Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേസ് നീണ്ടപ്പോൾ ദാമ്പത്യബന്ധം തകർന്നു; ജനിച്ച് നാൽപതാം നാളിന് ശേഷം കുഞ്ഞിനെ പോലും കാണാനായില്ല; പട്ടിണി മാറ്റി പിടിച്ചുനിന്നത് പാർട്ട് ടൈം ജോലി കിട്ടിയ ഭാഗ്യത്തിൽ; പൈലറ്റാവാൻ മോഹിച്ച് കാനഡയിലേക്ക് പറന്ന മലയാളി യുവാവ് വഞ്ചനാക്കേസിൽ മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ജയിച്ചുകയറിയപ്പോൾ തിരുത്തിയെഴുതിയത് 'പേടി'യുടെ പഴയചരിത്രം

കേസ് നീണ്ടപ്പോൾ ദാമ്പത്യബന്ധം തകർന്നു; ജനിച്ച് നാൽപതാം നാളിന് ശേഷം കുഞ്ഞിനെ പോലും കാണാനായില്ല; പട്ടിണി മാറ്റി പിടിച്ചുനിന്നത് പാർട്ട് ടൈം ജോലി കിട്ടിയ ഭാഗ്യത്തിൽ; പൈലറ്റാവാൻ മോഹിച്ച് കാനഡയിലേക്ക് പറന്ന മലയാളി യുവാവ് വഞ്ചനാക്കേസിൽ മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ജയിച്ചുകയറിയപ്പോൾ തിരുത്തിയെഴുതിയത് 'പേടി'യുടെ പഴയചരിത്രം

മറുനാടൻ മലയാളി ബ്യൂറോ

ഒട്ടാവ: വിദേശത്തെത്തുന്ന മലയാളികൾ പഠനത്തിലായാലും, ജോലിയിലായാലും ചതിയിൽ പെടുന്ന സംഭവങ്ങൾ കുറവല്ല. വഞ്ചിതരായെന്ന് അറിഞ്ഞാലും, പുറംരാജ്യത്തായതുകൊണ്ട് തന്നെ ആരും കേസിനും കൂട്ടത്തിനുമൊന്നും സാധാരണ പോകാറില്ല. എന്നാൽ, തിരൂർ സ്വദേശി വടക്കേ തൊടുവിൽ അബ്ദുൽ സമദിന്റെയും ഖൈറുന്നിസയുടെയും മകൻ നിയാസിന് ഇത്തരം ഒരു അനുഭവം നേരിട്ടപ്പോൾ അദ്ദേഹം നേരേ മറിച്ചാണ് ചിന്തിച്ചത്. എന്തുകൊണ്ട് തനിക്ക് നീതി തേടി പോരാടിക്കൂടാ എന്ന് ചിന്തിച്ചു നിയാസ്.

വിമാനം പറത്താൻ മോഹിച്ചാണ് തിരൂർ സ്വദേശി വടക്കേ തൊടുവിൽ അബ്ദുൽ സമദിന്റെയും ഖൈറുന്നിസയുടെയും മകൻ നിയാസ് കാനഡയിലേക്ക് പറന്നത്. എന്നാൽ, പഠിച്ച സ്ഥാപനം പരിശീലനത്തിനിടെ വഞ്ചിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി. മൂന്ന് വർഷമാണ് ഒട്ടാവയിൽ നിയാസിന് ദുരിത ജീവിതം നയിക്കേണ്ടി വന്നത്. അതിനിടെ ദാമ്പത്യ ബന്ധം തകരുകയും ചെയ്തു. നിയമപോരാട്ടം നടത്തുന്ന ഇടവേളയിൽ കുഞ്ഞിനെ കാണാൻ പോലും കഴിഞ്ഞില്ല.

ബ്രിട്ടീഷ് കൊളംബിയയിലെ ഫ്‌ളൈറ്റ് ട്രെയിനിങ് സ്‌കൂൾ ബ്ലൂ ബേഡിനോട് നിയാസിന് നഷ്ടപരിഹാരം നൽകാൻ ചില്ലിവാക് പ്രോവിൻഷ്യൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. 2010ൽ ഹൈദരാബാദിൽനിന്ന് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കിയ നിയാസ് വിമാനം പറത്താനുള്ള മോഹംകൊണ്ടാണ് 2015 ജൂൺ 5ന് പൈലറ്റ് പരിശീലനത്തിനായി ബ്രിട്ടീഷ് കൊളംബിയയിലെ ബ്ലൂ ബേഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. 25 ലക്ഷത്തോളം രൂപയായിരുന്നു ഫീസ്. നാലു മാസത്തിനു ശേഷം പഞ്ചാബ് സ്വദേശി സോദി സ്ഥാപനം വിലക്ക് വാങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് നിയാസ് പറയുന്നു. മാനേജ്െമന്റുമായുള്ള പ്രശ്‌നങ്ങൾമൂലം പരിശീലകർ അടിക്കടി രാജിവെച്ച് പോകുന്നത് പഠനത്തെ ബാധിച്ചപ്പോൾ നിയാസും സുഹൃത്തുക്കളും ഇത് ചോദ്യംചെയ്തു.

ഇതിൽ കുപിതരായ സ്ഥാപനാധികൃതർ നിയാസിനെ പുറത്താക്കുകയായിരുന്നു. ഫളൈറ്റ് ടെസ്റ്റിന് തയ്യാറെടുക്കുമ്പോഴായിരുന്നു നടപടി. ഫീസ് പോലും മടക്കി നൽകാതിരുന്ന സ്ഥാപനം നിയാസ് വിമാനം പറത്തുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് കാരണം പറഞ്ഞത്. തുടർന്ന് നിയാസ് പ്രിൻസിപ്പൽ എയർ ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനത്തിൽ ചേർന്ന് പരിശീലനം പൂർത്തിയാക്കി. നവംബർ 14ന് പൈലറ്റ് ലൈസൻസ് നേടി.

മലയാളികൾ അടക്കം നിരവധി പേർ ഇത്തരം സ്ഥാപനങ്ങളുടെ ചതിയിൽ പെടാറുണ്ടെങ്കിലും വിദേശത്തായതിനാൽ ആരും കോടതിയെ സമീപിക്കാറില്ലെന്നും ഇത് ചൂഷകർക്ക് വളമാകുന്ന സാഹചര്യം അവസാനിപ്പിക്കാനാണ് ബ്ലൂ ബേഡിന്റെ അനീതിക്കെതിരെ പ്രൊവിൻഷ്യൽ കോടതിയെ സമീപിച്ചതെന്നും നിയാസ് പറഞ്ഞു.

എന്നാൽ, കേസ് നീണ്ടുപോയതിനാൽ നിയാസിന് നാട്ടിലേക്ക് മടങ്ങാനായില്ല. ഇതോടെ ദാമ്പത്യബന്ധം തകർന്നു. ജനിച്ച് 40ാം നാളിനു ശേഷം കുഞ്ഞിനെ പോലും കാണാനായില്ല. സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ പാർട്ട്‌ടൈം ജോലി ചെയ്താണ് കാനഡയിൽ പിടിച്ചുനിന്നത്. തുടർന്ന് ഇക്കഴിഞ്ഞ 26 മുതൽ മൂന്നു ദിവസം കോടതി തുടർച്ചയായി വിചാരണ നടത്തുകയും നിയാസിന് തിരികെനൽകാനുള്ള മൂന്നു ലക്ഷം രൂപ നൽകാൻ വിധിക്കുകയുമായിരുന്നു. വരുന്ന ഒമ്പതാം തീയതി മൂന്നു വയസ്സ് തികയുന്ന മകൻ അർഷിബിനെ കാണാനായി നാട്ടിലെത്താനുള്ള ഒരുക്കത്തിലാണ് നിയാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP