്. കേസിൽ ഉൾപ്പെട്ടിരിക്കുന്നതിൽ 70 പേരിലധികം സിപിഐ(എം) പ്രവർത്തകരാണ്.

ബാക്കി കോൺഗ്രസ്, ബിജെപി നേതാക്കളുമാണ്. മലയാലപ്പുഴ ഗോപാലകൃഷ്ണനടക്കം നിരവധി പേർ വിചാരണയ്ക്കിടെ മരിച്ചു. ഏറ്റവുമൊടുവിലായി മരിച്ചത് കോടതിയിൽ കുഴഞ്ഞു വീണ് ചികിൽസയിലായിരുന്ന മലയാലപ്പുഴ നല്ലൂർ രണ്ടുതെങ്ങിനാൽ വീട്ടിൽ മോഹനൻ (47) ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP