Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുകളും ബിവറേജുകളും അടച്ചതോടെ സുനീഷ് അക്രമാസക്തനായത് മദ്യം ലഭിക്കാതെ വന്നതിനാൽ; ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കരൂപ്പടന്ന കടലായി പുഴയിൽ നിന്നും; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം കുടിയന്മാരുടെ മുന്നിൽ ഏക വഴി ആത്മഹത്യ മാത്രമോ?

ബാറുകളും ബിവറേജുകളും അടച്ചതോടെ സുനീഷ് അക്രമാസക്തനായത് മദ്യം ലഭിക്കാതെ വന്നതിനാൽ; ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കരൂപ്പടന്ന കടലായി പുഴയിൽ നിന്നും; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം കുടിയന്മാരുടെ മുന്നിൽ ഏക വഴി ആത്മഹത്യ മാത്രമോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നാരായണമംഗലം സ്വദേശി കുണ്ടുപറമ്പിൽ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് സുനേഷ് പുഴയിൽ ചാടിയതെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതായത്. കരൂപ്പടന്ന കടലായി പുഴയിൽനിന്നാണ് സുനേഷിന്റെ മൃതദേഹം ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിട്ടത്. ഇതോടെ സ്ഥിരം മദ്യപാനികൾ ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിൽ അകപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആറുപേർ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ചങ്ങനാശ്ശേരിയിൽ ഒരാൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മ​ഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്ന് രാവിലെയാണ് ചങ്ങനാശ്ശേരി സ്വ​ദേശി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂവം സ്വദേശി ശശിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ ഏഴ് മണിക്കു മുമ്പ് ചങ്ങനാശ്ശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം. ഇയാൾ ആൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ചങ്ങനാശ്ശേരിയിലെ ലോട്ടറി കച്ചവടക്കാരനാണിയാൾ. പി എം ജെ കോംപ്ലക്‌സിലെ മൂന്നാം നിലയിൽനിന്നു ശശി ചാടുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചത് അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാർ അറിയിച്ചത് മൂലം പൊലീസ് എത്തി ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മദ്യംലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് മറ്റ്അഞ്ച് പേർ കൂടി ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം ജില്ലയിൽ മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ചവറ സ്വദേശി ബിജു വിശ്വനാഥൻ (50) സഹോദരിയുടെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഐഎസ്ആർഒയിലെ മുൻ കരാർ ജീവനക്കാരനാണ്.

കുണ്ടറ സ്വദേശി സുരേഷ് (38) ആണ് മദ്യ ലഭിക്കാത്തതിനെ തുടർന്നു കൊല്ലം ജില്ലയിൽ ആത്മഹത്യ ചെയത് മറ്റൊരാൾ. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുരേഷിനെ കണ്ടെത്തിയത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കെ.സി. വിജിൽ(28)ഉം ശനിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് വിജിലിനെ കാണപ്പെട്ടത്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ മുതൽ ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കരിമുൾ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44), കേച്ചേരി തൂവാന്നൂർ കുളങ്ങരയിൽ സനോജും (37) മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൂങ്ങിമരിച്ചിരുന്നു.

മദ്യാസക്തിയുള്ളവർക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മദ്യം ലഭിക്കാത്തതിനാൽ വിത്‌ഡ്രോവൽ സിൻഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലർ കാണിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദേശാനുസരണം മദ്യം നൽകാൻ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ഇവർക്ക് മദ്യം ലഭ്യമാക്കുകയുള്ളൂവെന്നും ബാക്കിയാർക്കും ഈ സൗകര്യം ലഭിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മദ്യാസക്തിയുള്ള ചിലർക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് തീരുമാനമെടുത്തത്. ഡീ അഡിക്ഷൻ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മദ്യനിരോധനം നടപ്പാക്കിയ ചില സംസ്ഥാനങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ട്. ആ മാതൃക നമുക്കും നടപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ അല്ല മദ്യം നൽകുകയെന്നും കൂടുതൽകാര്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP