Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദുപുഷ്പ്പം ചൂടി നിൽക്കും രാത്രി.. പാടി സ്റ്റാർസിംഗറിലെ ശ്രദ്ധാകേന്ദ്രമായി; യമുന വെറുതേ.. പാടി പ്രേക്ഷക ഹൃദയങ്ങളിലും; റിയാലിറ്റി ഷോയ്ക്കായി പോയി അറ്റൻഡൻസ് കുറഞ്ഞപ്പോൾ നൃത്തപഠനം പൂർത്തീകരിക്കാനായില്ല; പാതിവഴിയിൽ മുടങ്ങിയ പഠനം തുടർന്നത് വിവാഹശേഷം; പാട്ടിനൊപ്പം നൃത്തത്തിലും മിടുക്കിയായ മഞ്ജുഷ ജീവിതത്തിൽ നിന്നും മടങ്ങുന്നത് മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എന്ന സ്വപ്‌നം ബാക്കിയാക്കി

ഇന്ദുപുഷ്പ്പം ചൂടി നിൽക്കും രാത്രി.. പാടി സ്റ്റാർസിംഗറിലെ ശ്രദ്ധാകേന്ദ്രമായി; യമുന വെറുതേ.. പാടി പ്രേക്ഷക ഹൃദയങ്ങളിലും; റിയാലിറ്റി ഷോയ്ക്കായി പോയി അറ്റൻഡൻസ് കുറഞ്ഞപ്പോൾ നൃത്തപഠനം പൂർത്തീകരിക്കാനായില്ല; പാതിവഴിയിൽ മുടങ്ങിയ പഠനം തുടർന്നത് വിവാഹശേഷം; പാട്ടിനൊപ്പം നൃത്തത്തിലും മിടുക്കിയായ മഞ്ജുഷ ജീവിതത്തിൽ നിന്നും മടങ്ങുന്നത് മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എന്ന സ്വപ്‌നം ബാക്കിയാക്കി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: 2009ലെ ഐഡിയ സ്റ്റാർ സിംഗർ സീസണിലെ മത്സരാർത്ഥിയായിരുന്ന മഞ്ജുഷ മോഹൻദാസിന്റെ അകാല വിയോഗം സംഗീത ലോകത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കള്ളു കയറ്റിവന്ന വണ്ടി ഇടിച്ചാണ് യുവതി മരണപ്പെട്ടത്. ഇന്ദുപുഷ്പ്പം ചൂടി നിൽക്കും രാത്രി.. എന്ന പ്രശസ്തമായ ഗാനം പാടിയാണ് മഞ്ജുഷ മോഹൻദാസ് മലയാളികളുടെ പ്രിയങ്കരിയായി പാട്ടുകാരിയായി മാറുന്നത്. ആ നിലയിലാണ് മലയാളികൾക്ക് മഞ്ജുഷയെ പരിചിതയായി മാറുന്നത്. ഷോയ്ക്കായി അന്ന് മഞ്ജുഷ ആലപിച്ച ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയുടെ ജഡ്ജിമാരായിരുന്ന ചിത്ര, എം ജി ശ്രീകുമാർ, ശരത്ത് തുടങ്ങിയവരുടെ പ്രശംസ പിടിച്ചുപറ്റാൻ ഈ മിടുക്കിക്ക് സാധിച്ചിരുന്നു.

ഇന്ദുപുഷ്പ്പം ചൂടി നിൽക്കും രാത്രി... എന്ന പാട്ടു പാടിയായിരുന്നു മഞ്ജുഷ സ്റ്റാർ സിംഗറിലേക്ക് യോഗ്യത നേടിയത്. യമുന വെറുതേ.. എന്ന ഗാനം പാടി അവൾ പ്രേക്ഷകഹൃദയങ്ങളിലും ഇടംപിടിച്ചു. ഈ ഷോയ്ക്ക് ശേഷവും സംഗീത വേദികളിൽ സജീവമായിരുന്നു മഞ്ജുഷ മോഹൻദാസ്. ചാനൽ അവതാരക എന്ന നിലയിലും ശ്രദ്ധേയയായിരുന്നു അവൾ. കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മഞ്ജുഷയുടേതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒരേ ശബ്ദത്തിൽ പറയുന്നു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംസ്‌ക്കൃത പദ്യപാരായണത്തിന് ഒന്നാം സ്ഥാനും മാപ്പിളപ്പാട്ടിന് എ ഗ്രേഡും നേടി കഴിതു തെളിയിച്ചാണ് കലാരംഗത്ത് അവർ സാന്നിധ്യമായത്. പെരുമ്പാവൂർ സബ്ജില്ലാ സ്‌കൂൾ കലാതിലകമായും തിളങ്ങിയ മഞ്ജുഷ ക്ലാസിക്കൽ -ഫോക്ക് നൃത്തത്തിലും അതീവ തൽപ്പരയായിരുന്നു. സംഗീതത്തൊടൊപ്പം പാരമ്പര്യ നൃത്തകലകൾ അഭ്യസിക്കാൻ മിടുക്കിയായിരുന്ന മഞ്ജുഷ വിടപറഞ്ഞത് മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എന്ന സ്വപ്‌നം ബാക്കിയാക്കിയാണ്.

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയതിനാൽ അറ്റൻഡൻസ് കുറവായിരുന്നതിൽ കാലടി സംസ്‌ക്കൃത സർവകലാശാലയിൽ നൃത്തപഠനം പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ വിവാഹവും കഴിഞ്ഞതോടെ പഠനം മുടങ്ങി. തുടർന്ന് പാതിവഴിയിൽ മുടങ്ങിയ പഠനം പൂർത്തീകരിക്കാൻ മഞ്ജുഷ തന്നെ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഭാവി ജീവിതം ശാസ്ത്രീയ നൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി അവൾ നീക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് കാലടി ശ്രീശങ്കര കോളേജിലെ ഡാൻസ് വിഭാഗം എച്ച് ഒ ഡി യും അസിസ്റ്റന്റ് പ്രൊഫസറുമായ കെ.എം അബു തന്റെ വിദ്യാർത്ഥിയെ കുറിച്ച് ഓർത്തെടുത്തത്.

ഒരിക്കൽ പാതി വഴിയിൽ മുടങ്ങിയ പഠനം തുടരാൻ വിവാഹശേഷം അവൾ തീരുമാനിച്ചതിന് കാരണവും ഇതാണ്. കുട്ടി പിറന്ന് അധികം നാളുകൾ കഴിയും മുമ്പേയാണ് അവൾ വീണ്ടും നൃത്തരംഗത്തേയ്ക്ക് കടന്നു വരുന്നത്. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എന്നത് അവളുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ജീവനോളം സ്‌നേഹിച്ച മോഹം ബാക്കിയാക്കിയാക്കിയാണ് അവൾ വിട ചൊല്ലിയത്. അബു പറഞ്ഞു.

പാട്ടിനൊപ്പം ഡാൻസിലും അവൾക്ക് അതിയായ താൽപര്യമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇതേ കോളേജിൽ അവൾ നൃത്തം പഠിക്കാൻ ചേർന്നിരുന്നു. ചാനൽ റിയാലിറ്റി ഷോയിലെ സംഗീതപരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ അറ്റന്റൻസ് ഇല്ലാത്തതിനാൽ പഠനം പൂർത്തീകരിക്കാനായില്ല. 9 വർഷത്തിന് ശേഷമാണ് അവൾ ഇപ്പോൾ വീണ്ടും മോഹിനിയാട്ടം പഠിക്കാൻ എത്തിയത്. ഈ വിഭാഗത്തിൽ നാല് സെമസ്റ്ററാണുള്ളത്. ഇതിൽ മൂന്നാമത്തെ സെമസ്റ്ററിലാണ് മഞ്ജുഷ പഠിച്ചിരുന്നത്. പാട്ടും നൃത്തവും ഒരു പോലെ സ്‌നേഹിച്ചിരുന്ന അവൾ ലോകമറിയുന്ന കലാകാരിയാവുക എന്ന ലക്ഷ്യത്തിനാണ് മുൻഗണന നൽകിയിരുന്നത്. അവളുടെ വേർപാട് ഞങ്ങൾക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരും സുഹൃത്തുക്കളും മഞ്ജുഷയെ കുറിച്ച് നല്ല വാക്കുലാണ് പറയുന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ജുഷ മോഹൻദാസ് ഇന്ന് രാവിലെയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച കാലടിയിൽ വെച്ചുണ്ടായ അപകടത്തിലാണ് മഞ്ജുഷയ്ക്ക് സഹപാഠിയായ അഞ്ജനയ്ക്കും പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ മിനി ലോറി ഇടിക്കുകയായിരുന്നു.റോഡിൽ തെറിച്ചുവീണ മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജുഷയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിനിയായ മഞ്ജുഷയുടെ ഭർത്താവ് പ്രിയദർശൻലാലാണ്. ഒരു കുഞ്ഞും ഇവർക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP