Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അല്ല ഞാൻ സേഫ് അല്ല.. പക്ഷേ നിങ്ങൾ സേഫാണ്...തലയിൽ അശോകചക്രവും കൈയിൽ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്'; പുൽവാമയിൽ അപകടം നടന്ന വാഹനവ്യുഹത്തിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശിയായ ജവാന്റെ വാക്കുകൾ കണ്ണു നിറയ്ക്കുന്നത്; 'തീവ്രവാദത്തിന്റെ അവസാനത്തെ കഴുകനെയും ചിറകരിഞ്ഞ് വീഴ്‌ത്തുന്നത് വരെ എന്റെ ജീവിതം സുരക്ഷിതമല്ലെന്നും' കരളുറപ്പോടെ സിആർപിഎഫ് ജവാൻ വിനോദ്

'അല്ല ഞാൻ സേഫ് അല്ല.. പക്ഷേ നിങ്ങൾ സേഫാണ്...തലയിൽ അശോകചക്രവും കൈയിൽ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്'; പുൽവാമയിൽ അപകടം നടന്ന വാഹനവ്യുഹത്തിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശിയായ ജവാന്റെ വാക്കുകൾ കണ്ണു നിറയ്ക്കുന്നത്; 'തീവ്രവാദത്തിന്റെ അവസാനത്തെ കഴുകനെയും ചിറകരിഞ്ഞ് വീഴ്‌ത്തുന്നത് വരെ എന്റെ ജീവിതം സുരക്ഷിതമല്ലെന്നും' കരളുറപ്പോടെ സിആർപിഎഫ് ജവാൻ വിനോദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതും പിന്നാലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മേജറടക്കം നാലു ജവാന്മാർ കൊലപ്പെട്ടെന്ന വാർത്തയും നമ്മുടെ നാടിനെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്ന സമയമാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശിയും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ വിനോദിന്റെ വാക്കുകൾ നമ്മുടെ രാജ്യത്തിന് പ്രചോദനമാവുന്നത്.

പുൽവാമയിൽ ആക്രമണത്തിൽ ഇരയായ ജവാന്മാരോടൊപ്പം വിനോദും ഉണ്ടായിരുന്നു. എന്നാൽ തലനാരിഴയ്ക്ക് രക്ഷപെട്ട വിനോദ് ഇപ്പോൾ പറയുന്നത് താൻ കേൾക്കുന്ന ചോദ്യം മനസിനോട് ഇണങ്ങുന്നതല്ല എന്നാണ്. നീ സേഫ് ആണല്ലോ അല്ലേയെന്ന് പലരും എന്നോട് വിളിച്ചു ചോദിച്ചു. എന്നാൽ ഇതിനുത്തരമായി വിനോദ് പറയുന്ന വാക്കുകൾ ദേശസ്‌നേഹത്തിന്റെയും തന്നെ ഏൽപ്പിച്ച ദൗത്യത്തിൽ തന്റെ അർപ്പണ മനോഭാവത്തേയും സൂചിപ്പിക്കുന്നതാണ്.

ബന്ധുക്കളും സുഹൃത്തുക്കളും ഫോണിലൂടെ അന്വേഷിച്ചപ്പോൾ വിനോദ് പറഞ്ഞ മറുപടിയിങ്ങനെ. 'അല്ല ഞാൻ സേഫ് അല്ല. പക്ഷേ, നിങ്ങൾ സേഫാണ്. തലയിൽ അശോകചക്രവും കൈയിൽ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്'. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം കുന്നിൽവീട്ടിൽ വിനോദ് എന്ന സിആർപിഎഫ്. ജവാൻ അപകടം സംഭവിച്ച വാഹന വ്യൂഹത്തിന് തൊട്ട പിന്നാലെ തന്നെയുണ്ടായിരുന്നു.

പൊട്ടിത്തെറിച്ച വാഹനത്തിനു പിന്നിലെ ട്രക്കിലായിരുന്നു വിനോദ് യാത്ര ചെയ്തിരുന്നത്. മറ്റ് ജവാന്മാരോടൊപ്പം ഇവരുടെ വാഹനത്തിൽ കയറേണ്ടിയിരുന്നതാണ് വിനോദും. എന്നാൽ ഉറ്റ സുഹൃത്ത് അമരീന്ദർസിങ് 'നീ അടുത്ത വണ്ടിയിൽ വാ' എന്ന് പറഞ്ഞ് തന്നെ മാറ്റിയതാണെന്ന് വിനോദ് ഓർക്കുന്നു. അതുകൊണ്ടാണ് താൻ ഈ ചോദ്യത്തെ വെറുക്കുന്നതെന്നാണ് വിനോദിന്റെ പക്ഷം.

പഞ്ചാബിയായ അമരീന്ദർസിങ് ട്രെയിനിങ് ക്യാമ്പ് മുതൽ വിനോദിനൊപ്പമുണ്ടായിരുന്നു. സംഭവ ദിവസത്തിന് തലേന്നും അമരീന്ദറും താനും ഒരു മുറിയിലാണ് താമസിച്ചതെന്ന് വിനോദ് പറയുന്നു. മുന്നിൽപോയ വാഹനത്തിന്റെ അവസാന സീറ്റിൽ തിരിഞ്ഞിരുന്ന് അമരീന്ദർ തന്നെ കൈവീശി കാണിച്ച രംഗം വിനോദിന്റെ മനസ്സിലുണ്ട്. പിന്നീട് അവിടം ഒരു തീഗോളമായി മാറുന്നതാണ് കണ്ടത്.

ഗുർദാസ്പൂരിലാണ് അമരീന്ദറിന്റെ വീട്. താൻ അവിടേയ്ക്ക് പോവാത്തത് അമരീന്ദറിന്റെ കുഞ്ഞനുജത്തി ജ്ഞാൻപ്രീത് ഏട്ടനെ വിളിച്ച് കരയുന്നതും അച്ഛനും അമ്മയുമൊക്കെ അലമുറയിടുന്നതും കാണാൻ വയ്യാത്തതുകൊണ്ട്. പിരിച്ചുവെച്ച കോലൻ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ചിരി മനസ്സിൽ മായാതെയുണ്ട്.

വിനോദ് സുഹൃത്തുക്കൾക്കയച്ച വാട്‌സാപ്പ് സന്ദേശം 

''വെറുപ്പാണ് എനിക്ക് സേഫ് ആണോ എന്ന ചോദ്യത്തോട്. ഒരു ഏറ്റുമുട്ടൽ വാർത്ത അറിയുമ്പോൾ എന്നെപ്പോലെയുള്ള എല്ലാ പട്ടാളക്കാരുടെയും ഫോണിലേക്ക് വരുന്ന ചോദ്യമാണിത്. അല്ല, ഞാൻ സേഫല്ല. എന്റെ മാതൃരാജ്യത്തിനു മുകളിൽ വട്ടമിട്ട് പറക്കുന്ന തീവ്രവാദത്തിന്റെ അവസാനത്തെ കഴുകനെയും ചിറകരിഞ്ഞ് വീഴ്‌ത്തുന്നതുവരെയും എന്റെ ജീവിതം സുരക്ഷിതമല്ല. അങ്ങനെ സുരക്ഷിതമാകാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോടു പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലേ''

സമാധാനം നഷ്ടപ്പെട്ട് കശ്മീർ

പുൽവാമിൽ ഏതാനും ദിവസം മുൻപ് ഭീകരാക്രണമുണ്ടായ ഭാഗത്ത് നടന്ന ഏറ്റുട്ടലിൽ മേജറടക്കം നാലു സൈനികർക്ക് വീരമൃത്യു. ഈ ഭാഗത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. പുൽവാമയിൽ സൈനിക വ്യൂഹം ആക്രമിച്ച ചാവേർ ആദിൽ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്.

കെട്ടിടത്തുലുള്ളവർ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്. സിആർപിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്.

സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ ആദിൽ ധർ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്. ആദിലിന് മൂന്നോ നാലോ സഹായികൾ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആർപിഎഫ് വാഹന വ്യൂഹത്തിന്റെ വിവരങ്ങൾ കൈമാറിയതെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP