Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി മെഡിക്കൽ കൗൺസിൽ; ഹോസ്റ്റലും ക്വാർട്ടേഴ്‌സും ഇല്ലെന്ന് പറഞ്ഞപ്പോൾ നിർമ്മാണത്തിനുള്ള സർക്കാർ അനുമതി ബോധ്യപ്പെടുത്തിയതിനും ഫലമുണ്ടായില്ല; സംസ്ഥാനത്തെ മികച്ച റിസൽട്ട് ഉണ്ടാക്കിയ കോളേജിലെ വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ; വിമർശനം ഉയരുന്നത് വികസനം നടത്താതെ ഈ ഗതിവരുത്തിയ മുൻ സർക്കാരിനും സ്ഥലം എംഎൽഎയ്ക്കും നേരെ

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി മെഡിക്കൽ കൗൺസിൽ; ഹോസ്റ്റലും ക്വാർട്ടേഴ്‌സും ഇല്ലെന്ന് പറഞ്ഞപ്പോൾ നിർമ്മാണത്തിനുള്ള സർക്കാർ അനുമതി ബോധ്യപ്പെടുത്തിയതിനും ഫലമുണ്ടായില്ല; സംസ്ഥാനത്തെ മികച്ച റിസൽട്ട് ഉണ്ടാക്കിയ കോളേജിലെ വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ; വിമർശനം ഉയരുന്നത് വികസനം നടത്താതെ ഈ ഗതിവരുത്തിയ മുൻ സർക്കാരിനും സ്ഥലം എംഎൽഎയ്ക്കും നേരെ

ജാസിം മൊയ്തീൻ

മഞ്ചേരി: സംസ്ഥാനത്ത് അവസാന വർഷ എംബിബിഎസ് പരീക്ഷാഫലത്തിൽ ഒന്നാംസ്ഥാനത്ത് എത്തിയിരുന്ന മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന്റെ അംഗീകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റദ്ദാക്കി. ഒരുമാസം മുമ്പായിരുന്നു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മൂന്നംഗ സംഘം കോളേജിൽ പരിശോധന നടത്തിയിരുന്നത്. ഹോസ്റ്റൽ, കോർട്ടേഴ്സ്, മൈതാനം എന്നിവയുടെ കുറവുകൾ രേഖപ്പെടുത്തിയാണ് കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. പരിശോധന സമയത്ത് തന്നെ കോടികളുടെ നിർമ്മാണ പ്രവർത്തകൾക്കുള്ള സർക്കാർ അനുമതി കൗൺസിൽ സംഘത്തെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അതിനൊന്നും ഫലമുണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ വന്ന അംഗീകാരം റദ്ദാക്കൽ വ്യക്തമാക്കുന്നത്.

അതേ സമയം രോഗികളുടെയും ഡോക്ടർമാരുടെയും എണ്ണത്തിന്റെ കാര്യത്തിലും എംസിഐ തൃപ്തരായിരുന്നില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അവസാന ഘട്ട അംഗീകാരമാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. ഇതോടെ അവസാന വർഷ പരീക്ഷയിൽ സംസ്ഥാനത്ത് തന്നെ മികച്ച ഫലം നേടിയ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്ത്വത്തിലാണ്. എന്നാൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പോയി കുറവുകൾ നികത്തുമെന്ന് മെഡിക്കൽ കൗൺസിലിനെ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

ഇതിനിടെ മെഡിക്കൽ കോളേജിന്റെ മരാമത്ത് പ്രവർത്തികൾക്കായി അനുവദിച്ചിരുന്ന എട്ടു കോടി രൂപ സർക്കാർ തിരിച്ചെടുത്തു. ഡെപ്പോസിറ്റ് ഇനത്തിൽ ട്രഷറിയിൽ നിക്ഷേപിച്ച തുകയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരിച്ചെടുത്തത്. ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി അപ്ഗ്രേഡ് ചെയ്ത സമയത്ത് തന്നെ മെഡിക്കൽ കോളേജിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ, ഡോക്ടർമാരോ ഒന്നും തന്നെ ഇല്ലായെന്ന പരാതികളെ ശരിവെക്കുന്നതാണ് ഇപ്പോൾ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം റദ്ദാക്കൽ.

കഴിഞ്ഞ യുഡിഎഫ് സർക്കാറും എംഎൽഎയും മഞ്ചേരിയിലെ പ്രധാന വികസന നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയ സ്ഥാപനമാണ് മഞ്ചേരി മെഡിക്കൽ കോളേജ്. കുറവുകളെല്ലാം ഉടനടി പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മെഡിക്കൽ കോളേജിന്റെ അംഗീകാരം വീണ്ടെടുത്തില്ലെങ്കിൽ ഉമ്മർ എംഎൽഎയടക്കം ഉള്ളവർക്കെതിരെ നേരത്തെയും ഉയർന്നിരുന്ന വിമർശനങ്ങൽക്ക് ആക്കം കൂട്ടുന്നതാകും അത്. ഇവിടുത്തെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടിയപ്പോൾ പോലും എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് വച്ചവരുടെ രാഷ്ട്രീയവുമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കുന്ന സമയത്തും അതിന് ശേഷവും പൊതുസമൂഹം ഉന്നയിച്ച പ്രധാന ആരോപണങ്ങളായിരുന്നു അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത. നല്ലൊരു ശുചിമുറി പോലുമില്ലാത്ത മഞ്ചേരി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരത്തെയും ചർച്ചയായതാണ്.

ഇവിടെയത്തുന്ന രോഗികളെയെല്ലാം കോഴിക്കോട്ടേക്ക് റഫർ ചെയ്യുന്നതിനപ്പുറം യാതൊരു ചികിത്സ സൗകര്യവും ഇവിടെയുണ്ടായിരുന്നില്ല. കുട്ടികൾക്കും ഡോക്ടർമാർക്കും താമസിക്കാനുള്ള ഹോസ്റ്റലുകളോ, കോർട്ടേഴ്സുകളോ ഇവിടുണ്ടായിരുന്നില്ല. ഇത്തരം വിമർശനങ്ങളെയെല്ലാം വികസനവിരോധികളെന്ന് മുദ്ര കുത്തി നേരിട്ടിരുന്ന മഞ്ചേരിയിലെ യുഡിഎഫ് നേതൃത്വം ഇപ്പോൾ മെഡിക്കൽ കൗൺിസിലിന്റെ അംഗീകാരം റദ്ദായതോടെ വെട്ടിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP