Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ ഭർത്താവിനെ സിനിമയിൽ നിന്നകറ്റിയവർ മക്കളെയും ഒറ്റപ്പെടുത്താൻ ശ്രമിച്ചു; പൃഥ്വിയേയും ഇന്ദ്രജിത്തിനേയും രക്ഷിച്ചത് വിനയനെന്ന് മല്ലികാ സുകുമാരൻ; കലാഭവൻ മണിയെ കുറിച്ചുള്ള സിനിമയുടെ പൂജാ ചടങ്ങിനെത്താതെ മമ്മൂട്ടിയും; മെഗാ താരമെത്താത് ദിലീപ് ചേരിയെ ഭയക്കുന്നതുകൊണ്ടോ? സൗഹൃദം പുതുക്കാനുള്ള അവസരം നഷ്ടമായെന്ന് വിനയനും; ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ചർച്ചകൾ ഇങ്ങനെ

തന്റെ ഭർത്താവിനെ സിനിമയിൽ നിന്നകറ്റിയവർ മക്കളെയും ഒറ്റപ്പെടുത്താൻ ശ്രമിച്ചു; പൃഥ്വിയേയും ഇന്ദ്രജിത്തിനേയും രക്ഷിച്ചത് വിനയനെന്ന് മല്ലികാ സുകുമാരൻ; കലാഭവൻ മണിയെ കുറിച്ചുള്ള സിനിമയുടെ പൂജാ ചടങ്ങിനെത്താതെ മമ്മൂട്ടിയും; മെഗാ താരമെത്താത് ദിലീപ് ചേരിയെ ഭയക്കുന്നതുകൊണ്ടോ? സൗഹൃദം പുതുക്കാനുള്ള അവസരം നഷ്ടമായെന്ന് വിനയനും; ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ചർച്ചകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നും നടൻ മമ്മൂട്ടി വിട്ടുനിന്നത് എന്തുകൊണ്ട്? വിനയനെതിരായ അപ്രഖ്യാപിത വിലക്ക് ഇപ്പോഴും സിനിമയിലുള്ളതിന്റെ സൂചനയാണ് ഇതെന്ന് സിനിമാ ലോകം വിലയിരുത്തുന്നു. കലാഭവൻ മണിയുടെ കഥ പറയുന്ന സിനിമയിൽ നിന്ന് മമ്മൂട്ടി വിട്ടു നിന്നത് സമ്മർദ്ദം മൂലമാണെന്നാണ് വിമർശനം. എന്നാൽ ആരോടും പരിഭവമില്ലെന്ന് ഇതേ കുറിച്ച് വിനയൻ മറുനാടനോട് പ്രതികരിച്ചു. വിനയനെതിരെ അമ്മ ഏർപ്പെടുത്തിയ വിലക്കിനെ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലികാ സുകുമാരൻ ചടങ്ങിൽ വിമർശിച്ചു.

എന്റെ രണ്ട് ചിത്രത്തിൽ നായകനായ മമ്മൂട്ടിയെ സിനിമയിലെ സീനിയർ എന്ന നിലയിലും അമ്മയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലയിലുമാണ് ഒരാഴ്ച മുമ്പ് ചടങ്ങിന് ക്ഷണിച്ചത്. തൊടുപുഴയിൽ ഷൂട്ടിങ് ആണെന്നും അതിനാൽ എറണാകുളത്ത് കാണുമെന്നും പറഞ്ഞിരുന്നു. ഇടക്ക് വിട്ടുപോയ പഴയകാല സൗഹൃദം പുതുക്കാൻ ഇതൊരവസരമാവുമെന്നും കരുതിയിരുന്നു. എന്റെ നിരോധനം നീക്കിയെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ അറിയിച്ചതും അദ്ദേഹമായിരുന്നു. ആരോടും പരിഭവമില്ല. തൊടുപുഴയിൽ ഷൂട്ടിങ് നടക്കുകയാണെ കാണിച്ച് ഒരു മെസേജ് അയച്ചിരുന്നു-വിഷയത്തിൽ വിനയൻ മറുനാടനോട് വ്യക്തമാക്കി.

ഇപ്പോഴും അയിത്തം മനസ്സിൽ സൂക്ഷിക്കുന്നുതുകൊണ്ടാവാം മമ്മൂട്ടി എത്താതിരുന്നതെന്നാണ് ഒരുവിഭാഗം ചലച്ചിത്ര പ്രവർത്തകരുടെ സംശയം. ദിലീപ് അനുകൂല ചേരിയെ മഹാനടൻ ഭയപ്പെടുന്നതുകൊണ്ടാവാം ചടങ്ങിന് എത്താതിരുന്നതെന്ന് അഭിപ്രായപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ന് രാവിലെ കാക്കനാട് പാർക്ക് റസിഡൻസിയിലാിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതി എന്നു പേരിട്ടിട്ടുള്ള ചിത്രത്തിന്റെ പൂജ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ കെ ബാലൻ, മുൻ മന്ത്രിമാരായ കാനം രാജേന്ദ്രൻ. കെ ഇ ഇസ്മയിൽ ബൈജുകൊട്ടാരക്കര, അജ്മൽ ശ്രീകണ്ഠാപുരം തുടങ്ങി സിനിമ-രാഷ്ട്രീയയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

നടി മല്ലിക സുകുമാരനും സംവിധായകൻ ജോസ് തോമസും മനസ്സ് തുറന്ന ചടങ്ങുകൂടിയായിരുന്നു ഇത്. തന്റെ ഭർത്താവിനെ സിനിമയിൽ നിന്നകറ്റിയവർ മക്കളെയും സിനിമയിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും വിനയനാണ് അവരെ രക്ഷിച്ചതെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. വിനയന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൂട്ട് ചേർന്നതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇത് തെറ്റായ തീരുമാനമായി എന്ന് തിരിച്ചറിയാൻ വൈകി എന്നുമായിരുന്നു ജോസ് തോമസ്സ വ്യക്തമാക്കിയത്.

വർഷങ്ങൾക്ക് ശേഷമാണ് കലാഭവൻ മണിയുടെ ജീവിതത്തെ അസ്പദമാക്കി ഒരുക്കുന്ന ചിത്രവുമായി വിനയൻ രംഗപ്രവേശം ചെയ്തിട്ടുള്ളത്.പുതുമുഖമാണ് നായകൻ. ഹണിറോസാണ് നായിക. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഇത്. മലയാള സിനിമ കണ്ട ഏറ്റവും മഹത്തായ കലാകാരനാണ് കലാഭവൻ മണിയെന്ന് വിനയൻ പറയുന്നു. അഭിനയവും സംഗീതവുമെല്ലാം കൈവശമുള്ള അതുല്യ പ്രതിഭയായിരുന്നു മണി. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് താൻ 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രം ചെയ്യുന്നതെന്നും വിനയൻ പറഞ്ഞു.

'മണിയുടെ ജീവിതം അതുപോലെ പകർത്തുന്ന ഒരു ബയോപ്പിക്കല്ല ചാലക്കുടിക്കാരൻ ചങ്ങാതി. എനിക്ക് വളരെ ബഹുമാനമുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിസ്ഥാനവർഗത്തിൽ ജനിച്ച്, പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ഇടയിൽ നിന്ന് വളർന്നു വന്ന് സിനിമയിലും ജനങ്ങളുടെ മനസ്സിലും സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത കലാകാരന്റെ ജീവിതമാണ് പറയാൻ ഉദ്ദേശിക്കുന്നത്.' ചിത്രത്തിൽ മണിയുടെ കുടുംബ ജീവതത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വിനയൻ പറഞ്ഞു.

'മണിയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. സിനിമയിൽ അവന്റെ നിറം പലപ്പോഴും മാറ്റിനിർത്തപ്പെടാൻ കാരണമായിട്ടുണ്ട്. നമ്മൾ കറുപ്പിനെ കുറിച്ചും ദലിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. പക്ഷെ, കാര്യത്തോടടുക്കുമ്പോൾ അതൊന്നും അത്ര എളുപ്പമല്ല. ആ അനുഭവങ്ങൾ വളരെ കടുപ്പമാണ്. അത്തരം കാര്യങ്ങളൊക്കെയാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീട്ടുകാരുമായി സംസാരിച്ചിരുന്നു. മണി ഉപയോഗിച്ചിരുന്ന വണ്ടി പജേറോ ആയിരുന്നു. അത് സിനിമയ്ക്കു വേണ്ടി തരാമെന്ന് മണിയുടെ ഭാര്യ നിമ്മി സമ്മതിച്ചിട്ടുണ്ടെന്നും വിനയൻ വിശദീകരിച്ചിരുന്നു.

ഈ മാസം 15നായിരിക്കും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. 2018 മാർച്ച് അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖ താരം രാജാമണിയാണ് സിനിമയിലെ നായകൻ. രാജാമണിയെ കൂടാതെ ജോയ് മാത്യു, സലിം കുമാർ, ഹണി റോസ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ആൽഫ ഫിലിംസിന്റെ ബാനറിൽ ഗ്ലാസ്റ്റോൺ നിർമ്മിക്കുന്ന ചിത്രത്തിന് ഉമ്മർ മുഹമ്മദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP