Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദിയിലെ മലയാളി വ്യവസായി കിർഗിസ്ഥാൻ മേജർ ജനറൽ ആയി എന്ന വാർത്ത വ്യാജമാണോ? മാതൃഭൂമി അടക്കമുള്ള പത്രങ്ങളുടെ കവർ‌സ്റ്റോറിയായ വാർത്ത കിർഗിസ്ഥാൻ എംബസി നിഷേധിച്ചതായുള്ള പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; കാളപെറ്റു എന്നു കേട്ടയുടനേ കയറെടുക്കുയായിരുന്നോ കേരളത്തിലെയും ദേശീയതലത്തിലെയും മാധ്യമങ്ങൾ

സൗദിയിലെ മലയാളി വ്യവസായി കിർഗിസ്ഥാൻ മേജർ ജനറൽ ആയി എന്ന വാർത്ത വ്യാജമാണോ? മാതൃഭൂമി അടക്കമുള്ള പത്രങ്ങളുടെ കവർ‌സ്റ്റോറിയായ വാർത്ത കിർഗിസ്ഥാൻ എംബസി നിഷേധിച്ചതായുള്ള പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; കാളപെറ്റു എന്നു കേട്ടയുടനേ കയറെടുക്കുയായിരുന്നോ കേരളത്തിലെയും ദേശീയതലത്തിലെയും മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്‌:  സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഴിക്കോട്ടുകാരനായ പ്രവാസി വ്യവസായി ഷെയ്ഖ് മുഹമ്മദ് റഫീഖ് മധ്യേഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ മേജർ ജനറലായി നിയമിതായി എന്ന വാർത്ത വ്യാജമോ? ജനുവരി ആദ്യത്തോടെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജവാർത്തായിരുന്നുവെന്ന രീതിയിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. സംഭവം റിപ്പോർട്ട് ചെയ്ത ഗൽഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ അധികൃതർക്ക് കിർഗിസ്ഥാന്റെ യുഎഇ അംബാസഡർ അയച്ച കത്തിന്റെ പകർപ്പ് സഹിതമാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. വാർത്ത തെറ്റാണെന്നും തിരുത്തു നല്കണമെന്നുമാണ് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൾഫ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗാമൺ ഗ്രൂപ്പിന്റെ ചെയർമാനായ ഷെയ്ഖ് മുഹമ്മദ് റഫീഖിനെ കിർഗിസ്ഥാൻ സൈന്യത്തിലെ ഉന്നത പദവിയിൽ നിയമിച്ചുവെന്നായിരുന്നു വാർത്തകൾ. കേരളത്തിൽ മാതൃഭൂമി ഇത് കവർ സ്റ്റോറി ആക്കിയിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും എൻഡി ടിവിയും എല്ലാം മലയാളി വിദേശരാജ്യത്തെ ഉന്നത സൈനിക പദവിയിൽ നിയമിതനായ വാർത്ത പ്രാധാന്യത്തോടെ നല്കുകയുണ്ടായി.

കിർഗിസ്ഥാൻ സൈനിക ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആ രാജ്യത്തെ പ്രതിരോധമന്ത്രി മിർസാ അലി അധികാചിഹ്നങ്ങളും സ്ഥാനവത്രവും കൈമാറിയതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സഹിതമാണു വാർത്ത പ്രചരിച്ചത്. കോഴിക്കോട് എരവന്നൂർ സ്വദേശിയായ റഫീഖ് മുൻ കിർഗിസ്ഥാൻ പ്രസിഡന്റായ സലിയേവിച്ച് ബാക്കിയേവിന്റെ മുഖ്യ ഉപദേശകനായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മുൻ പ്രസിഡന്റാണ് റഫീഖിന് കിർഗിസ്ഥാൻ പൗരത്വം നല്കിയത്. ഇപ്പോൾ 42 വയസുള്ള റഫീഖ് തന്റെ 20കളിൽ ഈ പ്രസിഡന്റിന്റെ പരിചയപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ഗർഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് മലയാളി വ്യവസായി കിർഗിസ്ഥാൻ മേജർ ജനറൽ ആകുന്നുവെന്ന വാർത്ത പ്രാധാന്യത്തോടെ നല്കിയത്. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കിർഗിസ്ഥാന്റെ യുഎഇ അംബാസിഡർ ചിംഗിസ് എഷിംബക്കേവ് അയച്ച കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മലയാളി കിർഗിസ്ഥാനിൽ മേജർ ജനറലായി നിയമിതനായി എന്ന വാർത്ത ഡിസംബർ 31നാണ് ഖലീജ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. ഈ വാർത്തയുടെ ഉള്ളടക്കം പൂർണമായും സത്യത്തിനു നിരക്കാത്തതും വ്യാജവുമാണെന്ന് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിലെ വിനയ് കാമത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കിർഗിസ് റിപ്പബ്ലിക് ഷെയ്ഖ് റഫീഖ് മുഹമ്മദിന് ഒരുവിധ സൈനിക പദവിയും നല്കിയിട്ടില്ല. വിശ്വായ യോഗ്യമായ കേന്ദ്രങ്ങളിൽനിന്നായിരിക്കില്ല ഖലീജ് ടൈംസ് ലേഖകന് വാർത്ത ലഭിച്ചിരിക്കുകയെന്നും അംബാസിഡർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഖലീജ് ടൈംസിനു സംഭവിച്ചത് മനപ്പൂർവമല്ലാത്ത തെറ്റായിട്ടാണ് കിർഗിസ് എംബസി പരിഗണിക്കുന്നത്. എന്നാൽ വായനക്കാർക്കു മുന്നിൽ സത്യം പറയാൻ പത്രത്തിനു ബാധ്യതയുണ്ട്. അതുകൊണ്ട് ഷെയ്ഖ് റഫീഖ് മുഹമ്മദിനെ കിർഗിസ്ഥാൻ മേജർ ജനറലായി നിയോഗിച്ചുവെന്ന വാർത്ത വ്യാജമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പുതിയൊരു വാർത്ത നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡിസംബർ 31നു നല്കിയ വാർത്ത പത്രത്തിന്റെ ഇലക്ട്രോണിക് ആർക്കൈവിൽനിന്നു പിൻവലിക്കണമെന്നും കിർഗിസ്ഥാൻ ആവശ്യപ്പെടുന്നതായി അംബാസിഡറുടെ കത്തിൽ വ്യക്തമാക്കുന്നു.

മാതൃഭൂമിക്കു പുറമേ മനോരമയും മാധ്യമവും അടക്കമുള്ള പത്രങ്ങളും ചാനലകളും ഷെയ്ഖ് റഫീഖ് മുഹമ്മദ് സൈനിക വേഷത്തിൽ നിൽക്കുന്ന പടങ്ങൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഖലീജ് ടൈംസ് വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ കാള പെറ്റു എന്നു കേട്ടയുടനേ കയർ എടുക്കുകയായിരുന്നു കേരളത്തിലെയും ദേശീയതലത്തിലെയും പ്രമുഖ മാധ്യമങ്ങൾ എന്നു വ്യക്തമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP