Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലത്തൂരിൽ രമ്യ ഹരിദാസിന് അട്ടിമറി വിജയം ഉറപ്പ്; ബിജുവിനെതിരെ മുന്നിട്ടു നിൽക്കുന്നത് ഏഴു ശതമാനത്തിന്റെ പിന്തുണയോടെ; ഇടുക്കിയും എറണാകുളവും മുൻതൂക്കം നൽകുന്നത് യുഡിഎഫിന്; കണ്ണൂരിലും കാസർകോട്ടും തിളച്ചുമറിഞ്ഞ് വലതുതരംഗം; ഇടുക്കി ഇടതുപക്ഷത്തിനൊപ്പം ഇക്കുറി നിൽക്കില്ല; ആലപ്പുഴയിൽ ആരിഫിനും ആറ്റിങ്ങലിൽ സമ്പത്തിനും മുൻതൂക്കം; കോട്ടയത്തും കൊല്ലത്തും ചാഴിക്കാടനും പ്രേമചന്ദ്രനും മുന്നേറ്റം; മനോരമ ന്യൂസ് സർവേ ആദ്യഘട്ടം പ്രഖ്യാപിച്ച പത്തിൽ ഏഴും യുഡിഎഫിന്

ആലത്തൂരിൽ രമ്യ ഹരിദാസിന് അട്ടിമറി വിജയം ഉറപ്പ്; ബിജുവിനെതിരെ മുന്നിട്ടു നിൽക്കുന്നത് ഏഴു ശതമാനത്തിന്റെ പിന്തുണയോടെ; ഇടുക്കിയും എറണാകുളവും മുൻതൂക്കം നൽകുന്നത് യുഡിഎഫിന്; കണ്ണൂരിലും കാസർകോട്ടും തിളച്ചുമറിഞ്ഞ് വലതുതരംഗം; ഇടുക്കി ഇടതുപക്ഷത്തിനൊപ്പം ഇക്കുറി നിൽക്കില്ല; ആലപ്പുഴയിൽ ആരിഫിനും ആറ്റിങ്ങലിൽ സമ്പത്തിനും മുൻതൂക്കം; കോട്ടയത്തും കൊല്ലത്തും ചാഴിക്കാടനും പ്രേമചന്ദ്രനും മുന്നേറ്റം; മനോരമ ന്യൂസ് സർവേ ആദ്യഘട്ടം പ്രഖ്യാപിച്ച പത്തിൽ ഏഴും യുഡിഎഫിന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് അട്ടിമറി ജയം നേടുമെന്ന് വ്യക്തമാക്കി മനോരമ ന്യൂസ്- കാർവി സർവേ. യുഡിഎഫിന് നിലവിലെ സാഹചര്യത്തിൽ 45 ശതമാനം പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിന് സാധ്യത കൽപിച്ചത് 38 ശതമാനം പേർ മാത്രമാണ്. കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും ഇടതിന്റെ സിറ്റിങ് സീറ്റുകളിൽ ചിലതെല്ലാം വലതുപക്ഷം പിടിച്ചെടുക്കുമെന്നും അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവർ പറയുന്നു. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച പത്ത് സീറ്റുകളിൽ ഏഴിലും യുഡിഎഫ് അനുകൂല തരംഗമെന്നാണ് സർവേയിലെ വിലയിരുത്തൽ.

ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യയെ അപമാനിക്കുന്ന തരത്തിൽ ഇടതുപക്ഷ സൈബർ സഹയാത്രിക ദീപ നിശാന്ത് രംഗത്തുവന്നതും അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇടതു പക്ഷ കൺവീനർ എ വിജയരാഘവൻ രമ്യയെ അധിക്ഷേപിച്ച വിഷയവും ചർച്ചയായിരുന്നു. സമീപ ദിവസങ്ങളിലാണ് ഈ വിഷയങ്ങൾ മണ്ഡലത്തിൽ ചർച്ചയായത് എന്നതിനാൽ സർവേയിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഏതായാലും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുപോലും നഷ്ടപ്പെടുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സർവേയിൽ വ്യക്തമാക്കുന്നു. അതേസമയം, ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫും യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും തമ്മിൽ കടുത്ത മത്സരമാണെന്നും ആരിഫിന് നേരിയ മുൻതൂക്കമുണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു. എൽഡിഎഫിനൊപ്പം 47 ശതമാനം പേരും യുഡിഎഫിനൊപ്പം 44 ശതമാനം പേരുമാണ് പിന്തുണയുമായുള്ളത്.

അതേസമയം ഇടുക്കിയിലും എറണാകുളത്തും യുഡിഎഫിന് വലിയ മുൻതൂക്കം തന്നെ സർവെ കൽപിക്കുന്നുണ്ട്. ഇടുക്കി ഇക്കുറി സിറ്റിങ് എംപി ജോയ്‌സ് ജോർജിന് ഇക്കുറി ജയിക്കാൻ കഴിയില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കുമെന്നുമാണ് ജനഹിതം സർവേയിൽ വ്യക്തമാക്കുന്നത്. സമാന സ്ഥിതി തന്നെയാണ് കെവി തോമസിനെ മാറ്റി യുവ എംഎൽഎയെ സിപിഎമ്മിനെതിരെ പടനയിക്കാൻ നിയോഗിക്കപ്പെട്ട എറണാകുളത്തും സംഭവിക്കുകയെന്നും സർവേ വിലയിരുത്തുന്നു.

സിപിഎമ്മിന്റെ പി രാജീവിന് വിജയസാധ്യത കൽപിക്കപ്പെട്ട മണ്ഡലത്തിൽ കോൺഗ്രസ് സിറ്റിങ് എംപി കെവി തോമസിനെ മാറ്റി ഹൈബി ഈഡൻ എംഎൽഎയെയാണ് കളത്തിലിറക്കിയത്. ഇത് വലിയ ചർച്ചയാവുകയും നിരവധി കോൺഗ്രസുകാർ ആവേശത്തോടെ ഹൈബിക്കുവേണ്ടി രംഗത്തുവരികയും ചെയ്തിരുന്നു. തോമസാണ് എതിരാളിയെങ്കിൽ രാജീവ് ജയിക്കുമെന്ന നിലയാണ് ചർച്ചചെയ്യപ്പെട്ടതെങ്കിലും ഹൈബി വന്നതോടെ സ്ഥിതി മാറിയെന്നാണ് സർവേയിൽ നിന്ന് വ്യക്തമാകുന്നത്.

ചാലക്കുടി ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നതായി കണ്ടെത്തൽ. ചാലക്കുടിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുമെന്ന് സർവേ ഫലം പറയുന്നു. നേരിയ മുൻതൂക്കം യുഡിഎഫിനാണെന്നും വോട്ടുനില പ്രവചിക്കുന്നു. ചാലക്കുടിയിൽ സിറ്റിങ് എംപി ഇന്നസെന്റാണ് ഇടത് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ ബെന്നി ബെഹനാനാണ് എതിർപക്ഷത്ത്. ആറ്റിങ്ങൽ മണ്ഡലത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്നാണ് മനോരമ ന്യൂസ് അഭിപ്രായ സർവേ. മുൻ മന്ത്രി അടൂർ പ്രകാശും സിറ്റിങ് എംപി സമ്പത്തും ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ സമ്പത്തിനൊപ്പമാണ് സർവേയിൽ കൂടുതൽപേരും പ്രതികരിച്ചത്.

കടുത്ത മത്സരം നടക്കുന്ന കണ്ണൂർ മണ്ഡലവും യുഡിഎഫിന് ഒപ്പം നിൽക്കുമെന്ന് സർവേ പറയുന്നു. സിപിഎമ്മിന്റെ സിറ്റിങ് എംപി പികെ ശ്രീമതി 11 ശതമാനത്തോളം പേരുടെ പിന്തുണയിൽ പിന്നിലാണ് സർവേയിൽ. ഇവിടെ സിപിഎം വിരുദ്ധ തരംഗംതന്നെയുണ്ടെന്ന സൂചനകളാണ് സർവേയിൽ. യുഡിഎഫിന്റെ കെ സുധാകരന് വിജയം ഉറപ്പെന്ന തരത്തിലാണ് സർവേയിലെ വിലയിരുത്തൽ.

കാസർകോട്ടും യുഡിഎഫ് വിജയം നേടുമെന്നാണ് സർവേ വിലയിരുത്തുന്നത്. പെരിയ ഇരട്ടക്കൊല ഉൾപ്പെടെ ചർച്ചയായ മണ്ഡലത്തിൽ കെപി സതീശ് ചന്ദ്രനാണ് ഇടതു സ്ഥാനാർത്ഥി. അതേസമയം, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി അവസാന നിമിഷം അവിടെ കോൺഗ്രസ് പ്രഖ്യാപിച്ചത് രാജ്‌മോഹൻ ഉണ്ണിത്താനെ ആയിരുന്നു.

വാഗ്മിയും അഭിനേതാവും കൂടിയായ രാജ്‌മോഹന് മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മറികടന്ന് മുന്നേറാൻ കഴിയുന്നു എന്നാണ് സർവേയിൽ വിലയിരുത്തപ്പെടുന്നത്. എൽഡിഎഫിനെക്കാൾ എട്ടുശതമാനത്തിലേറെ പിന്തുണ നേടുന്നുണ്ട് യുഡിഎഫ് സ്ഥാനാർത്ഥി. അതേസമയം എൻഡിഎ ഇവിടെ 19 ശതമാനം പേരുടെ പിന്തുണ ആർജിക്കുന്നു.

കോട്ടയത്തും കൊല്ലത്തും യുഡിഎഫിനാണ് മനോരമ സർവേ സാധ്യത കൽപിക്കുന്നത്. ജോസ് കെ മാണി രാജിവച്ച കോട്ടയത്തെ യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ കേരള കോൺഗ്രസിലെ ഏറെ കോളിളക്കങ്ങൾക്ക് ശേഷം തോമസ് ചാഴക്കാടനാണ് ജയസാധ്യത. കഴിഞ്ഞ തവണ സിപിഎമ്മിന്റെ എംഎ ബേബിയെ വീഴ്‌ത്തി കൊല്ലം പിടിച്ചെടുത്ത എൻകെ പ്രേമചന്ദ്രൻ തന്നെ ഇക്കുറിയും കൊല്ലത്ത് വിജയംകൊയ്യുമെന്നും സർവേ വിലയിരുത്തുന്നു.

ചർച്ചയിൽ വിലയിരുത്തപ്പെട്ട മണ്ഡലങ്ങൾ ഇങ്ങനെ:

  • ആലത്തൂർ: യുഡിഎഫ് 45 % - എൽഡിഎഫ് 38%- എൻഡിഎ 13%
  • ആലപ്പുഴ: എൽഡിഎഫ് 47% - യുഡിഎഫ് 44% - എൻഡിഎ 4%
  • ഇടുക്കി: യുഡിഎഫ് 44% - എൽഡിഎഫ് -39%, എൻഡിഎ 9%
  • എറണാകുളം - യുഡിഎഫ് 41% - എൽഡിഎഫ് 33% - എൻഡിഎ - 11%
  • കണ്ണൂർ: യുഡിഎഫ് 49%, എൽഡിഎഫ് - 38 ശതമാനം, എൻഡിഎ - 9%
  • കാസർകോട്്: യുഡിഎഫ് 43%, എൽഡിഎഫ് 35, എൻഡിഎ - 19%
  • ആറ്റിങ്ങൽ: എൽഡിഎഫ് - 44%, യുഡിഎഫ് - 38%, എൻഡിഎ - 13%
  • ചാലക്കുടി യുഡിഎഫ് - 40%, എൽഡിഎഫ്, 39%, എൻഡിഎ - 13%
  • കോട്ടയം: യുഡിഎഫ് 49%, എൽഡിഎഫ് 39%, എൻഡിഎ - 10%
  • കൊല്ലം: യുഡിഎഫ് 48%, എൽഡിഎഫ് -41%, എൻഡിഎ 7%

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP