Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൻസ് കൊടുക്കാൻ ആമീനെ അനുവദിക്കുന്നില്ല; കോടതി പറഞ്ഞിട്ടും മതിയായ സംരക്ഷണം നൽകാതെ ഒളിച്ചുകളിച്ച് പൊലീസും; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ലീഗ്-സി.പി.എം കൂട്ടുകെട്ടോ സാക്ഷികൾക്കെതിരെ 'വാറണ്ട്' ഉത്തരവിനായി നീങ്ങാൻ സുരേന്ദ്രനും; മഞ്ചേശ്വരത്തെ കള്ളവോട്ട് കേസിൽ ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകം

സമൻസ് കൊടുക്കാൻ ആമീനെ അനുവദിക്കുന്നില്ല; കോടതി പറഞ്ഞിട്ടും മതിയായ സംരക്ഷണം നൽകാതെ ഒളിച്ചുകളിച്ച് പൊലീസും; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ലീഗ്-സി.പി.എം കൂട്ടുകെട്ടോ സാക്ഷികൾക്കെതിരെ 'വാറണ്ട്' ഉത്തരവിനായി നീങ്ങാൻ സുരേന്ദ്രനും; മഞ്ചേശ്വരത്തെ കള്ളവോട്ട് കേസിൽ ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തെരഞ്ഞെടുപ്പ് ഹർജിയിൽ വിജയിയുടെ ഭൂരിപക്ഷത്തെ ബാധിക്കുംവിധം കള്ളവോട്ടുണ്ടെന്ന് തെളിഞ്ഞാൽമാത്രമേ ആ വോട്ട് വീണതാർക്കെന്ന് പരിശോധിക്കൂ. വോട്ടിങ് മെഷീനിലെ വിവരം ഡീ കോഡ്ചെയ്ത് കള്ളവോട്ട് ആരുടെ പേരിലാണ് ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തുന്നതാണ് രീതി. ഈ കീഴ് വഴക്കം കേരളത്തിൽ മുമ്പ് നടന്നിട്ടുണ്ട്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി. സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നൽകിയ ഹർജിയിലും കള്ളവോട്ടുകൾ നടന്നെന്ന് തെളിഞ്ഞാൽമാത്രമേ വോട്ട് വീണതാർക്കെന്ന് കോടതി പരിശോധിക്കൂ. ഇത് പൊളിക്കാനാണ് കള്ളക്കളികൾ എന്നാണ് ബിജെപിയുടെ ആരോപണം.

ഗൾഫിലുണ്ടായിരുന്നവരുടെ പേരിൽ കള്ളവോട്ടും മരിച്ചവരുടെ വോട്ടും ചെയ്താണു വിജയിച്ചതെന്നു കാണിച്ചാണു കേസ് ഫയൽ ചെയ്തത്. 291 പേർ കള്ളവോട്ട് നടത്തിയെന്നാണു കെ. സുരേന്ദ്രൻ ആദ്യം കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ ലിസ്റ്റിൽ എട്ടുപേരുടെ പേര് ആവർത്തിച്ചിരുന്നു. ഇതിൽ 24 പേർ വോട്ട് ചെയ്യാത്തവരാണെന്ന് പിന്നീട് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ 259 പേർക്കാണു സമൻസ് അയച്ചത്. 42 പേർക്ക് സമൻസ് ലഭിച്ചതിൽ മൂന്നുപേർ മാത്രമാണ് കോടതിയിൽ ഹാജരായി മൊഴി നൽകിയിട്ടുള്ളത്. 88 പേർ ഇരട്ട വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇത് നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമെങ്കിലും അതിനു ശ്രമിക്കാതെ വിദേശത്തുള്ളവരുടെ കണക്ക് തേടിയാണ് സുരേന്ദ്രൻ പോയതെന്ന വിമർശനം ലീഗും ഉന്നയിക്കുന്നു. ഏതായാലും കോടതി സമൻസ് അയച്ച ബഹുഭൂരിഭാഗം പേർക്കും അത് നൽകാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം ആമീന് സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചില കേന്ദ്രങ്ങളുടെ ഇടപെടൽ മൂലം അത് നടക്കുന്നില്ല. ആമിന് ഇപ്പോഴും സാക്ഷികളുടെ അടുത്ത് എത്താൻ കഴിയുന്നില്ല. സമൻസ് കൈമാറാത്തതു കൊണ്ട് തന്നെ സാക്ഷി സ്ഥലത്തില്ലെന്ന് കണക്കാക്കേണ്ടി വരും. അപ്പോഴും അവരുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന് ആർക്കും വാദിക്കാൻ കഴിയാത്ത സ്ഥിതിയും വരും. ഇതിലൂടെ ഉപതെരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സുരേന്ദ്രൻ സംശയിക്കുന്നു. പൊലീസ് ഇക്കാര്യത്തിൽ കള്ളക്കളി നടത്തുന്നുവെന്നാണ് ആരോപണം. മതിയായ സുരക്ഷയൊരുക്കി സമൻസ് നൽകാൻ ആമീനെ സഹായിക്കേണ്ട പൊലീസ് അതിന് വേണ്ട നടപടിയെടുക്കാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ആരോപിക്കുന്നു. മുസ്ലിംലീഗിന് വേണ്ടി സി.പി.എം ഇടപെടൽ നടക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഇതോടെ വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് നീക്കം.

സമൻസ് കിട്ടിയവരിൽ കൂടുതൽ പേർക്കും നോമ്പ് കാലമായതിനാലും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരായതിനാലും അവരുടെ ജോലി കളഞ്ഞ് കോടതിയിൽ പോയി മൊഴി നൽകാൻ പോകാത്ത സാഹചര്യമാണുള്ളതെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. 300 രൂപ മാത്രമാണ് കോടതിയിൽ നിന്നും ഇവർക്ക് യാത്രാ ബത്ത ലഭിക്കുക. അതുകൊണ്ട് അന്നന്ന് ഉപജീവനം നടത്തുന്നവർക്ക് എറണാകുളത്ത് പോയി വരാൻ സാധിക്കില്ല. പരാതി നൽകിയവർ തന്നെയാണ് സാക്ഷികളെയും ഹാജരാക്കേണ്ടതെന്ന് അബ്ദുൾ റസാഖ് തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന നിർദ്ദേശം സുരേന്ദ്രൻ കോടിക്ക് മുമ്പിൽ നിരത്തുക. സാക്ഷികളെ എത്തിക്കാതിരിക്കാൻ ബോധപൂർവ്വം പ്രചരണം നടത്തുകയാണെന്നും ബിജെപി ആരോപിക്കുന്നു.

ഈ സാഹചര്യത്തിൽ സാക്ഷികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടും. അങ്ങനെ വന്നാൽ അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ട ഉത്തരവാദിത്തം പൊലീസിന് വരും. കോടതിക്ക് മറുപടിയും നൽകേണ്ടി വരും. ഇതിനാണ് സുരേന്ദ്രന്റെ നീക്കം. കോടതിയിൽ വന്ന് സാക്ഷികൾ സത്യം പറഞ്ഞില്ലെങ്കിൽ സാക്ഷികൾക്ക് ഗുരുതരമായ നിയമ പ്രശ്‌നം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വിദേശകാര്യ മന്ത്രാലയത്തോട് പാസ്‌പോർട്ട് വിവരങ്ങൾ എത്രയും വേഗം നൽകാൻ കെ സുരേന്ദ്രൻ ആശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ ഇലക്ഷൻ സമയത്ത് നാട്ടിൽ ഉണ്ടോ ഇല്ലയോ എന്ന് കിട്ടിയാൽ മനസിലാവും, കോടതിയിൽ ഹാജരാകാത്ത സാക്ഷികൾക്ക് തടവ് ശിക്ഷയ്ക്ക് സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ വിലയിരുത്തലെത്തുന്നു. തൊഴിൽ പരമായ ബുദ്ധിമുട്ടും ഉണ്ടാകുമെന്നും സൂചനയുണ്ട്. അമീന് സമൻസ് കൈമാറാൻ കഴിഞ്ഞില്ലെങ്കിൽ സാക്ഷി സ്ഥലത്തില്ലെന്നാകും കോടതി ധരിക്കുക.

കള്ളവോട്ടുകൾ ആർക്കാണ് ചെയ്തതെന്ന് കണ്ടെത്തി അവരുടെ കണക്കിൽനിന്ന് കുറവുചെയ്യാണാണ് കോടതിയുടെ ശ്രമം. അതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം വിലയിരുത്തി തിരഞ്ഞെടുപ്പ് ഹർജിയിൽ അന്തിമതീർപ്പ് കൽപ്പിക്കുകയാണ് ചെയ്യുക. വോട്ടിങ് യന്ത്രത്തിലെ വിവരം ഡീകോഡ് ചെയ്യാൻ ഏറ്റവും അത്യാവശ്യഘട്ടത്തിൽമാത്രമേ കോടതികൾ ഉത്തരവിടാറുള്ളൂ. ഇതിനിടെയാണ് അബ്ദുൾ റസാഖിനെ രാജിവയ്‌പ്പിക്കാനുള്ള ലീഗ് തന്ത്രം വാർത്തയായത്. റസാഖിനെ രാജിവയ്‌പ്പിച്ച് മറ്റൊരാളെ നിർത്തി ജയിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ കോടിയുടെ ഇടപെടൽ ഭയന്ന് അത് വേണ്ടെന്ന് വച്ചു. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ അത് രാഷ്ട്രീയ തിരിച്ചടിയുമാകും. ഏതായാലും മഞ്ചേശ്വരത്ത് വോട്ടെടുപ്പുണ്ടായാൽ ഇനി സി.പി.എം വോട്ടുകൾ മൊത്തമായി ലീഗ് പക്ഷത്തേക്ക് മറിയുമെന്ന ഭയം ബിജെപിക്കുണ്ട്.

സുരേന്ദ്രനെ റസാഖ് തോൽപ്പിച്ചത് 89 വോട്ടിനാണ്. റസാഖിന്റെ വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. സ്ഥലത്തില്ലാത്തവരുടെയോ മരിച്ചുപോയവരുടെയോ വോട്ട് ചെയ്യപ്പെട്ടെന്ന് തെളിയിച്ചാൽമാത്രമേ കള്ളവോട്ടെന്ന് ഉറപ്പാക്കാനാകൂ. ഭൂരിപക്ഷത്തെ സ്വാധീനിക്കത്തക്ക എണ്ണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തണം. എങ്കിൽ ക്രമനമ്പറും മറ്റുംനോക്കി ആ വോട്ടുകൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടും. ഹൈദരബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ സാങ്കേതികവിദഗ്ധരെയും ഇതിനായി കോടതി വിളിപ്പിക്കും. 2001-ൽ ഇരവിപുരത്തുനിന്ന് ഇടതുമുന്നണിയിലെ എ.എ. അസീസിന്റെ വിജയത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗിലെ അഹമ്മദ് കബീർ കോടതിയെ സമീപിച്ചിരുന്നു. 21 വോട്ടിനാണ് അന്ന് അസീസ് ജയിച്ചത്.

ഫലത്തെ സ്വാധീനിക്കുന്നത്ര കള്ളവോട്ട് കണ്ടെത്തിയതിനാൽ ഡീകോഡ് ചെയ്ത് ആ വോട്ട് ആർക്ക് ലഭിച്ചെന്ന് കോടതി പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ മാറിയ വോട്ട് പരിശോധിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഈ കീഴ് വഴക്കമാണ് മുസ്ലിം ലീഗിനെ ഭയപ്പെടുത്തുന്നതെന്ന് ബിജെപി പറയുന്നു. അതിനിടെ മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നതായുള്ള കന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതും ലീഗിന് തിരിച്ചടിയാണ്. കള്ളവോട്ട് പട്ടികയിലുള്ളവരുടെ യാത്രാവിവരങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. മാർച്ച് രണ്ടിലെ ഹൈക്കോടതി ഉത്തരവനുസരിച്ച്, പേരും ജനനത്തീയതിയും മറ്റും ആധാരമാക്കി 197 പേരുടെ യാത്രാവിവരങ്ങൾ കണ്ടെത്താനാണു ശ്രമിക്കുന്നത്.

കൃത്യമായ വിവരം ലഭിക്കാൻ പാസ്‌പോർട്ട് നമ്പർ അനിവാര്യമാണ്. അതില്ലാത്തതിനാൽ ലഭ്യമായ മറ്റു വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ പട്ടികയിലുൾപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞു. അവശേഷിക്കുന്നവരുടെ വിവരങ്ങൾ കണ്ടെത്താൻ പരിശോധന തുടരുകയാണെന്നും കിട്ടുന്ന മുറയ്ക്കു കോടതിയിൽ ഹാജരാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. തിരിച്ചറിഞ്ഞ 26 പേരുടെ പേരുവിവരങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.. ന്യൂഡൽഹിയിലെ ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടർ എ.കെ. ഭുയാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലെ അസി. സോളിസിറ്റർ ജനറൽ ആണു വിശദീകരണ പത്രിക നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം മുസ്ലിം ലീഗിന് തീർത്തും തിരിച്ചടിയാണ്.

അതിനിടെ താൻ രാജിവെക്കില്ലെന്നും , രാജി വെക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ബിജെപി ആണെന്നും അബ്ദുൾ റസാഖ് ആരോപിച്ചു. അഞ്ചു വർഷം താൻ മഞ്ചേശ്വരം എംഎ‍ൽഎയായി തുടരുമെന്നും കെ.സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് കേസിനെ കുറിച്ച് തനിക്കോ മുസ്ലിം ലീഗിനോ ഭയമോ ആശങ്കയുയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP